November 28, 2016

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങിയ സിനിമാതാരങ്ങള്‍          രാഷ്‌ട്രീയവും സിനിമയും തമ്മില്‍ പല സാമ്യങ്ങളുമുണ്ട്. രണ്ട് മേഖലകളിലും പ്രവചനാതീതമായാണ് ആളുകള്‍ പ്രശസ്തിയുടെ കൊടുമുടിയിലേറുന്നതും വിസ്മൃതിയുടെ പടുകുഴിയിലേക്ക് പതിക്കുന്നതും. രാഷ്‌ട്രീയവും സിനിമാതാരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സിനിമയിലൂടെ പ്രശസ്തി നേടുകയും പിന്നീട് രാഷ്‌ട്രീയത്തിലെത്തി എംഎല്‍എയും എംപിയുമെല്ലാമായി മാറുകയും ചെയ്ത നിരവധി അഭിനേതാക്കളുണ്ട് നമ്മുടെ രാജ്യത്ത്.  മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും രാഷ്‍ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായി രാജ്യസഭയിലെത്തുകയും ചെയ്തിരിക്കുകയാണ്. ബിജെപി പ്രചാരകനായാണ് സുരേഷ് ഗോപി രാഷ്‍ട്രീയത്തില്‍ സജീവമായത്.

കോളിവുഡ് സിനിമയും രാഷ്‍‌ട്രീയവും:

          ദ്രാവിഡപ്പാര്‍ട്ടികളെ ഒഴിച്ചു നിര്‍ത്തികൊണ്ട്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ച സിനിമാതാരങ്ങളെ കുറിച്ച് ചിന്തിക്കുന്നത് പോലും അസാദ്ധ്യമായ കാര്യമാണ്. ഇന്ത്യയില്‍ സിനിമാഭിനയമെന്ന മായികലോകത്ത് നിന്നു രാഷ്‌ട്രീയമെന്ന ചതുരംഗക്കളത്തിലേക്ക് ചുവടുവെച്ച ഒരു കോളിവുഡ് നടനുണ്ട്‌. മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് എംജിആര്‍ എന്ന മൂന്നക്ഷരങ്ങളിലേക്ക് ചുരുങ്ങുകയും തമിഴ് ജനതയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. തമിഴ്‍‌നാട്ടുകാരുടെ  ഉന്നമനമായിരുന്നു അക്കാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും വിഷയം. തുടക്കത്തില്‍ എംജിആര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലായിരുന്നുവെങ്കിലും പിന്നീട് ഡിഎംകെയിലേക്ക് ചേക്കേറി. പിന്നീടദ്ദേഹം കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് 1972-ല്‍ എഐഎഡിഎംകെ എന്ന രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയുണ്ടായി. തമിഴ് ജനത പുരട്ചി തലൈവര്‍ എന്ന് സ്നേഹാദരപൂര്‍വ്വം വിളിച്ചിരുന്ന അദ്ദേഹം 1977-ല്‍ മുഖ്യമന്ത്രിയാവുകയും മരണം വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തു. ഭാരതത്തില്‍ ആദ്യമായി മുഖ്യമന്ത്രീപദമലങ്കരിച്ച സിനിമാതാരം എന്ന ബഹുമതി അദ്ദേഹത്തിനവകാശപ്പെട്ടതാണ്.

            എംജിആറിന്റെ മരണശേഷം എഐഎഡിഎംകെയുടെ സാരഥ്യം വന്നുചേര്‍ന്നത് നൂറിലധികം സിനിമകളില്‍ വേഷമിട്ട ജയലളിതയുടെ കൈകളിലാണ്. രാഷ്‌ട്രീയ ജീവിതത്തിലുടനീളം തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെയെല്ലാം ശക്തമായി നേരിട്ട ജയലളിത പുരട്ചി തലൈവി എന്ന പേരില്‍ തമിഴര്‍ക്ക് പ്രിയങ്കരിയായി മാറുകയും തമിഴ്നാടിന്റെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിത്തീരുകയും ചെയ്തു. എണ്‍പതുകളില്‍ നിരവധി ഹിറ്റ്‌ സിനിമകളിലെ നായകനായ വിജയകാന്ത് തമിഴ്നാടിന്റെ രാഷ്‌ട്രീയഭൂപടത്തില്‍ ഇടം നേടുന്നത് ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണത്തിലൂടെയാണ്. 2011-ല്‍ അദ്ദേഹം പ്രതിപക്ഷനേതാവിന്റെ കുപ്പായമണിഞ്ഞു.

               ദേവാസുരം എന്ന ഒറ്റച്ചിത്രം മതി മലയാളിയ്‌ക്ക് നെപ്പോളിയന്‍ എന്ന നടനെ ഓര്‍ക്കാന്‍. സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും നായക വേഷങ്ങളിലും തിളങ്ങിയ നെപ്പോളിയന് രാഷ്‌ട്രീയത്തില്‍ ഡിഎംകെയോടായിരുന്നു തുടക്കത്തില്‍ പഥ്യം. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യ ക്ഷേമ സഹമന്ത്രിയായിരുന്നു നെപ്പോളിയന്‍. പിന്നീട് അഴഗിരിയെ അനുകൂലിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറി. തുടക്കത്തില്‍ ഡിഎംകെയിലും പിന്നീട് എഐഎഡിഎംകെയിലും പ്രവര്‍ത്തിച്ച സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാര്‍ പിന്നീട് ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയത്തില്‍ സജീവമായി.

ടോളിവുഡിന്റെ രാ‍ഷ്ട്രീയക്കാര്‍

  കോളിവുഡിനോളമില്ലെങ്കിലും ടോളിവുഡിനുമുണ്ട് സിനിമാതാരങ്ങളുടെ രാഷ്‌ട്രീയബാന്ധവത്തിന്റെ കഥ പറയാന്‍. തമിഴ്നാട്ടില്‍ എംജിആര്‍ ആയിരുന്നുവെങ്കില്‍ ആന്ധ്രയില്‍ ആ സ്ഥാനം എന്‍ടിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നന്ദമുറി തരക രാമ റാവുവിന് അവകാശപ്പെട്ടതായിരുന്നു. ആദ്യകാലത്ത് സിനിമയില്‍ നിരവധി പുരാണ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ എന്‍ടിആര്‍ പിന്നീട് തെലുങ്ക് സിനിമയിലെ താരചക്രവര്‍ത്തിയായി മാറി. 1982-ല്‍ തെലുഗുദേശം പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം രണ്ട് തവണ മുഖ്യമന്ത്രീപദമലങ്കരിച്ചു. പിതാവായ എന്‍ടിആറിന്റെ പാത പിന്തുടര്‍ന്ന് മകനായ നന്ദമുറി ബാലകൃഷ്ണയും തെലുഗുദേശം പാര്‍ട്ടിയുടെ ലേബലില്‍ രാഷ്‌ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുകയും നിയമസഭയിലെത്തുകയുമുണ്ടായി. നിരവധി ഹിറ്റ്‌ തെലുങ്ക് സിനിമകളില്‍ നായകവേഷം കൈകാര്യം ചെയ്ത മോഹന്‍ബാബുവിന്റെ സിനിമയിലെ അരങ്ങേറ്റം തിരക്കഥാകൃത്തായിട്ടായിരുന്നു. പിന്നീട്  അദ്ദേഹത്തെ തെലുഗുദേശം പാര്‍ട്ടി രാജ്യസഭയിലേക്കയച്ചു. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ പട്ടം അലങ്കരിക്കുന്ന ചിരഞ്ജീവിയും സിനിമയില്‍ നിന്നു രാഷ്‌ട്രീയ ഗോദയിലെത്തിയ താരമാണ്. 2008-ല്‍ പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്‌ട്രീയത്തിലേക്ക് കടന്നത്. പിന്നീട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച അദ്ദേഹം 2012 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ടൂറിസംവകുപ്പ് സഹമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള സിനിമകളില്‍ വേഷമിട്ട കോട്ട ശ്രീനിവാസ റാവുവും വിജയവാഡയില്‍ നിന്നുള്ള എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ രാഷ്‌ട്രീയഭാഗ്യം തുണച്ച ഒരഭിനേത്രിയാണ് ജയപ്രദ. തെലുഗുദേശം പാര്‍ട്ടിയുടെ ടിക്കറ്റില്‍ 1996-ല്‍ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയ ഇവര്‍ ഉത്തര്‍‌പ്രദേശിലെ രാം‌പൂര്‍ മണ്ഡലത്തില്‍ നിന്നു രണ്ട് തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

        പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സാന്റല്‍വുഡിലെ താരമായിരുന്നു. 2013-ല്‍ കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്‌പന്ദന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇവര്‍.

ബോളിവുഡും രാ‍ഷ്ട്രീയവും:

        സിനിമാലോകത്ത് നിന്നു രാഷ്‌ട്രീയത്തിലെത്തി വിജയം കൈവരിച്ചവരുടെ കൂട്ടത്തില്‍  നിരവധി ബോളിവുഡ് താരങ്ങളുണ്ട്. ഭാരതത്തിലെ തന്നെ എറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ അമിതാഭ് ബച്ചനാണ് അക്കൂട്ടത്തില്‍ പ്രധാനി. രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദമാണ് ബച്ചനെ സജീവ രാഷ്‌ട്രീയത്തില്‍ എത്തിച്ചത്. 1984-ല്‍ ഇദ്ദേഹം അലഹാബാദില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പത്നിയും അഭിനേത്രിയുമായ ജയ ബച്ചനും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുണ്ട്. ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമാവുകയും ആക്ഷന്‍ കിംഗ് എന്നറിയപ്പെടുകയും ചെയ്യുന്ന ധര്‍മേന്ദ്ര ബിജെപി എംപിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഒരുകാലത്ത് ബോളിവുഡിലെ താരറാണിയുമായിരുന്ന ഹേമമാലിനിയും രാഷ്‌ട്രീയത്തില്‍ സജീവമാണ്. അവര്‍ രാജ്യസഭയിയിലും ലോക്‌സഭയിലും അംഗമായിട്ടുണ്ട്. നിരവധി ബോളിവുഡ് ഹാസ്യ സിനിമകളില്‍ നായകനായി വേഷമിട്ട നടനാണ്‌ ഗോവിന്ദ. കോണ്‍ഗ്രസ്  എംപിയായ ഇദ്ദേഹം മും‌ബൈ നോര്‍ത്ത് നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിക്കുന്നത്. നരേന്ദ്രമോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി രാഷ്‌ട്രീയത്തില്‍ എത്തും മുന്പ് സീരിയല്‍- -സിനിമ അഭിനേത്രിയായിരുന്നു.

               ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജേഷ് ഖന്ന 1991-ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോകസഭ മണ്ഡലത്തില്‍ നിന്ന്  വിജയിക്കുകയും 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിക്കുകയുമുണ്ടായി. മികച്ച അഭിനയത്തിനുള്ള അഞ്ച് നാഷണല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ സിനിമാതാരമായ ശബാന ആസ്മിയും രാജ്യസഭാംഗമായിരുന്നു. ബോളിവുഡിലെ പ്രമുഖ നടനായ ശത്രുഘ്നന്‍ സിന്‍ഹയും ബിജെപിയുടെ അക്കൗണ്ടില്‍ എംപിയായ താരമാണ്. നിതീഷ് ഭരദ്വാജ് (ബിജെപി), അരവിന്ദ് ത്രിവേദി (ബിജെപി), ദീപിക ചിഖാലിയ (ബിജെപി), കിരണ്‍ ഖേര്‍ (ബിജെപി), മൂണ്‍ മൂണ്‍ സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), പരേഷ് റാവല്‍ (ബിജെപി), സുനില്‍ ദത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വിനോദ് ഖന്ന തുടങ്ങിയവര്‍ ലോക്‌സഭയിലേക്കും ധാരാ സിംഗ്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയിലെ രാ‍ഷ്ട്രീയക്കാര്‍:

          ജനപ്രതിനിധികളാവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചില അഭിനേതാക്കള്‍ നമ്മുടെ കേരളത്തിലുമുണ്ട്. കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ഗണേഷ് കുമാര്‍ 2001-ല്‍ പത്താനാപുരത്ത് സിപിഐ നേതാവ് പ്രകാശ് ബാബുവിനെ തോല്‍പ്പിച്ച് കൊണ്ടാണ് രാഷ്‌ടീയത്തില്‍ വന്ന് ചേരുന്നത്. എ കെ ആന്റണി മന്ത്രിസഭയിലും, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയത്. എറ്റവുമൊടുവില്‍ കേരളത്തിന് സന്തോഷത്തിന് വക നല്‍കിക്കൊണ്ട് രാജ്യസഭാ എം പി സ്ഥാനം സുരേഷ് ഗോപിയെ തേടിയെത്തിയിരിക്കുന്നു. വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികകകളില്‍ പല അഭിനേതാക്കളും ഇടം പിടിച്ചിട്ടുണ്ട്.

        ജനങ്ങള്‍ക്ക് മുന്നില്‍ മുഖവുര ആവശ്യമില്ലാത്തതിനാലും, വിജയസാദ്ധ്യത കൂടുതലായതിനാലുമായിരിക്കണം മിക്ക രാഷ്‌ട്രീയപ്പാര്‍ട്ടികളും സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇവരില്‍ ചിലര്‍ രാഷ്‌ട്രീയത്തിലും മികച്ച അഭിനയം കാഴ്ചവെയ്‌ക്കുന്പോള്‍ മറ്റു ചിലര്‍ ജനസേവനത്തിലും താരങ്ങളായി മാറുന്നു.
തുടർന്ന് വായിക്കുക...

June 23, 2016

കടലോളം കാര്യം പറഞ്ഞ കളി


               'ഇതൊരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമല്ലേ' എന്ന തോന്നൽ പ്രേക്ഷകരുടെ മനസ്സിൽ ജനിപ്പിക്കാൻ കഴിയുമ്പോഴാണ് റിയലിസ്റ്റിക് എന്ന നിലയിൽ ഒരു സിനിമ അതിന്റെ പൂർണ്ണത കൈവരിക്കുന്നത്. അഞ്ച് ആണുങ്ങളുടെ ജീവിതത്തിലേക്ക് അവരറിയാതെ എത്തി നോക്കുന്ന അത്രയും സ്വാഭാവികതയോടു കൂടിയാണ് ഒഴിവുദിവസത്തെ കളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

              പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് വായനക്കാരന്റെ മനസ്സിൽ ആകാംക്ഷ ജനിപ്പിച്ച് അപ്രതീക്ഷിതമായ വഴിത്തിരിവിൽ കൊണ്ടു ചെന്നവസാനിപ്പിക്കുന്ന ശൈലി അവലംബിക്കുന്നവയാണ് ഉണ്ണി.ആറിന്റെ പല കഥളും. അക്കൂട്ടത്തിൽ പെടുത്താവുന്നതും മികച്ച നിലവാരം പുലർത്തുന്നതുമായ ഒരു കഥയാണ് ഒഴിവു ദിവസത്തെ കളി. അത്തരമൊരു സാഹിത്യ സൃഷ്ടിയെ സിനിമാരൂപത്തിലാക്കുക എന്നത് വളരെയധികം വിഷമമേറിയ ജോലിയാണ്. എന്നാൽ ആ കഥയെയും കഥാപാത്രങ്ങളേയും അതേ പടി സ്ക്രീനിലേക്ക് പകർത്താതെ തന്റേതായ പൊളിച്ചെഴുത്തുകൾ നൽകിക്കൊണ്ട് മികവുറ്റ രീതിയിൽ സിനിമയൊരുക്കിയിരിക്കുന്നു സംവിധായകനായ സനൽ കുമാർ ശശിധരൻ.

             കേവലമൊരു വിനോദോപാധിയായി മാത്രം കാണാതെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുമായി കൂട്ടിക്കെട്ടുമ്പോഴാണ് നല്ല സിനിമകൾ ജനിക്കുന്നത്. അത്തരമൊരു സിനിമയാണിത്. ദൈർഘ്യമേറിയ ഡയലോഗുകളോ, തട്ടുപൊളിപ്പൻ പാട്ടുകളോ, സംഘട്ടനരംഗങ്ങളോ ഒന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും രാഷ്ട്രീയം, വർണ്ണവിവേചനം, സ്ത്രീപുരുഷസമത്വം തുടങ്ങിയ പല കാര്യങ്ങളിലുമുള്ള കാഴ്ച്ചപ്പാടുകൾ കൃത്യവും ശക്തവുമായി ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുകയും തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കുകയും ചെയ്തിരിക്കുന്നു ചിത്രത്തിന്റെ അണിയറക്കാർ.

          അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് കഥ നടക്കുന്നത്. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു വനമേഖലയിലുള്ള ഒരു കെട്ടിടത്തിൽ മദ്യപിക്കാനായി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തതിന്റെ ഇതിവൃത്തം. ഒരു നമ്പൂതിരി, ഗൾഫുകാരൻ, സർക്കാരുദ്യോഗസ്ഥൻ, റബ്ബർ വ്യവസായി, ദളിതനായ ഒരു ചെറുപ്പക്കാരൻ എന്നിവർ ഉൾപ്പെടുന്നതാണ് അവരുടെ സംഘം. വനപ്രദേശത്തെ കെട്ടിടത്തിൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ വാങ്ങുന്നതാവട്ടെ ഗീതയെന്ന സ്ത്രീയും നാരായണൻ എന്ന വാച്ചറുമാണ്.

             അവർ അഞ്ചു പേരും അടുത്ത സുഹൃത്തുക്കളാണെങ്കിൽ കൂടി മദ്യം സിരകളിലൂടെ ഒഴുകിത്തുടങ്ങുമ്പോൾ സൗഹൃദത്തിന്റെ പുറന്തോട് പൊളിച്ച് അവരിലെ പച്ചയായ മനുഷ്യർ ഇറങ്ങി വരുന്നത് കാണാം. വെളുത്തവനും കറുത്തവനും എന്ന വേർത്തിരിവ്, സ്ത്രീകളോടുള്ള കാഴ്ചപ്പാട്, രാഷ്ട്രീയാഭിമുഖ്യം ഇത്യാദി വിഷയങ്ങളെകുറിച്ചെല്ലാം അവർ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. ചിലപ്പോൾ അത് വാദപ്രതിവാദങ്ങളിലേക്കും മറ്റു ചിലപ്പോൾ സംഘട്ടനങ്ങളിലേക്ക് തന്നെയും വഴി മാറുന്നുമുണ്ട്.

                      കോഴിയെ കറി വെക്കാൻ അവർ ആവശ്യപ്പെടുന്നത് ഗീതയോടാണ്. പെണ്ണിനോടും കോഴിയോടുമുള്ള അവരുടെ സമീപനം ഒന്നു തന്നെയാണ്. ആണിന്റെ ബലത്തിനു മുന്നിൽ കീഴ്പ്പെടാൻ വിധിക്കപ്പെട്ടവളാണ് പെണ്ണെന്ന അവരുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന ധാരണ പലപ്പോഴും മറനീക്കി പുറത്തു വരുന്നത് കാണാം. തന്നെ കീഴ്പ്പെടുത്താൻ വരുന്ന ഗൾഫുകാരന്റെ കരണം പുകയ്ക്കുന്ന ഗീത ഒടുവിൽ മടവാളെടുത്ത് മണ്ണിൽ കോപത്തോടെ വെട്ടുന്നുണ്ട്...പെണ്ണിനെ വെറും മാംസപിണ്ഡമായി കാണുന്ന ആണ്മേൽക്കോയ്മയുടെ നെഞ്ചിലാണ് ആ വെട്ട് പതിക്കുന്നത്...

            സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരോ അങ്ങനെ നടിക്കുന്നവരോ ആയവരുടെ അടക്കിപ്പിടിച്ച മനോവ്യാപാരങ്ങൾ ഓരോന്നായി മദ്യം പുറത്തു കൊണ്ടു വരുന്നത് കാണാം.  ദളിതന്റെ മേലുള്ള സവർണ്ണന്റെ ആധിപത്യം കാട്ടിത്തരുന്ന നിരവധി രംഗങ്ങളുണ്ട് ചിത്രത്തിൽ. ചക്കയിടാനായി പ്ലാവിൽ കയറുന്നതിനും, കോഴിയെ കൊല്ലുന്നതിനുമെല്ലാം കൂട്ടുകാർ നിയോഗിക്കുന്നത് താഴ്ന്ന ജാതിക്കാരനായ ദാസനെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത്തരം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അവനെ അവർ ഉപയോഗിക്കുന്നത്.

         ഫോൺ വിളിക്കിടെ 'ഞാൻ നമ്പൂതിരിയാ' എന്നുള്ള തുടർച്ചയായ പറച്ചിലും, കളിക്കിടെ സുപ്രീം കോർട്ട് ജഡ്ജ് ആയി സ്വയം അവരോധിക്കപ്പെടുന്നതുമായ രംഗങ്ങളെല്ലാം നമ്പൂതിരിയുടെ ഉള്ള് തുറന്ന് കാട്ടുന്നവയാണ്. തന്റെ കൂട്ടുകാർ കുടിച്ച കള്ളിന്റെ കണക്ക് പറയുന്നതും, തിരിച്ച് പോകാൻ തുടങ്ങുന്ന സർക്കാരുദ്യോഗസ്ഥനെ കോപത്തോടെ തിരികെ വിളിക്കുന്നതുമെല്ലാം ഗൾഫ്കാരനിലെ സമ്പന്നന്റെ ധാർഷ്ട്യം വെളിവാക്കുന്ന രംഗങ്ങളും.

When I born, I black.
When I grow up, I black.
When I go in sun, I black.

           എന്നു തുടങ്ങുന്ന വരികൾ മദ്യലഹരിയിലാണെങ്കിൽ പോലും ദാസൻ ഉള്ളിൽ തട്ടി പാടുന്നുണ്ട്. വെളുത്തവനാൽ അടിച്ചമർത്തപ്പെട്ടവന്റെ ആത്മസംഘർഷങ്ങൾ നിഴലിക്കുന്ന ആ കവിതയ്‌ക്കൊടുവിൽ അയാൾ സുഹൃത്തുക്കൾക്കിടയിൽ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നുണ്ട്.

             മദ്യപാനമെന്ന അവരുടെ നേരമ്പോക്ക് ചെന്നെത്തുന്നത് ഒരു കളിയിലാണ്. നമുക്കെല്ലാം പരിചിതമായ കള്ളനും പോലീസും കളി തന്നെയാണത്. കളി കാര്യമാവുമ്പോൾ അതിന് പുതിയ മാനങ്ങളും കൈവരുന്നു. അതിന്റെ രൂപവും ഭാവവും മാറുന്നു. ഒടുവിൽ തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യത്തോടെയാണ് ചിത്രമവസാനിക്കുന്നത്.

           ഉണ്ണി.ആർ തന്നെ തിരക്കഥയെഴുതിയ മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ തുടക്കത്തിൽ ചത്ത പല്ലിയെ ഉറുമ്പുകൾ എടുത്തുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. ഒരർത്ഥത്തിൽ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള സൂചന തന്നെയായിരുന്നു അതെന്ന് പറയാം. സമാനമായ സൂചനകൾ (കെട്ടിത്തൂക്കിയ കോഴി, വെള്ളത്തിൽ കെട്ടിത്താഴ്ത്തിയാൽ പോലും ആരുമറിയില്ല എന്ന സംഭാഷണശകലം) ഈ ചിത്രത്തിലും കാണാം. ബിംബകൽപനകളാൽ സമൃദ്ധമാണ് ചിത്രം.

             പല ഷോട്ടുകളുടെയും ദൈർഘ്യം എടുത്തു പറയേണ്ടതാണ്. സിങ്ക് സൗണ്ട് മിക്സിംഗ് പലയിടത്തും പാളിപ്പോയത് ചിത്രത്തിന്റെ പോരായ്മയായി തോന്നി. ക്യാമറക്കാഴ്ചകൾ പലയിടത്തും മികച്ച നിലവാരം പുലർത്തിയപ്പോൾ ചിലയിടത്ത് കല്ലുകടിയായി മാറുകയും ചെയ്തു. എങ്കിലും ചിത്രത്തിന്റെ മൊത്തത്തിലുള്ള പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ അതൊന്നും ഒരു പോരായ്മയായി അനുഭവപ്പെടുകയേയില്ല. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപട്ടികയിലെ മികച്ച സിനിമയായിരുന്നു ഒഴിവുദിവസത്തെ കളി. ചിത്രത്തിന്റെ സംവിധായകനായ സനൽ കുമാർ ശശിധരനും, 'ജീവിച്ചു കാണിച്ചു തന്ന' അഭിനേതാക്കൾക്കും, ഈ ചിത്രം പ്രദർശനത്തിനെത്തിച്ച ആഷിക് അബുവിനും, ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കിയ സർക്കാറിനും, മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
തുടർന്ന് വായിക്കുക...

June 20, 2016

ലീല

          (മെയ് ലക്കം ഇ-മഷി മാഗസിനിൽ എഴുതിയത്)

        വർഷങ്ങൾക്ക് മുമ്പ് എഴുതുകയും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്ത തന്റെ തന്നെ കഥയെ വർത്തമാനകാലത്തേക്ക് പറിച്ചു നട്ടിരിക്കുന്നു ഉണ്ണി.ആർ. അത് തെളിയിക്കാനായി പ്രേമം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ, പിണറായി വിജയൻ നടത്തിയ നവകേരളയാത്രയുടെ പോസ്റ്റർ, ഡിങ്കമതം, കേരള കോൺഗ്രസ്സിലെ പിളർപ്പ്, ചുംബനസമരം എന്നിങ്ങനെയുള്ള പല വർത്തമാനകാല സംഭവവികാസങ്ങളും പ്രതിപാദിക്കുന്നുണ്ട് ചിത്രത്തിൽ.

           ചാർളിക്കും രാഘവനും ശേഷമാണ് ഉണ്ണി ആർ ജീവൻ നൽകിയ കുട്ടിയപ്പൻ എന്ന കഥാപാത്രം തിയേറ്ററുകളിലെത്തിയത്. പറവയെപ്പോലെ പാറിപ്പറക്കുകയും ജീവിതമാഘോഷിക്കുകയും ചെയ്യുന്ന ചാർളിയുടെ മറ്റൊരു വേർഷൻ ആണ് കുട്ടിയപ്പൻ. ദുരൂഹതകളുടെ ആൾരൂപവും സൈക്കിക്കുമായ മുന്നറിയിപ്പിലെ രാഘവനുമായി പ്രത്യക്ഷത്തിൽ സാദൃശ്യമൊന്നുമില്ല താനും.

            മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാൻ പോലീസുകാർ നടത്തുന്ന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുതിരപ്പുറത്തേറി വരുന്ന കുട്ടിയപ്പനെ കാണിക്കുന്ന ആദ്യ സീൻ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയോട് അയാൾക്കുള്ള കാഴ്ച്ചപ്പാട് കാട്ടിത്തരുന്നതാണ്. അതേ സമയം ഇ.എം.എസ്‌, ബ്രൂസ് ലീ, മരിലിൻ മൺറോ എന്നിവരോടുള്ള ആരാധന, ജീപ്പിൽ തൂക്കിയിട്ട ലൈറ്റർ, കയ്യിലെ കുരിശിന്റെ രൂപസാദൃശ്യമുള്ള ടാറ്റൂ, കഴുത്തിലെ തൂക്കിയിട്ട ലിംഗം, മടക്കി വെച്ച ഷർട്ടിന്റെ കയ്യിൽ തിരുകി വെച്ച മൊബൈൽ ഫോൺ തുടങ്ങിയവയെല്ലാം പെട്ടന്നാർക്കും പിടി തരാത്ത അയാളുടെ സ്വഭാവ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നവയും.

              കൂടെ ശയിക്കാൻ വിളിച്ചു കൊണ്ടു വന്ന പെൺകുട്ടിയോട് അവളുടെ അച്ഛനാണ് മരിച്ചതെന്ന് കരുതി തന്റെ മുന്നിൽ അലമുറയിട്ട് കരയാൻ പറയുന്നതും, തന്നെ വിവസ്ത്രയാക്കി നൃത്തം ചെയ്യിപ്പിച്ച കുട്ടിയപ്പനെക്കുറിച്ചുള്ള ഉഷയെന്ന കഥാപാത്രത്തിന്റെ ഗതകാലസ്മരണയും, ഒടുവിൽ ഭോഗിക്കാനായി ആനയുടെ തുമ്പിക്കയ്യിൽ ചേർത്തു നിർത്തിയ പെൺകുട്ടിയുടെ നെറ്റിയിൽ ചുംബിച്ച് പിൻ വാങ്ങുകയുമെല്ലാം ചെയ്യുമ്പോൾ കുട്ടിയപ്പനിൽ ഒളിഞ്ഞിരിക്കുന്ന വന്യമായ രതിഭാവനകൾക്ക് മുന്നിൽ അയാളുടെ പൗരുഷം പരാജയം വരിക്കുന്നതിന്റെ സൂചനകൾ കാണാം.

          വായിച്ചറിഞ്ഞ കുട്ടിയപ്പനും കണ്ടറിഞ്ഞ കുട്ടിയപ്പനും തമ്മിൽ വല്ലാത്തൊരു അന്തരമുണ്ട്. മനസ്സ് നിറയെ രതിയുടെ വിചിത്ര ഭാവനകൾ പേറി നടക്കുന്ന കുട്ടിയപ്പനും അവന്റെ ആഗ്രഹം സഫലീകരിക്കാൻ വിധിക്കപ്പെട്ട ലീലയും നമുക്കിടയിൽ ജീവിക്കുന്ന ഒട്ടനവധി കുട്ടിയപ്പന്മാരുടെയും ലീലമാരുടെയും പ്രതിനിധികൾ മാത്രമാണ് എന്ന വ്യക്തമായ സന്ദേശം നൽകാൻ ലീലയെന്ന കഥയ്ക്ക് സാധിച്ചു. കഥ ദൃശ്യാവിഷ്കരിച്ചപ്പോൾ അത് കുട്ടിയപ്പനെയും കൂട്ടരെയും പുറമെ നിന്ന് നോക്കിക്കാണാനുള്ള ശ്രമം മാത്രമായി അവസാനിച്ചു. സ്ത്രീത്വത്തെ പുച്ഛിക്കും പരിഹസിക്കുകയും ചെയ്ത, ആൺമേൽക്കോയ്മയുടെ നെറ്റിപ്പട്ടം വെച്ച രഞ്ജിത്തിന്റെ തമ്പുരാൻ സിനിമകളുടെ പ്രേതം 'ലീല'യെയും പിടികൂടിയിരിക്കുന്നത് കാണാം. വന്യഭാവനകളുടെയും വിചിത്രചെയ്തികളുടെയും ഉടമയായ കുട്ടിയപ്പൻ ചിലപ്പോഴെങ്കിലും ജനകീയനായി മാറുന്നുണ്ട് ചിത്രത്തിൽ. ഒരു ക്ലാസ് കഥയെ മാസ്സ് ആക്കാനുള്ള ശ്രമത്തിനിടയിൽ മരണം സംഭവിച്ചത് ലീലയെന്ന മികച്ചൊരു കൃതിയുടെ ആത്മാവിനാണ്. കുട്ടിയപ്പൻ എന്ന റിയാലിറ്റിയുടെ മനോവ്യാപാരങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ 'ന്യൂ ജെൻ മാലാഖ' എന്ന  ഫാന്റസിയെ കൂട്ടുപിടിച്ചതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അത് പോലെ തന്നെ ഏഴ് വേശ്യകളെ ആദരിക്കുന്ന ആ രംഗമെല്ലാം ബോറായിരുന്നു എന്നു പറയാതെ വയ്യ. ഇടയ്ക്കിടെ പിള്ളയോടുള്ള 'കിട്ടിയോ?' എന്നുള്ള ചോദ്യത്തെ 'മോനേ ദിനേശാ', 'ചുമ്മാ' തുടങ്ങി രഞ്ജിത്ത് സിനിമകളിൽ നായകൻ ഇടയ്ക്കിടെ പറയേണ്ട പഞ്ച് ഡയലോഗുകളുടെ കൂട്ടത്തിൽ പെടുത്താം.

ക്ലൈമാക്സ് ഒഴിച്ചു നിർത്തിയാൽ കഥപറച്ചിലിൽ മുന്നറിയിപ്പിന്റെ  ശൈലി പിന്തുടർന്നിരിക്കുന്നു ലീലയും. ക്ലൈമാക്സ് വരെയും പിടി തരാതെ പോയ കഥ ക്ലൈമാക്സിൽ പ്രേക്ഷകനിൽ ഒരാകാംക്ഷ ജനിപ്പിക്കുകയും ഒരു ഒരുപിടി ചോദ്യങ്ങൾ ബാക്കിയാക്കുകയും ചെയ്താണ് മുന്നറിയിപ്പ് അവസാനിച്ചത്. അതുകൊണ്ടാണ് സിനിമയവസാനിച്ച ശേഷവും രാഘവൻ പ്രേക്ഷകനെ വിട്ടുപോകാതിരുന്നത്. എന്നാൽ പറയാനുള്ളതത്രയും പറഞ്ഞവസാനിപ്പിച്ചാണ് കുട്ടിയപ്പനും സംഘവും യാത്രയാവുന്നത്.

"തങ്കപ്പന്‍നായര് ചേട്ടാ നിങ്ങളുടെ മകളെ എനിക്കൊന്നു വേണം . ഒരു ആനയുടെ തുമ്പിക്കയ്യില്‍ ചാരി നിര്‍ത്തി എനിക്കൊന്നു ഭോഗിക്കാനാ"
മലയാളിയുടെ കപട സദാചാര ബോധങ്ങളുടെ മുഖംമൂടി വലിച്ചു കീറിയ ലീലയെന്ന കഥയുടെ ആത്മാവുറങ്ങിക്കിടക്കുന്ന ഈ സംഭാഷണം 'മുന്നറിയിപ്പി'ന്റെ പാത പിന്തുടരുന്നതിന് വേണ്ടി ഉൾപ്പെടുത്താതിരുന്നതാണോ അതോ സെൻസർബോർഡുകാർ കത്രിക വെച്ചതാണോ എന്നറിയില്ല. ഏതായാലും അത് ഉചിതമായില്ല.

            റിലീസ് ചെയ്യുന്നതിന് മുമ്പും അതിന് ശേഷവും ഒട്ടേറെ വിശേഷണങ്ങൾക്ക് അർഹമായ ചിത്രമാണ് ലീല. എങ്കിലും താൻ സംവിധാനം ചെയ്ത സിനിമകൾക്കെല്ലാം സ്വയം തിരക്കഥയെഴുതിയിട്ടുള്ള രഞ്ജിത്ത് എന്ന സംവിധായകൻ ആദ്യമായി മറ്റൊരാളെക്കൊണ്ട് തിരക്കഥയെഴുതിച്ചു എന്നത് 'ലീല'യുടെ പ്രത്യേകതകളിലൊന്നാണ്. 2016-ൽ മലയാള സിനിമയ്ക്ക് നഷ്ടമായ പ്രതിഭകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ തുടക്കം. ഏത് ജില്ലയിലാണോ ഷൂട്ടിംഗിന്റെ പശ്ചാത്തലം ആ ജില്ലയെക്കുറിച്ച് ചിത്രത്തിൽ ഒരു പാട്ടുൾപ്പെടുത്തുക എന്നത് ഇപ്പോഴത്തെ ട്രെന്റ് ആണെന്ന് തോന്നുന്നു. കൊച്ചിയെക്കുറിച്ച് അന്നയും റസൂലിലും, തൃശ്ശൂരിനെപ്പറ്റി പുണ്യാളൻ അഗർബത്തീസിലും, ഇടുക്കിപ്പാട്ട് മഹേഷിന്റെ പ്രതികാരത്തിലും കേട്ടതാണ്. അക്കൂട്ടത്തിൽ പെടുത്താം ലീലയിലെ കോട്ടയത്തെക്കുറിച്ചുള്ള  ടൈറ്റിൽ സോംഗ്.

           ഒരു നടനെന്ന നിലയിൽ ബിജു മേനോന്റെ ദൗർബല്യങ്ങൾ വേണ്ട വിധത്തിൽ വരച്ചു കാണിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. നായികാ കഥാപാത്രത്തിന്റെ മുഖത്ത് ഒന്നോ രണ്ടോ തവണയൊഴിച്ച് ബാക്കി എല്ലാ സമയവും ഒരേ വികാരം മാത്രമാണ് വിരിഞ്ഞ് നിന്നത് എങ്കിലും അത് കഥാപാത്രത്തിന്റെ സ്വഭാവത്തോട് ഇണങ്ങുന്നുണ്ടെന്ന് ആശ്വസിക്കാം. ജഗദീഷ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങി ബാക്കിയെല്ലാവരും സ്വന്തം കഥാപാത്രങ്ങളോട് നീതി പുലർത്തി.

           ഒരു ഹെലികാം ഷോട്ടെങ്കിലുമില്ലാത്ത മലയാള സിനിമകൾ അപൂർവ്വമായി മാറിയിരിക്കുന്നു. വയനാടൻ കാടിനകത്തേക്ക് കയറിപ്പോകുന്ന കുട്ടിയപ്പനെയും സംഘത്തെയും കാണിക്കുന്ന പ്രശാന്ത് രവീന്ദ്രൻ എന്ന നവാഗത ഛായാഗ്രാഹകന്റെ ആ ഷോട്ടിന് ഒരു ബിഗ് ലൈക്ക്. മനോജ്‌ കണ്ണോത്തിന്റെ എഡിറ്റിംഗും ബിജിബാലിന്റെ സംഗീതവും മോശമായില്ല. ചുരുക്കത്തിൽ ഒരുപാട് പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുകയും എന്നാൽ ആ പ്രതീക്ഷയോട്‌ നീതി പുലർത്താൻ കഴിയാതെ പോവുകയും ചെയ്ത ചിത്രങ്ങളിലൊന്നായി മാറി ലീല.
തുടർന്ന് വായിക്കുക...

February 14, 2016

ചെമ്മീൻ മുതൽ മൊയ്തീൻ വരെ

 
          അതാത് കാലങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾ മലയാളിയുടെ പ്രണയ സങ്കൽപ്പങ്ങളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌. അതുകൊണ്ട് തന്നെയാണ് പ്രണയത്തിന്റെ തുടക്കം മുതൽ പ്രണയസാഫല്യമോ നഷ്ടപ്രണയമോ വരെയുള്ള നിത്യജീവിതത്തിലെ ഓരോ അവസ്ഥകളെയും അറിഞ്ഞോ അറിയാതെയോ നമ്മൾ സിനിമയുമായി ബന്ധിപ്പിക്കുന്നതും. മലയാളിയുടെ മനസ്സിൽ പ്രണയമഴ പെയ്യിപ്പിച്ച ചിത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം.


             തിയേറ്റർ സ്ക്രീനുകളിലേക്ക് വർണ്ണങ്ങൾ പടർന്നിറങ്ങാൻ തുടങ്ങിയ ശേഷം മലയാളി നെഞ്ചിലേറ്റിയ ആദ്യ പ്രണയചിത്രമെന്ന ഖ്യാതി 'ചെമ്മീനി'ന് അവകാശപ്പെട്ടതാണ്. സിനിമയിൽ എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള അന്തരം ഇല്ലാതായ ഒരു കാലഘട്ടത്തിലായിരുന്നു നഷ്ടപ്രണയം പ്രമേയമാക്കിയ ഈ ചിത്രത്തിന്റെ പിറവി. തന്റെ പ്രണയിനിയായ കറുത്തമ്മയെ ഓർത്ത് ഹൃദയവേദനയോടെ പരീക്കുട്ടി പാടിയ 'മാനസ മൈനേ വരൂ' എന്ന ഗാനം ആ തലമുറ ഒന്നടങ്കം ഏറ്റു പാടി. പ്രണയത്തിന്റെ സുഖവും വേർപാടിന്റെ വേദനയും പരിചയപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് 'മദനോത്സവം'. ധനികനായ രാജുവിന് എലിസബത്ത് എന്ന ദരിദ്ര യുവതിയോട് തോന്നിയ പ്രണയമായിരുന്നു ചിത്രത്തിന്റെ കാതൽ. കമൽ ഹാസൻ, സെറീന വഹാബിനോടൊത്ത് ആടിപ്പാടിയ ഗാനങ്ങൾ ഇടം നേടിയത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ഗാനങ്ങളുടെ പട്ടികയിലാണ്. പ്രണയത്തിന്റെ ഉദാത്തമായ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാൻ 'യാത്ര' എന്ന ചിത്രത്തിന് കഴിഞ്ഞു. കാലത്തിനോ പ്രായത്തിനോ പ്രണയമെന്ന വികാരത്തെ ഒരിക്കലും മനസ്സിൽ നിന്നും പിഴുതെറിയാനാവില്ലെന്ന് വിളിച്ചോതുന്ന ചിത്രമായിരുന്നു ഇത്. ഉണ്ണികൃഷ്ണനു വേണ്ടി ദീപം തെളിയിച്ച് കാത്തിരുന്ന തുളസി യഥാർത്ഥ പ്രണയത്തിന്റെ പ്രതീകമായി മാറി.

             'മലയാള സിനിമയിലെ പ്രണയം' എന്ന വിഷയത്തെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാനാവാത്ത പേരാണ് പത്മരാജന്റേത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അദ്ദേഹം സംവിധാനം ചെയ്ത 'തൂവാനത്തുമ്പികൾ', 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' തുടങ്ങിയവയുടെ സ്ഥാനം. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന ചിത്രത്തിലൂടെ പ്രണയത്തിന്റെ മറ്റൊരു മുഖമാണ് പത്മരാജൻ നമുക്ക് കാണിച്ചു തന്നത്. രണ്ടാനച്ഛനാൽ പീഡിപ്പിക്കപ്പെട്ട സോഫിയ സോളമനൊപ്പം ലോറിയിലേറി പോയപ്പോൾ തിരുത്തിയെഴുതപ്പെട്ടത് പ്രണയത്തിൽ പെണ്ണുടലിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ധാരണകൾ കൂടിയാണ്. പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുകയും, കൗമാരമനസ്സുകളുടെ വിഹ്വലതകൾ കാണിച്ചു തരികയും ചെയ്ത ചിത്രമായിരുന്നു 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമ. കിട്ടാതെ വരുന്ന സ്നേഹവും കരുതലുമെല്ലാം അന്യോന്യം കണ്ടെത്തി ആശ്വസിക്കുന്ന രണ്ട് ദേശാടനക്കിളികൾ... സൗഹൃദത്തിന്റെ മനോഹാരിതയ്ക്കൊപ്പം പറയാതെ പറയുന്ന സ്വവർഗ്ഗ പ്രണയത്തിന്റെ സൂചന കൂടി തരുന്നുണ്ട് ഈ ചിത്രം. പ്രണയത്തിന് മഴയുമായി അഭേദ്യമായൊരു ബന്ധമുണ്ടെന്ന് മലയാളികളെ പഠിപ്പിച്ചതും പത്മരാജൻ തന്നെയായിരുന്നു. തലമുറകൾ പലത് പിന്നിട്ടിട്ടും, 'തൂവാനത്തുമ്പികൾ' തിയേറ്റർ വിട്ട് പറന്നകന്നിട്ടും മലയാളിയുടെ മനസ്സിൽ ആ പ്രണയമഴ കാലഭേദമില്ലാതെ പെയ്തിറങ്ങുന്നു. മലയാളി മനസ്സിനെ വല്ലാതെ പിടിച്ചുലച്ച പ്രണയ ജോഡികളാണ് മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും.

            പത്മരാജന്റെ മറ്റൊരു ചിത്രമായ 'ഇന്നലെ' പറഞ്ഞത് നഷ്ടപ്രണയത്തിന്റെ കഥയാണ്. ഒരപകടത്തിൽ ഇന്നലെകൾ നഷ്ടപ്പെടുന്ന തന്റെ ഭാര്യയായ ഗൗരിയെ അപകടത്തിന് ശേഷം അവളുമായി പ്രണയത്തിലാവുന്ന ശരത് മേനോന് വിട്ടുകൊടുത്ത് അവളുടെ ജീവിതത്തിൽ നിന്നും പിൻവാങ്ങുന്ന നരേന്ദ്രന്റെ നഷ്ടപ്രണയം പ്രേക്ഷകമനസ്സുകളിൽ വിങ്ങലായി മാറി. മലയാള സിനിമയിലെ എറ്റവുമധികം അമ്പരപ്പിച്ച പ്രണയകഥ ഏതെന്ന ചോദ്യത്തിന് 'ഞാൻ ഗന്ധർവ്വൻ' എന്ന ഉത്തരമായിരിക്കും കൂടുതലിണങ്ങുക. കാരണം ആ ചിത്രത്തിലെ നായിക പ്രണയിച്ചത് ഒരു ഗന്ധർവ്വനെയായിരുന്നു എന്നതുകൊണ്ട് തന്നെ. അവളുടെ പ്രണയത്തിനു വേണ്ടി മനുഷ്യനാകാൻ അവനുമാഗ്രഹിച്ചു. മലയാള ചലച്ചിത്ര ലോകം അതുവരെ കാണാത്ത ഒരു കഥാപശ്ചാത്തലമായിരുന്നു ചിത്രത്തിന്റേത്.

             കല്യാണിക്ക് വിഷ്ണുവിനോട് ആദ്യം തോന്നിയ വെറുപ്പ് പിന്നീട് കൗതുകമായും, ഇഷ്ടമായും, ഒടുവിലത് പ്രണയമായും മാറിയപ്പോൾ മലയാള സിനിമയിൽ പുതിയൊരു പ്രണയ 'ചിത്രം' പ്രിയദര്‍ശനിലൂടെ പിറവി കൊണ്ടു. ഒടുവിൽ കല്ല്യാണിയോടൊത്ത് ജീവിക്കാനുള്ള അവന്റെ ആഗ്രഹം തൂക്കുമരത്തിലേക്കുള്ള യാത്രയിൽ അവസാനിക്കുമ്പോൾ കല്യാണിയോടൊപ്പം കണ്ണീർ വാർത്തത് പ്രേക്ഷകർ കൂടിയാണ്.

             പുറത്തിറങ്ങിയ സമയത്ത് തിയേറ്ററുകൾ ഇളക്കിമറിക്കുകയും പിന്നീട് പൈങ്കിളിപ്പടമെന്ന പേര് കേൾക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് 'അനിയത്തിപ്രാവ് ' എന്ന ചിത്രത്തിന്. എങ്കിലും പ്രണയചിത്രങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം തന്നെ മാറ്റിമറിയ്ക്കാൻ കഴിഞ്ഞ ചിത്രങ്ങളിലൊന്നാണ് ഇത്. ഭാര്യയും രണ്ട്‌ മക്കളുമുള്ള രാജീവനും, എഴുത്തുകാരിയും വിവാഹിതയുമായ നന്ദിതയും തമ്മിലുള്ള അസാധാരണ പ്രണയമാണ് 'മേഘമൽഹാർ' എന്ന ചിത്രം കാണിച്ചു തന്നത്. സമാനചിന്താഗതിയും ഇഷ്ടങ്ങളുമെല്ലാം അവർക്കിടയിലേക്ക് പ്രണയം കൊണ്ടു വരുന്നു. എന്നാൽ തങ്ങൾ വിവാഹിതരാണെന്ന വസ്തുതയും ഇരുവർക്കുമിടയിൽ രൂപപ്പെട്ട പ്രണയവും അവരുടെ മുന്നിൽ വലിയൊരു പ്രഹേളികയായി നിലനിൽക്കുകയും ചെയ്തപ്പോൾ മലയാളി അനുഭവിച്ചത് പ്രണയത്തിന്റെ വേറിട്ട ഭാവമാണ്.

          പ്രണയത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ച്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു 'പ്രേമം' എന്ന ചിത്രത്തിന്റെ അസാധാരണ വിജയം. 'ഒരുത്തി പോയാൽ വേറൊരുത്തി' എന്നുള്ള നവതലമുറയിൽപ്പെട്ട ചിലരുടെയെങ്കിലും പ്രണയസങ്കൽപ്പമോ പ്രതീക്ഷയോ ആണ് നായകനിലൂടെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന നായികമാരിലൂടെയും ചിത്രം പങ്കു വെച്ചത്. ഇരവഴഞ്ഞിപ്പുഴയുടെ ആഴങ്ങളിലെവിടെയോ അപ്രത്യക്ഷനായ മൊയ്തീനെ ഇന്നും കാത്തിരിക്കുന്ന കാഞ്ചനമാല നിത്യ പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമായി മാറി.ഈ ചിത്രത്തിലൂടെ മലയാളി അറിഞ്ഞത് കാത്തിരിപ്പിന്റെ വേദന കൂടിയാണ്.

           മലയാള സിനിമയിൽ കാലഘട്ടത്തിനനുസരിച്ച് പ്രണയ സിനിമകൾക്കും, അവയുടെ ആസ്വാദനത്തിനും മാറ്റം സംഭവിച്ചിട്ടുണ്ട്. പല കാലത്തിലും പല വിധത്തിലുള്ള പ്രണയ സിനിമകൾ വിജയിച്ചതിന് കാരണവും അത് തന്നെയാണ്. അടുത്ത കാലത്ത് 'പ്രേമം' എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം പുറത്തിറങ്ങിയ 'എന്ന് നിന്റെ മൊയ്തീൻ' അതിനേക്കാൾ മികച്ച വിജയമാവുകയുണ്ടായി. ഏതു തരം പ്രണയചിത്രങ്ങളാണ് മലയാളിക്കിഷ്ടം എന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തുടർന്ന് വായിക്കുക...

January 13, 2016

മലയാള സിനിമ 2015: ഒരു തിരിഞ്ഞു നോട്ടം


       മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകളോടെയും അതിലേറെ പ്രതീക്ഷകളോടെയുമാണ് 2015 കടന്നു പോയത്. 140 സിനിമകളാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. 2014-ൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തിൽ നിന്നും കേവലം 10 ചിത്രങ്ങളുടെ കുറവ് മാത്രമാണ് ഉണ്ടായത്. നിരവധി കൊമേഴ്സ്യൽ ചിത്രങ്ങൾ സാമ്പത്തിക വിജയം കൈവരിച്ചതും, മികച്ച ചില സമാന്തര സിനിമകൾക്ക് റിലീസിംഗിന് തിയേറ്ററുകൾ ലഭിച്ചതും ഈ വർഷത്തെ പ്രത്യേകതയാണ്. അന്യഭാഷാ ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മലയാള സിനിമകളെ അവഗണിച്ചിരുന്ന പ്രേക്ഷകരുടെയും തിയേറ്ററുടമകളുടേയും പ്രവണതയ്ക്കും ഒരു പരിധി വരെ മാറ്റം വന്നിരിക്കുന്നു എന്ന് വേണം പറയാൻ. 2015 - ലെ മലയാള സിനിമാ അവാർഡ് അടിമുടി വിമർശനത്തിനിടയാക്കി . തിരുവനന്തപുരത്ത് വെച്ച് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ 'ഒറ്റാൽ' എന്ന ചിത്രവും അതുവഴി ജയരാജ് എന്ന സംവിധായകനും മലയാളികളുടെ അഭിമാനം വാനോളമുയർത്തി. 'പ്രേമം' എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരുന്ന സമയത്ത് തന്നെ അതിന്റെ വ്യാജ പകർപ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതും, ആ ചിത്രം ക്യാമ്പസുകളിലും പുറത്തും സൃഷ്ടിച്ച അലയൊലികളും വൻ വിവാദത്തിന് തിരി കൊളുത്തി. വമ്പൻ വിജയങ്ങൾ നേടിയ ചിത്രങ്ങളിൽ പലതും കഥാപരമായി കാമ്പില്ലാത്തവയായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം സാങ്കേതികപരമായി മികച്ചു നിൽക്കുന്നവയായിരുന്നു പല ചിത്രങ്ങളും.  


തണുപ്പൻ തുടക്കവുമായി ജനുവരി.

             പതിനാല് സിനിമകളാണ് ജനുവരിയിൽ പുറത്തിറങ്ങിയത്. അതിൽത്തന്നെ റിലീസ് ചെയ്യപ്പെട്ടതായി ആളുകൾ അറിഞ്ഞ ചിത്രങ്ങളാവട്ടെ മറിയം മുക്ക്, മിലി, പിക്കറ്റ് 43, രസം എന്നിവ മാത്രമാണ്. ജനുവരി 23നാണ് ഇവ നാലും പുറത്തിറങ്ങിയത്. മലയാള സിനിമയിൽ 'ന്യൂ ജനറേഷന്' നാന്ദി കുറിച്ച ചിത്രം എന്നറിയപ്പെടുന്ന 'ട്രാഫിക്കി'ന്റെ സംവിധായകനായ രാജേഷ്‌ പിള്ളയുടെ രണ്ടാമത് ചിത്രമായിരുന്നു മിലി. അപകർഷതാബോധവും, ആത്മവിശ്വാസക്കുറവുമെല്ലാം വേട്ടയാടുന്ന തീർത്തും അന്തർമുഖയായ ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ഒരു പരിധി വരെ റിയലിസ്റ്റിക്ക് സ്വഭാവം നിലനിര്‍ത്തുന്ന ഈ ചിത്രത്തിന് പോരായ്മകളുണ്ടായിരുന്നുവെങ്കിലും ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ കണ്ടിരിക്കേണ്ടതാണ് ഈ സിനിമ.

            'പിക്കറ്റ് 43' യെ 'ലളിതമായ ഒരു പട്ടാളചിത്രം' എന്ന് വിശേഷിപ്പിക്കാം. മലയാള സിനിമ ഇന്നുവരെ കൈകാര്യം ചെയ്ത പട്ടാളസിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്‌ ഈ ചിത്രം. ഏകാംഗ പോസ്റ്റ് ആയ 'പിക്കറ്റ് 43' യിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സൈനികന്റെയും പാക്കിസ്ഥാൻ സൈനികന്റെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ക്ലാസ്സ്മേറ്റ്സിന്റെ തിരക്കഥാകൃത്തായ ജെയിംസ് ആൽബർട്ട് ആദ്യമായി സംവിധായകവേഷമണിഞ്ഞ ഫഹദ് ഫാസിൽ ചിത്രമായ 'മറിയം മുക്ക്' റിലീസിംഗിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററിൽ ആളെക്കൂട്ടാൻ ആ ചിത്രത്തിനായില്ല. രാജീവ്നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്ദ്രജിത്ത്, നെടുമുടി വേണു തുടങ്ങിയ വലിയൊരു താരനിരയെ അണിനിരത്തി പാചകം പ്രമേയമാക്കി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'രസം'. പക്ഷേ ചിത്രത്തിന് അതിനേക്കാൾ യോജിച്ചത് നീരസം എന്ന പേരാണെന്ന് ചിത്രം കണ്ട ഓരോരുത്തർക്കും തോന്നിയിട്ടുണ്ടാവണം. ഡോ.ബിജുവിന്റെ ദേശീയ അവാർഡ് നേടിയ 'പേരറിയാത്തവർ' ആണ് ജനുവരിയിൽ പുറത്തിറങ്ങിയ മറ്റൊരു ശ്രദ്ധേയ ചിത്രം. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഇതിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ഈ അഞ്ച് ചിത്രങ്ങളെക്കൂടാതെ സാന്റ് സിറ്റി, ആകാശങ്ങളിൽ, 6 , അറ്റ്‌ വണ്‍സ്, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, അമ്മയ്ക്കൊരു താരാട്ട്, മായാപുരി ത്രീഡി, വില്ലേജ് ഗയ്സ്, മഷിത്തണ്ട് എന്നീ ചിത്രങ്ങളും ജനുവരിയിൽ പ്രദർശനത്തിനെത്തി.


ആട് ഉണര്‍ത്തിയ ചിരിയും ആലിഫ് ഉയർത്തിയ ചിന്തകളും.

   യുവസംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ പ്രഥമ സംവിധാനസംരംഭമായ 'ആട്' ആയിരുന്നു ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഒരു സാങ്കൽപ്പിക ഗ്രാമത്തിലെ ഒരാടിനെ ചുറ്റിപ്പറ്റിയുള്ള കഥയായിരുന്നു ഇത്. ആദ്യപകുതിവരെ ബോറടിപ്പിക്കാതെ പോയ ചിത്രം രണ്ടാം പകുതിയിൽ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു. എങ്കിലും ജയസൂര്യ, വിജയ്‌ ബാബു, സൈജു കുറുപ്പ് എന്നിവരുടെ കഥാപാത്രങ്ങൾ വ്യത്യസ്തത പുലർത്തി. ഒരു ടാങ്കർ ലോറി മറിയുന്നതിനെ തുടർന്ന് അവിടുത്തെ സെന്‍ട്രല്‍ ജയില്‍ ഒഴിപ്പിക്കേണ്ട ചുമതല വന്നു ചേരുന്ന മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള അഗ്നിശമനാസേനാംഗങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് 'ഫയർമാന്‍'. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥയിൽ 'തീ' ഉണ്ടായിരുന്നെങ്കിലും ദീപു കരുണാകരന്റെ സംവിധാനത്തിലെ പാളിച്ചകൾ ആ തീയണച്ചു.

        ശ്യാമപ്രസാദിന്റെ അസോസിയേറ്റായിരുന്ന വിനോദ് സുകുമാരന്‍ രാധിക ആപ്തെയെയും ഫഹദ് ഫാസിലിനെയും നായികാനായകന്മാരാക്കി സംവിധാനം ചെയ്ത ഹരം പ്രേക്ഷകരോട് എന്തൊക്കെയോ സംവദിക്കാൻ ശ്രമിച്ച് ഒന്നിനും കഴിയാതെ പോയ ഒരു ചിത്രമായി മാറി. പതിവ് ഫഹദ് ഫാസിൽ ചിത്രങ്ങളിലെ ഫ്ലാറ്റും, ബർമുഡയും ബീപ്പ് ശബ്ദങ്ങളുമെല്ലാം ഈ ചിത്രത്തിലും ഉണ്ടായിരുന്നു. സണ്ണി വെയ്നിനെ നായകനാക്കി ഗോപാലൻ മനോജ്‌ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സാരഥി'. ഒരു ഡ്രൈവറുടെ കഥ പറഞ്ഞ ത്രില്ലർ ശ്രേണിയിൽപ്പെട്ട ഈ ചിത്രത്തിലെ ചില രംഗങ്ങൾ നന്നായെങ്കിലും ചിത്രം നിരാശപ്പെടുത്തി. എൻ.കെ.മുഹമ്മദ്‌ കോയ സംവിധാനം ചെയ്ത 'ആലിഫ്' എന്ന ചിത്രവും ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. സാമൂഹ്യപ്രതിബദ്ധത മുൻനിർത്തിയുള്ള ഈ ചിത്രം കൈകാര്യം ചെയ്ത പ്രമേയം കൊണ്ട് ശ്രദ്ധ നേടി. മൊഴി ചൊല്ലപ്പെട്ട ഒരു മുസ്ലീം യുവതിയുടെ ജീവിത ദുരിതങ്ങളുടെയും, ജീവിതവിജയത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. സിനിമ അറ്റ്‌ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, രാഗ് രംഗീല, 1000: ഒരു നോട്ട് പറഞ്ഞ കഥ, വൈറ്റ് ബോയ്സ്, കമ്പാർട്ട്മെന്റ്, നമസ്തേ ബാലി ഐലന്റ്, ഫ്രണ്ട്ഷിപ്പ്, മാണിക്യം, ഇരുവഴി തിരിയുന്നിടം എന്നീ ചിത്രങ്ങളും തിയേറ്ററുകൾ കയറിയിറങ്ങിയതായി പറയപ്പെടുന്നു.


സെല്ഫിയുമായി വടക്കോട്ടൊരു മാർച്ച്.

           മാർച്ചിലെ താരം 'ഒരു വടക്കൻ സെൽഫി' ആയിരുന്നു. യുവത്വത്തെ പിടിച്ചിരുത്താൻ വേണ്ട ചേരുവകളെല്ലാം ചേർത്താണ് ചിത്രമൊരുക്കിയത് എന്നതുകൊണ്ട് തന്നെ നല്ലൊരു കഥയുടെ പിൻബലമില്ലാതിരുന്നിട്ടും 'സെൽഫി' ക്ലിക്കായി. എഞ്ചിനീയറിംഗ് കഴിഞ്ഞ് കൈ നിറയെ സപ്ലിയുമായി നടക്കുന്ന ഒരു യുവാവിന്റെ ജീവിതം ട്രെയിൻ യാത്രയ്ക്കിടെ എടുത്ത ഒരു സെൽഫി കൊണ്ട് മാറിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 'ബാലൻ.കെ.നായരു'ടെയും 'ഷീല'യുടെയും പ്രണയകഥ പറഞ്ഞുകൊണ്ടാണ് '100 ഡേയ്സ് ഓഫ് ലൗ' തിയേറ്ററുകളിൽ എത്തിയത്. ഒരു പെണ്‍കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടുന്നതും അവളുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന ഒരു ക്യാമറ വഴി അവളെ കണ്ടെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ചില രംഗങ്ങൾ നന്നായി തോന്നിയെങ്കിലും തിരക്കഥയിലെ പാളിച്ചകൾ ചിത്രത്തിന്റെ മൊത്തത്തിലുള്ള ഭംഗിയെ സാരമായി ബാധിച്ചു എന്ന് പറയാതെ വയ്യ.

            സത്യൻ അന്തിക്കാടിന് ഒരു പ്രത്യേകതയുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ സ്ഥിരം പാറ്റേണിൽ വർഷാവർഷം പടമെടുക്കും. മോഹൻലാലിനെയും മഞ്ജു വാര്യരെയും 17 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് വെള്ളിത്തിരയിലെത്തിച്ച 'എന്നും എപ്പോഴും' എന്ന ചിത്രവും ഈ ഗണത്തിൽ പെട്ട ചിത്രമായിരുന്നു. മോഹൻലാലിന്റെ ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ചിത്രം നിരാശ മാത്രമാണ് സമ്മാനിച്ചത്. മിക്കവാറും ന്യൂജനറേഷൻ ചിത്രങ്ങളിലെ അവിഭാജ്യ ഘടകങ്ങളായ അവിഹിതബന്ധങ്ങൾ, വഞ്ചന തുടങ്ങിയവയെല്ലാം ആവോളം കുത്തിനിറച്ച ഒരു തട്ടുപൊളിപ്പൻ ചിത്രമായിരുന്നു 'യൂ ടൂ ബ്രൂട്ടസ്'.

              ഈ ചിത്രങ്ങളെക്കൂടാതെ ഒന്നാം ലോക മഹായുദ്ധം, നെല്ലിക്ക, കല്ല്യാണിസം, ദി റിപ്പോർട്ടർ, ലൗ ലാന്റ്, എലഞ്ഞിക്കാവ് പി.ഓ, ഞാൻ നിന്നോട് കൂടെയുണ്ട് എന്നീ ചിത്രങ്ങളും മാർച്ചിൽ റിലീസ് ചെയ്തു.


മര്യാദക്കാരനും റാസ്ക്കലും തമ്മിൽ.

           ഏപ്രിലിൽ ആകെ പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളാണ്. സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഭാസ്കർ ദി റാസ്കലും' , ദിലീപിനെ നായകനാക്കി പുതുമുഖസംവിധായകനായ സുരേഷ് ദിവാകർ സംവിധാനം ചെയ്ത 'ഇവൻ മര്യാദരാമനും'. രണ്ടും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ കൂടിയാണ്. 'ലേഡീസ് ആന്റ് ജെന്റിൽമാൻ' ആണ് ഇതിനു മുമ്പ് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം. അതിനേക്കാൾ മെച്ചമാണെങ്കിലും ഒരു മികച്ച സിനിമയൊന്നുമല്ല 'ഭാസ്കർ ദി റാസ്കൽ'. ഭാസ്കരപിള്ളയുടെ(മമ്മൂട്ടി) മകനായ ആദിയും, ഹിമയുടെ(നയൻതാര) മകളായ ശിവാനിയും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ആദിയും ശിവാനിയും ചേർന്ന് ഭാസ്കരപ്പിള്ളയെയും ഹിമയേയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കണ്ടിരിക്കാവുന്ന ആദ്യപകുതി, വിരസമായ രണ്ടാം പകുതി. സിനിമയെ മൊത്തത്തിൽ ഇങ്ങനെ വിലയിരുത്താം. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത് നാല് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട തെലുങ്ക് ചിത്രമായിരുന്നു 'മര്യാദ രാമണ്ണ'. ആ ചിത്രത്തിന്റെ മലയാളം റീമേക്ക് ആയിരുന്നു 'ഇവൻ മര്യാദരാമൻ' എന്ന ദിലീപ് ചിത്രം. നിലവാരം കുറഞ്ഞ കോമഡികളാലും ക്ലീഷേ കഥാസന്ദർഭങ്ങളാലും സമൃദ്ധമാണ്‌ ചിത്രം.


പ്രേമക്കടലിൽ മുങ്ങിയ കേരളം.

              മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ച 'പ്രേമം' റിലീസ് ചെയ്തത് മെയ് മാസത്തിലായിരുന്നു. പല റെക്കോഡുകളും കടപുഴകുകയും പല വിവാദങ്ങളും സൃഷ്ടിക്കുകയും ചെയ്തു ഈ ചിത്രം. ഒരു സിനിമ എങ്ങനെ വിജയിപ്പിക്കണം എന്ന് നന്നായറിയാവുന്ന അൽഫോണ്‍സ്‌ പുത്രൻ എന്ന സംവിധായകന്റെ സിനിമയാണിതെന്ന് നിസ്സംശയം പറയാം. കാരണം പ്രണയം, ആക്ഷൻ, നർമ്മം എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനാവശ്യമായ ഘടകങ്ങളെല്ലാം കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരുന്നു ഇത്. കഥാപരമായി നോക്കിയാൽ 'ഓട്ടോഗ്രാഫ്' എന്ന തമിഴ് ചിത്രവുമായി ഏറെ അടുത്തു നിൽക്കുന്നുണ്ട് ഈ ചിത്രം. ചിത്രമിറങ്ങി അധികം വൈകാതെ സോഷ്യൽമീഡിയയിലൂടെ ചിത്രം പ്രചരിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ചിത്രത്തിന്റെ വിജയത്തെ ബാധിച്ചതേയില്ല.

      മലയാളിക്ക് അത്രയ്ക്ക് പരിചയമല്ലാത്ത ഒന്നാണ് സ്പൂഫ് ചിത്രങ്ങൾ. അത്തരത്തിലുള്ള ഒരു പരീക്ഷണമായിരുന്നു 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന ചിത്രം. 1994-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ 'അഴകിയ രാവണനി'ലെ നോവലിസ്റ്റായ അംബുജാക്ഷനിലൂടെയാണ് കഥയുടെ സഞ്ചാരം. മലയാള സിനിമയിലെ പല ക്ലീഷേകളേയും പൊളിച്ചടുക്കാൻ സന്തോഷ്‌ വിശ്വനാഥന് തന്റെ ആദ്യ ചിത്രത്തിലൂടെ കഴിഞ്ഞിരിക്കുന്നു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.
കുറച്ച് കാലമായി യുക്തിക്ക് നിരക്കാത്ത സിനിമകൾ മാത്രം ചെയ്തു വരുന്ന ദിലീപിന്റെ വഴി മാറി നടത്തമാണ് 'ചന്ദ്രേട്ടൻ എവിടെയാ?' എന്ന ചിത്രത്തിൽ നമുക്ക് കാണാനാവുക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത രണ്ടാമത് ചിത്രം കൂടിയാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലാൽ ജോസ് ചിത്രമായ 'നീന' ചില രംഗങ്ങളിൽ മാത്രം പുതുമ സമ്മാനിച്ചു. ദീപ്തി സതിയുടെ സൗന്ദര്യം അഭിനയത്തിൽ പ്രതിഫലിച്ചില്ല. ആൻ അഗസ്റ്റിൻ തന്റെ കഥാപാത്രത്തോട് നീതി പുലർത്തി. കുറച്ചു കാലമായി ജോഷിയുടെ സിനിമകൾ പുറത്തിറങ്ങുമ്പോൾ സോഷ്യൽ മീഡിയകളിൽ നിറയെ 'ജോഷി ചതിച്ചാശാനേ' എന്ന പരിഹാസമാണ്. 'ലൈലാ ഓ ലൈലാ' എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോഴും മറിച്ചല്ല സംഭവിച്ചത്. 'ട്രൂ ലൈസ് 'എന്ന ജെയിംസ് കാമറൂണ്‍ ചിത്രവുമായി ഏറെ സാദൃശ്യമുണ്ടായിരുന്നു ഈ ചിത്രത്തിന്. സെർബിയൻ, കൊറിയൻ തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ നിന്നുമുള്ള മോഷണങ്ങൾ വരെ പിടികൂടുന്ന മലയാളിയോട് ഈ ചതി ചെയ്ത ജോഷിയുടെ ധൈര്യത്തെ സമ്മതിച്ചേ മതിയാകൂ. 'സർ.സി.പി' എന്ന ജയറാം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആ ചിത്രത്തിന് പേരിടും മുമ്പ് സർ.സി.പി ആരാണെന്ന് ഒന്നോർക്കാമായിരുന്നു.

          ജയസൂര്യയുടെ 'കുമ്പസാരം' മോശമല്ലാത്തൊരു സിനിമയാണ്. കാൻസർ രോഗിയായ മകന്റെ ജീവൻ നില നിർത്താനായി കഷ്ടപ്പെടുന്ന ഒരച്ഛൻ താൻ ചെയ്യുന്ന തെറ്റിന് നടത്തുന്ന കുമ്പസാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു. ശ്യാമപ്രസാദിന്റെ 'ഇവിടെ' നിരാശപ്പെടുത്തി. പൃഥ്വിരാജിന്റെ മികച്ച പ്രകടനം മാത്രമാണ് എടുത്ത് പറയാവുന്നത്. ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ ദൗർബല്ല്യങ്ങൾ കാണിച്ചു തന്ന സിനിമ കൂടിയായിരുന്നു ഇത്. ഒരു ബാറും അതുമായി ബന്ധപ്പെട്ട കുറച്ച് ആളുകളുടെയും കഥ പറഞ്ഞ ചിത്രമാണ് 'സ്വർഗത്തേക്കാൾ സുന്ദരം'. പേരിലെ സൗന്ദര്യമൊന്നും ചിത്രത്തിൽ ഇല്ല എന്നു മാത്രം. സജി സുരേന്ദ്രന്റെ 'ഷീ ടാക്സി'യിലെ യാത്ര തീർത്തും നിരാശാജനകമായി മാറിയപ്പോൾ 'ഒരു സെക്കന്റ് ക്ലാസ് യാത്ര' അൽപ്പം ഭേദമാണെന്ന് തോന്നി.


സിനിമകളുടെ പെരുമഴയുമായി ജൂണ്‍

        ഈ വർഷം എറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങിയത് ജൂണ്‍ മാസത്തിലാണ്, 16 ചിത്രങ്ങൾ. പക്ഷേ അവയിൽ പ്രത്യേകത ഉണ്ടായിരുന്നത് ആകെ രണ്ട് ചിത്രങ്ങള്‍ക്കാണ്- 'അസ്തമയം വരെ' , 'ക്രൈം നമ്പർ 89' എന്നിവയ്ക്ക് . സജിൻ ബാബുവിന്റെ ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു 'അസ്തമയം വരെ'. പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടില്ലാത്ത ഈ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരുമില്ല. 2014-ലെ മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യ ഗോൾഡ് എന്ന മത്സരവിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഐ എഫ് എഫ് കെ - 2014-ലെ മത്സരവിഭാഗത്തിലുള്ള രണ്ട് മലയാളചിത്രങ്ങളിൽ ഒന്നാണ് 'അസ്തമയം വരെ'. വെറും എണ്‍പത് മിനിറ്റ് മാത്രമാണ് സുദേവൻ സംവിധാനം ചെയ്ത 'ക്രൈം നമ്പർ 89' എന്ന ചിത്രത്തിന്റെ ദൈർഘ്യം. ആ സമയത്തിനുള്ളിൽ പറയാനുള്ളതെല്ലാം അദ്ദേഹം വൃത്തിയായി പറയുകയും ചെയ്തിരിക്കുന്നു. അർദ്ധരാത്രിയിൽ ഒരു ജീപ്പ് ബ്രേക്ക് ഡൌണ്‍ ആവുന്നിടത്ത് നിന്നാണ് കഥയുടെ തുടക്കം. ജീപ്പ് നന്നാക്കാൻ ഒരു മെക്കാനിക്ക് വരുന്നിടത്ത് നിന്നും ചിത്രം മറ്റൊരു സ്വഭാവം കൈവരിക്കുന്നു. ഈ ചിത്രവും ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയുണ്ടായി.

          ആസിഫ് അലിയെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത നിർണ്ണായകം എന്ന ചിത്രം ബോബി സഞ്ജയ്‌ ടീം 'ട്രാഫിക്കി'ന്റെ  ഹാംഗ് ഓവർ വിട്ടു മാറാതെ എഴുതിയ ചിത്രമാണെന്ന് തോന്നി. 'ട്രാഫിക്കി'ൽ ഒരു പെണ്‍കുട്ടിയുടെ ജീവൻ ട്രാഫിക്ക് നിയന്ത്രണത്തിലെ വൈദഗ്ദ്യം കൊണ്ട് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കിൽ ഒരു രാഷ്ട്രീയപ്പാർട്ടി റോഡ്‌ ബ്ലോക്ക് ചെയ്ത് നടത്തുന്ന യോഗത്തെത്തുടർന്ന് ഒരു പെണ്‍കുട്ടി മരിക്കുന്നതുമായി ബന്ധപ്പെട്ട കഥയാണ് 'നിർണ്ണായകം' പറയുന്നത്. ജയസൂര്യ, മുരളി ഗോപി തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ 'ലുക്കാ ചുപ്പി' എന്ന ചിത്രം തീർത്തും വിരസമായിത്തോന്നി. കുറച്ച് മദ്യപാനികൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നതിലപ്പുറം ചിത്രത്തിൽ ഒന്നുമില്ല.

             ആടിയും പാടിയും ജനങ്ങളെ ദ്രോഹിച്ചത് പോരാഞ്ഞിട്ടാവണം റിമി ടോമി ഈ പണിക്ക് ഇറങ്ങിയത് എന്ന് തോന്നിപ്പോയി 'തിങ്കൾ മുതൽ വെള്ളി വരെ' എന്ന ചിത്രം കണ്ടപ്പോൾ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലെത്തിയ 'സാമ്രാജ്യം-2 സണ്‍ ഓഫ് അലക്സാണ്ടർ' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന് മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ സാമ്രാജ്യത്തിന്റെ ഏഴയലത്ത് പോലുമെത്താനായില്ല. രചന നാരായണൻ കുട്ടിയെ നായികയാക്കി അജ്മൽ സംവിധാനം ചെയ്ത 'കാ‍ന്താരി' തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് ഉത്തമ ഉദാഹരണമായിത്തോന്നി. അപ്പവും വീഞ്ഞും, 8th മാർച്ച്, 3 വിക്കറ്റിന് 365 റണ്‍സ്, കിഡ്നി ബിരിയാണി, ആശംസകളോടെ അന്ന, 32ആം അദ്ധ്യായം 23 ആം വാക്യം, ലാവന്റർ, സെന്റ്‌ മേരീസിലെ കൊലപാതകം, മണ്‍സൂണ്‍ എനിങ്ങനെ എന്തിനോ വേണ്ടി ചില ചിത്രങ്ങളും ജൂണ്‍ മാസത്തിൽ തിയേറ്ററുകളിലെത്തി.


മലയാളിയെ മധുരം കഴിപ്പിച്ച് ജൂലൈ.

       മലയാളത്തിലെ ശ്രദ്ധേയനായ യുവസാഹിത്യകാരന്മാരിലൊരാളാണ്‌ പി .വി.ഷാജികുമാർ. അദ്ദേഹത്തിന്റെ '18+' എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 'കന്യകാ ടാക്കീസ്'. അഡൾട്ട്സ് ഓണ്‍ലി സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന ഒരു തിയേറ്റർ അടച്ചു പൂട്ടുകയും തുടർന്ന് ആ തിയേറ്റർ ഒരു പള്ളിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട കഥയാണ് 'കന്യക ടാക്കീസ്'. നർമ്മത്തിന്റെ മേമ്പൊടിയുള്ള തരക്കേടില്ലാത്ത ഒരു ചിത്രമാണ് സുഗീത് സംവിധാനം ചെയ്ത 'മധുരനാരങ്ങ'. തന്റെ ആദ്യ ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ടിനെയാണ് ഈ ചിത്രത്തിലും സംവിധായകൻ പരീക്ഷിച്ചിരിക്കുന്നത്. പേരിൽ മധുരമുള്ള മറ്റൊരു ജയസൂര്യ ചിത്രമാണ് 'ജിലേബി'. നഗരത്തിൽ ജീവിച്ചു വളർന്ന രണ്ട് കുഞ്ഞുങ്ങൾ നാട്ടിലെത്തുന്നതും അവരുടെ അമ്മാവനുമായി അടിപിടികളിൽ എർപ്പെടുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥാതന്തു. അധികം ബോറടിപ്പിക്കില്ല ഈ ജയസൂര്യ ചിത്രവും.

        നല്ലൊരു എഴുത്തുകാരിയാണ് ശ്രീബാല.കെ.മേനോൻ. പക്ഷേ സംവിധായികയുടെ വേഷം തനിക്ക് അത്ര കണ്ട് ഇണങ്ങുന്നില്ല എന്ന് തെളിയിക്കുന്ന ചിത്രമാണ് 'ലൗ 24x7'. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാതെ ചിത്രം മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന കുറേ കഥാസന്ദർഭങ്ങളോ, അഭിനയമുഹൂർത്തങ്ങളോ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. ദിലീപിന്റെ വളിപ്പ് തമാശകൾ തീരെയില്ല എന്നതായിരുന്നു എറ്റവും വലിയ ആകർഷണം. മമ്മൂട്ടിയെ നായകനാക്കി വിജേഷിന്റെ തിരക്കഥയിൽ ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത 'അച്ഛാ ദിൻ' എല്ലാം കൊണ്ടും ബുരാ ദിൻ ആയി മാറി. മുഹ്സിൻ പെരാരിയുടെ കന്നിച്ചിത്രമായ 'കെ.എൽ.10 പത്ത്' റിലീസിംഗിന് മുമ്പ് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും ആ പ്രതീക്ഷ സഫലമാക്കാൻ സിനിമയ്ക്ക് സാധിച്ചില്ല. പുതിയൊരു പരീക്ഷണത്തിന് മുതിർന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും മലപ്പുറത്തുകാരുടെ സംസാരശൈലി കേൾപ്പിക്കാൻ വേണ്ടി മാത്രമാണിതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയി. പത്മരാജൻ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത 'അപരൻ' എന്ന സിനിമ കണ്ടതിന്റെ ഹാംഗ് ഓവറിൽ നിന്നും രൂപം കൊണ്ട ഒരു ചിത്രമായിരിക്കണം 'അയാൾ ഞാനല്ല'. രഞ്ജിത്ത് ആണ് വിനീത് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി കഥയെഴുതിയത് എന്നതാണ് ഏറെ അവിശ്വസനീയമായ കാര്യം. ഇവയെക്കൂടാതെ അവൾ വന്നതിനു ശേഷം, ലോകാ സമസ്താ, ഒരു ന്യൂ ജനറേഷൻ പണി, വണ്ടർഫുൾ ജേണി, പിക്കിൾസ്, പ്ലസ് ഓർ മൈനസ്, രുദ്രസിംഹാസനം, വിശ്വാസം അതല്ലേ എല്ലാം എന്നീ ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടതായി പറയപ്പെടുന്നു.


കുഞ്ഞിരാമന്റെ വാഴ്ചയും വലിയ രാമന്മാരുടെ വീഴ്ചകളും.

             ബേസിൽ ജോസഫിന്റെ 'കുഞ്ഞിരാമായണം' ആയിരുന്നു ഓണച്ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു സങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന തീർത്തും സാങ്കൽപ്പികമായ ഒരു കഥയാണ് വിനീത് ശ്രീനിവാസൻ നായകവേഷത്തിലെത്തിയ ഈ ചിത്രം പറഞ്ഞത്. കഥയിൽ മേന്മയില്ലാതിരുന്നിട്ടും ചിത്രത്തിലുടനീളം ഉണ്ടായിരുന്ന നർമ്മം ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കി. രഞ്ജിത്തിനെ 'ലോഹം' എന്ന സിനിമ എടുപ്പിച്ചത് ഇന്ത്യൻ റുപ്പിയുടെ വിജയമായിരിക്കണം. 'ഇന്ത്യൻ റുപ്പി' പറഞ്ഞത് കള്ളനോട്ടിന്റെ കഥ ആയിരുന്നെങ്കിൽ ലോഹത്തിന് പറയാനുണ്ടായിരുന്നത് സ്വർണ്ണകള്ളക്കടത്തിന്റെ കഥ ആയിരുന്നു. ആക്ഷേപഹാസ്യം എന്ന ഉദ്ദ്യേശത്തോടെ ആയിരിക്കണം കമൽ മമ്മൂട്ടിയെ നായകനാക്കി 'ഉട്ടോപ്പിയയിലെ രാജാവ്' എന്ന സിനിമ സംവിധാനം ചെയ്തത്. പക്ഷേ എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്നല്ലാതെ പ്രേക്ഷകരിൽ വിരസതയുണർത്തുന്ന കുറേ രംഗങ്ങളല്ലാതെ മറ്റൊന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല.

            ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ 'ഡബിൾ ബാരലി'ന് വളരെ ചെറിയൊരു ന്യൂനപക്ഷത്തെ മാത്രമാണ് തൃപ്തിപ്പെടുത്താനായത്. പാശ്ചാത്യ സിനിമകളുടെ അനുകരണമായിരുന്നു ചിത്രത്തിൽ. പക്ഷേ സാങ്കേതികമായി ചിത്രം ഏറെ മുന്നിട്ടു നിൽക്കുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല. ഈ വർഷം ആടിന്റെ കഥ പറഞ്ഞ രണ്ടാമത്തെ ചിത്രമായിരുന്നു 'ജമ്നാ പ്യാരി'. ആ പേരിലുള്ള ഒരു ആടിനെ പരിചയപ്പെടുത്തി എന്നതൊഴിച്ചാൽ മറ്റൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രമായിരുന്നു ഇത്. അജു വർഗീസ്‌, വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'റാസ്പുടിൻ' എന്നൊരു അറുബോറൻ ചിത്രവും ഈ മാസത്തിൽ റിലീസ് ചെയ്തു. മുംബൈ ടാക്സി, ഹൈ അലർട്ട്, ഉത്തര ചെമ്മീൻ, ജസ്റ്റ് മാരീഡ്, താരകങ്ങളേ സാക്ഷി, കേരള റ്റുഡേ എന്നീ ചിത്രങ്ങളാണ് ആഗസ്റ്റിൽ പ്രദർശനത്തിനെത്തിയ മറ്റ് ചിത്രങ്ങൾ.


പ്രണയപ്പെരുമഴ തീർത്ത് മൊയ്തീനും കാഞ്ചനമാലയും.

    സെപ്റ്റംബര്‍ മാസം 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന് അവകാശപ്പെട്ടതായിരുന്നു. പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്ത ഈ ചിത്രം മലയാളസിനിമയിലെ എറ്റവും വലിയ സമീപകാല ഹിറ്റുകളിൽ ഇടം നേടി. ഇരവഴഞ്ഞിപ്പുഴയിൽ മറഞ്ഞ മൊയ്തീന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന കാഞ്ചനമാലയുടെ കഥ അഭ്രപാളിയിലെത്തിച്ച ആർ.എസ് വിമലിന് ഒരു നവാഗതസംവിധായകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട് ഈ ചിത്രം. ചിത്രത്തിലെ ദൃശ്യങ്ങളും, സംഗീതവും, അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ചു നിന്നു.

          ഒരാഴ്ചയുടെ ഇടവേളയിൽ മോഷണം പ്രമേയമാക്കിയ രണ്ട് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി എന്നതും ഈ മാസത്തിന്റെ പ്രത്യകതകളിൽ ഒന്നായിരുന്നു. 'ഉറുമ്പുകൾ ഉറങ്ങാറില്ല', 'കോഹിനൂർ' എന്നിവയായിരുന്നു ആ ചിത്രങ്ങൾ. അവയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് ജിജു അശോകൻ സംവിധാനം ചെയ്ത 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രമാണ്. വലിയൊരു താരനിര ഉണ്ടായിരുന്നിട്ടും കോഹിനൂർ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. മെമ്മറീസ്, ദൃശ്യം എന്നീ ത്രില്ലർ ചിത്രങ്ങൾക്ക് ശേഷം 'ട്വിസ്റ്റില്ല, സസ്‌പെന്‍സില്ല, ഒരു ജീവിതം മാത്രം' എന്ന ടാഗ് ലൈനുമായാണ് 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രവുമായി ജിത്തു ജോസഫ് എത്തിയത്. ചിത്രത്തിൽ ജോസൂട്ടിയുടെ ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് എഡിറ്റർ ഉണ്ടായിരുന്നില്ലേ എന്ന് സംശയം തോന്നിയാലും കുറ്റം പറയാൻ പറ്റില്ല. ചില രംഗങ്ങളൊക്കെ അത്രയ്ക്ക് ഇഴഞ്ഞ് നീങ്ങുന്നവയായിരുന്നു.

              ആരോടൊക്കെയോ തനിക്ക് പറയാനുള്ള മറുപടി എന്ന നിലയ്ക്കാണ് 'ഞാന്‍ സംവിധാനം ചെയ്യും' എന്ന്‍ ബാലചന്ദ്രമേനോൻ തന്റെ പുതിയ ചിത്രത്തിന് പേരിട്ടത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ആദ്യകാലത്ത് ഒരുപിടി നല്ല സിനിമകൾ സംവിധാനം ചെയ്ത ഒരാൾ ഈ വിധം തരം താഴുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ സ്വതന്ത്രമായി നിർമ്മിച്ച് ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചലച്ചിത്രമായ 'കളിയച്ഛനും' ഈ മാസം തിയേറ്ററുകളിൽ എത്തുകയുണ്ടായി. പി. കുഞ്ഞിരാമൻ നായർ രചിച്ച 'കളിയച്ഛൻ' എന്ന കാവ്യത്തിന്റെ വായനാനുഭവമാണ് ഈ ചലച്ചിത്രം. രചന നാരായണൻകുട്ടി, മുസ്തഫ എന്നിവരെ നായികാനായകന്മാരാക്കി സിദ്ധാർത്ഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത 'ഐൻ' എന്ന സിനിമയും ഇതേ മാസത്തിലാണ് റിലീസ് ചെയ്തത്.


ചിന്തയും ചിരിയും കരച്ചിലും സമ്മാനിച്ച് ഒക്ടോബർ.

              ക്രൗഡ്‌ ഫണ്ടിംഗ് രീതിയിലൂടെ മലയാളസിനിമയിൽ ആദ്യമായി ചിത്രീകരിച്ച സിനിമയായ 'ഒരാള്‍പ്പൊക്കം' ഒക്ടോബർ മാസത്തിൽ തിയേറ്ററുകളിൽ എത്തി. 2012-ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന പുരസ്കാരം നേടിയ 'ഫ്രോഗി'ന്റെ സംവിധായകനും കവിയും ബ്‌ളോഗറുമായ സനൽകുമാർ ശശിധരന്റെ ആദ്യ ചലച്ചിത്രമാണ് 'ഒരാൾപ്പൊക്കം'. പ്രശസ്ത ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ മീന കന്ദസാമിയാണ് ചിത്രത്തിലെ നായിക. അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെയാണ് മീനയുടെ നായകന്‍. 2014ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് &ഫിപ്രസ്ക്കി പുരസ്കാരം നേടിയ ചിത്രമാണിത്.

          പ്രവാസിയുടെ ദുരിതങ്ങളും കുറേ നൊസ്റ്റാൾജിയയും തിരുകിക്കയറ്റി എടുത്തൊരു സിനിമ, 'പത്തേമാരി' എന്ന ചിത്രത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. 'മമ്മൂട്ടിയുടെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് 'എന്നൊക്കെയാണ് പത്തേമാരിയെ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ അഭിപ്രായങ്ങൾ പറഞ്ഞവർ ഒന്നുകിൽ മമ്മൂട്ടിയുടെ നല്ല കുറേ ചിത്രങ്ങൾ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ പ്രവാസജീവിതം പ്രമേയമാക്കി എടുത്ത പല ചിത്രങ്ങളും കണ്ടിട്ടുണ്ടാവില്ല. 'അമർ അക്ബർ അന്തോണി' ഇക്കൊല്ലത്തെ പണം വാരിപ്പടങ്ങളിൽ ഒന്നാണ്. നാദിര്‍ഷായുടെ ' ദേ മാവേലികൊമ്പത്ത് ' സീരിസിനെ ഓര്‍മ്മിപ്പിക്കും  വിധത്തിലുള്ള ഈ ചിത്രം - പൃഥ്വി , ഇന്ദ്രജിത്ത് , ജയസുര്യ എന്നിവരുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധ പിടിച്ചു പറ്റി .

         കാനനസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരുന്നു അനിൽ രാധാകൃഷ്ണമേനോന്റെ 'ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി'. ഒരു ഡോക്യുമെന്ററിയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ചിത്രത്തിലെ പല രംഗങ്ങളും. അടുത്ത കാലത്ത് ഇറങ്ങിയ ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു 'റാണി പദ്മിനി'. കഥാപരമായി ചിന്തിച്ചാൽ പോരായ്മകൾ ഉണ്ടെങ്കിലും ഇത് കാലഘട്ടത്തിന്റെ സിനിമയാണിത്. വീട്ടിൽ ഒതുങ്ങിക്കൂടേണ്ടവളല്ല, മറിച്ച് എല്ലാ മേഖലയിലും പുരുഷനൊപ്പം നിൽക്കേണ്ടവളാണെന്ന് അടിവരയിട്ട് പറയുന്നുണ്ട് ചിത്രം. ഒരുപാടെന്തൊക്കെയോ പറയാൻ വന്ന് ഒന്നും കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ കഴിയാതെ പോയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത 'കനൽ'. ഇവയെക്കൂടാതെ കഥയുള്ളൊരു പെണ്ണ്, സൈഗാൾ പാടുകയാണ്, നമുക്കൊരേ ആകാശം, വിദൂഷകൻ, നിക്കാഹ് തുടങ്ങിയ ചിത്രങ്ങളും ഈ മാസത്തിൽ പ്രദർശനത്തിനെത്തി.


സുധിയുടെയും ശന്തനുവിന്റെയും നവംബർ.

             താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് വലിയ തോതിൽ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ'.‌ വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയെക്കുറിച്ചാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ വന്‍കാ എന്ന റഷ്യന്‍ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

          പുണ്യാളൻ അഗർബത്തീസിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒരുമിച്ച ചിത്രമാണ് 'സു സു സുധി വാത്മീകം'. സുധി എന്ന വിക്കുള്ള കഥാപാത്രത്തിന്റെ നാല് വയസ്സ് മുതൽ നാൽപ്പത് വയസ്സുവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യയുടെ ഈ വർഷത്തെ എറ്റവും മികച്ച ചിത്രമാണിത്. 'ഹോംലി മീല്‍സ്' എന്ന ചിത്രത്തിന്റെ രചയിതാവും നായകനുമായിരുന്ന വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് 'ബെന്‍'. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നല്ലൊരു ചിത്രമാണിത്. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ്‌ രംഗത്ത്‌ ആഴക്കടല്‍ മുങ്ങല്‍ വിദഗ്‌ദ്ധനായ ശന്തനുവിന്റെയും ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറായ സക്കറിയയുടേയും ജീവിതകഥ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിച്ച ചിത്രമാണ്‌ 'അനാര്‍ക്കലി'. സച്ചി സേതു ടീമിന്റെ വേർപിരിയലിനു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം മോശമല്ലാത്ത ഒരു പ്രണയകഥയാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'രാജമ്മ അറ്റ് യാഹൂ' എന്ന ചിത്രവും ബിജുമേനോൻ നായകനായ 'സാൾട്ട് മാംഗോ ട്രീ' എന്ന ചിത്രവും ശരാശരിയിലും താഴെയായി.ഇളംവെയിൽ, അക്കൽദാമയിലെ പെണ്ണ്, ആനമയിലൊട്ടകം, സുഖമായിരിക്കട്ടെ, തിലോത്തമ എന്നിവയും നവംബർ ചിത്രങ്ങളായെത്തി.


ചാർളിയുടെ മാജിക്കും ദിലീപിന്റെ മാറ്റവും.

      ഈ ലേഖനം എഴുതുമ്പോൾ ചാർലി എന്ന ചിത്രം തിയേറ്ററുകളിൽ ആരവമുയർത്തുകയാണ്. ഉണ്ണി ആറിന്റെ കഥയും, മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനമികവും, ദുൽഖറും പാർവതിയും അടക്കമുള്ള അഭിനേതാക്കളുടെ ഗംഭീര അഭിനയവുമാണ് ചാർലി എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പ്രവചനാതീതമായ സ്വഭാവത്തിനുടമയായ ഒരു യുവാവിനെത്തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയിലൂടെ കഥ മുന്നേറുന്നത്.

          ചിരിപ്പിയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ കോമഡികൾ അല്ല. മറിച്ച് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വമേധയാ ഉണ്ടായ കോമഡികളാണ് 'ടൂ കണ്‍ട്രീസ്'-ല്‍. അടുത്ത കാലത്ത് ദിലീപിന്റെ വളിപ്പ് കോമഡികള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് മനസ്സറിഞ്ഞ് ചിരിയ്ക്കാനുള്ള ഒരു ചിത്രമാണ് ടൂ കണ്‍ട്രീസ്. മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ്‌ സംവിധാനം ചെയ്ത ചിത്രമാണ് 'ജോ ആന്റ് ദി ബോയ്‌'. ചിത്രത്തിൽ മഞ്ജു വാരിയരും മാസ്റ്റർ സനൂപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രിസ്തുമസ് ചിത്രങ്ങളിൽ എറ്റവും മോശം ചിത്രമായി മാറി ഇത്. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, അജു വർഗ്ഗീസ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോണ്‍ വർഗീസ്‌ സംവിധാനം ചെയ്ത ചിത്രമാണ്. 'അടി കപ്യാരേ കൂട്ടമണി'. ഒരു മെൻസ് കോളേജിന്റെ ഹോസ്റ്റലില്‍ പെട്ടു പോവുന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. നല്ലൊരു കഥയുടെ പിൻബലം പോലും ഇല്ലെങ്കിലും പ്രേക്ഷകരെ ഏതുവിധേനയും ചിരിപ്പിക്കുക എന്നുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമത്തിൽ അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. റോക്ക് സ്റ്റാർ, വലിയ ചിറകുള്ള പക്ഷികൾ, മൈ ഗോഡ്, കുക്കിലിയാർ, ജോണ്‍ ഹോനായ്, ഫീമെയിൽ ഉണ്ണികൃഷ്ണൻ, വണ്‍ ഡേ, ഓർമ്മകളിൽ ഒരു മഞ്ഞുകാലം, കരി എന്നീ ചിത്രങ്ങളും ഡിസംബർ മാസത്തിൽ തിയേറ്ററുകളിൽ എത്തിയതായി പറയപ്പെടുന്നു.


അഭിനയം തിരക്കഥ സംവിധാനം.

            പൃഥ്വിരാജ്, നിവിൻ പോളി, പാർവതി എന്നിവരുടെ ഭാഗ്യവർഷമായിരുന്നു 2015 എന്ന് നിസ്സംശയം പറയാം. പിക്കറ്റ് 43, ഇവിടെ, ഡബിൾ ബാരൽ, എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി എന്നിങ്ങനെ ആറ് പൃഥ്വിരാജ് ചിത്രങ്ങളാണ് ഈ വർഷം പ്രദർശനത്തിനെത്തിയത്. ഇതിൽ 'ഡബിൾ ബാരലും' 'ഇവിടെ'യും മാത്രമാണ് പരാജയം രുചിച്ചത്. മറ്റ് നാല് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. 'എന്ന് നിന്റെ മൊയ്തീൻ' എറ്റവും നല്ല വിജയങ്ങളിലൊന്നായി മാറി. നാല് ചിത്രങ്ങളിൽ വേഷമിട്ട നിവിൻ പോളിയെക്കാത്തിരുന്നത് രണ്ട് സൂപ്പർഹിറ്റുകളാണ്- പ്രേമവും, വടക്കൻ സെൽഫിയും. എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നീ ചിത്രങ്ങളിലൂടെ പാർവ്വതി മികച്ച പ്രകടനം കാഴ്ച വെച്ച് മലയാളത്തിലെ മുൻനിര അഭിനേത്രികളുടെ ശ്രേണിയിലേക്ക് ഉയർത്തപ്പെട്ടു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ സൂപ്പർതാര ചിത്രങ്ങൾ പലതും തിയേറ്ററുകളിൽ പരാജയപ്പെടുകയും യുവതാരങ്ങളുടെ ചിത്രങ്ങൾ വിജയം കൈവരിക്കുകയും ചെയ്തു. ഈ വർഷം വളിപ്പ് തമാശകളാൽ സമൃദ്ധമായിരുന്ന ദിലീപ് ചിത്രങ്ങൾക്ക് സംഭവിച്ച മാറ്റവും എടുത്തു പറയേണ്ടതാണ്. സുധീർ കരമന, ചെമ്പാൻ വിനോദ്, മാധവ് തുടങ്ങിയവരും ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി.


ഉദയാസ്തമയങ്ങൾ.

         ഒരുപാട് നവാഗത പ്രതിഭകൾ മലയാളസിനിമയിൽ ഉദയം കൊണ്ട വർഷമായിരുന്നു 2015. കന്യകാ ടാക്കീസ് എന്ന ചിത്രത്തിലൂടെ കെ.ആർ മനോജും ക്രൈം നമ്പർ 89 എന്ന സിനിമയിലൂടെ സുദേവനും ഒരാൾപ്പൊക്കം എന്ന ചിത്രത്തിലൂടെ സനൽകുമാർ ശശിധരനും മലയാളത്തിലെ നല്ല സിനിമാ സംവിധായകരുടെ ശ്രേണിയിലെത്തി. നടന്മാരായ സലിം കുമാർ (കമ്പാർട്ട്മെന്റ്), നാദിർഷാ (അമർ അക്ബർ അന്തോണി), വിനീത് കുമാർ( അയാൾ ഞാനല്ല) എന്നിവരും തിരക്കഥാകൃത്തുക്കളായ ജെയിംസ് ആൽബർട്ട് (മറിയം മുക്ക്) സച്ചി ( അനാർക്കലി) എന്നിവരും സംവിധായകരുടെ കുപ്പായമണിഞ്ഞു. മിഥുൻ മാനുവൽ(ആട്), ബേസിൽ ജോസഫ് (കുഞ്ഞിരാമായണം) സംവിധായകന്‍ കമലിന്റെ മകന്‍ ‍ജനുസ് മുഹമ്മദ് (100 ഡേയ്സ് ഓഫ് ലൗ) എന്നീ യുവസംവിധായകരെയുംമലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഈ വർഷമാണ്.

              ആര്‍ എസ് വിമല്‍(എന്ന നിന്റെ മൊയ്തീന്‍), അല്‍ഫോണ്‍സ് പുത്രന്‍(പ്രേമം), ലിജോ പെല്ലിശേരി (ഡബിള്‍ ബാരല്‍),  ശ്രീബാല കെ മേനോന്‍ (ലവ് 24 7), വിനീത് കുമാര്‍(അയാള്‍ ഞാനല്ല), ജിജു അശോകന്‍(ഉറുമ്പുകള്‍ ഉറങ്ങാറില്ല), ഫറൂഖ് അബ്ദുള്‍ റഹ്മാന്‍(കളിയച്ഛന്‍), സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പൊക്കം),മിഥുന്‍ മാനുവല്‍ തോമസ് (ആട് ഭീകരജീവിയാണ്) എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു.

            ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി), പ്രവീണ്‍ എസ്(ചിറകൊടിഞ്ഞ കിനാവുകള്‍, ശ്യാംപുഷ്‌കരന്‍-രവിശങ്കര്‍(റാണി പദ്മിനി), വേണുഗോപാല്‍(നീന), ജോണ്‍ വര്‍ഗ്ഗീസ്-അഭിലാഷ് നായര്‍(അടി കപ്യാരേ കൂട്ടമണി), മഹേഷ് നാരായണന്‍(മിലി) ദിപു പ്രദീപ് (കുഞ്ഞിരാമായണം), സന്തോഷ് എച്ചിക്കാനം(ചന്ദ്രേട്ടന്‍ എവിടെയാ), വിനീത് ശ്രീനിവാസന്‍(ഒരു വടക്കന്‍ സെല്‍ഫി), ബിബിന്‍-വിഷ്ണു ഉണ്ണിക്കൃഷ്ണന്‍(അമര്‍ അക്ബര്‍ അന്തോണി) തുടങ്ങിയവരാണ് ഈ വര്‍ഷത്തെ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കള്‍. സുധിവാത്മീകം എന്ന ചിത്രത്തിൽ അഭിനയിച്ച സ്വാതി നാരായണനും പത്തേമാരി, ഉട്ടോപ്പ്യയിലെ രാജാവ് എന്നീ സിനിമകളിൽ വേഷമിട്ട ജുവൽ മേരിയും പുതുമുഖങ്ങളായിരുന്നു. പ്രേമത്തിലെ സായ് പല്ലവി, അനുപമാ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ,  ലവ് 24 7 ലെ നിഖിലാ വിമല്‍, നീനയിലെ ദീപ്തി സതി,  കെഎല്‍ ടെന്‍ പത്തിലെ ചാന്ദ്‌നി ശ്രീധരന്‍ എന്നീ നായികമാരും മലയാളത്തിലെത്തിയ വർഷമായിരുന്നു 2015. ഒരു കാലത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മാള അരവിന്ദന്റെ ദേഹവിയോഗത്തിന് 2015 സാക്ഷ്യം വഹിച്ചു. ഗാനരചയിതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ യൂസഫലി കേച്ചേരി, അഭിനേതാവായ പറവൂർ ഭരതൻ, ഗായികയായ രാധിക തിലക് തുടങ്ങിയവരും നമ്മെ വിട്ട് പിരിഞ്ഞു.


നിറപ്പകിട്ടോടെ അന്യഭാഷാചിത്രങ്ങളും പകിട്ട് കുറഞ്ഞ മൊഴിമാറ്റ ചിത്രങ്ങളും.

              അന്യഭാഷാചിത്രങ്ങളുടെ വിജയത്തിൽ ഒന്നാം സ്ഥാനത്തിന് ബാഹുബലി അല്ലാതെ മറ്റൊരു അവകാശി ഇല്ല. ഇന്ത്യയ്ക്കകത്തും പുറത്തും തിയേറ്ററുകൾ അടക്കി വാണ ഈ ചിത്രം പല കളക്ഷൻ റെക്കോഡുകളും മറി കടന്നു. 250 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിർമ്മാണം. അതിൽ ആദ്യ ഭാഗമാണ് ഈ വർഷം പുറത്തിറങ്ങിയത്. തെലുങ്കിന് പുറമേ കന്നഡ,തമിഴ്,മലയാളം,ഹിന്ദി പതിപ്പുകളിലും ഇറങ്ങിയ ഈ ചിത്രത്തിന് വൻ പ്രേക്ഷകസ്വീകാര്യത ലഭിക്കുകയുണ്ടായി. തമിഴിൽ മുൻ നിര താരങ്ങളുടെ ചിത്രങ്ങൾ മിക്കവാറും തകർന്നടിഞ്ഞപ്പോൾ ചെറിയ ചിത്രങ്ങൾ പലതും വിജയം കൈവരിച്ചു. "അദ്ധ്യാപകർ ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ". ഈ വർഷം പുറത്തിറങ്ങിയ 'കുട്രം കടിതൽ' എന്ന തമിഴ് ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു അദ്ധ്യാപിക വിദ്യാർത്ഥിയെ അടിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. നിർധനരായ രണ്ട് കുട്ടികൾക്ക് പിസ കഴിക്കാനായി അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ പ്രമേയമാക്കി എടുത്ത സിനിമയാണ്  'കാക്കാ മുട്ടൈ'. ജയം രവിയുടെ നായക കഥാപാത്രത്തേക്കാൾ അരവിന്ദ് സ്വാമിയുടെ വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട 'തനി ഒരുവനും' ഈ വർഷത്തെ ശ്രദ്ധ നേടിയ തമിഴ് ചിത്രങ്ങളുടെ കൂട്ടത്തിൽ വരുന്നു. വിജയ് ചിത്രമായ പുലി, സൂര്യ ചിത്രമായ മാസ്, വിക്രമിന്റെ ഐ, പത്ത് എണ്ട്രതുക്കുള്ളെ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയം രുചിച്ചു. അജിത്ത് ചിത്രമായ എന്നൈ അറിന്താൽ, വേതാളം എന്നിവ സമ്മിശ്ര പ്രതികരണം നേടി. ധനുഷിന്റെ മാരി, അനേകൻ, തങ്കമകൻ എന്നീ ചിത്രങ്ങൾക്കൊന്നും പ്രേക്ഷകഹൃദയം കീഴടക്കാനായില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ചിമ്പുവിന്റെ വാലു എന്ന ചിത്രത്തിനും കാലിടറി. ഹിന്ദി സിനിമയിലും മാറ്റത്തിന്റെ നിഴലാട്ടം കണ്ട വർഷമായിരുന്നു ഇത്. ഒരു മല ഇടിച്ച് നിരത്തി അതിന് കുറുകെ ഒരു റോഡ് നിർമ്മിച്ച ഒരാളുടെ സംഭവകഥ പറഞ്ഞ മാഞ്ചി ദി മൗണ്ടൻ മാൻ ഈ വർഷം ബോളിവുഡിൽ ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി. ബച്ചനും ദീപിക പടുകോണും തകർത്തഭിനയിച്ച പികുവും ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. സൽമാൻ ഖാന്റെ ബജ് രംഗി ഭായിജാൻ ശ്രദ്ധിക്കപ്പെട്ടു. 


2015 ബാക്കി വെയ്ക്കുന്നത്.

              മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ വർഷമായിരുന്നു 2015 എന്ന് വേണം പറയാൻ. സമാന്തരസിനിമകൾക്ക് പലതിനും റിലീസിംഗിന് തിയേറ്ററുകൾ ലഭിച്ചതും അവയ്ക്ക് തിയേറ്ററുകളിൽ പതിവിൽ കവിഞ്ഞ സ്വീകാര്യത ലഭിച്ചതും നല്ല സൂചനയാണ്. പോയ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളുടെ എണ്ണത്തിലും വർദ്ധന കാണാം. സൂപ്പർതാരചിത്രങ്ങൾ മിക്കവയും അമ്പേ പരാജയപ്പെട്ടപ്പോൾ യുവാക്കൾ അഭിനയമടക്കമുള്ള പല മേഖലകളിലും അപ്രതീക്ഷിത വിജയം കൈവരിച്ചു. സാങ്കേതികപരമായും ഒട്ടേറെ മാറ്റങ്ങൾ ഈ വർഷം കാണാറായി. സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രം സാറ്റലൈറ്റ് റൈറ്റ്സ് നിശ്ചയിക്കാനുള്ള ചാനലുകാരുടെ തീരുമാനത്തിനും റിലീസ് ചെയ്ത സിനിമകളുടെ എണ്ണത്തെ കുറയ്ക്കാനായില്ല. നല്ല ഒരുപാട് ചിത്രങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.
തുടർന്ന് വായിക്കുക...

September 2, 2015

സംസ്കൃത ചലചിത്രാണി

 
                                 ആഗോളതലത്തിൽ തന്നെ പ്രശസ്തിയാർജ്ജിച്ച ഭാഷയാണ്‌ സംസ്കൃതം. എന്നാൽ കർണ്ണാടാകയിലെ മത്തൂർ പോലെയുള്ള ചില ഗ്രാമങ്ങളിൽ ഒഴികെ ലോകത്തൊരിടത്തും ആശയവിനിമയത്തിനുള്ള ഭാഷയായി സംസ്കൃതം ഉപയോഗിക്കുന്നില്ല. സംസ്കൃതം ഉപയോഗിക്കുന്നവരുടെ എണ്ണം മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് വിരളമായതിനാൽ സംസ്കൃതഭാഷയിൽ ഒരു ചലച്ചിത്രം നിർമ്മിക്കുക എന്നത് ഏറെ ദുഷ്കരമായ ഒരു കാര്യമാണ്. എങ്കിലും ഈ ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്ത് രണ്ട് സംസ്കൃത ചലച്ചിത്രങ്ങൾ ഭാരതത്തിൽ പിറവികൊണ്ടിട്ടുണ്ട്. ആദി ശങ്കരാചാര്യ (1983), ഭഗവത് ഗീത (1993) എന്നിവയാണ് ആ ചിത്രങ്ങൾ. നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പ്രിയമാനസം എന്ന പേരിൽ ഒരു സംസ്കൃത ചലച്ചിത്രം പുറത്തിറങ്ങാൻ പോവുകയാണ്. കൂടാതെ പുണ്യകോടി എന്ന് പേരായ ഒരു അനിമേഷൻ സിനിമയുടെ അണിയറപ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.


ആദി ശങ്കരാചാര്യ(1983)
                    സംസ്കൃതഭാഷയിൽ പിറവികൊണ്ട ആദ്യ ചലച്ചിത്രമാണ് ആദി ശങ്കരാചാര്യ. ജി.വി.അയ്യര്‍(ഗണപതി വെങ്കട്ടരാമ അയ്യര്‍) ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും, ദാർശനികനും, സന്യാസിയുമായ ആദി ശങ്കരാചാര്യരുടെ ജീവിതകഥയാണ് അദ്ദേഹം പ്രഥമ സംസ്കൃത ചലച്ചിത്രത്തിനായി തിരഞ്ഞെടുത്തത്.
                ശങ്കരാചാര്യരുടെ ബാല്യം മുതൽ അദ്ദേഹം ദേഹവിയോഗം വരെയുള്ള കഥയാണ് ചിത്രം  നമുക്ക് പറഞ്ഞു തരുന്നത്. സൂക്ഷ്മമായ അനേകം ബിംബകല്‍പ്പനകളാൽ സമൃദ്ധമാണ് ചിത്രം. സംവിധായകനായ ജി.വി.അയ്യര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആദി ശങ്കരാചാര്യരായി വേഷമിട്ടത് സർവദമൻ ബാനർജിയാണ്. മധു അമ്പാട്ട് ഛായാഗ്രഹണവും ഡോ.ബാലമുരളീകൃഷ്ണ സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് നിര്‍മ്മിച്ചത്. മധു അമ്പാട്ടിന്റെ ഛായാഗ്രഹണമികവ് എടുത്ത് പറയേണ്ട ഒന്നാണ്. സംഗീതസവിധായകനായ ബാലമുരളീകൃഷ്ണ തന്നെയാണ്‌ ചിത്രത്തിലെ പല ശ്ലോകങ്ങളും ആലപിച്ചിരിക്കുന്നത്.

                ഈ ചിത്രം മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം(എസ്.പി.രാമനാഥൻ) എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരത്തിന് അർഹമായി.

ഭഗവത് ഗീത (1993)
                 രണ്ടാമത്തെ സംസ്കൃത ചലച്ചിത്രവും സംവിധാനം ചെയ്തത് ജി.വി.അയ്യര്‍ തന്നെ ആയിരുന്നു. 'ആദി ശങ്കരാചാര്യ' പുറത്തിറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയത്. ഇത്തവണ ഭഗവദ് ഗീതയാണ് അദ്ദേഹം തന്റെ സിനിമയ്ക്ക് പ്രമേയമാക്കിയത്‌. ഗോപി മനോഹർ, നീന ഗുപ്ത, ജി.വി രാഗവേന്ദ്ര, ഗോവിന്ദ് റാവു തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. 'ആദി ശങ്കരാചാര്യ'യുടെ സംഗീതസംവിധായകനായ ഡോ.ബാലമുരളീകൃഷ്ണ തന്നെയാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിർവ്വഹിച്ചത്.

                 രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൻ.സ്വാമിയാണ്. ബന്നാഞ്ചി ഗോവിന്ദാചാര്യ തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചത് ടി.സുബ്ബരാമി റെഡ്ഡിയാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുകയുണ്ടായി ഈ ചിത്രം.

പ്രിയമാനസം
                  'ഭഗവത് ഗീത' പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ വീണ്ടുമൊരു സംസ്‌കൃത ചലച്ചിത്രം ഒരുങ്ങുകയാണ്. 'കരയിലേക്ക് ഒരു കടൽ ദൂരം', 'ഒറ്റമന്ദാരം' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനോദ് മങ്കരയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഉണ്ണായി വാര്യരുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ഈ ചിത്രം ബേബി മാത്യു സോമതീരം ആണ് നിർമ്മിക്കുന്നത്. വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഉണ്ണായിവാര്യരെ അവതരിപ്പിക്കുന്നത് രാജേഷ് ഹെബ്ബാറാണ്. കന്നട അഭിനേത്രി പ്രതീക്ഷാ കാശിയാണ് ചിത്രത്തിലെ നായിക. ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം കുച്ചുപ്പുഡി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധനാണ് നിര്‍വഹിക്കുന്നത്.


ഇഷ്ടി:

      ലിംഗ വിവേചനം, ബഹുഭാര്യാത്വം തുടങ്ങിയ സ്ത്രീകൾക്കെതിരായ അനീതികൾക്കെതിരെയുള്ള ഒരു യുവതിയുടെ ചെറുത്തു നിൽപ്പാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സംസ്കൃത ചിത്രമായ 'ഇഷ്ടി'  പ്രമേയമാക്കുന്നത്. ഇഷ്ടി എന്നാല്‍ യാഗം എന്നാണർത്ഥം. 71 വയസ്സുള്ള വേദപണ്ഡിതന്‍ രാമവിക്രമന്‍ നമ്പൂതിരിയുടെ ഭാര്യയായി പതിനേഴു വയസ്സുകാരിയും വിദ്യാസമ്പന്നയുമായ ശ്രീദേവി കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ  ഇതിവൃത്തം. രാമ വിക്രമന്‍ നമ്പൂതിരിയായി നെടുമുടി വേണുവും ശ്രീദേവിയായി ആതിര പട്ടേലും അഭിനയിക്കുന്നു. 'ആത്മത്തെ അന്വേഷിക്കുന്ന കഥ' എന്ന അര്‍ഥത്തില്‍ കൂടിയാണ് സിനിമയ്ക്ക് ഇഷ്ടി എന്ന പേരിട്ടത്. ചെന്നൈ ലയോള കോളേജില്‍നിന്ന് പൗരസ്ത്യവിഭാഗം മേധാവിയും സംസ്‌കൃതപ്രൊഫസറുമായി വിരമിച്ച ഡോ. ജി. പ്രഭയാണ് ഇഷ്ടിയുടെ സംവിധായിക.

പുണ്യകോടി
                  സംസ്കൃതഭാഷയിൽ ഒരു അനിമേഷൻ സിനിമയും തയ്യാറാവുന്നുണ്ട്. പുണ്യകോടി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ആദ്യ സംസ്കൃത അനിമേഷൻ ചിത്രം എന്ന വിശേഷണവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇൻഫോസിസിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്ന രവി ശങ്കർ ആണ് ഈ സിനിമയുടെ സംവിധായകൻ.

             ഒരു കടുവ പുണ്യകോടി എന്ന് പേരായ ഒരു പശുവിനെ കൊന്നു തിന്നാനൊരുങ്ങുമ്പോള്‍ തനിക്ക് അവസാനമായി തന്റെ കുഞ്ഞിനെയൊന്ന് പാലൂട്ടണം എന്നാവശ്യപ്പെടുന്ന പഞ്ചതന്ത്രം കഥയാണ് സിനിമ പറയുന്നത്. ഒരു കോടിയോളം രൂപയാണ് സിനിമയുടെ നിർമ്മാണച്ചിലവായി കണക്കാക്കിയിരിക്കുന്നത്. ക്രൗഡ് ഫണ്ടിംഗ് രീതിയിൽ സിനിമയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. സംഗീതസംവിധായകൻ ഇളയരാജ ഈ സിനിമയ്ക്ക് വേണ്ടി സൗജന്യമായി സംഗീതസംവിധാനം നിർവ്വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർന്ന് വായിക്കുക...