November 1, 2013

ദി കളര്‍ ഓഫ് പാരഡൈസ് | The color of paradise

           എന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഫാദര്‍ തുടങ്ങിയ മനോഹര  ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. ലളിതവും അതീവ ഹൃദയസ്പര്‍ശിയുമാണ് അദ്ദേഹത്തിന്റെ  ചിത്രങ്ങളോരോന്നും. 1999ലാണ് മുഹമ്മദ് എന്ന അന്ധബാലന്റെ കഥ പറയുന്ന 'ദ കളര്‍ ഓഫ് പാരഡൈസ് ' എന്ന അദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങിയത് . അന്ധത എന്ന അവസ്ഥ മനുഷ്യരിലും, മനുഷ്യ ജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും, ആ അവസ്ഥയെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

     ഗ്രാമത്തില്‍ നിന്നും വിട്ടുമാറി ടെഹ്രാനിലുള്ള ഒരു ആന്ധ വിദ്യാലയത്തിലാണ് മുഹമ്മദ് (മൊഹ്‌സെന്‍ റമേസനി) പഠിക്കുന്നത്. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ കുട്ടികളെല്ലാവരും  രക്ഷിതാക്കളോടൊപ്പം തങ്ങളുടെ വീടുകളിലേക്ക് യാത്രയാകുന്നു. മനസ്സിലാമനസ്സോടെ വളരെ വൈകിയാണ് മുഹമ്മദിന്റെ പിതാവ് (ഹുസൈന്‍ മഹ്‌ജോബ്) മകനെ കൂട്ടിക്കൊണ്ടു പോകാന്‍ സ്‌കൂളില്‍ എത്തുന്നത്. വേനലവധി തീരും വരെ മകനെ സ്‌കൂളില്‍ തന്നെ നിര്‍ത്താന്‍ കഴിയുമോ എന്ന് പിതാവ് അന്വേഷിക്കുകയും, അത് സാദ്ധ്യമല്ല എന്ന് പറഞ്ഞ്  പ്രധാനാധ്യാപകന്‍ അയാളെ ശകാരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പിതാവ് മകനെയും കൂട്ടി ഗ്രാമത്തിലേക്ക് പുറപ്പെടുന്നു.
       
       വീട്ടിലെത്തിയ മുഹമ്മദ് മുത്തശ്ശിയേയും, സഹോദരിമാരേയും കണ്ട് അതീവ സന്തുഷ്ടനാകുന്നു. എന്നാല്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വിഭാര്യനായ മുഹമ്മദിന് തന്റെ അന്ധനായ മകന്‍ ഒരു അധികപ്പറ്റായി അനുഭവപ്പെടുന്നു. അയാള്‍ മകനെ ഒരു അന്ധനായ ആശാരിയുടെ അടുത്ത് കൊണ്ടു ചെന്നാക്കുന്നു. ഇതറിഞ്ഞ മുത്തശ്ശി വീട് വിട്ടിറങ്ങുകയും, മകന്‍ അവരെ നിര്‍ബന്ധിച്ച് തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നു. ഏറെ താമസിയാതെ മുത്തശ്ശി മരിക്കുന്നു. അതോടെ മുഹമ്മദിന്റെ പിതാവിന്റെ രണ്ടാം വിവാഹം മുടങ്ങുന്നു. തുടര്‍ന്ന് മകനെ ആശാരിയുടെ അടുത്ത് നിന്നും തിരിച്ചു കൊണ്ട് വരുന്ന പിതാവ് മടക്കയാത്രയില്‍ ഒരുവേള മകന്റെ മരണം ആഗ്രഹിക്കുന്നു. ഒരു മരപ്പാലത്തില്‍ നിന്നും നദിയിലേക്ക് വീഴുന്ന മുഹമ്മദിനെ രക്ഷിക്കാന്‍ പിതാവും നദിയിലേക്ക്  എടുത്തു  ചാടുന്നു. മകന്‍ മരിച്ചെന്നു കരുതി പിതാവ് അവനെ നെഞ്ചോട് ചേര്‍ത്ത് വിതുമ്പുന്നതാണ് അടുത്ത രംഗം. മുഹമ്മദിന്റെ ചലിക്കുന്ന കൈകള്‍ സ്‌ക്രീനില്‍ തെളിയുന്ന അവസാന രംഗത്തോടു കൂടി സിനിമ ശുഭപര്യവസാനിക്കുന്നു.

6 comments:

  1. Replies
    1. വളരെ ഹൃദയസ്പര്‍ശിയായൊരു സിനിമയാണിത്...

      Delete
  2. ഈ അടുത്ത ദിവസമാണ് കളര്‍ ഓഫ് പാരഡൈസ് കണ്ടത് - മജീദി മാജിക്കിന് നല്ലൊരു ആമുഖമായി ഈ ലേഖനം വായിച്ചു

    ReplyDelete
  3. കണ്ട സിനിമയാണ്...

    ReplyDelete
  4. കണ്ട സിനിമയാണ്...

    ReplyDelete