മലയാള സിനിമയിലെ തുടര്‍ച്ചകളും പുനസ്സൃഷ്ടികളും ഭാഗം-1

     ലോകത്തെവിടെയും പരാജയപ്പെട്ടൊരു സിനിമയുടെ തുടര്‍ച്ചയായി മറ്റൊരു സിനിമ ഉണ്ടായതായി കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ സിനിമ സമ്മാനിച്ച വിജയം അതിന്റെ തുടര്‍ച്ചയായി വരുന്ന സിനിമയും ആവര്‍ത്തിക്കും എന്നുള്ള വിശ്വാസത്തിന്റെയോ, അല്ലെങ്കില്‍ ആദ്യ സിനിമയുടെ പേരുപയോഗിച്ച് രണ്ടാമത്തെ സിനിമയ്ക്ക് ഉണ്ടാക്കിയെടുക്കാവുന്ന സാമ്പത്തികലാഭത്തെക്കുറിച്ചുള്ള ചിന്തകളുടെയോ ബാക്കിപത്രമായിരിക്കും ഇത്തരം സിനിമകളില്‍ ഭൂരിഭാഗവും. ഇതേ മാതൃകയില്‍ മുമ്പ് വിജയം നേടിയ ചിത്രങ്ങള്‍ പുനസ്സൃഷ്ടിക്കുന്നതും ഇന്ന് സിനിമാലോകത്തെ പതിവു രീതികളിലൊന്നായി മാറിയിരിക്കുന്നു. ഭൂരിഭാഗം സിനിമകളുടെ പുനസ്സൃഷ്ടിയും സാമ്പത്തികലാഭം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ് എന്നതാണ് വസ്തുത. മലയാള സിനിമയിലെ  തുടര്‍ച്ചകളും പുനസ്സൃഷ്ടികളും ഏതൊക്കെയാണെന്നും, അവ സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്തിട്ടുണ്ടെന്നും പരിശോധിക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്താന്‍ ഉദ്ദ്യേശിക്കുന്നത്.
  • മലയാള സിനിമകളിലെ തുടര്‍ച്ചകള്‍:
     ഒരു സിനിമയുടെ തുടര്‍ച്ച സംഭവിക്കുന്നത് പ്രധാനമായും രണ്ട് വിധത്തിലാണ്.
  1. കഥയുടെ തുടര്‍ച്ച.
  2. കഥാപാത്രത്തിന്റെ തുടര്‍ച്ച.
     ആദ്യ സിനിമ കൈകാര്യം ചെയ്ത കഥയുയുമായി ബന്ധപ്പെട്ടു വരുന്ന ചിത്രങ്ങളാണ് ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യസിനിമയില്‍ നിന്ന് കഥാപാത്രത്തെ/കഥാപാത്രങ്ങളെ മാത്രം പറിച്ചു നട്ടുകൊണ്ട് നിര്‍മ്മിക്കുന്ന സിനിമകളാവട്ടെ രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുന്നു. വന്‍ വിജയം നേടിയ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. കാരണം പ്രേക്ഷകര്‍ ആ ചിത്രത്തെ താരതമ്യം ചെയ്യുക ആദ്യ ചിത്രവുമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ പ്രതീക്ഷകളും വാനോളമായിരിക്കും.          

     1970 മുതല്‍ക്കാണ് മലയാള സിനിമയില്‍ വിജയിച്ച സിനിമകളുടെ തുടര്‍ച്ചകള്‍ പുറത്തിറക്കുന്ന രീതി തുടങ്ങിയത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ചിത്രങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാല്‍ 1990 കളോടടുപ്പിച്ച് ഇത്തരം സിനിമകളുടെ എണ്ണം വര്‍ദ്ധിച്ചു വരാന്‍ തുടങ്ങി.
  • ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ തുടര്‍ച്ചകള്‍: 
     മലയാളസിനിമയില്‍ ഒരു സിനിമയുടെ തുടര്‍ച്ചയായി അറിയപ്പെടുന്ന ആദ്യ ചിത്രം 1971-ല്‍ പുറത്തിറങ്ങിയ ആന വളര്‍ത്തിയ വാനമ്പാടിയുടെ മകനാണ്. ജെമിനി ഗണേശന്‍, വിജയ നിര്‍മ്മല, മനോരമ തുടങ്ങിയാവരായിരുന്നു ഇതിലെ അഭിനേതാക്കള്‍. തിക്കുറിശ്ശി, മിസ് കുമാരി, ബഹദൂര്‍, ശാന്തി തുടങ്ങിയവര്‍ വേഷമിട്ട ആന വളര്‍ത്തിയ വാനമ്പാടി(1960) എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. പി. സുബ്രഹ്മണ്യം ആണ് ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത്. എന്നാല്‍ ഇതിനു മുമ്പ് തന്നെ ഒരു മലയാള സിനിമയുടെ തുടര്‍ച്ച പുറത്തിറങ്ങിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കഥയനുസരിച്ച് ഒതേനന്റെ മകന്‍(1970) എന്ന ചിത്രം 1964-ല്‍ പുറത്തിറങ്ങിയ  തച്ചോളി ഒതേനന്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നുവെങ്കിലും അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കാതെയാണ് ആ ചിത്രം പുറത്തിറങ്ങിയത്. ഒതേനന്റെ മകന്റെ കഥ പറഞ്ഞ കടത്തനാടന്‍ അമ്പാടി(1990) എന്ന പ്രിയദര്‍ശന്‍ ചിത്രവും തച്ചോളി ഒതേനന്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു.

           തേനരുവി(1973) എന്ന സിനിമയാണ് ഈ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ചിത്രം. പ്രേം നസീര്‍, അടൂര്‍ ഭാസി തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. എം.കൃഷ്ണന്‍  നായരുടെ സംവിധാനത്തില്‍ 1965-ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. സത്യന്‍, ശാരദ, കൊട്ടാരക്കര തുടങ്ങിയവരായിരുന്നു ഇതിലെ അഭിനേതാക്കള്‍.
കാട്ടുതുളസിയുടെ നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ ആണ് തേനരുവി സംവിധാനം ചെയ്തത്. 1966-ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ കായംകുളം കൊച്ചുണ്ണിയുടെ മകന്‍ 1976-ല്‍ തിയേറ്ററുകളിലെത്തി. കായംകുളം കൊച്ചുണ്ണിയായി വേഷമിട്ടത് സത്യനായിരുന്നുവെങ്കില്‍ കൊച്ചുണ്ണിയുടെ മകനെ അവതരിപ്പിച്ചത് പ്രേം നസീര്‍ ആയിരുന്നു.

     വിന്‍സന്റ് സംവിധാനം ചെയ്ത അശ്വമേധം(1967) എന്ന ചിത്രത്തിന്  ശരശയ്യ(1971) എന്ന പേരില്‍ തോപ്പില്‍ ഭാസി രണ്ടാം ഭാഗം ഒരുക്കി. സത്യന്‍, മധു, ഷീല തുടങ്ങിയവരാണ് ഇരു ചിത്രങ്ങളിലും അഭിനയിച്ചത്. 1971-ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി നസീര്‍ എന്ന ചിത്രത്തിന് അടുത്തടുത്ത വര്‍ഷങ്ങളിലായി രണ്ട് ഭാഗങ്ങള്‍ കൂടി പ്രദര്‍ശനത്തിനെത്തി. അവ യഥാക്രമം ടാക്സി കാര്‍(1972), പ്രേതങ്ങളുടെ താഴ്വര(1973) എന്നിവയായിരുന്നു. ഷീല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കള്ളിച്ചെല്ലമ്മ(1969) എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് ജയഭാരതി മുഖ്യവേഷത്തിലെത്തിയ അരിക്കാരി അമ്മു എന്ന ചലച്ചിത്രം അറിയപ്പെടുന്നത്.
  • കളര്‍ സിനിമകളുടെ തുടര്‍ച്ചകള്‍:
     എല്ലാവര്‍ക്കും  അറിയുന്നത് പോലെ 1980 കള്‍ക്ക് ശേഷം മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെ ആധിപത്യമായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് മലയാള സിനിമയിലുണ്ടായ ഭൂരിഭാഗം തുടര്‍ച്ചകളും ഇരുവരുടെയും വിജയചിത്രങ്ങളുടേതായിരുന്നു. അതിനാല്‍ ആ ചിത്രങ്ങള്‍ എതൊക്കെയായിരുന്നുവെന്ന് ആദ്യം പരിശോധിയ്ക്കാം...
  • മോഹന്‍ലാലിന്റെ സിനിമകളിലെ തുടര്‍ച്ചകള്‍: 
     ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രത്തിന് തുടര്‍ച്ചയുണ്ടാവുന്നത് പട്ടണപ്രവേശം(1988) എന്ന ചിത്രത്തിലൂടെയാണ്. ദാസന്റെയും വിജയന്റെയും കഥ പറഞ്ഞുകൊണ്ട് 1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റിന്റെ തുടര്‍ച്ചയായിരുന്നു ഈ ചിത്രം. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം അക്കരെയക്കരെയക്കരെ എന്ന ചിത്രത്തിലൂടെ ദാസനും വിജയനും വീണ്ടുമെത്തി. പട്ടണപ്രവേശം പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു കിരീടം(1989). ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ രണ്ടാം വരവിന് ചെങ്കോല്‍ എന്ന ചിത്രത്തിലൂടെ  വഴിയൊരുക്കിയതും ഈ കൂട്ടുകെട്ട് തന്നെയാണ്. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാടമ്പിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു രഞ്ജിത്തിന്റെ രചനയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം. രഞ്ജിത്തിന്റെ പ്രഥമ സംവിധാന സംരംഭമായിരുന്ന രാവണപ്രഭു ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം. കിലുക്കം(1991) വീണ്ടും കിലുങ്ങിയപ്പോള്‍ അത് കിലുക്കം കിലുകിലുക്കമായി(2006). പക്ഷേ ഈ ചിത്രത്തില്‍ അതിഥിതാരമായിട്ടായിരുന്നു മോഹന്‍ലാലിന്റെ വരവ്. മേജര്‍ രവിയുടെ സംവിധാനത്തില്‍ പട്ടാളക്കഥ പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയ കീര്‍ത്തിചക്ര(2006) എന്ന ചിത്രത്തിനും രണ്ട് തുടര്‍ച്ചകള്‍ ഉണ്ടായി. അവ യഥാക്രമം കുരുക്ഷേത്ര(2008), കാണ്ഡഹാര്‍(2010) എന്നിവയായിരുന്നു.

     കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിരുന്ന  സാഗര്‍ ഏലിയാസ് ജാക്കിയെ പറിച്ചു നട്ടുകൊണ്ട് അമല്‍ നീരദ് ഒരുക്കിയ ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്‌(2009). എസ്.എന്‍.സ്വാമിയായിരുന്നു ഇരുചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത്. നിന്നിഷ്ടം എന്നിഷ്ടം(1986) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ  നിന്നിഷ്ടം എന്നിഷ്ടം-2 എന്ന സിനിമ 2011-ല്‍ ആണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ആയിരുന്നുവെങ്കിലും രണ്ടാം വരവില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഫോട്ടോകളില്‍ മാത്രമായൊതുങ്ങി. ഉദയനാണു താരം(2005) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി  പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍(2012) എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയെങ്കിലും ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ ഉദയഭാനു  രണ്ടാം വരവില്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെയും മലയാളസിനിമയിലേയും ഈ ഗണത്തില്‍പ്പെടുത്താവുന്ന അവസാനമായിറങ്ങിയ ചിത്രം ഗീതാഞ്ജലിയാണ്. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴിലെ(1993) ഡോക്ടര്‍ സണ്ണി എന്ന മനശാസ്ത്രജ്ഞന്റെ രണ്ടാം വരവിനാണ് ഗീതാഞ്ജലി(2013) സാക്ഷ്യം വഹിച്ചത്.
  • മമ്മൂട്ടിയുടെ സിനിമകളിലെ തുടര്‍ച്ചകള്‍: 
     മലയാളത്തില്‍ ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ തുടര്‍ച്ചകള്‍ ഉണ്ടായതിന്റെ റെക്കോഡ് മമ്മൂട്ടിയ്ക്കാണ്. 1988-ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌ എന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങള്‍ കൂടി ഉണ്ടാവുകയുണ്ടായി. അവ യഥാക്രമം ജാഗ്രത (1989), സേതുരാമയ്യര്‍ സി.ബി.ഐ (2004), നേരറിയാന്‍ സി.ബി.ഐ (2005) എന്നിവയായിരുന്നു. മമ്മൂട്ടി-ക.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടിലായിരുന്നു ഈ നാല് ചിത്രങ്ങളുടെയും പിറവി. 1991-ല്‍ പുറത്തിറങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രം ആവനാഴി (1986) എന്ന സിനിമയുടെ തുടര്‍ച്ചയായിരുന്നു. ബല്‍റാംvs താരാദാസ് (2006) എന്ന ചിത്രത്തിലൂടെ 'ഇന്‍സ്‌പെക്ടര്‍ ബല്‍റാം' എന്ന മമ്മൂട്ടി കഥാപാത്രം വീണ്ടുമെത്തി. മമ്മൂട്ടി-ഐ.വി.ശശി-ടി.ദാമോദരന്‍ ടീമിന്റേതായിരുന്നു ഈ മൂന്ന് ചിത്രങ്ങളും. ബല്‍റാംvs താരാദാസ് എന്ന സിനിമയിലെ താരാദാസ് എന്ന കഥാപാത്രമാകട്ടെ 1984-ല്‍ ഐ.വി.ശശിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അതിരാത്രം എന്ന ചിത്രത്തിലേതായിരുന്നു.

     ആഗസ്റ്റ്‌-15(2011) ആണ് ഈ പട്ടികയിലെ മമ്മൂട്ടിയുടെ അടുത്ത ചിത്രം. മമ്മൂട്ടി പെരുമാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം ഷാജി കൈലാസ് ആണ് സംവിധാനം ചെയ്തത്. 1988-ല്‍ പുറത്തിറങ്ങിയ ആഗസ്റ്റ്‌-1 എന്ന ചിത്രത്തിന്റെ രണ്ടാം വരവായിരുന്നു ഈ ചിത്രം. സിബി മലയില്‍ ആയിരുന്നു ആദ്യ ചിത്രത്തിന്റെ സംവിധായകന്‍.  എസ്.എന്‍ സ്വാമിയാണ് ഇരു ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത്. ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ ആണ് ഈ ഗണത്തിലെ മമ്മൂട്ടിയുടെ അവസാന ചിത്രം. ഈ ചിത്രത്തിലെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് എന്ന കഥാപാത്രം ആദ്യമെത്തിയത്‌ 1995-ല്‍ പുറത്തിറങ്ങിയ ദി കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു.
  • മറ്റു സിനിമകളിലെ തുടര്‍ച്ചകള്‍: 
     1978-ലാണ് ലിസ എന്ന ഹൊറര്‍ സിനിമ പുറത്തിറങ്ങിയത്. ലിസ വീണ്ടുമെത്തിയത് 1987-ല്‍ പുറത്തിറങ്ങിയ വീണ്ടും ലിസ എന്ന ചിത്രത്തിലൂടെയാണ്. ബേബിയാണ് ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത്. മിമിക്രി ട്രൂപ്പുകളുടെ കഥ പറഞ്ഞ മിമിക്സ് പരേഡ് എന്ന ചിത്രം പുറത്തിറങ്ങിയത് 1991-ലാണ്. ഇതിന്റെ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ വരികയുണ്ടായി. കാസര്‍കോട് കാദര്‍ഭായ് (1992), ഏഗൈയ്ന്‍ കാസര്‍കോട് കാദര്‍ഭായ് (2010) എന്നിവയായിരുന്നു അവ. തുളസീദാസായിരുന്നു ഈ മൂന്ന് ചിത്രങ്ങളുടേയും സംവിധായകന്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ പ്രഥമ സംവിധാന സംരഭമായിരുന്നു റാംജിറാവ് സ്പീക്കിങ്ങ് (1989). മുകേഷ്, ഇന്നസെന്റ്, സായ് കുമാര്‍ തുടങ്ങിയവരായിരുന്നു ഇതിലെ അഭിനേതാക്കള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് (1995) എന്ന പേരില്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയെങ്കിലും സിദ്ദിഖ്-ലാലിന്റെ തിരക്കഥയില്‍ മാണി.സി.കാപ്പന്‍ ആണ് അതിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

     മലയാളസിനിമയുടെ പ്രശസ്തി കടല്‍ കടത്തിയ ചിത്രമായിരുന്നു തകഴിയുടെ നോവലിന്റെ ദൃശ്യാവിഷ്കാരമായ ചെമ്മീന്‍. രാമു കാര്യാട്ട് ആയിരുന്നു ഇതിന്റെ സംവിധായകന്‍. ഏറ്റവും മികച്ച മലയാളം സിനിമകളിലൊന്നായാണ് ഈ ചിത്രം അറിയപ്പെടുന്നത്. എന്നാല്‍ ചെമ്മീനിന്റെ തുടര്‍ച്ചയായി വന്ന തിരകള്‍ക്കപ്പുറം ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു എന്നു മാത്രമല്ല ചെമ്മീനിന്റെ ഏഴയലത്ത് പോലും എത്തിയതുമില്ല. മഞ്ജു വര്യരും സുരേഷ് ഗോപിയുമായിരുന്നു ഈ ചിത്രത്തിലെ നായികാനായകന്മാര്‍.

     സുരേഷ്ഗോപിയുടെ ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന കഥാപാത്രം മൂന്ന് വ്യത്യസ്ഥ ചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കമ്മീഷണര്‍ (1994), ഭരത്ചന്ദ്രന്‍ ഐ.പി.എസ് (2005), ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ (2012) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍(2004) എന്ന ചിത്രത്തിനും രണ്ട് തുടര്‍ച്ചകള്‍ ഉണ്ടാവുകയുണ്ടായി. ബൈ ദി പീപ്പിള്‍ (2005) , ഓഫ് ദി പീപ്പിള്‍ (2008) എന്നീ ചിത്രങ്ങള്‍. മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍ കുട്ടി, തോമസുകുട്ടി എന്നീ നാല് കൂട്ടുകാരുടെ കഥ പറഞ്ഞുകൊണ്ട് സിദ്ദിഖ്-ലാല്‍ ഒരുക്കിയ ഇന്‍ ഹരിഹര്‍ നഗറിന്റെ(1990) തുടര്‍ച്ചയായ ടു ഹരിഹര്‍ നഗര്‍ 2009ലാണ് വീണ്ടുമെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിലൂടെ ആ നാല് കൂട്ടുകാര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അവസാന രണ്ട് ചിത്രങ്ങളുടെ രചനയും സംവിധാനവും ലാല്‍ മാത്രമായാണ് നിര്‍വ്വഹിച്ചത്.

     ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ (1997) തുടര്‍ച്ചയായി  സീനിയര്‍ മാന്‍ഡ്രേക്കും, അങ്ങാടിയുടെ(1980) തുടര്‍ച്ചയായി വലിയങ്ങാടിയും തിയേറ്ററുകളിലെത്തിയത് 2010-ല്‍ ആണ്. തൊട്ടടുത്ത വര്‍ഷം ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ (1993)  രണ്ടാം ഭാഗമായ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തി.  1997-ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ വീണ്ടും കണ്ണൂര്‍ 2012ലാണ് പ്രദര്‍ശനത്തിനെത്തിയത്. കണ്ണൂരും വീണ്ടും കണ്ണൂരുമൊരുക്കിയത് കെ.കെ ഹരിദാസായിരുന്നു. രണ്ട് മാസങ്ങള്‍ കൂടി പിന്നിട്ടപ്പോള്‍ 2012-ല്‍ പുറത്തിറങ്ങിയ ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ഹസ്ബന്റ്സ് ഇന്‍ ഗോവ എന്ന ചിത്രവും പ്രേക്ഷകരെ തേടിയെത്തി. സജി സുരേന്ദ്രനായിരുന്നു ഇരുചിത്രങ്ങളുടെയും സംവിധാനം. ലാല്‍ ജോസ് ചിത്രമായ അച്ഛനുറങ്ങാത്ത വീടിന്റെ(2006) രണ്ടാം ഭാഗമായിരുന്നു ലിസമ്മയുടെ വീട് (2013) എന്ന ചിത്രം.

Archive

കോൺടാക്റ്റ് ഫോം

അയക്കുക