12 ആംഗ്രി മെൻ | 12 Angry Men


         
     ഈ സിനിമ കാണുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലെത്തുക മാധവ് രാംദാസ് സംവിധാനം ചെയ്ത് 2011 ല്‍ പുറത്തിറങ്ങിയ കോര്‍ട്ട് മാര്‍ഷലിന്റെ കഥ പറഞ്ഞ മേല്‍വിലാസം എന്ന ചലച്ചിത്രമായിരിക്കും. പ്രമേയപരമായി സാദൃശ്യങ്ങളൊന്നുമില്ലെങ്കിലും രണ്ടു സിനിമകളുടെയും കഥ നടക്കുന്നത് നാലു ചുവരുകള്‍ക്കുള്ളില്‍ വച്ചാണ്.  1957ലാണ്  12 ആന്‍ഗ്രി മെന്‍ എന്ന സിനിമ പുറത്തിറങ്ങിയത്. സിനിമയുടെ ആദ്യവും അവസാനവും ഉള്ള അല്‍പ്പസമയം ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി സമയം മുഴുവന്‍ അടച്ചിട്ട ഒരു മുറിയും അതിലെ പന്ത്രണ്ട് ആളുകളേയും മാത്രമാണ് നമുക്ക് കാണാനാവുക. എങ്കിലും ഒരു നിമിഷം പോലും വിരസത അനുഭവപ്പെടില്ല എന്നതു തന്നെയാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ പ്രത്യേകത.
                
     സ്വന്തം പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന പതിനെട്ടു വയസ്സുകാരനെ വധശിക്ഷയ്ക്ക് വിധിക്കും മുമ്പ് ജഡ്ജി 12 അംഗങ്ങളുള്ള ജൂറി പാനലിന്റെ അഭിപ്രായം ആരായുന്നു. അവര്‍ പ്രായം കൊണ്ടും, സ്വഭാവസവിശേഷതകള്‍ കൊണ്ടും, ജീവിത സാഹചര്യങ്ങള്‍ കൊണ്ടും എല്ലാം വിഭിന്നരാണ്. അവര്‍ തീരുമാനം എടുക്കുന്നതിനായി ഒരു മുറിയില്‍ ഒത്തു ചേരുകയും, ചര്‍ച്ച നിയന്ത്രിക്കാന്‍ അവരിലൊരാള്‍ സ്വയം മുന്നോട്ടു വരികയും ചെയ്യുന്നു. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന തീരുമാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ വോട്ടിംഗ് നടത്തുന്നു. പതിനൊന്നു പേര്‍ പ്രതി കുറ്റക്കാരനാണെന്നും ഒരാള്‍ മാത്രം അതിനെ എതിര്‍ത്തും വോട്ട് ചെയ്യുന്നു. പിന്നീട് അവര്‍ തമ്മില്‍ നടക്കുന്ന ഉദ്വേഗഭരിതമായ സംഭാഷണങ്ങളിലൂടെയാണ് കഥയുടെ വികാസം. കഥ മുന്നോട്ടു നീങ്ങുമ്പോള്‍ പലരും പ്രതി കുറ്റക്കാരനാണെന്നുള്ള മുന്‍ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു. ചിലര്‍ നിയന്ത്രണം വിട്ടു പെരുമാറുകയും, മറ്റു ചിലര്‍ സ്വന്തം തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.സത്യം കണ്ടെത്താനായി കൃത്യം നടന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത കത്തിയും, സ്ഥലത്തിന്റെ രേഖാചിത്രവും എല്ലാം അവര്‍ ഉപയോഗിക്കുന്നുണ്ട്.

     വിധിന്യായപ്രക്രിയ എത്രത്തോളം സൂക്ഷ്മമായിരിക്കണം എന്നും, അങ്ങനെ ആയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് എത്രത്തോളം ഭീകരമായിരിക്കുമെന്നും വിളിച്ചു പറയുന്നുണ്ട് ഈ ചിത്രം.  ഒരു ഫ്ലാഷ്ബാക്കിന്റെ പോലും സഹായമില്ലാതെ സംഭാഷണങ്ങളിലൂടെ മാത്രം കഥ പറഞ്ഞ ഒരു കുറ്റാന്വേഷണ സിനിമയാണിത്. ഒന്നിനൊന്നു മികച്ച അഭിനയമാണ് ഇതിലെ പന്ത്രണ്ട് പേരും കാഴ്ച വെച്ചിരിക്കുന്നത്. തിരക്കഥയെഴുതിയ റെജിനാള്‍ഡ് റോസും, പന്ത്രണ്ടു പേരുടെയും മുഖത്ത് മിന്നിമാഞ്ഞ വികാരങ്ങളത്രയും ഒപ്പിയെടുത്ത ബോറിസ് കോഫ്മാന്‍  എന്ന ക്യാമറാമാനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

 "Life is in their hands- Death is on their minds! It explodes like 12 sticks of dynamite"

     സിനിമയുടെ പോസ്റ്ററുകളിലെ ടാഗ് ലൈനായിരുന്നു ഇത്. അത് എത്രത്തോളം അര്‍ത്ഥവത്താണെന്ന് സിനിമ കാണുമ്പോള്‍ നമുക്ക് മനസ്സിലാവും.
  • രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് 
  • ഭാഷ : ഇംഗ്ലീഷ് 
  • വിഭാഗം : കോർട്ട് റൂം ഡ്രാമ 
  • വർഷം : 1957    
  • സംവിധാനം : സിഡ്‌നി ലുമെറ്റ് 

Archive

കോൺടാക്റ്റ് ഫോം

അയക്കുക