കാസബ്ലങ്ക | Casablanca



     എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നായാണ് ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന കാസബ്ലങ്ക അറിയപ്പെടുന്നത്. 'എവരിബഡി കംസ് ടു റിക്ക്സ് ' എന്ന നാടകമാണ് ഈ സിനിമയുടെ പിറവിക്ക് നിദാനമായിത്തീര്‍ന്നത്. ഈ ചിത്രത്തിന്  8 ഓസ്കാര്‍ നോമിനേഷനുകള്‍ ലഭിക്കുകയും, മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ഓസ്കാര്‍ നേടുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് മൊറോക്കോയിലെ നഗരമായ കാസബ്ലങ്കയിലാണ് ഈ കഥ നടക്കുന്നത്. അക്കാലത്ത് യൂറോപ്പില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ വലിയൊരു വിഭാഗവും ലിസ്ബനില്‍ എത്തിച്ചേര്‍ന്നിരുന്നത് കാസബ്ലങ്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള വിസ സംഘടിപ്പിച്ചതിനു ശേഷമാണ്.

     കാസബ്ലങ്കയില്‍ പ്രവര്‍ത്തിക്കുന്ന 'റിക്ക്‌സ് കഫേ അമേരിക്കന്‍സ് ' എന്ന നിശാ ക്ലബിന്റെ ഉടമയാണ് റിക്ക് ബ്ലൈന്‍ (ഹംഫ്രി ബൊഗാര്‍ട്ട് ). ഒരു നാള്‍ ക്ലബില്‍ വച്ച് റിക്ക്  തന്റെ പഴയകാല കാമുകിയായ ഇല്‍സയെ (ഇന്‍ഗ്രിഡ് ബെര്‍ഗ്മാന്‍) ഭര്‍ത്താവായ വിക്ടര്‍ ലാസ്ലോയൊടൊപ്പം (പോള്‍ ഹെന്‍റൈഡ്‌) കാണാനിടവരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്  പാരീസില്‍ ഉണ്ടായിരുന്നപ്പോഴാണ് റിക്കും, ഇല്‍സയും പ്രണയബദ്ധരായിത്തീര്‍ന്നത്. തുടര്‍ന്ന് അവര്‍ ഒന്നിച്ചു ജീവിക്കുന്നതിനായി പാരീസ് നഗരം വിടാന്‍ തീരുമാനിച്ചുവെങ്കിലും ഇല്‍സ വാക്ക് തെറ്റിക്കുകയായിരുന്നു. അക്കാരണത്താല്‍ വിഷണ്ണനായ റിക്ക് കാസബ്ലങ്കയില്‍ വന്ന് ഏകാന്തജീവിതം നയിക്കുന്നതിനിടയിലാണ് ഇല്‍സ വീണ്ടും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

     ഇല്‍സയുടെ ഭര്‍ത്താവായ വിക്ടര്‍ നാസികള്‍ക്കെതിരെ പട നയിക്കുന്നയാളാണ്. അയാളും മറ്റുള്ളവരെ പോലെ അമേരിക്കയിലേക്ക് കടക്കുവാനായി വിസ ശരിപ്പെടുത്തുവാനാണ് ഭാര്യയോടൊപ്പം കാസബ്ലങ്കയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. റിക്കിന് അവരെ സഹായിക്കാന്‍ കഴിയുമെങ്കിലും ഇല്‍സ തന്റെ മനസ്സിനേല്‍പ്പിച്ച ആഘാതത്തിന്റെ ഓര്‍മ്മകള്‍ അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എന്നാല്‍ ഒടുവില്‍ അയാള്‍ പഴയകാല സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത തിരിച്ചറിയുകയും, ഇല്‍സയ്ക്ക് തന്നോടുണ്ടായിരുന്ന പ്രണയത്തിന് തെല്ലും കോട്ടം തട്ടിയിട്ടില്ല എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അതോടെ വിക്ടറിന് വിസ നല്കി അമേരിക്കയിലെത്താന്‍ സഹായിക്കണോ അതോ കാമുകിയെ വീണ്ടും സ്വീകരിക്കണോ എന്ന നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളാന്‍ അയാള്‍ നിര്‍ബന്ധിതനാവുന്നു.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ് 
  • ഭാഷ : ഇംഗ്ലീഷ് 
  • വിഭാഗം : റൊമാന്റിക്ക് ഡ്രാമ 
  • വർഷം : 1942      
  • സംവിധാനം : മൈക്കിൾ കൾട്ടിസ് 

Archive

കോൺടാക്റ്റ് ഫോം

അയക്കുക