April 17, 2014

മജീദ്‌ മജീദിയുടെ സിനിമകളിലൂടെ

           ഹൃദയസ്പര്‍ശിയായ ഒരു കൂട്ടം സിനിമകള്‍ അണിയിച്ചൊരുക്കുക വഴി ലോകപ്രശസ്തനായി മാറിയ ഇറാനിയന്‍ സംവിധായകനാണ് മജീദ്‌ മജീദി. സംവിധാനത്തിനു പുറമേ തിരക്കഥാരചനയിലും, നിര്‍മ്മാണത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിഭാവുകത്വങ്ങളില്ലാത്തതും, അതീവ ലളിതവും, മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നമായ ജീവിതക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ഓരോ ചലച്ചിത്രവും. തന്റെ സിനിമകളിലൂടെ ഇറാനിയന്‍ സിനിമകള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ഒട്ടനവധി അംഗീകാരങ്ങള്‍ നേടിക്കൊടുക്കുവാന്‍ മജീദ്‌ മജീദിക്ക് സാധിച്ചു. 1959-ല്‍ ഇറാനിലെ ടെഹ്‌റാനിലാണ് അദ്ദേഹത്തിന്റെ ജനനം. ടെഹ്‌റാനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമാറ്റിക് ആര്‍ട്ട്സിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ചലച്ചിത്രലോകത്തേക്ക് തിരിഞ്ഞു. അഭിനേതാവായി തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാജീവിതം പിന്നീട് സംവിധാനരംഗത്തേക്ക് തിരിയുകയാണുണ്ടായത്. ബാദുക്, പിദര്‍, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ദി കളര്‍ ഓഫ് പാരഡൈസ്, ബറാന്‍, ദി വില്ലോ ട്രീ, ദി സോംഗ് ഓഫ് സ്പാരോസ് എന്നിവയാണ് ഇതുവരെയായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഈ സിനിമകളെ കൂടാതെ ഹ്രസ്വചിത്രങ്ങളും, ഡോക്യുമെന്ററികളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്. കശ്മീര്‍ അഫ്ലോട്ട് എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഇന്ത്യയാണ്. 

         പലപ്പോഴും വളരെ നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. ഒരു ജോഡി ഷൂ കാണാതെ പോകുന്നതുമായി ബന്ധപ്പെട്ടാണ് 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ 'ദ സോങ് ഓഫ് സ്പാരോസ്' ആവട്ടെ ഒരു ഒട്ടകപ്പക്ഷി ഫാമില്‍ നിന്നും രക്ഷപ്പെടുന്നതിനെ അടിസ്ഥാനപ്പെടുത്തിയും. പക്ഷേ ഈ ചെറിയ സംഭവങ്ങളിലൂടെ വളരെ വലിയ ആശയങ്ങളാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. അതേ സമയം അന്ധത, അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ തീക്ഷ്ണമായ ജീവിതപ്രശ്നങ്ങളും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. ചില സമാനതകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ദൃശ്യമാണ്. നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്കുള്ള മടക്കം, കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള കഥ പറച്ചില്‍, അരുവി, ജലം തുടങ്ങിയവയുടെ സാന്നിദ്ധ്യം ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ യാദൃശ്ചികമായോ അല്ലാതെയോ അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും കാണാം. ഇറാന്‍ സിനിമകള്‍ക്ക് മേല്‍ നില നില്‍ക്കുന്ന കടുത്ത സെന്‍സറിംഗിനെ അതിജീവിച്ചാണ് അദ്ദേഹത്തിന്റെ സിനിമകളോരോന്നും വെളിച്ചം കാണുന്നത് എന്ന കാര്യം കൂടി നാം കണക്കിലെടുക്കണം.


            മജീദ്‌ മജീദിയുടെ പ്രഥമ സംവിധാന സംരംഭമാണ് ബാദുക് എന്ന ചിത്രം. പില്‍ക്കാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലുമുള്ള പോലെ കുട്ടികള്‍ക്ക് ചിത്രത്തിലുടനീളം ശക്തമായ വേഷമാണ് നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ കുട്ടികള്‍ ചെന്നെത്തുന്ന അതിഭീകരമായ ചില അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രമാണിത്. ജാഫര്‍(മെഹറുള്ള മരര്‍സിഹി) എന്നു പേരായ ആണ്‍കുട്ടിയും ജമാല്‍(മര്യം താഹാന്‍) എന്നു പേരായ പെണ്‍കുട്ടിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇറാനിലെ മരുഭൂമിയിലെ കിണറില്‍ വച്ച് അവരുടെ പിതാവിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. അതിനോടകം തന്നെ അമ്മയെയും നഷ്ടപ്പെട്ടവരായതിനാല്‍ അവര്‍ തീര്‍ത്തും അനാഥരായിത്തീരുന്നു. ജീവിതമാര്‍ഗ്ഗം തേടി ആ ഗ്രാമം വിട്ട് യാത്രയാകുക എന്നത് മാത്രമാണ് പിന്നീട് അവരുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. എന്നാല്‍ അവരിരുവരും ക്രൂരനായ ഒരാളുടെ കയ്യിലകപ്പെടുന്നു. അയാള്‍ ജാഫറിനെ ഒരു മാഫിയാ സംഘത്തിനും ജമാലിനെ ബാലവേശ്യാ സംഘത്തിനും കൈമാറുന്നു. ജാഫര്‍ ആ മാഫിയാ സംഘത്തോടൊത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏതു വിധേനയും തന്റെ സഹോദരിയെ രക്ഷിക്കുക എന്നതു മാത്രമാണ് അവന്റെ ചിന്ത. അവര്‍ ജാഫറിനോട്‌ അടിമയോടെന്നവണ്ണമാണ് പെരുമാറുന്നത്. അവിടെ വെച്ച് പരിചയപ്പെടുന്ന സുഹൃത്തിന്റെ സഹായത്തോടെ തന്റെ സഹോദരിയെ രക്ഷിക്കാനുള്ള ജാഫറിന്റെ പരിശ്രമങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

          ഇറാനില്‍ അരങ്ങേറുന്ന ദാരിദ്ര്യം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ സാമൂഹികാവസ്ഥകള്‍ തുറന്നു കാട്ടാന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്. ആദ്യ ചിത്രമായിരുന്നിട്ടു കൂടി അത്തരമൊരു തോന്നല്‍ പ്രേക്ഷകരിലുണ്ടാക്കാത്ത വിധത്തിലാണ് മജീദ്‌ മജീദി ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. പ്രധാന വേഷം കൈകാര്യം ചെയ്ത കുട്ടികള്‍ രണ്ടു പേരും മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു. സയിദ് മെഹ്ദി ഷോജായ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിട്ടുള്ളത്. ഈ ചിത്രത്തിലൂടെ ഒരു മികച്ച സംവിധായകന്റെ വരവറിയിക്കാന്‍ മജീദ്‌ മജീദിക്ക് സാധിച്ചു.


          മജീദിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ദി ഫാദര്‍(പിദര്‍). പേര്‍ഷ്യന്‍ ഭാഷയില്‍ അച്ഛന്‍ എന്നാണ് 'പിദര്‍' എന്ന വാക്കിനര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അച്ഛന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു മകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മെഹറുള്ള(ഹാസന്‍ സദേഹി) എന്ന കൗമാരക്കാരനാണ് ചിത്രത്തിലെ നായകന്‍. തുണിത്തരങ്ങളും ആഭരണങ്ങളുമെല്ലാം വാങ്ങിക്കൂട്ടുന്ന മെഹറുള്ളയുടെ ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന നഗരത്തില്‍ നിന്നും ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുകയാണ് അവന്‍. നാട്ടില്‍ ബസിറങ്ങിയ അവന്‍ ആദ്യം കാണുന്നത് ലത്തീഫ് (ഹുസൈന്‍ അബീദിനി) എന്ന തന്റെ സുഹൃത്തിനെയാണ്. അച്ഛന്റെ മരണശേഷം താന്‍ നഗരത്തിലേക്ക് യാത്രയായപ്പോള്‍ തന്റെ അമ്മ ഒരു പോലീസുകാരനെ വിവാഹം ചെയ്തു എന്ന കാര്യം മെഹറുള്ള അറിയുന്നത് ആ കൂട്ടുകാരനില്‍ നിന്നുമാണ്. അമ്മയും സഹോദരിമാരും താമസിക്കുന്ന വീട്ടിലെത്തുമ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞത് സത്യമാണെന്നറിയുകയും അമ്മയ്ക്കും സഹോദരിമാര്‍ക്കുമായി വാങ്ങിയ സമ്മാനങ്ങള്‍ മുഴുവന്‍ അവന്‍ അവിടെ വലിച്ചെറിഞ്ഞ് പോവുകയും ചെയ്യുന്നു. തന്റെ അച്ഛന്റെ സ്ഥാനത്ത് ഒരിക്കലും മെഹറുള്ളയ്ക്ക് അയാളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. പിറ്റേ ദിവസം വീണ്ടും അവിടെയെത്തി പോലീസുകാരന്റെ മുഖത്തേക്ക് പണം വലിച്ചെറിഞ്ഞ് അയാളോട് തങ്ങളുടെ ജീവിതത്തില്‍ നിന്നും പോകാനാവശ്യപ്പെടുകയും ചെയ്യുന്നു. പിന്നീടൊരിക്കല്‍ മെഹറുള്ളയ്ക്ക് അപകടമുണ്ടായപ്പോള്‍ ആ പോലീസുകാരനാണ് തന്റെ വീട്ടില്‍ കൊണ്ടു പോയി അവനെ ശുശ്രൂഷിക്കുന്നത്. എന്നാല്‍ അവിടെ നിന്നും പോലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ച് ലത്തീഫിനോടൊപ്പം നാട് വിടുന്ന മെഹറുള്ളയെ പോലീസുകാരന്‍ അന്വേഷിച്ച് കണ്ടു പിടിക്കുകയും തന്റെ ബൈക്കില്‍ അവനെയും കൂട്ടി നാട്ടിലേക്ക് തിരിക്കുകയും ചെയ്യുന്നു. ആ യാത്ര മെഹറുള്ളയ്ക്ക് പോലീസുകാരനോടുള്ള മനോഭാവത്തില്‍ ഉണ്ടാക്കുന്ന മാറ്റം എന്തെന്ന് കാണിച്ചു തന്നുകൊണ്ട് ചിത്രം അവസാനിക്കുന്നു.

   മജീദ്‌ മജീദിയോടോപ്പം സയിദ് മെഹ്ദി ഷോജായ് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മെഹറുള്ളയുടെ വേഷം ചെയ്ത ഹാസന്‍ സദേഹി എന്ന പയ്യന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. മജീദ്‌ മജീദിയുടെ മറ്റു ചിത്രങ്ങളിലേതു പോലെ ഇറാനിലെ ഗ്രാമക്കാഴ്ചകളാല്‍ സമൃദ്ധമാണ് ഈ സിനിമയും.


             മജീദ്‌ മജീദിയുടെ ബാദുക് എന്ന ആദ്യ ചിത്രവുമായി ചെറിയ ചില സാദൃശ്യങ്ങള്‍ അവകാശപ്പെടാവുന്ന സിനിമയാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (ബച്ചേഹ യേ ആസ്മാന്‍). രണ്ടിലും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് സഹോദരങ്ങളായ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ്. സഹോദരിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പരിശ്രമിക്കുന്ന സഹോദരന്റെ കഥ തന്നെയാണ് രണ്ട് സിനിമകളും പറയുന്നത്. എന്നാല്‍ രണ്ടിന്റെയും പശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും തീര്‍ത്തും വ്യത്യസ്ഥമാണു താനും. അലി(അമീര്‍ ഫാറൂഖ് ഹഷേമിയാന്‍) എന്ന ഒമ്പതു വയസ്സുകാരനും അവന്റെ അനുജത്തിയായ സഹ്റയുമാണ്‌(ബാഹരേ സിദ്ദിഖി) ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചെരുപ്പുകുത്തിയുടെ കയ്യില്‍ കൊടുത്ത് നന്നാക്കി വാങ്ങുവാനായി അലിയുടെ പക്കല്‍ കൊടുത്തയച്ച സഹ്റയുടെ പിങ്ക് നിറത്തിലുള്ള കീറിപ്പറഞ്ഞ ഷൂസ് അബദ്ധത്തില്‍ അവന്റെ കയ്യില്‍ നിന്നും നഷ്ടമാവുന്നു. പാഴ്വസ്തുക്കള്‍ പെറുക്കിക്കൊണ്ട് പോകുന്ന ഒരാളുടെ കയ്യിലാണ് ആ ഷൂസ് കിട്ടുന്നത്. അലി ഷൂസ് നഷ്ടപ്പെട്ട കാര്യം സഹ്റയോട് പറയുന്നു. പുതിയ ഒരു ഷൂസ് വാങ്ങിത്തരാന്‍ മാതാപിതാക്കള്‍ക്ക് കഴിയില്ല എന്ന് വീട്ടിലെ ദാരിദ്ര്യം നന്നായി അറിയാവുന്ന കുട്ടികള്‍ അനുമാനിക്കുന്നു. ഒടുവില്‍ അവര്‍ ഒരുപായം കണ്ടെത്തുന്നു. സഹ്റയ്ക്ക് രാവിലെയും അലിക്ക് ഉച്ചയ്ക്കുമാണ് സ്കൂള്‍ സമയം. അതിനാല്‍ അലിയുടെ ഷൂസ് രാവിലെ സഹ്റയും ഉച്ചയ്ക്ക് അലിയും ഉപയോഗിക്കാം എന്നതാണ് അവരുടെ തീരുമാനം. അലിയുടെ ഷൂസ് വലുതായതിനാല്‍ വളരെ കഷ്ടപ്പെട്ടാണ്‌ സഹ്റ അത് ഉപയോഗിക്കുന്നത്. സഹ്റ ഷൂസുമായി വീട്ടിലെത്തിയ ശേഷം മാത്രമേ അലിക്ക് സ്കൂളില്‍ പോകാന്‍ കഴിയൂ എന്നതിനാല്‍ അവന് പലപ്പോഴും വൈകി മാത്രമേ സ്കൂളിലെത്താന്‍ കഴിയുന്നുള്ളൂ. അതിനാല്‍ പ്രധാനാദ്ധ്യാപകന്‍ അവനെ വഴക്ക് പറയുകയും ചെയ്യുന്നു. അതിനിടെ സഹ്റ തന്റെ സ്കൂളില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ കാലില്‍ നഷ്ടപ്പെട്ട തന്റെ ഷൂസ് കാണാനിട വരുന്നു. അലിയും സഹ്റയും കൂടി ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടു പിടിക്കുകയും പാഴ്വസ്തുക്കള്‍ പെറുക്കി ജീവിക്കുന്ന അന്ധനായ ഒരാളുടെ മകളാണ് ആ കുട്ടി എന്നറിയുകയും ചെയ്യുന്നു. അതോടെ അവരുടെ ആ പ്രതീക്ഷയും നഷ്ടപ്പെടുന്നു. അങ്ങനെയിരിക്കേയാണ് ഒരു ഓട്ടമത്സരം നടക്കുന്നതായും അതില്‍ മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു ജോഡി ഷൂസ് ആണ് സമ്മാനമായി ലഭിക്കുക എന്നും അലി അറിയുന്നത്. പക്ഷേ മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന അലിക്ക് ലഭിക്കുന്നത് ഒരു ട്രോഫിയും, മെഡലുമാണ്. എന്നാല്‍ നിഷ്കളങ്കരായ ആ കുട്ടികളുടെ പ്രശ്നത്തിന് ദൈവം പരിഹാരമുണ്ടാക്കുക മറ്റൊരു വിധത്തിലായിരിക്കും.

           മജീദ്‌ മജീദി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാര്‍ പുരസ്കാരത്തിന് ഈ ചിത്രം നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈ വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ച ആദ്യ ഇറാനിയന്‍ ചിത്രം കൂടിയാണിത്. ഓസ്കാര്‍ പുരസ്കാരം നഷ്ടപ്പെട്ടെങ്കിലും നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കാന്‍ ഈ ചിത്രത്തിനായി.         1999ലാണ് മുഹമ്മദ് എന്ന അന്ധബാലന്റെ കഥ പറയുന്ന 'ദ കളര്‍ ഓഫ് പാരഡൈസ് ' എന്ന അദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങിയത് . അന്ധത എന്ന അവസ്ഥ അത് അനുഭവിക്കേണ്ടി വരുന്നവരിലും, ചുറ്റുമുള്ളവരിലും ഉണ്ടാക്കുന്ന മാറ്റങ്ങളും, ആ അവസ്ഥയെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു. ഗ്രാമത്തില്‍ നിന്നും വിട്ടുമാറി ടെഹ്രാനിലുള്ള ഒരു ആന്ധ വിദ്യാലയത്തിലാണ് മുഹമ്മദ് (മൊഹ്‌സെന്‍ റമേസനി) പഠിക്കുന്നത്. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ കുട്ടികളെല്ലാവരും  രക്ഷിതാക്കളോടൊപ്പം തങ്ങളുടെ വീടുകളിലേക്ക് യാത്രയാകുന്നു. മനസ്സിലാമനസ്സോടെ വളരെ വൈകിയാണ് മുഹമ്മദിന്റെ പിതാവ് (ഹുസൈന്‍ മഹ്‌ജോബ്) മകനെ കൂട്ടിക്കൊണ്ടു പോകാന്‍ സ്‌കൂളില്‍ എത്തുന്നത്. വേനലവധി തീരും വരെ മകനെ സ്‌കൂളില്‍ തന്നെ നിര്‍ത്താന്‍ കഴിയുമോ എന്ന് പിതാവ് അന്വേഷിക്കുകയും, അത് സാദ്ധ്യമല്ല എന്ന് പറഞ്ഞ്  പ്രധാനാധ്യാപകന്‍ അയാളെ ശകാരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പിതാവ് മകനെയും കൂട്ടി ഗ്രാമത്തിലേക്ക് പുറപ്പെടുന്നു.
 
         വീട്ടിലെത്തിയ മുഹമ്മദ് മുത്തശ്ശിയേയും, സഹോദരിമാരേയും കണ്ട് അതീവ സന്തുഷ്ടനാകുന്നു. എന്നാല്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വിഭാര്യനായ മുഹമ്മദിന് തന്റെ അന്ധനായ മകന്‍ ഒരു അധികപ്പറ്റായി അനുഭവപ്പെടുന്നു. അയാള്‍ മകനെ ഒരു അന്ധനായ ആശാരിയുടെ അടുത്ത് കൊണ്ടു ചെന്നാക്കുന്നു. ഇതറിഞ്ഞ മുത്തശ്ശി വീട് വിട്ടിറങ്ങുകയും, മകന്‍ അവരെ നിര്‍ബന്ധിച്ച് തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നു. ഏറെ താമസിയാതെ മുത്തശ്ശി മരിക്കുന്നു. അതോടെ മുഹമ്മദിന്റെ പിതാവിന്റെ രണ്ടാം വിവാഹം മുടങ്ങുന്നു. തുടര്‍ന്ന് മകനെ ആശാരിയുടെ അടുത്ത് നിന്നും തിരിച്ചു കൊണ്ട് വരുന്ന പിതാവ് മടക്കയാത്രയില്‍ ഒരുവേള മകന്റെ മരണം ആഗ്രഹിക്കുന്നു. ഒരു മരപ്പാലത്തില്‍ നിന്നും നദിയിലേക്ക് വീഴുന്ന മുഹമ്മദിനെ രക്ഷിക്കാന്‍ പിതാവും നദിയിലേക്ക്  എടുത്തു  ചാടുന്നു. മകന്‍ മരിച്ചെന്നു കരുതി പിതാവ് അവനെ നെഞ്ചോട് ചേര്‍ത്ത് വിതുമ്പുന്നതാണ് അടുത്ത രംഗം. മുഹമ്മദിന്റെ ചലിക്കുന്ന കൈകള്‍ സ്‌ക്രീനില്‍ തെളിയുന്ന അവസാന രംഗത്തോടു കൂടി സിനിമ ശുഭപര്യവസാനിക്കുന്നു.


           ഇറാനില്‍ ജോലി ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ബറാന്‍ എന്ന ചിത്രം പറയുന്നത്. ലത്തീഫ് (ഹുസൈന്‍ അബീദിനി) എന്നു പേരായ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയുടെ മനസ്സില്‍ നാമ്പിടുന്ന പ്രണയം അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍. വഴക്കാളിയായ ഒരു കൗമാരക്കാരനായ ജോലിക്കാരനാണ് ലത്തീഫ്. മജീദ്‌ മജീദിയുടെ രണ്ടാമത്തെ ചിത്രമായ 'ദി ഫാദറില്‍' ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹുസൈന്‍ അബീദിനി തന്നെയാണ് ഈ ചിത്രത്തിലും അതേ പേരില്‍ എത്തുന്നത്. കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുകയാണ് ലത്തീഫിന്റെ ജോലി. ലത്തീഫ് ജോലി ചെയ്തിരുന്ന സ്ഥലത്തെ തൊഴിലാളികളിലൊരാളായ  നജാഫ് എന്നു പേരായ ആള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന അനേകം അഫ്ഗാനിസ്ഥാന്‍കാരില്‍ ഒരാളാണ് നജാഫും. നജാഫിന് പകരം പിന്നീട് ജോലിക്കെത്തുന്നത് അയാളുടെ മകനായ റഹ്മത്താണ്. എന്നാല്‍ കഠിനമായ ജോലികളൊന്നും ചെയ്യാന്‍ കഴിയാത്ത റഹ്മത്തിന് അവിടുത്തെ പാചകക്കാരനും അതിനാല്‍ ലത്തീഫിന്  കെട്ടിട നിര്‍മ്മാണ തൊഴിലാളിയും ആവേണ്ടി വരുന്നു. അതോടെ ലത്തീഫിന് റഹ്മത്തിനോട് ദേഷ്യം തോന്നുകയും അവനെ അവസരം കിട്ടുമ്പോഴെല്ലാം ഉപദ്രവിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ അവിചാരിതമായാണ് റഹ്മത്ത് നജാഫിന്റെ മകനല്ല മറിച്ച് വേഷം മാറി വന്ന ബറാന്‍ എന്നു പേരായ മകളാണ് എന്ന രഹസ്യം ലത്തീഫ് അറിയുന്നത്. അതോടെ അവന് റഹ്മത്തിനോടുള്ള ദേഷ്യം പ്രണയമായി മാറുന്നു.
             
         ഒരു നാള്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ജോലി ചെയ്യുന്ന ബറാന്‍ ഉദ്യോഗസ്ഥരുടെ പിടിയില്‍ അകപ്പെടുന്നുണ്ടെങ്കിലും ലത്തീഫ് അവളെ രക്ഷിക്കുന്നു. ആ സംഭവത്തോടെ അവള്‍ അവിടം വിട്ട് പോകുന്നു. പിന്നീട് ബറാനെ തേടിക്കണ്ടുപിടിച്ച് തന്റെ സമ്പാദ്യം മുഴുവനും ചിലവിട്ട് അവളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ലത്തീഫ് ചെയ്യുന്നത്. എന്നാല്‍ വിധി ലത്തീഫിന്റെ ആഗ്രഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് മറ്റൊരു വിധത്തിലായിരിക്കും. കൗമാരക്കാരനായ ലത്തീഫിന്റെ പ്രണയവും അത് അവന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളും വളരെ ഹൃദ്യമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികള്‍ക്ക് ഇറാനില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചിത്രത്തെ സംഘര്‍ഷഭരിതമാക്കുന്നു. ചിത്രത്തിന്റെ വലിയൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലാണ്.
 
             ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ്‌ മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ്‌ എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ്‌ ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ എഴുത്തും വായനയും എല്ലാം ബ്രൈലി ലിപി ഉപയോഗിച്ചാണ്. കാഴ്ചയില്ലാത്ത നീണ്ട 38 വര്‍ഷങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് അയാള്‍ക്ക് കാഴ്ചശക്തി ലഭിക്കുന്നു. എന്നാല്‍ കാഴ്ച ലഭിച്ചതോടെ 'അകക്കാഴ്ച' നഷ്ടപ്പെടുന്ന യൂസഫ്‌ പിന്നീട് ചെന്നെത്തുന്നത് നിരവധി പ്രശ്നങ്ങളിലേക്കാണ്. കാഴ്ചയില്ലാത്ത കാലത്ത് ഭാര്യയോടും, മകളോടുമൊത്ത് ജീവിച്ചിരുന്നപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും കാഴ്ച്ചയുടെ ലോകത്തെത്തിയപ്പോള്‍ അയാള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു. അഹങ്കാരം അയാളെ കീഴ്പ്പെടുത്തുകയും പുതിയ ആഗ്രഹങ്ങള്‍ അയാളെ തേടിയെത്തുകയും ചെയ്യുന്നു. അത് അയാളെ നയിക്കുന്നത് ഒരു വലിയ തിരിച്ചറിവിലേക്കാണ്.

           അന്ധത എന്ന അവസ്ഥ മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ബാഹ്യമായ ബുദ്ധിമുട്ടുകള്‍ക്കല്ല ഈ ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറിച്ച് അന്ധനായ ഒരാള്‍ക്ക് കാഴ്ച ലഭിക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അകക്കാഴ്ചയെക്കുറിച്ചാണ് ചിത്രം പരാമര്‍ശിക്കുന്നത്. കണ്മുന്നിലുള്ള സൗന്ദര്യം ആസ്വദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ക്ക് അയാളറിയാതെ നഷ്ടപ്പെട്ടു പോകുന്നത് സ്വന്തം മനസ്സിന്റെ സൗന്ദര്യമാണെന്ന അസാധാരണ ചിന്താഗതിയാണ് ഈ ചിത്രം പങ്കു വയ്ക്കുന്നത്.           കരീം എന്ന ശുദ്ധഗതിക്കാരനായ മദ്ധ്യവയസ്ക്കന്റെ കഥ പറയുന്ന ചിത്രമാണ്  ദി സോങ് ഓഫ് സ്പാരോസ്. ഒട്ടകപ്പക്ഷികളെ വളര്‍ത്തുന്ന ഒരു ഫാമിലെ ജോലിക്കാരിലൊരാളാണ്‌ കരീം. ഒരിക്കല്‍ ആ ഫാമില്‍ നിന്നും ഒരു ഒട്ടകപ്പക്ഷി പുറത്ത് ചാടുന്നു. ജോലിക്കാരെല്ലാം കൂടി അതിനെ പിടിക്കാന്‍ ആവതു ശ്രമിക്കുന്നുണ്ടെങ്കിലും അത് രക്ഷപ്പെടുന്നു. അതിന്റെ ഭാഗമായി കരീമിനെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നു. കരീമിന്റെ മൂന്ന് മക്കളില്‍ മൂത്തവള്‍ക്ക് കേള്‍വിശക്തി ഇല്ല. അവള്‍ ചെവിയില്‍ വയ്ക്കുന്ന യന്ത്രം കേടു വരുന്നു. ഇത് നന്നാക്കാനായി നഗരത്തിലെത്തുന്ന കരീമിന്റെ ബൈക്കിനു പുറകില്‍ ഒരാള്‍ കയറുകയും അയാളെ നിശ്ചിത സ്ഥലത്ത് ഇറക്കിയതിന് നല്ലൊരു തുക അയാള്‍ കരീമിന് നല്‍കുകയും ചെയ്യുന്നു. കരീമിന്റെ ബൈക്ക് ടാക്സി ആയി ഓടുന്നതാണെന്ന് തെറ്റിദ്ധരിച്ചാണ് അയാള്‍ കയറുന്നത്. ഇത് മനസ്സിലാക്കിയ കരീം പിന്നീട് ആളുകളെയും വസ്തുക്കളും ആവശ്യമുള്ള സ്ഥലത്ത് തന്റെ ബൈക്കില്‍ എത്തിക്കുന്നത് ജോലിയാക്കി മാറ്റുകയും അതുവഴി പണം സമ്പാദിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഒരപകടം സംഭാവിക്കുന്നതോടെ ആയാള്‍ ജോലി ചെയ്യാനാവാതെ കിടപ്പിലാവുന്നു. നഷ്ടപ്പെട്ട ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് അയാള്‍ക്ക് സാദ്ധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ട് ചിത്രം മുന്നേറുന്നു.

           ഒരു ഒട്ടകപ്പക്ഷിയെ ഫാമില്‍ നിന്നും നഷ്ടപ്പെടുകയെന്ന നിസ്സാരമെന്നു തന്നെ പറയാവുന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് കരീം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റീസ നജി എന്ന അഭിനേതാവിന്റെ വേഷം തന്നെയാണ്. റീസ നജിയും മജീദ്‌ മജീദിയും ഒന്നിച്ച നാലാമത്തെ ചിത്രം കൂടിയാണ് ഇത്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ബറാന്‍, ദി വില്ലോ ട്രീ എന്നീ ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഗ്രാമത്തിന്റെ ശാന്തതയും നഗരത്തിന്റെ തിക്കും തിരക്കും, ഒട്ടകപ്പക്ഷിയുള്ള രംഗങ്ങളുമെല്ലാം വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. മജീദ്‌ മജീദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

29 comments:

 1. Superb post dear friend. :)

  ReplyDelete
  Replies
  1. വളരെയധികം നന്ദി ഉട്ടോ... :-)

   Delete
 2. താങ്ക്സ്
  ഇതൊക്കെ ഇംഗ്ലിഷില്‍ ആണോ?

  ReplyDelete
  Replies
  1. എല്ലാം പേര്‍ഷ്യന്‍ ഭാഷയിലാണ് അജിത്തേട്ടാ... ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഇട്ട് കാണേണ്ടി വരും...

   Delete
 3. പ്രിയ സംഗീത്, സാങ്കേതിക തകരാര്‍ കാരണം പോസ്റ്റ്‌ കാണാന്‍ ആയില്ല. എങ്കിലും ലോക പ്രശസ്ത സംവിധായകന്‍ മജീദി മജീദിയെയും അദ്ദേഹത്തിന്റെ സര്‍ഗ സംഭാവനകളെയും ഈ പിറനാള്‍ വേളയില്‍ പരിചയപ്പെടുത്തിയതിനു അനുമോദനം.

  ReplyDelete
 4. മലയാള സിനിമ മാത്രമാണ് മികച്ചതെന്നു കരുതിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു എനിക്ക്... മികച്ച ലോക സിനിമകള്‍ എന്നാല്‍ ഇംഗ്ലീഷ് ചിത്രങ്ങള്‍ എന്ന് വിസ്വസ്സിച്ചിരുന്ന സമയം... ആ വിശ്വാസത്തെ പൊളിച്ചടുക്കിയ ചിത്രമാണ് ബറാന്‍.....
  പിന്നീട് തേടിപ്പിടിച്ചു മറ്റു ചിത്രങ്ങള്‍ കണ്ടു.. നിലവരമില്ലായ്മയുടെ കൂമ്പാരത്തില്‍ നിന്ന് വേറിട്ട്‌ ആശയാവതരണത്തിലെ ബൌധികതയെ കാട്ടി തന്ന ചലച്ചിത്ര വിസ്മയങ്ങള്‍...

  ReplyDelete
  Replies
  1. എന്റെ കാര്യവും അങ്ങനെ തന്നെ... ആദ്യമൊക്കെ മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ മാത്രമേ കാണുമായിരുന്നുള്ളൂ...പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ലോകസിനിമകള്‍ കണ്ടു തുടങ്ങിയത്...അതോടെ സിനിമയോടുള്ള കാഴ്ചപ്പാട് തന്നെ മാറി...

   Delete
 5. സിനിമായനത്തിലെ പല പോസ്റ്റുകളും തികഞ്ഞ പരിശ്രമ ശേഷം എഴുതപ്പെട്ടതാണ്. ആ പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. ഏഴു നിറമുള്ള മഴ വില്ല് പോലെ ഏഴു സിനിമയെ അപഗ്രഥിച്ച ഈ പോസ്റ്റും മനോഹരം. ഏഴു സിനിമയും എനിക്ക് കാണാനുണ്ട് ..എന്ന് കാണും എന്നറിയില്ല.. മജീദി യെ പറ്റി കുറെ ഏറെ കേട്ടിട്ടുണ്ട്. സിനിമ കണ്ടു വേണം അടുത്തറിയാൻ.

  ReplyDelete
  Replies
  1. അന്ന് തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാന്‍ കൊണ്ടു വന്നിരുന്ന ഹാര്‍ഡ് ഡിസ്കില്‍ ഈ എഴ് സിനിമകളും ഉണ്ടായിരുന്നു. പക്ഷേ എല്ലാം കോപ്പി ചെയ്യാന്‍ പറ്റിയില്ലല്ലോ...

   Delete
 6. മജീദ്‌ മജീദിയുടെ രണ്ടേ രണ്ടു സിനിമകള്‍ മാത്രേ കണ്ടിട്ടുള്ളൂ ...എന്തായാലും ഈ നല്ല വിവരണത്തിലൂടെ മജീദ്‌ മജീദിയുടെ സിനിമകളെ കുറിച്ച് വിശദമായി അറിയാന്‍ സാധിച്ചു. ...ഇനിയും ഇത്തരം നല്ല സിനിമകളെ പരിചയപ്പെടുത്തി തരുക.. ആശംസകളോടെ ...

  ReplyDelete
  Replies
  1. നന്ദി പ്രവീണേട്ടാ... :-)

   Delete
 7. മജീദിയുടെ കളർ ഓഫ് പാരഡൈസും.ചിൽഡ്രൻ ഓഫ് ഹെവനും കണ്ടിട്ടുണ്ട് . മറ്റ് സിനിമകൾകൂടി കണ്ട് ആ അനുഗൃഹീത പ്രതിഭയെ കൂടുതൽ അറിയണമെന്നുണ്ട്. അതിഭാവുകത്വമില്ലാതെ , ലളിതമായ ആഖ്യാനത്തിലൂടെ പ്രേക്ഷകനെ സ്പർശിക്കുന്ന മജീദി മാജിക്ക് ഞാൻ കണ്ടിട്ടുള്ള രണ്ട് സിനിമയിലും അനുഭവിച്ചിട്ടുണ്ട്....

  വലിയൊരു സംവിധായകന്റെ ലോകം പരിചയപ്പെടുത്തിയതിന് നന്ദി.....

  ReplyDelete
  Replies
  1. ബാക്കിയുള്ള ചിത്രങ്ങളും നല്ലത് തന്നെയാണ്...തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങള്‍...

   Delete
 8. ബറാന്‍ ഞാന്‍ കണ്ടിട്ടില്ല..ബാക്കി എല്ലാം കണ്ടിരുന്നു..പക്ഷേ സിനിമകള്‍ കണ്ട പ്രായം ശരി അല്ലയിരുന്നിരിക്കാം...നല്ല രീതിയില്‍ ഉള്ള ആസ്വാദനം(ഇപ്പോള്‍ ഉണ്ടെന്നല്ല)...ഇത്രയും പോലും ഇല്ലായിരുന്ന സമയത്താണ് മിക്കതും കണ്ടത്..എന്തായാലും ഒരിക്കല്‍ കൂടി കാണണം എന്നുള്ള ലിസ്റ്റില്‍ ഈ ചിത്രങ്ങള്‍ എല്ലാം ഉണ്ട്...വളരെ വലിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു ..സംഗീത്തിന്റെ ഈ പേജ് ഞാന്‍ ബുക്മാര്‍ക്ക് ചെയ്യുകയാണ്..ഓര്‍മിക്കാന്‍...സിനിമായണം ഭാവി തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്..നല്ല കുറച്ചു സിനിമകള്‍ ഏതാണെന്ന് ചോദിച്ചാല്‍ ധൈര്യമായി ഈ ബ്ലോഗ്‌ നിര്‍ദേശിക്കാം...

  ReplyDelete
  Replies
  1. വളരെയധികം നന്ദി രാകേഷേട്ടാ... :-)

   Delete
 9. പുതിയ വലിയ അറിവാണെനിക്കിത്

  ReplyDelete
  Replies
  1. ഉപയോഗപ്രദമായി എന്നറിഞ്ഞതില്‍ സന്തോഷം... :-)

   Delete
 10. കളര്‍ ഓഫ് പാരടൈസ്‌ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയാന്‍മേല. :)

  ReplyDelete
  Replies
  1. കളര്‍ ഓഫ് പാരഡൈസ്‌ എനിക്കും ഒരുപാടിഷ്ടമുള്ള സിനിമയാണ്... :-)

   Delete
 11. സബ്ടൈറ്റില്‍ ഇല്ലാതെ എന്താഘോഷം എല്ലാം ജീവനുള്ള സിനിമകള്‍ ആണ്....മനസ്സില്‍ തൊടുന്നവ

  ReplyDelete
  Replies
  1. അതെ...എല്ലാം മികച്ച സിനിമകള്‍...

   Delete
 12. സംഗീത് ഹാറ്റ്സ് ഓഫ് യു ,,... എന്തു മാത്രം പരിശ്രമം ഈ പോസ്റ്റ് തയ്യാറാക്കാന്‍ എന്നാണു മുഴുവന്‍ വായിച്ചപ്പോള്‍ ഞാന്‍ ആലോചിച്ച ത് . നല്ല അവതരണം.

  ReplyDelete
  Replies
  1. വളരെയധികം നന്ദി ഭായ്... :-)

   Delete
 13. യു ടിവ്വി വേള്‍ഡില്‍ ബറാനും, ദി സോങ്ങ് ഒഫ് സ്പേരോസും കണ്ടിട്ടുണ്ട്, അതിദ്ദേഹത്തിന്റേതാണെന്ന് ഈ പോസ്റ്റ് വായിച്ചപ്പോഴാ മനസ്സിലായതെന്നു മാത്രം. :) .നാടിന്റെ അതിര്‍വരമ്പുകളില്ലാത്ത അവലോകനം വളരെ നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. വളരെയധികം നന്ദി.. :-)

   Delete
 14. മജീദിയെ പറ്റി നല്ല ഹോംവർക്ക് നടത്തി എഴുതിയിരിക്കുന്ന
  ഈ സചിത്ര ലേഖനത്തിന് ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ സംഗീത്

  ReplyDelete
  Replies
  1. ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം...

   Delete
 15. http://www.malayalamsubtitles.org/

  ReplyDelete