മജീദ്‌ മജീദി | Majid Majidi

     ഹൃദയസ്പര്‍ശിയായ ഒരു കൂട്ടം സിനിമകള്‍ അണിയിച്ചൊരുക്കുക വഴി ലോകപ്രശസ്തനായി മാറിയ ഇറാനിയന്‍ സംവിധായകനാണ് മജീദ്‌ മജീദി. സംവിധാനത്തിനു പുറമേ തിരക്കഥാരചനയിലും, നിര്‍മ്മാണത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിഭാവുകത്വങ്ങളില്ലാത്തതും, അതീവ ലളിതവും, മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നമായ ജീവിതക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ഓരോ ചലച്ചിത്രവും.

     തന്റെ സിനിമകളിലൂടെ ഇറാനിയന്‍ സിനിമകള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ഒട്ടനവധി അംഗീകാരങ്ങള്‍ നേടിക്കൊടുക്കുവാന്‍ മജീദ്‌ മജീദിക്ക് സാധിച്ചു. 1959-ല്‍ ഇറാനിലെ ടെഹ്‌റാനിലാണ് അദ്ദേഹത്തിന്റെ ജനനം. ടെഹ്‌റാനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമാറ്റിക് ആര്‍ട്ട്സിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ചലച്ചിത്രലോകത്തേക്ക് തിരിഞ്ഞു.

     അഭിനേതാവായി തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാജീവിതം പിന്നീട് സംവിധാനരംഗത്തേക്ക് തിരിയുകയാണുണ്ടായത്. ബാദുക്, പിദര്‍, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ദി കളര്‍ ഓഫ് പാരഡൈസ്, ബറാന്‍, ദി വില്ലോ ട്രീ, ദി സോംഗ് ഓഫ് സ്പാരോസ് എന്നിവയാണ് ഇതുവരെയായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഈ സിനിമകളെ കൂടാതെ ഹ്രസ്വചിത്രങ്ങളും, ഡോക്യുമെന്ററികളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്. കശ്മീര്‍ അഫ്ലോട്ട് എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഇന്ത്യയാണ്. 

     പലപ്പോഴും വളരെ നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. ഒരു ജോഡി ഷൂ കാണാതെ പോകുന്നതുമായി ബന്ധപ്പെട്ടാണ് 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ 'ദ സോങ് ഓഫ് സ്പാരോസ്' ആവട്ടെ ഒരു ഒട്ടകപ്പക്ഷി ഫാമില്‍ നിന്നും രക്ഷപ്പെടുന്നതിനെ അടിസ്ഥാനപ്പെടുത്തിയും. പക്ഷേ ഈ ചെറിയ സംഭവങ്ങളിലൂടെ വളരെ വലിയ ആശയങ്ങളാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. അതേ സമയം അന്ധത, അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ തീക്ഷ്ണമായ ജീവിതപ്രശ്നങ്ങളും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്.

     ചില സമാനതകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ദൃശ്യമാണ്. നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്കുള്ള മടക്കം, കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള കഥ പറച്ചില്‍, അരുവി, ജലം തുടങ്ങിയവയുടെ സാന്നിദ്ധ്യം ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ യാദൃശ്ചികമായോ അല്ലാതെയോ അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും കാണാം. ഇറാന്‍ സിനിമകള്‍ക്ക് മേല്‍ നില നില്‍ക്കുന്ന കടുത്ത സെന്‍സറിംഗിനെ അതിജീവിച്ചാണ് അദ്ദേഹത്തിന്റെ സിനിമകളോരോന്നും വെളിച്ചം കാണുന്നത് എന്ന കാര്യം കൂടി നാം കണക്കിലെടുക്കണം.

Archive

കോൺടാക്റ്റ് ഫോം

അയക്കുക