June 1, 2014

ഫ്ലാഷ്ബാക്ക്-എന്റെയും...സിനിമയുടെയും...

              "ഇരുട്ടില്‍ തെളിഞ്ഞ മായക്കാഴ്ച്ചയിലേക്ക് അച്ചായന്‍ എന്നെ കൈകളില്‍ കോരിയെടുത്ത് ഉയര്‍ത്തി. എന്നെ അദ്ഭുതപ്പെടുത്തി, മോഹിപ്പിച്ച് സിനിമ കടന്നു വരികയായിരുന്നു."
ഇപ്രകാരമാണ് കെ.ജി.ജോര്‍ജ് തന്റെ ആത്മകഥയായ 'ഫ്ലാഷ്ബാക്ക്-എന്റെയും സിനിമയുടെയും' എന്ന പുസ്തകത്തില്‍ ആദ്യ സിനിമാനുഭവം വിവരിക്കുന്നത്. പില്‍ക്കാലത്ത്  ഒരുപിടി നല്ല സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറച്ച് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ അദ്ദേഹത്തിന്റെ ഒന്നുരണ്ട് ചിത്രങ്ങള്‍ ഉണ്ടാകും എന്ന കാര്യം തീര്‍ച്ചയാണ്. കെ.ജി.ജോര്‍ജ് എന്ന സംവിധായകനെ സിനിമാപ്രേമികള്‍ക്ക് എക്കാലവും ഓര്‍ത്ത് വയ്ക്കാന്‍ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിലൊന്നായ യവനിക എന്ന ചിത്രം മാത്രം മതിയാവും. സര്‍ക്കസ് കൂടാരത്തിന്റെ കഥ പറഞ്ഞ 'മേള', മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായ 'പഞ്ചവടിപ്പാലം', ശോഭയെന്ന സിനിമാനടിയുടെ മരണത്തിന്റെ പിന്നാമ്പുറക്കഥകള്‍ തേടിയ 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്', സ്ത്രീശക്തി പ്രമേയമാക്കിയ 'ആദാമിന്റെ വാരിയെല്ല്' എന്നിങ്ങനെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങി. അര്‍ഹതയുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതിരുക്കുകയും, ഒടുവില്‍ ആശയവത്യാസങ്ങളുടെ പേരില്‍ സിനിമാരംഗത്തോട് തന്നെ വിട പറയുകയും ചെയ്ത ഒരാളാണ് അദ്ദേഹം.

           ഈ പുസ്തകത്തിലൂടെ തന്റെയും, താന്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന കാലയളവിലെ മലയാള സിനിമയുടെയും ഫ്ലാഷ്ബാക്കാണ് അദ്ദേഹം കാട്ടിത്തരുന്നത്. സ്വപ്നാടനം മുതല്‍ ഇലവങ്കോട് ദേശം വരെ താന്‍ സംവിധാനം ചെയ്ത 19 ചിത്രങ്ങളെക്കുറിച്ചും, അവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ ഈ പുസ്തകത്തിലൂടെ അദ്ദേഹം പങ്കു വയ്ക്കുന്നു. അനുബന്ധമായി തന്റെ ഓരോ സിനിമകളെക്കുറിച്ചുമുള്ള വിവരങ്ങളും, സ്മൃതിചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രരചനയിലുള്ള താത്പര്യം, വായന, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം എന്നിവ തന്നിലെ സംവിധായകനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിച്ചതായി ജോര്‍ജ് പറയുന്നുണ്ട്. അതോടൊപ്പം രാമു കാര്യാട്ട്, ജോണ്‍ എബ്രഹാം, വയലാര്‍, കണ്‍മണി ബാബു, രാരിച്ചന്‍ ലത്തീഫ്, എം.ജി സോമന്‍, ഭരതന്‍, പദ്മരാജന്‍, സുകുമാരന്‍, വേണു നാഗവള്ളി, ഭരത് ഗോപി, ശ്രീവിദ്യ, എം.ബി ശ്രീനിവാസന്‍, ഡോ. മോഹന്‍ദാസ് തുടങ്ങിയ പ്രതിഭകളുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും അവരില്‍ പലരുടേയും വേര്‍പ്പാട് തനിക്കേല്‍പ്പിച്ച ഹൃദയവേദനയെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.

         ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അദ്ദേഹം 'മായ', 'നെല്ല്' എന്നീ ചിത്രങ്ങളില്‍ രാമുകാര്യാട്ടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നത്. 'സ്വപ്നാടനം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം. സ്വപ്നാടനത്തിന്റെ വിജയം തന്നെ അഹങ്കാരിയാക്കിയെന്നും, ഇരകള്‍ക്ക് ശേഷം താന്‍ ചെയ്ത ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നും മറ്റുമുള്ള തുറന്നുപറച്ചിലുകളിലൂടെ അദ്ദേഹം വായനക്കാരനെ അദ്ഭുതപ്പെടുത്തുന്നു. താന്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമകളുടെ കുറ്റങ്ങളും, കുറവുകളും മേന്മകളുമെല്ലാം ഒരു സംവിധായകന്റെ മേലങ്കിയഴിച്ചു മാറ്റിക്കൊണ്ട് അദ്ദേഹം വിലയിരുത്തുന്നതു കാണാം. 'ഇലവങ്കോടു ദേശം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി, 'ചെമ്മീനു'മായി ബന്ധപ്പെട്ട് രാമു കാര്യാട്ട്, 'ഇരകളു'മായി ബന്ധപ്പെട്ട് സുകുമാരന്‍ എന്നിങ്ങനെ ചില പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഈ പുസ്തകത്തിലുണ്ട്.

          2006-ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതോടൊപ്പം നമ്മുടെ സര്‍ക്കാരുകള്‍ കാലങ്ങളായി സിനിമയോട് സ്വീകരിക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള തന്റെ അഭിപ്രായങ്ങളും അദ്ദേഹം പങ്കു വയ്ക്കുന്നു. ചെക്ക് കേസിലകപ്പെട്ട അനുഭവവും, ഇപ്പോഴത്തെ തന്റെ അവസ്ഥയും വിവരിക്കുന്നിടത്ത് കെ.ജി.ജോര്‍ജ് എന്ന സംവിധായകന്‍ മനസ്സിലൊരു വിങ്ങലായി മാറുന്നു. ഇന്ന് സിനിമയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ വലിയ പ്രതീക്ഷകളോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. നല്ലത് സംഭവിക്കട്ടെ എന്ന ശുഭപ്രതീക്ഷയോടെ അദ്ദേഹം വിരമിക്കുന്നു.
         

20 comments:

 1. കെ.ജി ജോര്‍ജ്ജ് നല്ല സിനിമയുടെ തലതൊട്ടപ്പന്‍.....കരിയറില്‍ മോശം ചിത്രങ്ങള്‍ വിരളം .യവനികയും ,പഞ്ചവടിപാലവും ഒരു മലയാളിയും മറക്കാത്ത ചിത്രങ്ങള്‍.

  ReplyDelete
  Replies
  1. അതെ. മിക്കവാറും എല്ലാം മികച്ച ചിത്രങ്ങള്‍ തന്നെ...

   Delete
 2. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ് സിനിമകള്‍ ഇദ്ദേഹം ചെയ്തതാഉ...ഇലവങ്കോട് ദേശം പോലുള്ള സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇദ്ദേഹത്തെ കവച്ചു വയ്ക്കാന്‍ ഉള്ള സംവിധായകര്‍ ഇന്ത്യയില്‍ തന്നെ കുറവാണ്

  ReplyDelete
  Replies
  1. സത്യമാണ്...അര്‍ഹിച്ച അംഗീകാരം കിട്ടിയില്ല എന്നത് മാത്രമാണ് ദുഖിപ്പിക്കുന്ന കാര്യം...

   Delete
 3. ആത്മകഥ വായിച്ചിട്ടില്ല.
  സിനിമകള്‍ എല്ലാം കണ്ടിട്ടുമില്ല. നല്ല പ്രിന്‍റ് അന്വേഷിച്ചു നടക്കുന്നു. കിട്ടിയില്ല.

  ReplyDelete
  Replies
  1. യൂട്യൂബില്‍ ചിലതെല്ലാം ഉണ്ടെന്നു തോന്നുന്നു...പക്ഷേ നല്ല പ്രിന്റ്‌ ആണെന്ന് തോന്നുന്നില്ല...

   Delete
 4. കഴിഞ്ഞ ദിവസം ജോൺ എബ്രാഹമിനെക്കുറിച്ച് കെ.ജി ജോർജ് എഴുതിയ ഒരു അനുസ്മരണ ലേഖനം വായിച്ചു. മലയാലത്തിലെ എക്കാലത്തേയും മികച്ച ഏതാനും സിനിമകൾ കെ.ജി ജോർജിന്റേതായി ഉണ്ട്. പുസ്തകം വായിച്ചിട്ടില്ല - പരിചയപ്പെടുത്തൽ നന്നായി.....

  ReplyDelete
 5. കെ ജി ജോര്‍ജ്ജിന്റെ പുസ്തകം വായിക്കാന്‍ ഈ കുറിപ്പ് പ്രേരിപ്പിക്കുന്നു..എങ്കിലും റിവ്യൂ എന്ന നിലയില്‍ മികച്ച എഴുത്ത് എന്ന് പറയാന്‍ വയ്യ

  ReplyDelete
  Replies
  1. പുസ്തകത്തിന്റെ റിവ്യൂ എഴുതാന്‍ അറിഞ്ഞു കൂടാ എന്നതാണ് യാഥാര്‍ത്ഥ്യം...ഒരു പരീക്ഷണം നടത്തി നോക്കിയതാണ്... :-) നന്ദി അന്‍വര്‍ക്കാ...

   Delete
 6. ഞാന്‍ ഇതു വായിച്ചിട്ടുണ്ട്, വളരെ സത്യസ്ന്ധമായി തോന്നുകയും ചെയ്തു ..

  ReplyDelete
  Replies
  1. എനിക്കും തോന്നി സത്യമാണെന്ന്...ഒടുക്കം ചെറിയൊരു വിഷമവും തോന്നി...

   Delete
 7. യവനികയാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്

  ReplyDelete
  Replies
  1. എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് യവനിക...

   Delete
 8. കെ.ജി.മലയാള സിനിമക്ക് പല
  മാറ്റങ്ങളും നേടികൊടുത്ത ഒരു പ്രതിഭ തന്നെയായിരുന്നു,
  ഇനി ‘ഫ്ലാഷ് ബാക്ക്’ കിട്ടിയാൽ ഒന്ന് വായിച്ച് നേക്കണം

  ReplyDelete
  Replies
  1. വായിച്ചു നോക്കൂ...നല്ല പുസ്തകമാണ്...

   Delete
 9. Good Review Sangeeth, appreciate it , somehow i had to search a lot to get a copy of this book, most of the shops don’t have it, finally got it after few weeks.. must read it those who like to know behind scenes of the Cinema

  ReplyDelete
 10. ലേഖനം മുഴുവനായി വായിക്കുവാനായി സാധിക്കുന്നില്ല . തുടര്‍ന്നു വായിക്കുക ക്ലിക് ചെയ്തിട്ടും പോകുന്നില്ല. എന്താകണം കാരണം??

  ReplyDelete