സത്യജിത് റേ

     ലോകസിനിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളമുയര്‍ത്തിയ പ്രതിഭാശാലിയും പ്രശസ്തനുമായ സംവിധായകനാണ് സത്യജിത് റേ. സംവിധാനം കൂടാതെ ചലച്ചിത്രത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യത്തിലും തന്റേതായ സംഭാന നല്‍കാന്‍ റേയ്ക്ക് കഴിഞ്ഞു.

     1921ന് കല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്യുകയുണ്ടായി. അക്കാലത്ത് ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ചിത്രമായ ബൈസിക്കിള്‍ തീവ്സിനോട്‌ തോന്നിയ ആകര്‍ഷണമാണത്രേ സത്യജിത് റേയെ തന്റെ പ്രഥമ ചലചിത്രസംരഭമായ പഥേര്‍ പാഞ്ചാലി എന്ന റിയലിസ്റ്റിക് സിനിമയുടെ സൃഷ്ടിയിലേക്ക് നയിച്ചത്.

     വളരെയേറെ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ടാണ്‌ അദ്ദേഹം പഥേര്‍ പാഞ്ചാലി പൂര്‍ത്തിയാക്കിയത്. സത്യജിത് റേയുടെ സിനിമകളില്‍ ഏറ്റവും പ്രശസ്തമായത്‌ 'അപുത്രയം' എന്നറിയപ്പെടുന്ന പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചലച്ചിത്രങ്ങള്‍ തന്നെയായിരിക്കും. അപു എന്ന കഥാപാത്രത്തിന്റെ ബാല്യം, കൗമാരം, യൗവ്വനം എന്നീ കാലഘട്ടങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ മൂന്ന് ചിത്രങ്ങള്‍.

     ഇന്ത്യന്‍ സിനിമയുടെ ശൈശവദശയില്‍ പുറത്തിറങ്ങിയ കറുപ്പും വെളുപ്പും കലര്‍ന്ന ഈ ചലച്ചിത്രങ്ങള്‍ സാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴും നമ്മെ വല്ലാതെ വിസ്മയിപ്പിക്കുന്നുണ്ട്. പഥേര്‍ പാഞ്ചാലി മുതല്‍ ആഗന്തുക് വരെയുള്ള അദ്ദേഹത്തിന്റെ സിനിമകളിലെ പല രംഗങ്ങളും പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും പല ചിത്രങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നു എന്നത് സത്യജിത് റേയുടേയും അദ്ദേഹത്തിന്റെ ചിത്രങ്ങളുടേയും മേന്മയാണ് എടുത്തു കാട്ടുന്നത്.

     ഭാരതരത്നയടക്കമുള്ള ദേശീയ പുരസ്കാരങ്ങളും നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 32 തവണ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ സത്യജിത് റേയുടെ പേര് മുഴങ്ങിക്കേട്ടു. ലോകസിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്  1992-ല്‍ അദ്ദേഹത്തെ സമഗ്രസംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം നല്‍കി ആദരിച്ചു. വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ആ മഹാപ്രതിഭ 1992 ഏപ്രില്‍ 23ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

Archive

കോൺടാക്റ്റ് ഫോം

അയക്കുക