September 9, 2014

ദേവദാസ്-ഒരു നോവലും പതിനേഴ്‌ ചലച്ചിത്രഭാഷ്യങ്ങളും...

                    'ദേവദാസ്' എന്ന നാലക്ഷരത്തെ   പല ജീവിതാവസ്ഥകളുടെയും പ്രതീകമായാണ് നമ്മളില്‍ പലരും കാണുന്നത്. വേദന, പ്രണയനൈരാശ്യം, മദ്യപാനം എന്നിങ്ങനെ പലതിന്റേയും. ദേവദാസ് എന്ന നോവലിന്റെ രചയിതാവായ ശരത്ചന്ദ്ര ചതോപാധ്യായ് എന്ന പ്രശസ്ത ബംഗാളി എഴുത്തുകാരനെക്കുറിച്ച് എല്ലാവരും കേട്ടിരിക്കാനിടയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സൃഷ്ടിയായ 'ദേവദാസ്' എന്ന കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രണയനൈരാശ്യം മൂലം മദ്യപാനികളായി തീരുന്ന യുവാക്കളുടെ പ്രതീകമായി 'ദേവദാസ്' മാറിയതില്‍ നോവലിനേക്കാള്‍ വലിയ പങ്ക് വഹിച്ചത് പല വര്‍ഷങ്ങളിലും, ഭാഷകളിലുമായി ആ പേരില്‍ പുറത്തിറങ്ങിയ സിനിമകള്‍ തന്നെ ആയിരിക്കാം. ഈ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്നേ വരെ നാല് രാജ്യങ്ങളിലും എഴ് ഭാഷകളിലുമായി 17 സിനിമകള്‍ റിലീസ് ചെയ്യപ്പെടുകയും ആ സിനിമകള്‍ മറ്റു പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നോവലിന്റെ ഇതിവൃത്തം:

           1917 ല്‍ ആണ് ശരത്ചന്ദ്ര ചതോപാധ്യായ്  രചിച്ച ദേവദാസ് എന്ന നോവല്‍ പുറത്തിറങ്ങുന്നത്. നോവലിലെ കേന്ദ്രകഥാപാത്രമായ ദേവദാസ് ഒരു ജന്മിയുടെ മകനാണ് . അയാള്‍ പാര്‍വ്വതി(പാറു) എന്നു പേരായ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിക്കുകയും ഇരുവരുടേയും സാമ്പത്തികസ്ഥിതിയിലുള്ള വ്യത്യാസം അവരുടെ വിവാഹത്തിന് തടസ്സമാവുകയും ചെയ്യുന്നു. തുടര്‍ന്ന് പാറുവിന് വിവാഹം ചെയ്യേണ്ടി വരുന്നത് വയസ്സനായ ഒരാളെയാണ്. പാറുവിനെ മറക്കാന്‍ കഴിയാത്ത ദേവദാസ് മദ്യത്തില്‍ അഭയം തേടുന്നു. ചന്ദ്രമുഖി എന്നു പേരായ ഒരു വേശ്യ കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതം നയിക്കാനായി ദേവദാസിനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമാവുന്നു. ഒടുവില്‍ ദേവദാസ് പാറുവിന്റെ വീടിനു മുന്നില്‍ ഹൃദയം പൊട്ടി മരിച്ചു വീഴുന്നതോടു കൂടി ദേവദാസ് എന്ന ദുരന്ത നായകന്റെ കഥ പൂര്‍ണ്ണമാവുന്നു. 

നാല് രാജ്യങ്ങള്‍, എഴ് ഭാഷകള്‍, പതിനേഴ്‌ ചലച്ചിത്രങ്ങള്‍:

            ഇന്ത്യയില്‍ ശബ്ദ സിനിമ വരുന്നതിനും മുമ്പാണ് ദേവദാസ് ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. അതിനുശേഷം ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിലായി ഹിന്ദി, ബംഗാളി, തെലുങ്ക്, മലയാളം, ആസ്സാമീസ്, ഉര്‍ദു, മലായ് എന്നീ എഴ് ഭാഷകളിലായി ദേവദാസ് എന്ന നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പതിനാറ് ചലച്ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങുകയുണ്ടായി. നരേഷ് ചന്ദ്ര മിത്രയുടെ സംവിധാനത്തില്‍ 1927ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന നിശബ്ദ ചിത്രത്തില്‍ ഫനി ബര്‍മ്മയാണ് കേന്ദ്ര കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചത്. ഇദ്ദേഹം പില്‍ക്കാലത്ത് പ്രശസ്തനായ ബംഗാളി സംവിധായകനായിത്തീരുകയുണ്ടായി. താരക്ബല, നിഹര്‍ബല തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. സംവിധായകനായ നരേഷ് മിത്രയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. നിതിന്‍ ബോസ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

            സ്വനചിത്രങ്ങളുടെ ആവിര്‍ഭാവത്തിനു ശേഷം 1935 ല്‍ ബംഗാളി ഭാഷയില്‍ ആണ് പ്രമതേഷ് ചന്ദ്ര ബറുവ സംവിധാനം നിര്‍വ്വഹിച്ച രണ്ടാമത്തെ ദേവദാസ് പുറത്തിറങ്ങിയത്. സംവിധായകന്‍ തന്നെയാണ് നായകനായ ദേവദാസിനെ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയതും അദ്ദേഹം തന്നെയാണ്. ന്യൂ തിയേറ്റേഴ്സ് ലിമിറ്റഡ് നിര്‍മ്മിച്ച ഈ ചിത്രം അറോറ ഫിലിം കോര്‍പ്പറേഷനാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ബംഗാളി ഭാഷയിലെ ചിത്രത്തിന്റെ വിജയത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം പ്രമതേഷ് ചന്ദ്ര ബറുവ ഹിന്ദിയിലും പ്രസ്തുത നോവല്‍ സിനിമയാക്കുകയുണ്ടായി. ഈ ചിത്രത്തില്‍ ദേവദാസിന്റെ വേഷമിട്ടത് കുന്ദന്‍ ലാല്‍ സൈഗാള്‍ ആണ്. കിദര്‍നാഥ് ശര്‍മ്മയോടൊപ്പം പ്രമതേഷ് ചന്ദ്ര ബറുവ കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പ്രമതേഷ് ചന്ദ്ര ബറുവയുടെ മൂന്നാം ഊഴം ആസ്സാമീസ് ഭാഷയില്‍ ആയിരുന്നു. 1937ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഫനി ശര്‍മ്മ, മോഹിനി, സുബൈദ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യ കാല പിന്നണി ഗായികമാരിലൊരാളായ ഷംഷാദ് ബീഗവും, ഭുപന്‍ ഹസാരികയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.

                16  വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്കിലായിരുന്നു 'ദേവദാസി'ന്റെ പുനസൃഷ്ടി. വേദാന്തം രാഗവയ്യയാണ് 'ദേവദാസു' എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തത്. സമുദ്രല രാഗവാചാര്യ തിരക്കഥ രചിച്ച ഈ ചിത്രം അതേ വര്‍ഷം തമിഴിലേക്കും മൊഴിമാറ്റം നടത്തുകയുണ്ടായി. തെലുഗു സിനിമയിലെ മുടിചൂടാമന്നനായ അക്കിനേനി നാഗേശ്വരറാവുവാണ് ഈ ചിത്രത്തില്‍ ദേവദാസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. സി.എന്‍.എന്‍-ഐ.ബി.എന്‍ പുറത്തിറക്കിയ ഇന്ത്യയിലെ എക്കാലത്തേയും മികച്ച നൂറ് സിനിമകളുടെ പട്ടികയില്‍ ഈ ചിത്രവും ഇടം നേടുകയുണ്ടായി. അതേ വര്‍ഷം ദേവദാസ് ആദ്യമായി രാജ്യാതിര്‍ത്തി കടന്നു. എല്‍.കൃഷ്ണന്‍ സംവിധാനം ചെയ്ത മലേഷ്യന്‍ ചിത്രമായ 'സെലാമത് തിങ്കള്‍ കെകാസികു' എന്ന ചിത്രത്തിന്റെ കഥ കടം കൊണ്ടത് ദേവദാസ് എന്ന നോവലില്‍ നിന്നുമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംവിധായകന്‍ വരുത്തുകയുണ്ടായി. ഒരു മലേഷ്യന്‍ യുവാവും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഇത് മലേഷ്യയിലെ യാഥാസ്ഥിക മുസ്ലീം സമുദായത്തെ അസ്വസ്ഥരാക്കുകയും പിന്നീടത് വിവാദമാവുകയും ചെയ്തു.

                ഹിന്ദി സിനിമാലോകം കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ദിലീപ് കുമാറിനായിരുന്നു അടുത്ത ദേവദാസ് ആകാനുള്ള നിയോഗം. 1955ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിച്ചത് ബിമല്‍ റോയ് ആണ്. ദിലീപ് കുമാറിനോടൊപ്പം സുചിത്ര സെന്‍, വൈജയന്തിമാല എന്നിവരും വേഷമിട്ട ഈ ചിത്രം ഒട്ടേറെ നിരൂപക പ്രശംസ ഏറ്റു വാങ്ങി. സച്ചിന്‍ ദേവ് ബര്‍മ്മന്‍ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് കമല്‍ ബോസ് ആണ്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനില്‍ ഉര്‍ദു ഭാഷയില്‍ ചിത്രം പുനരവതരിക്കപ്പെട്ടു. ഖ്വജ സര്‍ഫറാസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. അക്തര്‍ ഹുസൈന്‍ സംഗീതമൊരുക്കിയ ചിത്രത്തില്‍ ഹബീബ് താലിഷ്, ഷമീം ആറ, നയ്യാര്‍ സുല്‍ത്താന തുടങ്ങിയവര്‍ വേഷമിട്ടു. തെലുങ്ക് സംവിധായികയും അഭിനേത്രിയുമായ വിജയ നിര്‍മ്മലയുടെ സംവിധാനത്തില്‍ ദേവദാസ് ഒരിക്കല്‍ക്കൂടി തെലുങ്ക് പറഞ്ഞു. 1974ലാണ് വിജയ നിര്‍മ്മലയുടെ ഭര്‍ത്താവായ കൃഷ്ണ നായകവേഷത്തില്‍ അഭിനയിച്ച ദേവദാസ് പുറത്തിറങ്ങുന്നത്. പാര്‍വ്വതിയായി വിജയ നിര്‍മ്മല തന്നെയാണ് വേഷമിട്ടത്. എന്നാല്‍ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു മാത്രമല്ല ഈ ചിത്രത്തോട് മത്സരിക്കാന്‍ വേണ്ടി അതേ സമയത്ത് വീണ്ടും റിലീസ് ചെയ്യപ്പെട്ട 1953ല്‍ പുറത്തിറങ്ങിയ ദേവദാസ് ആകട്ടെ വന്‍ വിജയമായിത്തീരുകയും ചെയ്തു.

           1979 ല്‍ പ്രശസ്ത ബംഗാളി നടനായ സൗമിത്ര ചാറ്റര്‍ജിയിലൂടെ ദേവദാസ് എന്ന ദുരന്തനായകന്‍ വീണ്ടും വെള്ളിത്തിരയിലെത്തി. ദിലീപ് റോയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സൗമിത്ര ചാറ്റര്‍ജിയോടൊപ്പം സുമിത്ര മുഖര്‍ജി, സുപ്രിയ ചൗധരി, ബാനു ബാനര്‍ജി തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു. കാസി നസ്രുല്‍ ഇസ്ലാം എഴുതിയ വരികള്‍ ആലപിച്ചത് ലതാ മങ്കേഷ്കര്‍, മന്നാഡേ തുടങ്ങിയവരായിരുന്നു. 1982 ല്‍ ദേവദാസ് മൂന്നാം തവണയും രാജ്യാതിര്‍ത്തി കടന്നു. ഇത്തവണ ബംഗ്ലാദേശിലേക്കായിരുന്നു. ചാഷി നസ്രുല്‍ ഇസ്ലാം സംവിധാനം ചെയ്ത ചിത്രം ബംഗാളി ഭാഷയിലാണ് പുറത്തിറങ്ങിയത്. ബുള്‍ബുള്‍ അഹമ്മദ്, കബോരി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

        ദേവദാസിന് പുതിയ രൂപവും ഭാവവും നല്‍കാനുള്ള അടുത്ത ഊഴം മലയാള സിനിമയ്ക്കായിരുന്നു. അത് നിറവേറിയതാകട്ടെ വേണു നാഗവള്ളിയിലൂടെയും. ക്രോസ്ബെല്‍ട്ട് മണി സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 1989ല്‍ ആണ്. തോപ്പില്‍ ഭാസിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. പി.ഭാസ്കരന്റെ വരികള്‍ക്ക് കെ.രാഘവന്‍ ഈണം പകര്‍ന്ന ഈ ചിത്രത്തില്‍ വേണു നാഗവള്ളിക്കൊപ്പം, പാര്‍വതി, രമ്യ കൃഷ്ണന്‍, മധു, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും വേഷമിട്ടു. ശക്തി സാമന്തിന്റെ സംവിധാനത്തില്‍ 2002ല്‍  'ദേവദാസ്' ഒരിക്കല്‍ക്കൂടി ബംഗാളി പറഞ്ഞു. പ്രസന്‍ജിത് ചാറ്റര്‍ജിയാണ് ദേവദാസ് ആയി വേഷമിട്ടത്.  അര്‍പിത പാല്‍, ഇന്ദ്രാണി ഹല്‍ദാര്‍ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന് സംഗീതമൊരുക്കിയത് ബാബുള്‍ ബോസ് ആണ്. ആശാ ബോസ്ലേ, കുമാര്‍ സാനു എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്.

                    ദേവദാസ്  ശ്രേണിയിലെ ഏറ്റവുമധികം ചെലവ് കൂടിയതും, ഏറ്റവും കൂടുതള്‍ കളക്ഷന്‍ നേടിയതുമായ ചിത്രം പുറത്തിറങ്ങിയത് 2002ല്‍ ആണ്. സഞ്ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് തുടങ്ങിയവരാണ്  വേഷമിട്ടത്.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വലിയ കാന്‍വാസില്‍ ഒരുക്കിയ ചിത്രം വന്‍ വിജയമായിത്തീരുകയും ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ശ്രേയ ഘോഷാല്‍, ഉദിത് നാരായണ്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങളും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ദേവദാസ് എന്ന കഥാപാത്രത്തിന്റെ ആധുനിക രൂപമാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ്-ഡി എന്ന ചിത്രത്തിലെ നായകനായ ദേവ് സിംഗ് ദില്ലന്‍. ഈ ചിത്രത്തില്‍ ചന്ദ്രമുഖി ചന്ദ ആയി മാറുമ്പോള്‍ പാര്‍വ്വതിക്ക് പര്‍മീന്ദര്‍ എന്ന് നാമപരിണാമം സംഭവിക്കുന്നു. കഥ നടക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്ന കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ ദേവദാസും ദേവ്-ഡിയും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണ്. അമിത് ത്രിവേദി സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് മലയാളിയായ രാജീവ്‌ രവിയാണ്. 

                     2010ല്‍ പാക്കിസ്ഥാനില്‍ ദേവദാസ് രണ്ടാം തവണയും റിലീസ് ചെയ്യപ്പെടുകയുണ്ടായി. ഇഖ്ബാല്‍ കാശ്മീരി ആയിരുന്നു ഉര്‍ദു ഭാഷയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധായകന്‍. നദീം ഷാ, സാറ ഷെയ്ക്ക്, മീര എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013ലാണ് ദേവദാസ് ഏറ്റവുമൊടുവില്‍ വെള്ളിത്തിരയിലെത്തിയത്. 1982 ല്‍ ദേവദാസ് സംവിധാനം ചെയ്ത ബംഗ്ലാദേശി സംവിധായകനായ ചാഷി നസ്രുല്‍ ഇസ്ലാം തന്നെയാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2013 ലും ദേവദാസ് സംവിധാനം ചെയ്തത്. ഷകിബ് ഖാന്‍, അപു ബിശ്വാസ്, മൗഷുമി തുടങ്ങിയവര്‍ വേഷമിട്ട ഈ ചിത്രം വന്‍ വിജയമായിത്തീരുകയുണ്ടായി.

 •  ഒറ്റനോട്ടത്തില്‍...


36 comments:

 1. ഒരു നല്ല റിസര്‍ച്ച് തന്നെ നടത്തിയിട്ടുണ്ടല്ലോ!

  ReplyDelete
  Replies
  1. സംഘടിപ്പിക്കാന്‍ കുറച്ച് പാട് പെട്ടു...ആദ്യ വരവിന് നന്ദി അജിത്തേട്ടാ...

   Delete
 2. Excellent research dear .. proud of you dear .. appreciable work .. keep it up ..

  ReplyDelete
 3. very good research, nice writing, continue your good work

  ReplyDelete
 4. Good effort... 1 doubt. Malayalatthilum DEVADAS ennu thanneyaayirunno sinimayude Peru ? :)

  ReplyDelete
  Replies
  1. അതെ ഉട്ടോ...വേണു നാഗവള്ളി അഭിനയിച്ച ചിത്രം 1989-ല്‍ ആണ് റിലീസ് ചെയ്തത്.

   Delete
 5. നന്നായി സംഗീത്. നല്ല അവലോകനം.

  ReplyDelete
  Replies
  1. താങ്ക്സ് പ്രദീപേട്ടാ...

   Delete
 6. സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയമാണ് ഈ കുറിപ്പ് : സംഗീത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു.

  ReplyDelete
  Replies
  1. നന്ദി ഈ നല്ല വാക്കുകള്‍ക്ക്...

   Delete
 7. സിനിമ സിനിമ സിനിമ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഈ ഉദ്യമത്തിന്..

  ReplyDelete
  Replies
  1. താങ്ക്സ് മനോജേട്ടാ...

   Delete
 8. മുകളിൽ പറഞ്ഞതിനപ്പുറം പറയാൻ ഞാൻ ആളല്ല. ഏതു മേഖലയെയും ഗവേഷണ ബുദ്ധിയോടെ സമീപിക്കുന്നവർ വിജയിക്കുക തന്നെ ചെയ്യും. കൂടുതൽ ശ്രദ്ധിക്കപ്പെടും. സംശയമില്ല.

  ReplyDelete
  Replies
  1. അന്‍വര്‍ക്കാ...നന്ദി...

   Delete
 9. അനശ്വരമായ നോവലും സിനിമയും. നല്ല ലേഖനം. നന്ദി.

  ReplyDelete
 10. കഥയും, സിനിമയും അറിയാം . പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ടെന്നും അറിയാം - ഇത്ര ആധികാരികമായി ഈ സിനിമയെയും, കഥയെയും, പഠിച്ചത് ആദ്യമായി വായിക്കുന്നു......

  ReplyDelete
  Replies
  1. നന്ദി...ഈ വരവിനും വായനയ്ക്കും...

   Delete
 11. Excellent article. Proud of you my friend.

  ReplyDelete
 12. Excellent effort sangeeth... Appreciate the research behind the article

  ReplyDelete
 13. നന്നയി പഠനം നടത്തി എഴുതിയ പോസ്റ്റ്‌.

  ReplyDelete
 14. Thanks sangeeth for this informative article.....flow of writing also very nice. Hoping articles like this in furture..... keep it up

  ReplyDelete
 15. ഇരുതത്തിരണ്ട് വർഷങ്ങൾക്കുമുൻപ് ആ സിനിമ കണ്ടത് ഓർക്കുന്നുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെങ്കിലും സിനിമ കണ്ടുതീർത്തു.

  ‘ദേവദാസ്’ എന്നാൽ ആ സിനിമയെക്കുറിച്ചുമാത്രമാണ്‌ അറിയാമായിരുന്നത്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.

  ReplyDelete