സമത്വം തേടി ചില ഓഫ് സൈഡുകള്‍




     ഒരു ജനതയുടെ മുഴുവന്‍ കണ്ണും കാതും ഇത്തിരിപ്പോന്ന ഒരു പന്തിലേക്ക് ആവാഹിക്കാനുള്ള കഴിവുണ്ട് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുള്ള സ്റ്റേഡിയത്തില്‍ വെച്ച് ഇറാനും ബഹ്റിനും തമ്മില്‍ ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യതാമത്സരം നടക്കുകയാണ്. ഇറാനിലെ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിയമം മൂലം നിഷിദ്ധമാണ്. കടുത്ത ഫുട്ബോള്‍ ഭ്രമം മൂലം മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് വേഷപ്രച്ഛന്നരായി എത്തുന്ന ആറ്‌ പെണ്‍കുട്ടികളുടെ കഥയുമായാണ് ജാഫര്‍ പനാഹി സംവിധാനം നിര്‍വ്വഹിച്ച ഓഫ് സൈഡ് എന്ന ഇറാനിയന്‍ ചിത്രം പുറത്തിറങ്ങിയത്.

     തന്റെ മകളെ അന്വേഷിച്ച് കാറില്‍ യാത്ര ചെയ്യുന്ന പിതാവിന്റെ രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. തന്റെ മകള്‍ ഫുട്ബോള്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന് അയാള്‍ക്കറിയാം. അതിനിടെ ഇറാന് അഭിവാദ്യമര്‍പ്പിച്ച് ബസില്‍ വരുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘത്തെ അയാള്‍ കാണുന്നു. ബസ് തടഞ്ഞ് അയാള്‍ അതില്‍ മകളെ തിരയുന്നുണ്ടെങ്കിലും കാണുന്നില്ല. ആ ബസില്‍ നമുക്ക് മറ്റൊരു പെണ്‍കുട്ടിയെ കാണാം. വേഷപ്രച്ഛന്നയാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട, ഇരു കവിളുകളിലും ഇറാന്റെ ദേശീയ പതാകയുടെ നിറം ആലേഖനം ചെയ്ത, നിഷ്കളങ്കമായ മുഖത്തോടു കൂടിയ ആ പെണ്‍കുട്ടിയും ഫുട്ബോള്‍ മത്സരം കാണാനുള്ള യാത്രയിലാണ്. വലിയ തുക കൊടുത്ത് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന ഒരാളില്‍ നിന്നും ടിക്കറ്റ് വാങ്ങി സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേ അവള്‍ പോലീസിന്റെ പിടിയിലകപ്പെടുന്നു.

     ആണ്‍വേഷം കെട്ടി വന്നതിനാല്‍ പോലീസ് പിടിയിലായ മറ്റു മൂന്ന് പെണ്‍കുട്ടികളുടെ അടുത്തേക്കാണ് അവളെ കൊണ്ടു പോകുന്നത്. പിന്നീട് ഇതേ കുറ്റം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ കൂടി അവിടെ എത്തിച്ചേരുന്നു. ആറ്‌ പെണ്‍കുട്ടികളും സ്വഭാവത്തില്‍ വത്യസ്ഥത പുലര്‍ത്തുന്നവരാണ്. ഒരുവള്‍ പരസ്യമായി സിഗരറ്റ് വലിക്കാന്‍ തന്റേടമുള്ളവള്‍, മറ്റൊരുവള്‍ പോലീസ് യൂണീഫോമില്‍ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ ധൈര്യം കാണിച്ചവള്‍. ഇപ്രകാരം സ്വഭാവ സവിശേഷതകളും, വേഷപ്രച്ഛന്നരാവാനായി അവര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളും വിഭിന്നമാണെങ്കിലും അകത്ത് കയറി ഫുട്ബോള്‍ മത്സരം കാണുക എന്നത് തന്നെയാണ് അവരുടെ ആത്യന്തികമായ ലക്‌ഷ്യം. പക്ഷേ പോലീസ് പിടിയിലകപ്പെടുന്നതോടു കൂടി അവരുടെ ആഗ്രഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴുന്നു. സ്റ്റേഡിയത്തിനകത്തെ ആരവങ്ങളും, ആര്‍പ്പുവിളികളും അവരുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി സ്റ്റേഡിയത്തിനു പുറത്ത് പോലീസ് ബന്ധനത്തില്‍ നില്‍ക്കുന്ന ആ പെണ്‍കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

     പോലീസുകാരിലൊരുവന്‍ പെണ്‍കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി കളിയുടെ  കമന്ററി പറയുമ്പോള്‍ അവരുടെ മുഖത്ത് മിന്നി മായുന്ന ഭാവമാറ്റങ്ങള്‍ മാത്രം മതി ഫുട്ബോള്‍ കളിയോടുള്ള അവരുടെ ഭ്രമം മനസ്സിലാക്കാന്‍. ആറ് പെണ്‍കുട്ടികളും പുരുഷാധിപത്യത്തിന്റെ ഇരകളാണെന്ന് പറയാം. സിഗററ്റ് വലിക്കുന്ന യുവതിയും ഒരു പോലീസുകാരനും തമ്മിലുള്ള സംഭാഷണത്തിനിടെ യുവതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന പോലീസുകാരനെയാണ് നമുക്ക് കാണാനാവുക. അയാളെ ആണ്‍ മേല്‍ക്കോയ്മയുടേയും യുവതിയെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കാം. യുവതിയും പോലീസുകാരനും തമ്മിലുള്ള ഒരു സംഭാഷണം ഇപ്രകാരമാണ്.

പോലീസ്: സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിനകത്ത് കയറി കളി കാണാനാവില്ല.

യുവതി: അപ്പോള്‍ എങ്ങനെയാണ് ജപ്പാനില്‍ നിന്നുള്ള സ്ത്രീകള്‍ ഇറാന്‍-ജപ്പാന്‍ മത്സരം കാണുന്നത്?

പോലീസ്: അവര്‍ ജപ്പാന്‍കാരാണ്.

യുവതി: അപ്പോള്‍ ഇറാനില്‍ ജനിച്ചതാണോ എന്റെ തെറ്റ്?

     ഇറാനില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകള്‍ക്കും, പുറം രാജ്യങ്ങളില്‍ നിന്നും ഇറാനില്‍ വരുന്ന സ്ത്രീകള്‍ക്കും ഉള്ള രണ്ടു തരം നിയമമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. യുവതിയുടെ ചോദ്യങ്ങള്‍ക്ക് പോലീസുകാരന്‍ നല്‍കുന്ന പല ന്യായീകരണങ്ങളും ആ രാജ്യത്ത് പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്നുള്ള കുറ്റസമ്മതമായാണ് നമുക്ക് തോന്നുക. മറ്റൊരു രംഗത്തില്‍ സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര ഇല്ലാത്തതിനാല്‍ പൊലീസുകാരിലൊരുവന്‍ ഒരു യുവതിയേയും കൊണ്ട് പോകുന്നത് പുരുഷന്മാരുടെ മൂത്രപ്പുരയിലേക്കാണ്. അവിടെ വെച്ച് ആയാള്‍ അവളോട് കണ്ണുകളടച്ച്‌ പോകാനാവശ്യപ്പെടുന്നു. അതിന്റെ കാരണമന്വേഷിക്കുമ്പോള്‍ പോലീസുകാരന്‍ പറയുന്നത് ഇപ്രകാരമാണ്.

"സ്ത്രീകള്‍ വായിക്കാന്‍ പാടില്ലാത്ത മോശമായ കാര്യങ്ങള്‍ പലതും ചുവരിലെഴുതി വെച്ചിട്ടുണ്ട്."

     ഇത്തരത്തില്‍ ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന അസമത്വത്തിനെതിരായ ഗര്‍ജ്ജനമാണ് ചിത്രത്തിലെ പല രംഗങ്ങളും. 2006-ല്‍ ഇറാന്‍-ബഹറിന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം നടക്കുന്നതിനിടെ നേരിട്ട് ഷൂട്ട് ചെയ്തതാണ് ചിത്രത്തിലെ രംഗങ്ങള്‍. അതുകൊണ്ട് തന്നെ മത്സരത്തിന്റെ ജയപരാജയങ്ങള്‍ക്കനുസരിച്ച് രണ്ട് ക്ലൈമാക്സുകളും സംവിധായകന്‍ തീരുമാനിച്ചിരുന്നു.

     1960-ല്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകനായ ജാഫര്‍ പനാഹിയുടെ ജനനം. ഇറാനിയന്‍ നവതരംഗ സിനിമാപ്രസ്ഥാനത്തിന്റെ വക്താക്കളില്‍ മുന്‍നിരക്കാരിലൊരാളായ അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1995-ല്‍ പുറത്തിറങ്ങിയ 'ദ വൈറ്റ് ബലൂണ്‍' ആയിരുന്നു. രാജ്യത്തിനും, ഗവണ്‍മെന്റിനും എതിരാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലതും ഇറാനില്‍ ബാന്‍ ചെയ്യുകയും 2010 ഡിസംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കോടതി അദ്ദേഹത്തെ ആറ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൂടാതെ ഇരുപത് വര്‍ഷത്തേക്ക് സിനിമ ചെയ്യാനോ, തിരക്കഥയെഴുതാനോ, പത്രക്കാര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാനോ, രാജ്യം വിട്ട് പുറത്ത് പോകാനോ അദ്ദേഹത്തിന് അനുവാദമില്ല.

     ഷദ്മേര്‍ റസ്റ്റിനോടൊപ്പം ചേര്‍ന്നാണ് പനാഹി ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് മുന്‍നിര നടീനടന്മാര്‍ അല്ലാത്തതുകൊണ്ട് തന്നെ അഭിനേതാക്കളുടെ പ്രകടനം മികച്ച നിലവാരം പുലര്‍ത്തി എന്ന് പറയാനാവില്ല. റാമി അഗാമി, മഹ്മൂദ് കലരി എന്നിവര്‍ ചേര്‍ന്ന് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രം വിതരണത്തിനെത്തിച്ചത് സോണി പിക്ചേഴ്സ് ക്ലാസിക്സ് ആണ്. 2006-ലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം 'സില്‍വര്‍ ബിയര്‍' പുരസ്കാരം സ്വന്തമാക്കി.
  • രാജ്യം : ഇറാൻ 
  • ഭാഷ : പേർഷ്യൻ 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2006      
  • സംവിധാനം : ജാഫർ പനാഹി 
(ആഗസ്റ്റ്‌ ലക്കം ഇ-മഷി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

Archive

കോൺടാക്റ്റ് ഫോം

അയക്കുക