അഭിയാന്‍ | Abhijan


     താരാശങ്കര്‍ ബന്ദോപാധ്യായ രചിച്ച 'അഭിയാന്‍' എന്ന് തന്നെ പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് റേ ഈ ചിത്രമൊരുക്കിയത്. സത്യജിത് റേയുടെ ഇഷ്ട നടനായ സൗമിത്ര ചാറ്റര്‍ജിയാണ്‌ ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗമിത്ര ചാറ്റര്‍ജിയോടൊപ്പം വഹീദ റഹ്മാന്‍, ചാരുപ്രകാശ് ഘോഷ്, ജ്ഞാനേഷ് മുഖര്‍ജി തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു.

     രജപുത്ര കുടുംബത്തില്‍ പെട്ട ഒരു യുവാവാണ് സൗമിത്ര ചാറ്റര്‍ജി അവതരിപ്പിച്ച കഥാപാത്രമായ 'സിംഗ് ജി' എന്ന് വിളിപ്പേരുള്ള നര്‍ സിംഗ്. പഴയ ഒരു ക്രൈസ്ലര്‍ കാറിന്റെ ഉടമയാണ് നര്‍ സിംഗ്. അക്കാര്യത്തില്‍ അയാള്‍ അഭിമാനം കൊള്ളുന്നുമുണ്ട്‌. സുഖറാം എന്ന് പേരായ ഒരു വ്യവസായിയെ നര്‍ സിംഗ് പരിചയപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അയാള്‍ തന്റെ ബിസിനസ്സില്‍ നര്‍ സിംഗിനെ പങ്കാളിയാക്കാമെന്ന് പറയുകയും ആയാള്‍ അത് സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ നിയമവിരുദ്ധമായ പല കാര്യങ്ങള്‍ക്കും നര്‍ സിംഗിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു.

     നീലി (രുമ ഗുഹ), ഗുലാബി (വഹീദ റഹ്മാന്‍) എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ  കഥാപാത്രങ്ങള്‍. ചതുഷ്കോണ പ്രണയത്തിനും ചിത്രം സാക്ഷ്യം വഹിക്കുന്നു. നീലിയോട് നര്‍ സിംഗിന് പ്രണയം തോന്നുന്നുണ്ടെങ്കിലും അവള്‍ ആ പ്രണയം നിരസിക്കുകയും മറ്റൊരാളുമായി തനിക്കുള്ള അടുപ്പം തുറന്നു പറയുകയും ചെയ്യുന്നുണ്ട്. വേശ്യായ ഗുലാബിക്കാകട്ടെ നര്‍ സിംഗിനോട് പ്രണയം തോന്നുകയും ചെയ്യുന്നു.

     ചിത്രത്തില്‍ എടുത്തു പറയേണ്ടത് സൗമിത്ര ചാറ്റര്‍ജിയുടെ അഭിനയം തന്നെയാണ്. അദ്ദേഹം അതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഈ ചിത്രത്തിലേത്. റേ അത് മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. പില്‍ക്കാലത്ത് പ്രശസ്തയായിത്തീര്‍ന്ന വഹീദ റഹ്മാന്‍ എന്ന അഭിനേത്രിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നു കൂടിയാണ് അഭിയാന്‍ എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.
  • രാജ്യം : ഇന്ത്യ 
  • ഭാഷ : ബംഗാളി 
  • വിഭാഗം : ഡ്രാമ 
  • വർഷം : 1962      
  • സംവിധാനം : സത്യജിത് റേ

Archive

കോൺടാക്റ്റ് ഫോം

അയക്കുക