January 1, 2015

മലയാള സിനിമ 2014: ഒരു തിരിഞ്ഞു നോട്ടം.


               2014 എന്ന വര്‍ഷം മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ചില മാറ്റങ്ങളുടെയും കുറേ മാറ്റമില്ലായ്മകളുടെയും വര്‍ഷമായിരുന്നു എന്നു പറയാം. 'നവ തലമുറ ചിത്രങ്ങള്‍' എന്ന പേരില്‍ എന്ത് കോപ്രായം കാണിച്ചാലും ആളുകള്‍ കയ്യടിക്കും എന്ന അബദ്ധ ചിന്തയ്ക്ക് ഒരു പരിധി വരെ മാറ്റം കൈവന്നിരിക്കുന്നു. പലരും പഴമയിലേക്ക് മടങ്ങിയത് നാം കണ്ടു. എന്നാല്‍ മറ്റൊരു കൂട്ടര്‍ തളരാതെ പുതു പരീക്ഷണങ്ങളുമായി നിലയുറപ്പിച്ചിട്ടുമുണ്ട്. 'ജനറേഷന്‍' ഏതായാലും പ്രേക്ഷകന് വേണ്ടത് നല്ല കാമ്പുള്ള കഥയുടെ ദൃശ്യാവിഷ്കാരമാണെന്ന സത്യം തിരിച്ചറിഞ്ഞവര്‍ വിജയം നേടുകയും ചെയ്തു. പോയ വര്‍ഷത്തെ അപേക്ഷിച്ച് 8 ചിത്രങ്ങളുടെ കുറവാണ് പോയ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തില്‍ സംഭവിച്ചിട്ടുള്ളത്. 'കുലംകുത്തികള്‍' മുതല്‍ 'നഗരവാരിധി നടുവില്‍ ഞാന്‍' വരെ 150 ചലച്ചിത്രങ്ങള്‍. ഇത്രയേറെ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്തെങ്കിലും കണ്ണിന് കുളിര്‍മ്മയേകിയ ചിത്രങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതു മാത്രമായിരുന്നു.

               മലയാള സിനിമാ ചരിത്രത്തിലെ പല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച 'ദൃശ്യം' റിലീസ് ചെയ്തത് 2013 ഡിസംബറില്‍ ആയിരുന്നെങ്കിലും 2014 ജനവരിയിലും തിയേറ്ററുകള്‍ അടക്കി വാണത് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം തന്നെയായിരുന്നു. ദൃശ്യം തീര്‍ത്ത തരംഗത്തില്‍ പല ചിത്രങ്ങളും തിയേറ്ററുകളില്‍ വന്നതും പോയതും പ്രേക്ഷകര്‍ അറിഞ്ഞതേയില്ല എന്നതാണ് സത്യം. മനോജ്‌ കാന ഒരുക്കിയ 'ചായില്ല്യം', ടി.വി ചന്ദ്രന്റെ 'ഭൂമിയുടെ അവകാശികള്‍' തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളെ തിയേറ്ററുകളും പ്രേക്ഷകരും ഒരു പോലെ കയ്യൊഴിയുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. എബ്രിഡ് ഷൈന്‍ എന്ന യുവ സംവിധായക പ്രതിഭയുടെ കന്നിച്ചിത്രമായ '1983' മാത്രമാണ് ജനവരിയില്‍ പ്രേക്ഷകപ്രീതിയും, സാമ്പത്തികലാഭവും ഒരു പോലെ നേടിയ ഏക ചിത്രം. ക്രിക്കറ്റിന്റെ കഥ പറഞ്ഞ ലളിത സുന്ദരമായ ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

               വന്‍ വിജയം നേടിയ ഒരു ചിത്രത്തിന്റെ തുടര്‍ച്ചയായി മറ്റൊരു ചിത്രമെത്തുമ്പോള്‍ ആദ്യ ചിത്രവുമായിട്ടായിരിക്കും സ്വാഭാവികമായും പ്രേക്ഷകര്‍ ആ ചിത്രത്തെ താരതമ്യം ചെയ്യുക. മലയാളക്കരയെ ചിരിപ്പിച്ചുകൊണ്ട് സിദ്ദിക്ക്-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ റാംജി റാവ് സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നീ ഹിറ്റ്‌ ചിത്രങ്ങളുടെ തുടര്‍ച്ചയായി മാമാസ്.കെ.ചന്ദ്രന്‍ ഒരുക്കിയ മാന്നാര്‍ മത്തായി സ്പീക്കിംഗ്-2 എന്ന ചിത്രത്തിന് ആദ്യ രണ്ടു ചിത്രങ്ങളുടെ ഏഴയലത്തു പോലും എത്താന്‍ കഴിഞ്ഞില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നസ്രിയ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ നായികാനായകന്മാരായെത്തിയ 'സലാല മൊബൈല്‍സ്' തീര്‍ത്തും നിരാശപ്പെടുത്തി. പ്രണയമഴ, ബ്ലാക്ക് ഫോറസ്റ്റ്, ലൈഫ്, കുലംകുത്തികള്‍, ഫ്ലാറ്റ് നമ്പര്‍ 4-B തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയെങ്കിലും പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു.
         ഫെബ്രുവരി മാസത്തിലെ ആകെയുള്ള 28 ദിവസത്തില്‍ പുറത്തിറങ്ങിയത് 17 സിനിമകളാണ്. അവയില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ മുതല്‍ ഷാജി.എന്‍.കരുണ്‍ വരെയുള്ള സംവിധായകരുടെ സിനിമകളുണ്ടായിരുന്നിട്ടും തിയേറ്ററുകളെ ഇളക്കിമറിക്കാനായത് ജൂഡ് ആന്റണി ജോസഫ് എന്ന യുവ സംവിധായകന്റെ പ്രഥമ സംവിധാന സംരംഭമായ 'ഓം ശാന്തി ഓശാന'യ്ക്ക്  മാത്രം. ഫിബ്രവരി ഒന്നാം തിയ്യതി റിലീസ് ചെയ്ത ലണ്ടന്‍ ബ്രിഡ്ജ് ഒരു ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. പൃഥ്വിരാജ്, ആന്‍ഡ്രിയ, നന്ദിത രാജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഭൂരിഭാഗവും നടന്നത് ലണ്ടനില്‍ വെച്ചായിരുന്നു. കെട്ടുറപ്പുള്ള ഒരു കഥയുടെ അഭാവം കൊണ്ട് തന്നെ ഒരു സാധാരണ ത്രികോണ പ്രണയ ചിത്രം എന്നതിനപ്പുറത്തേക്ക് നീങ്ങാന്‍ സിനിമയ്ക്കായില്ല. തൊട്ടടുത്ത വാരം പുറത്തിറങ്ങിയ 'ഓം ശാന്തി ഒശാന'യില്‍ ഒരു മികച്ച കഥയുടെ അഭാവം ഉണ്ടായിരുന്നുവെങ്കിലും യുവത്വത്തെ ആകര്‍ഷിക്കുന്ന, രസിപ്പിക്കുന്ന കുറെയേറെ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നതിനാല്‍ ആ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു.

               വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന മഹാ പ്രതിഭയുടെ മികച്ച സൃഷ്ടികളില്‍ ഒന്നായിരുന്നു മജീദിന്റേയും സുഹറയുടേയും പ്രണയകഥ പറഞ്ഞ 'ബാല്യകാല സഖി' എന്ന നോവല്‍. ആ നോവല്‍ വായിച്ചിട്ടുള്ള ഒരാള്‍ക്കും പ്രമോദ് പയ്യന്നൂര്‍ ഒരുക്കിയ 'ബാല്യകാലസഖി'യെ  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. നോവലിനോടും അതുവഴി 'ബേപ്പൂര്‍ സുല്‍ത്താനോ'ടു തന്നെയും ചെയ്ത അനീതിയായിരുന്നു ആ സിനിമ. മറ്റൊരു സൈന്യമോ, നായര്‍ സാബോ പ്രതീക്ഷിച്ച് ജോഷി ചിത്രമായ 'സലാം കാശ്മീര്‍' കാണാന്‍ തിയേറ്ററിലെത്തിയവര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. 'സ്വപാന'ത്തിലെ 'ഉണ്ണികൃഷ്ണ മാരാര്‍' ജയറാം എന്ന അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നുവെങ്കിലും ഷാജി.എന്‍.കരുണ്‍ എന്ന സംവിധായകന്റെ മോശം സിനിമകളുടെ കൂട്ടത്തിലായിരിക്കും ആ ചിത്രത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വാനപ്രസ്ഥം, പിറവി തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച ദൃശ്യാനുഭവം സമ്മാനിക്കാന്‍ സ്വപാനത്തിന് കഴിഞ്ഞില്ല എന്നു തന്നെ വേണം പറയാന്‍.

               ജയസൂര്യ-ബോബന്‍ സാമുവല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഹാപ്പി ജേര്‍ണി' ആ സിനിമ കാണാന്‍ പോയവരെ സംബന്ധിച്ചിടത്തോളം സാഡ് ജേര്‍ണിയായി മാറി. ബിനോയ്‌ ഉറുമീസ് സംവിധാനം ചെയ്ത 'മഞ്ഞ' കണ്ടവരുടെ കണ്ണ്‍ മഞ്ഞളിച്ച് പോയത് മിച്ചം. 'പകിട' കളി കാണാനെത്തിയവര്‍ ഭൂരിഭാഗവും തോറ്റു മടങ്ങി. 'തോംസണ്‍ വില്ല' കണ്ടിരിക്കാന്‍ പറ്റിയ ഒന്നായിരുന്നു. അറ്റ്‌ അന്ധേരി, ഡയല്‍ 1091, ആലീസ്: എ ട്രൂ സ്റ്റോറി, എട്ടേക്കാല്‍ സെക്കന്റ്, നാട്ടരങ്ങ്, പറയാന്‍ ബാക്കി വെച്ചത്, രക്തരക്ഷസ് ത്രീഡി, മിനിമോളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ ഒന്നിനു പോലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല.              ഒരു നല്ല ചിത്രം പോലും തിയേറ്ററുകളിലെത്താതെ പോയ മാസമായിരുന്നു മാര്‍ച്ച്. 'പ്രൈസ് ദി ലോര്‍ഡ്‌' ആയിരുന്നു പ്രേക്ഷക പ്രതീക്ഷയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സിനിമ. സക്കറിയയുടെ ഇതേ പേരിലുള്ള നോവലൈറ്റിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ഈ ചിത്രം. എന്നാല്‍ പ്രേക്ഷകരുടെ മനസ്സിലോ തിയേറ്ററിലോ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിയാതെ പോയി. ഭാമ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായികാനായകന്മാരാക്കി ജിജോ ആന്റണി സംവിധാനം നിര്‍വ്വഹിച്ച 'കൊന്തയും പൂണൂലും' പേരു കൊണ്ടും കഥ പറഞ്ഞ രീതികൊണ്ടും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പ്രമേയം തീര്‍ത്തും ദുര്‍ബലമായിരുന്നു. ഓര്‍ഡിനറി, 3 ഡോട്ട്സ് എന്നീ സിനിമകളുടെ സംവിധായകനായ സുഗീത് സംവിധാനം ചെയ്ത 'ഒന്നും മിണ്ടാതെ' അധികമാരോടും മിണ്ടാതെ തിയേറ്റര്‍ വിട്ടിറങ്ങി.

                  ഭരതന്റെ സംവിധാനത്തില്‍ 1981ല്‍ പുറത്തിറങ്ങിയ 'പറങ്കിമല'യുടെ പുനസൃഷ്ടി വീണ്ടും തിയേറ്ററുകളിലെത്തിയതും മാര്‍ച്ചില്‍ തന്നെയാണ്. ചട്ടക്കാരി, രതിനിര്‍വ്വേദം, രാസലീല തുടങ്ങിയ 'ഒരേ വകുപ്പില്‍' പെട്ട ചിത്രങ്ങള്‍ക്കിടയിലേക്ക് ഒന്ന് കൂടി. ഇത്തരം ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നവരുടെ ചേദോവികാരം എന്തെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പത്മരാജന്‍, ഭരതന്‍ തുടങ്ങിയ മഹാപ്രതിഭകളുടെ സിനിമകളെയെല്ലാം സാമ്പത്തിക ലാഭത്തിനു വേണ്ടി ഈ വിധം അപമാനിക്കുന്നത് ആ മഹാരഥന്‍മാരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഓണ്‍ ദി വേ, ചക്കരമാമ്പഴം, സ്നേഹമുമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍, ഫാദര്‍ ഇന്‍ ലൗ, പുരാവസ്തു, മിസ്റ്റര്‍ റോംഗ് നമ്പര്‍, ഒരു കാമ്പസ് കഥ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയതായി പറയപ്പെടുന്നു.

            ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ 10 സിനിമകളില്‍ ആറെണ്ണം മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ മുന്‍നിര താരങ്ങളുടേതായിരുന്നു. അതുകൊണ്ടു തന്നെ ചെറിയ സിനിമകള്‍ തിയേറ്ററുകളില്‍ നിന്നും വിട്ടു നിന്നു. താരപ്പൊലിമയുള്ള ഇത്രയേറെ ചിത്രങ്ങള്‍ റിലീസ് ചെയ്തെങ്കിലും സെവന്‍ത് ഡേ,  മാത്രമായിരുന്നു കുറച്ചെങ്കിലും ആശ്വാസം നല്‍കിയത്. പൃഥ്വിരാജിന്റെ പക്വതയാര്‍ന്ന അഭിനയം, സുജിത് വാസുദേവിന്റെ ക്യാമറക്കഴ്ചകള്‍, ക്ലൈമാക്സ് എന്നിവ എടുത്തു പറയേണ്ടതാണ്.
     
             വന്‍ പ്രതീക്ഷയുമായെത്തിയ മമ്മൂട്ടി-ആഷിക്ക് അബു കൂട്ടുകെട്ടിന്റെ ഗാംഗ്സ്റ്റര്‍ വന്‍ ദുരന്തമായി തിയേറ്ററുകള്‍ വിട്ടകന്നതാണ് എപ്രിലെ ഏറ്റവും സങ്കടകരമായ കാഴ്ച. ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ റിംഗ് മാസ്റ്റര്‍ റിലീസ് ചെയ്തതും ഏപ്രിലിലാണ്. സ്വന്തം ജീവിതവുമായി സാദൃശ്യമുള്ള ഒരു തട്ടുപൊളിപ്പന്‍ കഥ കുറേ പട്ടികളോടൊപ്പം ദിലീപ് അഭിനയിച്ച് തീര്‍ത്തിരിക്കുന്നു എന്നതില്‍ കവിഞ്ഞ് ഈ ചിത്രത്തിന് യാതൊരു പുതുമയും അവകാശപ്പെടാനില്ല.

                  എണ്‍പത്-തൊണ്ണൂറ് കാലഘട്ടങ്ങളിലെ പല മലയാള സിനിമകളിലും നാം കണ്ടു മടുത്ത വിഷയമാണ് ഒരു ജോലിയോ വ്യവസായ സംരഭമോ കെട്ടിപ്പടുക്കാനായി കഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ കഥ. അതിന്റെ ആധുനികവത്കരണമാണ് എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ 'പോളി ടെക്നിക്ക്'. ഫഹദ് ഫാസില്‍, മുരളി ഗോപി എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി അരുണ്‍കുമാര്‍ അരവിന്ദ് ഒരുക്കിയ വണ്‍ ബൈ ടു  പ്രമേയാവതരണത്തിലെ സങ്കീര്‍ണ്ണത കൊണ്ട് അരോചകമായെങ്കിലും മുരളി ഗോപി, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയം മികച്ചതായിരുന്നു. നസ്രിയ-ദുര്‍ഖര്‍ ജോഡികളുടെ 'സംസാരം ആരോഗ്യത്തിനു ഹാനികരം' ഒരേ സമയം തമിഴിലും മലയാളത്തിലുമായാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനെ ഒരു പരീക്ഷണ ചിത്രം എന്ന പേരിട്ട് വിളിക്കാമെങ്കിലും ചില സീനുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം നിരാശപ്പെടുത്തി. മസാല റിപ്പബ്ലിക് എന്ന ഇന്ദ്രജിത്ത് ചിത്രം കാണുമ്പോഴാകട്ടെ  ഇതൊരു സിനിമ തന്നെയാണോ എന്ന തോന്നലാണ് പലപ്പോഴും മനസ്സില്‍ ജനിപ്പിച്ചത്. ഡേ നൈറ്റ് ഗെയിം, ഗെയിമര്‍, പൊന്നരയന്‍ തുടങ്ങിയ തട്ടിക്കൂട്ട് ചിത്രങ്ങളും തിയേറ്റര്‍ കണ്ടു മടങ്ങി.

               മെയ് മാസത്തില്‍ റിലീസുകളുടെ ചാകരയായിരുന്നെങ്കിലും തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കാനായത് ഹൗ ഓള്‍ഡ്‌ ആര്‍ യൂ, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങള്‍ക്ക് മാത്രമാണ്. 'ഹൗ ഓള്‍ഡ്‌ ആര്‍ യൂ' ശ്രദ്ധിക്കപ്പെട്ടത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ മഞ്ജു വാര്യര്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരികെ വന്ന ചിത്രം എന്ന സവിശേഷത കൊണ്ടായിരുന്നുവെങ്കില്‍ 'ബാംഗ്ലൂര്‍ ഡേയ്സി'നെ ശ്രദ്ധേയമാക്കിയത് യുവതാരനിര അണിനിരന്ന അഞ്ജലി മേനോന്‍ ചിത്രം എന്ന ലേബലായിരുന്നു. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നിലെ അഭിനയപാടവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നു വിളിച്ചോതുന്നതായിരുന്നു ഹൗ ഓള്‍ഡ്‌ ആര്‍ യൂ എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ബോബി-സഞ്ജയ്‌ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന്റെ കഥാഗതിയില്‍ ചിലയിടങ്ങളില്‍ ഇഴച്ചിലനുഭവപ്പെട്ടുവെങ്കിലും ഒതുങ്ങിക്കൂടുന്ന സ്ത്രീസമൂഹത്തെ ഉത്തേജിപ്പിക്കാന്‍ പോന്ന എന്തോ ഒന്ന് ചിത്രത്തിലുണ്ടായിരുന്നു. മഞ്ചാടിക്കുരുവിന്റെ മനോഹാരിതയില്‍ നിന്നും ഉസ്താദ് ഹോട്ടലിന്റെ രുചിഭേദങ്ങളില്‍ നിന്നും വത്യസ്തമായ ഒരു അഞ്ജലി മേനോന്‍ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്. ഒരു ശരാശരി കഥ നല്ല രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. മൂന്ന് കസിന്‍സ്. അതില്‍ ഒരാളുടെ വിവാഹാനന്തര ജീവിതം, മറ്റൊരാളുടെ സാധാരണ പ്രണയം, വേറൊരാളുടെ അസാധാരണ പ്രണയം എന്നിങ്ങനെ മൂന്ന് കഥകളിലൂടെയുള്ള സമാന്തരസഞ്ചാരമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഇതില്‍ നിവിന്‍ പോളിയുടെ കഥ ഒഴിവാക്കിയിരുന്നുവെങ്കില്‍ ചിത്രം കുറച്ച് കൂടി ഭംഗിയാവുമായിരുന്നു എന്നു തോന്നി. എന്നാലും ആസ്വദിച്ച് കണ്ടിരിക്കാം ഈ 'ബാംഗ്ലൂര്‍ ദിനങ്ങള്‍'

               റിലീസിംഗ് സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ 'മിസ്റ്റര്‍ ഫ്രോഡ്' നിരാശപ്പെടുത്തി. മോഹന്‍ലാലിന്റെ 'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്', സദാ പാലയമാ...' എന്നു തുടങ്ങുന്ന ഗാനം എന്നിവ മാത്രമാണ് ചിത്രത്തില്‍ പ്രേക്ഷകരെ കുറച്ചെങ്കിലും ആകര്‍ഷിച്ചത്. മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ 'ഹിസ്‌ ഹൈനസ്സ് അബ്ദുള്ള'യുടെ ഒരു ന്യൂ ജനറേഷന്‍ രൂപം എന്ന തോന്നലാണ് ചിത്രം കണ്ടപ്പോള്‍ ഉണ്ടായത്. ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത്‌ പിള്ള സംവിധാനം ചെയ്ത മോസയിലെ കുതിര മീനുകള്‍ ഭാഷ, ദൃശ്യങ്ങള്‍ എന്നിവ കൊണ്ട് വ്യത്യസ്തമായിരുന്നുവെങ്കിലും കെട്ടുറപ്പുള്ള കഥയുടെ അഭാവം ചിത്രത്തെ ബാധിച്ചു. നമിത പ്രമോദ്-കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിച്ച ലോ പോയന്റ് എന്ന ചിത്രത്തിന്റെ മികവ് ക്ലൈമാക്സിലെ സസ്പെന്‍സില്‍ മാത്രമായി ഒതുങ്ങി. ഫഹദ് ഫാസിലിനെ നായകനാക്കി വാസുദേവ് സനല്‍ സംവിധാനം ചെയ്ത 'ഗോഡ്സ് ഓണ്‍ കണ്ട്രി' മോശമല്ലാത്ത ഒരു ചിത്രമായിരുന്നു. സമാന്തരമായി സഞ്ചരിക്കുന്ന മൂന്ന് കഥകളിലൂടെയാണ് ചിത്രത്തിന്റെ വികാസം. ട്രാഫിക്, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമ ഇതിനോടകം പരിചയപ്പെട്ട കഥാകഥനരീതി തന്നെയാണ് ഈ ചിത്രത്തിലും അവലംബിച്ചിരിക്കുന്നത്.

               ജയറാമിന്റെ ഉത്സാഹക്കമ്മിറ്റിക്ക് പ്രേക്ഷകരില്‍ നിരുത്സാഹവും നിരാശയും ജനിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. പാലക്കാടന്‍ ഭാഷയുടെ കൊലപാതകവും ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു. വിജയ്‌ സേതുപതി നായകനായി 2012 ല്‍ പുറത്തിറങ്ങിയ 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം' എന്ന തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പായിരുന്നു 'മെഡുല്ല ഒബ്ലോംഗേറ്റ'. എന്നാല്‍ തമിഴ് ചിത്രത്തിന്റെ എഴയലത്തെത്താന്‍ പോലും ഈ സിനിമയ്ക്ക് കഴിഞ്ഞില്ല. ടു നൂറ വിത്ത്‌ ലൗ, വണ്‍ ഡേ ജോക്സ്, മൈ ഡിയര്‍ മമ്മി, ദി ലാസ്റ്റ് സപ്പര്‍, ഏഴു ദേശങ്ങള്‍ക്കുമകലെ, ടു ലെറ്റ്‌ അമ്പാടി ടാക്കീസ്, സ്പൈഡര്‍ ഹൗസ് എന്നീ ചിത്രങ്ങളും ഈയാംപാറ്റകളെപ്പോലെ തിയേറ്ററുകളില്‍ ചിറകറ്റു വീണു.


              ചില ചിത്രങ്ങളുടെ പേര് അതിനെ അന്വര്‍ത്ഥമാക്കും വിധമായിരിക്കും. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന യുവസംവിധായകന്റെ രണ്ടാമത്തെ ചിത്രമായ കൂതറ ആ പേരിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ' തരക്കേടില്ലാത്ത ഒരു ചിത്രമായിരുന്നു. എന്നാല്‍  സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയില്‍ ഏറിയ പങ്കും. മോഹന്‍ലാല്‍ ചെയ്ത അതിഥി വേഷം അദ്ദേഹത്തിന് പറ്റിയ അബദ്ധമോ സംവിധായകന്‍ അദ്ദേഹത്തോട് ചെയ്ത അനീതിയോ ആയിട്ട് വേണം കാണാന്‍.

               സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമിന്റെ കണ്ടിരിക്കാന്‍ പറ്റിയ ഒരേയൊരു ചിത്രം 'ഇവര്‍ വിവാഹിതരായാല്‍' മാത്രമാണ്. ബാക്കിയെല്ലാം കണ്ടും കേട്ടും മടുത്ത കോമാളിത്തരങ്ങളാല്‍ സമൃദ്ധമായ തട്ടിക്കൂട്ട് ചിത്രങ്ങളായിരുന്നു. ഭാവന-അനൂപ്‌ മേനോന്‍ എന്നിവരെ നായികാ നായകന്മാരാക്കി ചിത്രീകരിച്ച 'ആംഗ്രി ബേബീസ് ഇന്‍ ലൗ' എന്ന ചിത്രത്തിനും മലയാളി കേട്ടതിനും കണ്ടതിനും അപ്പുറം കൂടുതല്‍ ഒന്നും പറയാനുണ്ടായിരുന്നില്ല. എങ്കിലും കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍, ഹസ്ബന്റ്സ് ഇന്‍ ഗോവ എന്നീ ചിത്രങ്ങളേക്കാളും മെച്ചമായിരുന്നു 'ആംഗ്രി ബേബീസ് ഇന്‍ ലൗ'.

          ആഫ്രിക്കയില്‍ വെച്ച് ചിത്രീകരിച്ച സിനിമ എന്നതില്‍ കവിഞ്ഞ് മറ്റൊരു വിശേഷണത്തിനും അര്‍ഹതയില്ലാത്ത ചിത്രമാണ് ജൂണില്‍ റിലീസ് ചെയ്ത 'നാക്കു പെന്റ നാക്കു ടാക്ക'. 'ഒഴിമുറി' ക്ക് വേണ്ടി തൂലിക ചലിപ്പിച്ച ജയമോഹനാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ചരിത്ര വംശം, ഗര്‍ഭ ശ്രീമാന്‍, മൈ ലൈഫ് പാര്‍ട്ട്ണര്‍, പിയാനിസ്റ്റ്‌, ടെസ്റ്റ്‌ പേപ്പര്‍, ബിവേര്‍ ഓഫ് ഡോഗ്സ്, ഗുണ്ട, നിലാവുറങ്ങുമ്പോള്‍, സ്വാഹ, മോനായി അങ്ങനെ ആണായി, വൂണ്ട്, ഞാനാണ് പാര്‍ട്ടി, ക്രിസ്ത്മസ് കേക്ക് തുടങ്ങിയ ചിത്രങ്ങളും ജൂണില്‍ പ്രദര്‍ശനത്തിനെത്തി.               ലാല്‍ ജോസ് ചിത്രമെന്ന വസ്തുതയും സാമാന്യയുക്തിയും ഒഴിച്ചു നിര്‍ത്തിയാല്‍ ജൂലായ് ചിത്രങ്ങളില്‍ ആകെയുള്ള ഒരാശ്വാസം വിക്രമാദിത്യന്‍ മാത്രമായിരുന്നു. പുതിയതായി വിക്രമാദിത്യനില്‍ എന്തുണ്ട് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്ന് ഉത്തരം പറയേണ്ടി വരും. എങ്കിലും ദുല്‍ഖര്‍, ഉണ്ണി മുകുന്ദന്‍, അനൂപ്‌ മേനോന്‍, ലെന, നമിത പ്രമോദ് തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഗാനങ്ങളുമെല്ലാം ചിത്രത്തെ കുറെയൊക്കെ ആകര്‍ഷകമാക്കുന്നുണ്ട്. അയാളും ഞാനും തമ്മിലിന് ശേഷം ഒരു നല്ല 'ലാല്‍ ജോസ്  മാജിക്കി'നായുള്ള കാത്തിരിപ്പ് വീണ്ടും നീളുകയാണ്.

               'ഹായ് ഐ ആം ടോണി' എന്ന ജീന്‍ പോള്‍ ലാല്‍ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി. ജീന്‍ പോള്‍ ലാലിന്റെ ആദ്യ ചിത്രമായ 'ഹണീ ബീ' എന്ന ചിത്രത്തിന് യുവാക്കളെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരേയും ഒരുപോലെ നിരാശപ്പെടുത്തി. സലാം ബാപ്പു എന്ന സംവിധായകന്റെ കാര്യവും ഇതിനോട് സമമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ റെഡ് വൈന്‍ തരക്കേടില്ലാത്ത ഒരു ചിത്രമായിരുന്നുവെങ്കില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മംഗ്ലീഷ് തീര്‍ത്തും അസഹനീയമായിരുന്നു. രാജമാണിക്യം, പോക്കിരിരാജ എന്നിങ്ങനെ ഇംഗ്ലീഷ് അറിയാത്ത നായകന്റെ കഥ പറഞ്ഞ മമ്മൂട്ടി ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി.

               ഒരിടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ നായകനായെത്തിയ വേഗം എന്ന സിനിമയുടെ  ട്രൈലറും മറ്റും റിലീസിനു മുമ്പ് പ്രതീക്ഷ നല്‍കിയെങ്കിലും ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ ചിത്രത്തിനായില്ല. മലയാളക്കര റെസിഡന്‍സി, ഇനിയും എത്ര ദൂരം, ശേഷം കഥാഭാഗം, സോളാര്‍ സ്വപ്നം, താരങ്ങള്‍ എന്നിങ്ങനെ വേറെയും ചില ചിത്രങ്ങള്‍ തിയേറ്റര്‍ കണ്ടു മടങ്ങാനെത്തി.


               'മുന്നറിയിപ്പ്' എന്ന തലക്കെട്ടിന് എന്തു കൊണ്ടും അനുയോജ്യമാണ് ആ ചിത്രം. തട്ടുപൊളിപ്പന്‍ കഥകളും, ഗാനരംഗങ്ങളും, മലയാള സിനിമ ഉണ്ടായ കാലം മുതല്‍ കണ്ടും കേട്ടും മടുത്ത വളിപ്പ് തമാശകളും എല്ലാം ഉപേക്ഷിച്ച് നല്ല കഥകള്‍ തിരഞ്ഞെടുക്കാന്‍ സമയമായി എന്ന മലയാള സിനിമയ്ക്കുള്ള വലിയൊരു മുന്നറിയിപ്പാണ് ഈ ചിത്രം നല്‍കുന്നത്. കച്ചവട സിനിമയ്ക്കു വേണ്ട മസാലകളൊന്നും ചേര്‍ക്കാത്ത ഒരു നല്ല ചിത്രമായിരുന്നു മുന്നറിയിപ്പ്. ഈ ചിത്രത്തെക്കുറിച്ച് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഏറ്റവും വലിയ വിമര്‍ശനം ഇതിന്റെ ക്ലൈമാക്സിനെ ചൊല്ലിയായിരുന്നു. എന്നാല്‍ സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ് അതിന്റെ ക്ലൈമാക്സ് എന്നതാണ് സത്യം. ഈ ചിത്രത്തിന്റെ തുടക്കത്തില്‍ സബ് ടൈറ്റില്‍ കാണിക്കുമ്പോള്‍ ഒരു കൂട്ടം ഉറുമ്പുകള്‍ ചത്ത പല്ലിയെ എടുത്തു കൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. ഇത് തന്നെയല്ലേ ഒരു സിനിമയുടെ കഥാഗതിയെക്കുറിച്ച് സംവിധായകന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ മുന്നറിയിപ്പ്? വേണു എന്ന സംവിധായകന്റെ ഒന്നര പതിറ്റാണ്ടിനു ശേഷമുള്ളമടങ്ങി വരവിനു കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിച്ചത്. ഉണ്ണി.ആറിന്റെ തിരക്കഥയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

               'Apotheke' എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് അപ്പോത്തിക്കിരി എന്ന വാക്കിന്റെ ഉദ്ഭവം. പണ്ടുകാലത്ത് കയ്യിലൊരു മരുന്നുപെട്ടിയുമായി രോഗികളെ തേടിയെത്തിയിരുന്നവരെ ആളുകള്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്ന പേരായിരുന്നുവത്രേ ഇത്. ആശുപത്രികളിലെ അനധികൃത മരുന്നു പരീക്ഷണം പ്രമേയമാക്കിയാണ് മാധവ് രാംദാസ് 'അപ്പോത്തിക്കിരി' ഒരുക്കിയത്. രാജീവ്‌ നമ്പ്യാര്‍ (സുരേഷ് ഗോപി) എന്ന ഡോക്ടറുടെ അത്മസംഘര്‍ഷങ്ങളിലൂടെയുള്ള യാത്രയാണിത്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം. ജനങ്ങള്‍ ദൈവതുല്യരായി കരുതുന്ന ഡോക്ടര്‍മാരും, മരുന്നു വ്യാപാരികളും നടത്തുന്ന കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിക്കാനും അതിനെക്കുറിച്ച് നമ്മെ ബോധാവാന്മാരാക്കുവാനും ചിത്രത്തിന് കഴിഞ്ഞു എന്നതില്‍ സംവിധായകന് അഭിമാനിക്കാം. കോര്‍ട്ട് മാര്‍ഷലിന്റെയും അതുവഴി പട്ടാളത്തില്‍ നിലനില്‍ക്കുന്ന മേലാള-കീഴാള വേര്‍ത്തിരിവിന്റെയും കഥ പറഞ്ഞു കൊണ്ട് 2011ല്‍ പുറത്തിറങ്ങിയ 'മേല്‍വിലാസം' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഒറ്റമുറിയില്‍ ചിത്രീകരിച്ച ആ മികച്ച സിനിമയില്‍ നിന്നും അപ്പോത്തിക്കിരിയിലെ പുറം കാഴ്ചകളിലെത്തുമ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ മാധവ് രാംദാസ് നേട്ടം കൈവരിച്ചു എന്നു പറയാന്‍ വയ്യ. സിനിമ പലപ്പോഴും നാടകത്തിന്റെ അവസ്ഥയിലേക്ക് മാറുന്നുണ്ട്. സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രന്‍സ് തുടങ്ങിയവരുടെ അഭിനയം മികച്ചു നിന്നു.

               'ഒരു റിയലിസ്റ്റിക്ക് ചിത്രം'. 'അന്നയും റസൂലി'നും ശേഷമുള്ള ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. സ്വാഭാവികാഭിനയവും, കൃത്രിമമില്ലാത്ത സംഭാഷണങ്ങളും, ക്യാമാറക്കാഴ്ചകളും എല്ലാം ചിത്രത്തിന്റെ നല്ല വശങ്ങളാണ്. അഭിനേതാക്കളുടെ മുഖംമൂടി അഴിച്ചുവെച്ച് ഓരോരുത്തരും സ്ക്രീനില്‍ ജീവിക്കുകയാണ് എന്ന് നമുക്ക് തോന്നിപ്പോവും. എങ്കിലും പ്രമേയം ഇടയ്ക്കെപ്പോഴോ ദുര്‍ബലമാവുന്നുണ്ട്. അത് മാത്രമാണ് ഈ ചിത്രത്തിന്റെ പോരായ്മയും. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ ഓണക്കാലചിത്രമായ 'പെരുച്ചാഴി'ക്ക് ഒരു കൂട്ടം മോഹന്‍ലാല്‍ ആരാധകരെ മാത്രമാണ് തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞത്. മലയാളികളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ടായിരിക്കണം തമിഴ്നാട്ടുകാരനായ അരുണ്‍ വൈദ്യനാഥന്‍ ഒരു ലോജിക്കുമില്ലാത്ത ഇതുപോലൊരു കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ദിലീപ്-ജോഷി ടീമിന്റെ 'അവതാര'മാണ് ആഗസ്റ്റില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രം. കുറച്ച് കാലമായി ദിലീപ് സിനിമകളുടെ അവിഭാജ്യ ഘടകമായ വളിപ്പ് തമാശകള്‍ ഇല്ല എന്നതൊഴിച്ചാല്‍ മറ്റൊരു മേന്മയും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണിത്. ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, മിഴി തുറക്കുന്നു, കേരള ഹോം ഗാര്‍ഡ്സ്, വെയിലും മഴയും എന്നിവയാണ് ആഗസ്റ്റില്‍ റിലീസ് ചെയ്ത മറ്റു ചിത്രങ്ങള്‍.

                'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി'ക്ക് ശേഷം രഞ്ജിത്തിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു 'ഞാന്‍'. ടി.പി. രാജീവന്റെ ‘കെ.ടി.എന്‍ കോട്ടൂര്‍:എഴുത്തും ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കിയാണ് അദ്ദേഹം ഈ സിനിമയൊരുക്കിയത്. എന്നാല്‍ ടി.പി. രാജീവന്റെ തന്നെ മറ്റൊരു നോവലായ പാലേരി മാണിക്യം:'ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ പുറത്തിറക്കിയ ചിത്രത്തിനോളം ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ ഈ ചിത്രത്തില്‍ രഞ്ജിത്തിന് കഴിഞ്ഞില്ല. എങ്കിലും വാണിജ്യ സാദ്ധ്യത തീരെയില്ലാത്ത ഇതുപോലൊരു വിഷയം സിനിമയാക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നോണ്‍ ലീനിയര്‍ കഥാകഥന ശൈലിയാണ് അദ്ദേഹം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ പലയിടത്തും തീര്‍ത്തും അരോചകമായി തോന്നി. അഭിനേതാവ് എന്ന നിലയില്‍  ദുല്‍ഖര്‍ സല്‍മാന് സംഭവിച്ച വളര്‍ച്ചയും സജിത മഠത്തില്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ മികച്ച അഭിനയവും ചിത്രത്തില്‍ കാണാം.

               സംസ്കൃത ഭാഷയിലുള്ള തലക്കെട്ട് നല്‍കുക വഴി റിലീസിംഗിനു മുമ്പ് തന്നെ പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു സപ്തമശ്രീ തസ്കരാ:. ഏഴു കള്ളന്മാരുടെ കഥ പറഞ്ഞ ഈ ചിത്രം 1995ല്‍ പുറത്തിറങ്ങിയ 'ദി യൂഷ്വല്‍ സസ്പെക്റ്റ്സ്' എന്ന ചിത്രത്തെ അനുസ്മരിപ്പിച്ചു. ഒരു ഗംഭീര സിനിമ എന്ന് പറയാനാവില്ലെങ്കിലും കുറേ നര്‍മ മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെ ഒരു അപ്രതീക്ഷിത ക്ലൈമാക്സ്‌ നല്‍കി ചിത്രം അവസാനിപ്പിക്കാന്‍ സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ ശ്രമിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയ ചിത്രം ഏതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ബിജു മേനോന്‍ നായകനായെത്തിയ 'വെള്ളിമൂങ്ങ'. വെറുമൊരു വിനോദോപാധി എന്ന നിലയ്ക്കാണ് സിനിമയെ സമീപിക്കുന്നതെങ്കില്‍ വെള്ളിമൂങ്ങ വളരെ നല്ല ഒരു ചിത്രമാണെന്ന് പറയാം. നിര്‍ദ്ദോഷ ഫലിതങ്ങള്‍ നിറഞ്ഞ ലളിത സുന്ദരമായ ഒരു ചിത്രം. അതുകൊണ്ടു ഈ ചിത്രം ഏറ്റവുമധികം ആകര്‍ഷിച്ചത് കുടുംബ പ്രേക്ഷകരെയാണ്.

               മുംബൈയില്‍ ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യന്‍ ചില സാഹചര്യങ്ങളാല്‍ അവിടുത്തെ അധോലോക നായകനായി മാറുകയും അവന്‍ മരിച്ചു എന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് തമിഴ്നാട്ടില്‍ വന്ന് ഓട്ടോ ഡ്രൈവറായി ജീവിക്കുകയും ചെയ്യുന്നു. 1995ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ 'ബാഷ' എന്ന ചിത്രത്തിന്റെ കഥാ സാരമാണ് മുകളില്‍ പറഞ്ഞത്. ഇനി മറ്റൊരു കഥ പറയാം. മുംബൈയില്‍ ടാക്സി ഓടിച്ച് ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യന്‍ ചില സാഹചര്യങ്ങളാല്‍ അവിടുത്തെ അധോലോക നായകനായി മാറുകയും അവന്‍ മരിച്ചു എന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് കേരളത്തില്‍ വന്ന് ഹോട്ടലും, പെട്രോള്‍ പമ്പും നടത്തി ജീവിക്കുകയും ചെയ്യുന്നു. ഇത് 'രാജാധിരാജ' എന്ന മമ്മൂട്ടി ചിത്രത്തിന്റെ കഥയും. ലോകത്തിലെ ഏതു ഭാഷയിലെ ചിത്രങ്ങളില്‍ നിന്നുമുള്ള മോഷണങ്ങള്‍ കയ്യോടെ പിടി കൂടുന്നവരാണ് മലയാളികള്‍. അവര്‍ക്കിടയിലേക്ക് ഇങ്ങനെ ഒരു സാഹസവുമായി വരാന്‍ ധൈര്യം കാണിച്ച ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കണം. ഫഹദ് ഫാസിലിന്റെ മണി രത്നം വിജയം കണ്ടില്ല. ശൃംഗാരവേലന്‍, നാടോടിമന്നന്‍ തുടങ്ങിയ തട്ടുപൊളിപ്പന്‍ ദിലീപ് ചിത്രങ്ങളുടെ പട്ടികയിലേക്ക് 'വില്ലാളി വീരന്‍' ചേര്‍ക്കപ്പെട്ടതും സെപ്റ്റംബര്‍ മാസത്തിലായിരുന്നു. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി തിയേറ്ററുകളിലെത്തിയ 'ഭയ്യാ ഭയ്യാ' എന്ന ചിത്രവും ആളുകളെ നിരാശരാക്കി. സെപ്റ്റംബര്‍-10 1943, വെള്ളിവെളിച്ചത്തില്‍, അതായിരുന്നു, സെന്‍ട്രല്‍ തിയേറ്റര്‍ എന്നിവയാണ് ഈ മാസത്തില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍.

           സായിപ്പിന്റെ ഭാഷയില്‍ 'ഇന്‍സ്പിരേഷന്‍' എന്നൊരു പദം ഇല്ലായിരുന്നുവെങ്കില്‍ മലയാളസിനിമയിലെ പല സംവിധായകരെയും കള്ളന്മാര്‍ എന്നു വിളിക്കേണ്ടി വരുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഷ്ടിച്ച കഥ കൊണ്ട് സിനിമയൊരുക്കിയ 'ഇതിഹാസ'യും. കഥാ മോഷണത്തിന്റെ കഥ പറഞ്ഞ ;ഹോംലി മീല്‍സും' പുറത്തിറങ്ങിയ മാസമായിരുന്നു ഒക്ടോബര്‍. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ് 'ആരും വിശ്വസിക്കാത്ത കഥ' എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങിയ ഇതിഹാസ. എങ്കിലും അത് ആരും പറയാത്ത കഥയല്ല എന്നതാണ് വസ്തുത. 'ബോഡി സ്വാപ്പിംഗ്' വിഷയമാക്കി പല കഥകളും ലോകസിനിമകളില്‍ നാം കണ്ടിട്ടുണ്ട്. ദി ഹോട്ട് ചിക്ക് (2002), ഇറ്റ്സ് എ ഗേള്‍ ബോയ്‌ തിങ്(2006), ഡ്രീം എ ലിറ്റില്‍ ഡ്രീം(1989) തുടങ്ങിയവ ഉദാഹരണം. എന്നാല്‍ 'ഇതിഹാസ'യുടെ അണിയറപ്രവര്‍ത്തകര്‍ അവലംബിച്ചിരിക്കുന്നത് 'ദി ഹോട്ട് ചിക്ക്' എന്ന ചിത്രത്തിന്റെ കഥയാണ്. പല സീനുകളും അതേ പടി പകര്‍ത്തുകയും ചെയ്തിരിക്കുന്നു. എങ്കിലും ആ ഇംഗ്ലീഷ് ചിത്രത്തെ 'മലയാളീകരിക്കുന്നതില്‍' ഇതിഹാസ ഒരുക്കിയവര്‍ വിജയിച്ചിരിക്കുന്നു എന്നു വേണം പറയാന്‍.

               ലാല്‍ ജോസിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന അനൂപ്‌ കണ്ണന്റെ ആദ്യ സിനിമാസംരംഭമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല. അതിനു ശേഷം അദ്ദേഹം നടത്തിയ ധീരമായ ഒരു പരീക്ഷണമാണ് ഹോംലി മീല്‍സ്. പക്ഷേ ആ പരീക്ഷണത്തില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചു എന്ന് പറയാനാവില്ല. റിലീസിംഗിനു മുമ്പ് തന്നെ ചിത്രത്തിന്റെ ട്രൈലര്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഉദയനാണ് താരം അടക്കം പല ചിത്രങ്ങളിലും കേട്ട കഥാമോഷണം തന്നെയാണ് ഈ ചിത്രവും കൈകാര്യം ചെയ്തിരിക്കുന്നത്. അതോടൊപ്പം ഒരു ചാനലിന്റെ പിന്നാമ്പുറക്കഥകളും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.

               സിബി മലയില്‍ ജയറാം കൂട്ടുകെട്ടില്‍ പിറന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' തീര്‍ത്തും നിരാശപ്പെടുത്തി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന്മാരില്‍ ഒരാളായ സിബി മലയിലിന് ഇതെന്തു പറ്റി എന്ന് തോന്നിപ്പോകും ചിത്രം കണ്ടാല്‍. 'ടമാര്‍ പടാര്‍' എന്ന പൃഥ്വിരാജ് ചിത്രവും പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് എട്ടു നിലയില്‍ പൊട്ടി. സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന ലേബലില്‍ വന്ന '100 ഡിഗ്രി സെല്‍ഷ്യസ് പാര്‍ട്ട് വണ്‍' എന്ന സിനിമയ്ക്ക് പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കാന്‍ കഴിയുന്നുണ്ട്. തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിത്തീര്‍ന്ന അര്‍ജുന്‍ ലാല്‍ നായകവേഷത്തിലെത്തിയ 'ആശ ബ്ലാക്കി'ന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മരംകൊത്തി, നക്ഷത്രങ്ങള്‍, പേര്‍ഷ്യക്കാരന്‍, സ്റ്റഡി ടൂര്‍, മിത്രം, നയന, കൂട്ടത്തില്‍ ഒരാള്‍, കുരുത്തം കേട്ടവന്‍, ഹലോ ഇന്ന് ഒന്നാം തിയ്യതിയാ, എജുക്കേഷന്‍ ലോണ്‍ എന്നിവയാണ് ഈ മാസം റിലീസ് ചെയ്ത മറ്റു ചിത്രങ്ങള്‍.


               ആകാശത്തേക്ക് കണ്ണും നട്ട് നില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കാണിച്ചു കൊണ്ടാണ് 'ഇയ്യോബിന്റെ പുസ്തകം' ആരംഭിക്കുന്നത്. സാറ്റലൈറ്റ് റൈറ്റിനു വേണ്ടി മാനത്തേക്ക് നോക്കി നില്‍ക്കുകയല്ല കണ്ണു തുറന്ന് ചുറ്റും നോക്കുകയാണ് വേണ്ടത് എന്ന സന്ദേശമാണ് ഇതിലൂടെ സംവിധായകന്‍ നല്‍കുന്നത്. ആ സന്ദേശത്തെ ന്യായീകരിക്കുന്നുണ്ട്‌ ഈ ചിത്രം. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 'ഇയ്യോബിന്റെ പുസ്തകം' ഒരു ദൃശ്യാനുഭവം തന്നെയാണ്. ബിഗ്‌ ബി, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്‌,അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളൊരുക്കിയത് 'അമല്‍ നീരദ് എന്ന സിനിമാറ്റോഗ്രാഫര്‍' ആയിരുന്നുവെങ്കില്‍ അദ്ദേഹത്തില്‍ പ്രതിഭയുള്ള ഒരു സംവിധായകന്‍ ഉണ്ടെന്ന് കാണിച്ചു തന്ന ചിത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകം. പ്രതികാരവും വിപ്ലവവുമെല്ലാം സമം ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഈ ചിത്രം മൂന്നാറില്‍ തേയില തോട്ടം തുടങ്ങാന്‍ കപ്പല്‍ കയറി വന്ന ഹാരിസണ്‍ സായിപ്പിന്റെ പരിചാരകനായിരുന്ന ഇയ്യോബിന്റെയും മക്കളുടെയും കഥയാണ് പറയുന്നത്. സിനിമയില്‍ രണ്ട് പാട്ടുകള്‍ അധികപ്പറ്റായി തോന്നി. പ്രത്യേകിച്ചും അമല പോളിന്റെ ഐറ്റം സോംഗ്.

                മമ്മൂട്ടിയുടെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാന്‍ വേണ്ടി ഒരുക്കിയ ഒരു ചിത്രം എന്ന് 'വര്‍ഷം' എന്ന സിനിമയെ വിശേഷിപ്പിച്ചാല്‍ അതില്‍ തെറ്റുണ്ടാവില്ല. മികച്ച ഒരു കഥ അല്ലായിരുന്നു സിനിമയുടേത്. മമ്മൂട്ടിയുടെ പഴയകാല സിനിമകളില്‍ നാം കണ്ടിട്ടുള്ള വിസ്മയിപ്പിക്കുന്ന ഭാവപ്രകടനങ്ങളുടെ തിരിച്ചുവരവ് ഈ ചിത്രത്തില്‍ കാണാം. മകന്റെ മരണം അതിജീവിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന അച്ഛനായി മമ്മൂട്ടി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു.

               ഡ്ര്യൂ ബാരിമോര്‍, ആഡം സാന്റ് ലര്‍ എന്നിവരെ നായികാനായകന്മാരാക്കി പീറ്റര്‍ സെഗാള്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ചിത്രമുണ്ട്. '50 ഫസ്റ്റ് ഡേറ്റ്സ്' എന്ന ആ ചിത്രത്തിന്റെ കഥ ഇപ്രകാരമാണ്. നായകന്‍ ഒരു റസ്റ്റോറന്റില്‍ വെച്ച് നായികയെ പരിചയപ്പെടുന്നു. എന്നാല്‍ തൊട്ടടുത്ത നാള്‍ നായിക ഒരു പരിചയവും കാണിക്കാതെ നായകനോട് പെരുമാറുന്നു. നായകന്‍ വീണ്ടും നായികയെ പരിചയപ്പെടുന്നു. ഇത് പല തവണ ആവര്‍ത്തിക്കുന്നു. പിന്നീടാണ് നായികയ്ക്ക് ഓര്‍മ്മകള്‍ സൂക്ഷിച്ചു വെയ്ക്കാനുള്ള കഴിവില്ല എന്ന കാര്യം നായകന്‍ തിരിച്ചറിയുന്നത്. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന സിനിമയ്ക്ക് 50 ഫസ്റ്റ് ഡേറ്റ്സ് എന്ന ചിത്രവുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് 'തികച്ചും യാദൃച്ഛികം' മാത്രം.

               കണ്‍ഫഷന്‍ ഓഫ് മര്‍ഡര്‍ (2012) എന്ന കൊറിയന്‍ ചിത്രത്തിന്റെ മലയാളീകരണം ആയിരുന്നു ഇന്ദ്രജിത്തിനെ നായകനാക്കി ജീന്‍ മാര്‍ക്കോസ് സംവിധാനം നിര്‍വ്വഹിച്ച 'ഏയ്‌ഞ്ചല്‍സ്'. ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍ ചലനമുണ്ടാക്കാനായില്ല. സുരേഷ് ഗോപി-അനൂപ്‌ മേനോന്‍-ദിപന്‍ കൂട്ടുകെട്ടില്‍ പിറന്ന 'ദി ഡോള്‍ഫിന്‍സ്' ശരാശരിയിലൊതുങ്ങി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരില്‍ ഇങ്ങനെയൊരു തല്ലിപ്പൊളി ചിത്രമൊരുക്കിയതിന് ആ മഹാത്മാവ് പൊറുക്കട്ടെ. 'മയിലാഞ്ചി മൊഞ്ചുള്ള വീടി'ന് മൊഞ്ച് തീരെ ഉണ്ടായിരുന്നില്ല. ഇവയെക്കൂടാതെ ലിറ്റില്‍ സൂപ്പര്‍മാന്‍ 3D, ഒരു കൊറിയന്‍ പടം ഒറ്റമന്ദാരം, മമ്മിയുടെ സ്വന്തം അച്ചൂസ്, ഓടും രാജ ആടും റാണി, യൂ കാന്‍ ഡൂ, നീഹാരിക, മത്തായി കുഴപ്പക്കാരനല്ല എന്നീ സിനിമകളും തിയേറ്ററുകളിലെത്തി.

               കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് സിനിമകള്‍ റിലീസ് ചെയ്ത മാസമാണ് ഡിസംബര്‍. അതിലാകട്ടെ നല്ല ഒരു ചിത്രം പോലുമില്ല എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. സാധാരണ സൂപ്പര്‍ താരങ്ങളുടേതടക്കം നിരവധി ചിത്രങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കാനായി എത്താറുണ്ട്. കുറച്ചു കാലമായി അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രിയദര്‍ശന്റെ മറ്റൊരു അബദ്ധമായിരുന്നു 'ആമയും മുയലും' എന്ന ജയസൂര്യ ചിത്രം. മലയാളികള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിച്ചു വെയ്ക്കുന്ന ഒരുപാട് നല്ല സിനിമകള്‍ സംവിധാനം ചെയ്ത ഒരാളാണ്‌ ഇതുപോലൊരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് ഏറെ അതിശയം.

               വൈശാഖ് സിനിമകളില്‍ ധാരാളമായി കണ്ടു വരാറുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, വളിപ്പ് തമാശകള്‍, സാമാന്യയുക്തിക്ക് നിരക്കാത്ത സംഭവങ്ങള്‍ എന്നിവയാല്‍ സമൃദ്ധമായ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട്, ജോജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'കസിന്‍സ്'. ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ പോക്കിരിരാജ, സീനിയേഴ്സ്, സൗണ്ട് തോമ തുടങ്ങിയ വൈശാഖ് ചിത്രങ്ങളെല്ലാം ലോകോത്തര ക്ലാസിക്കുകളാണെന്ന് തോന്നാനാണ് സാദ്ധ്യത. 'മാറ്റിനി'ക്കു ശേഷം അനീഷ്‌ ഉപാസന സംവിധാനം ചെയ്ത സെക്കന്‍സ് മാത്രമായിരുന്നു ഡിസംബറിലെ ആശ്വാസം. കണ്ടിരിക്കാവുന്ന ഒരു ചിത്രമാണിത്. ആദ്യ ചിത്രമായ മാറ്റിനിയിലേതു പോലെയുള്ള ക്ലീഷേ സംഭവങ്ങള്‍ ഒന്നും ഇല്ലാതെ ലളിതമായി ഒരു സസ്പെന്‍സ്‌ ത്രില്ലറൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

               മറ്റൊരു ചിന്താവിഷ്ടയായ ശ്യാമള സൃഷ്ടിക്കാനുള്ള ശ്രീനിവാസന്റെ ശ്രമമായിരിക്കണം നഗരവാരിധി നടുവില്‍ ഞാന്‍. പക്ഷേ ഇന്നും ആളുകള്‍ ഇഷ്ടത്തോടെ കണ്ടിരിക്കുന്ന ആ ചിത്രത്തിന്റെ എഴയലത്തെത്താന്‍ പോലും ഈ ചിത്രത്തിന് കഴിഞ്ഞില്ല. സംഗീതയേയും ശ്രീനിവാസനേയും നായികാനായകന്മാരാക്കി ഇങ്ങനെയൊരു ചിത്രമൊരുക്കുക വഴി 'ചിന്താവിഷ്ടയായ ശ്യാമള' യെ ഓര്‍മ്മപ്പെടുത്താന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം. കാരണവര്‍, ആക്ച്വലി, കളര്‍ ബലൂണ്‍, 8:20, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നിവയും ഡിസംബര്‍ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

               2013ല്‍ വിജയം മാത്രം രുചിച്ച പലരും തകര്‍ച്ചയിലേക്ക് വഴുതി വീഴുന്നതിനും അതേ വര്‍ഷം അമ്പേ പരാജയപ്പെട്ട പലരും ഫീനിക്സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനും 2014 സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വര്‍ഷം വല്ലാതെ വിസ്മയിപ്പിച്ച ഒരു നടന്‍ ജോയ് മാത്യു ആണ്. അദ്ദേഹമില്ലാത്ത മലയാള സിനിമ ഇല്ല എന്ന അവസ്ഥയാണിപ്പോള്‍. 2014ല്‍ ഇരുപതോളം സിനിമകളില്‍ അദ്ദേഹം തന്റെ സാന്നിദ്ധ്യമറിയിച്ചു. അവയില്‍ പല വേഷങ്ങളും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അതോടൊപ്പം പല വിഷയങ്ങളിലും അദ്ദേഹം കൈക്കൊണ്ട ധീരമായ നിലപാടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

         കൂടുതല്‍ വിജയസിനിമകളുടെ ഭാഗമായതിന്റെ ഖ്യാതി നിവിന്‍ പോളിക്ക് അവകാശപ്പെട്ടതാണ്. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന്‍ എന്നിവയാണ് അവ. എഴ് മമ്മൂട്ടി ചിത്രങ്ങളാണ് 2014 ല്‍ റിലീസ് ചെയ്തത്. അതില്‍ ബാല്യകാല സഖി, പ്രൈസ് ദി ലോര്‍ഡ്, ഗാംഗ്സ്റ്റര്‍, മംഗ്ലീഷ്, രാജാധിരാജ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയപ്പോള്‍ മുന്നറിയിപ്പ്, വര്‍ഷം എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനം കൊണ്ട് അദ്ദേഹം ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. ദൃശ്യം എന്ന ഒരൊറ്റ ചിത്രം കൊണ്ട് മോഹന്‍ലാല്‍ 2013 ല്‍ അദ്ഭുതം സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2014 അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു. അദ്ദേഹം അഭിനയിച്ച കൂതറ, മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി എന്നീ മൂന്ന് ചിത്രങ്ങള്‍ക്കും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

               2013ല്‍ ഏറ്റവുമധികം വിജയചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞ നടന്മാരായിരുന്നു പൃഥ്വിരാജും ഫഹദ് ഫാസിലും. എന്നാല്‍ 2014ല്‍  പൃഥ്വിരാജിന്റെ 7th ഡേ, സപ്തമശ്രീ തസ്കരാ: എന്നെ ചിത്രങ്ങള്‍ തരക്കേടില്ലാത്ത വിജയം നേടിയപ്പോള്‍ ടമാര്‍ പടാര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശരാക്കി. ഇത് കൂടാതെ മുന്നറിയിപ്പില്‍ ഒരു അതിഥി വേഷവും പൃഥ്വിരാജ് കൈകാര്യം ചെയ്തു. ബാംഗ്ലൂര്‍ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റെ രക്ഷയ്ക്കെത്തി. 'ഗോഡ്സ് ഓണ്‍ കണ്ട്രി' സമ്മിശ്ര പ്രതികരണം നേടിയപ്പോള്‍ മണി രത്നം, വണ്‍ ബൈ ടു എന്നീ ചിത്രങ്ങള്‍ ഫഹദിന് വിനയായി.

               ഞാന്‍ എന്ന ചിത്രത്തിലെ പ്രകടനം ദുല്‍ഖര്‍ സല്‍മാന് തന്റെ കരിയറില്‍ കിട്ടിയ ഏറ്റവും നല്ല വേഷമായി. ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ ദുല്‍ഖറിനെ തുണച്ചപ്പോള്‍ സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തെ കൈവിട്ടു. എഴ് ചിത്രങ്ങളില്‍ അഭിനയിച്ച ആസിഫ് അലിയുടെ വേഷങ്ങള്‍ പലതും ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിഥി താരമായി അഭിനയിച്ച വെള്ളിമൂങ്ങ, സപ്തമശ്രീ തസ്കരാ: എന്നീ ചിത്രങ്ങള്‍ മാത്രമാണ് വിജയത്തിന്റെ രുചിയറിഞ്ഞത്. ദിലീപിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 3 ചിത്രങ്ങള്‍ക്കും 2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ അതേ ഫോര്‍മുല തന്നെയായിരുന്നു. 'സ്വപാനം' ഒഴിച്ചു നിര്‍ത്തിയാല്‍ കുറേ മോശം സിനിമകളുടെ ഭാഗമാവാന്‍ മാത്രമേ ജയറാമിന് കഴിഞ്ഞുള്ളു. 2014 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ 'സലാം കാശ്മീര്‍' പരാജയപ്പെട്ടെങ്കിലും അപ്പോത്തിക്കിരി, ദി ഡോള്‍ഫിന്‍സ് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു. അനൂപ്‌ മേനോന് ലഭിച്ച ഒരേയൊരു നല്ല വേഷം വിക്രമാദിത്യനിലെ പോലീസുകാരന്റേത് മാത്രമായിരുന്നു. കൈ നിറയെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയ്ക്ക്‌ തുണയായത്. ഹൗ ഓള്‍ഡ്‌ ആര്‍ യൂ എന്ന ചിത്രത്തിലെ വേഷം കുഞ്ചാക്കോ ബോബന് ആശ്വാസമായപ്പോള്‍ 'വെള്ളിമൂങ്ങ' ബിജു മേനോന്റെ ജാതകം തന്നെ മാറ്റിയെഴുതി.

               ഞാന്‍, ഓം ശാന്തി ഓശാന, മണി രത്നം തുടങ്ങിയ ചിത്രങ്ങളിലൂടെ താനൊരു നല്ല അഭിനേതാവ് കൂടിയാണെന്ന് രഞ്ജി പണിക്കര്‍ തെളിയിച്ചു. ഇയ്യോബിന്റെ പുസ്തകത്തില്‍ പ്രതിനായക വേഷം ചെയ്തും സപ്തമശ്രീ തസ്കരാ: എന്ന ചിത്രത്തില്‍ കൊമേഡിയനായും ചെമ്പന്‍ വിനോദ് ജോസ് തകര്‍ത്തു. ഞാന്‍ എന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണയുടെയും അപ്പോത്തിക്കിരിയില്‍ ഇന്ദ്രന്‍സിന്റെയും പ്രകടനം മികച്ചതായിരുന്നു. ചെറുതെങ്കിലും നല്ല വേഷങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാന്‍ നീരജ് മാധവ് എന്ന യുവനടന് കഴിഞ്ഞു. ഹാസ്യതാരങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അജു വര്‍ഗീസ് ആയിരുന്നു. കൈ നിറയെ സിനിമകള്‍ ഈ യുവ നടനെ തേടിയെത്തി.

               അഭിനേത്രികളില്‍ പോയ വര്‍ഷം ഏറ്റവുമധികം മുഴങ്ങിക്കേട്ടത് മഞ്ജു വാര്യരുടെ പേരായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ തിരിച്ചു വരവിന് കളമൊരുക്കിയ ചിത്രമായ 'ഹൗ ഓള്‍ഡ്‌ ആര്‍ യു'വും ആഘോഷിക്കപ്പെട്ടു. പരസ്യങ്ങളിലും, മാദ്ധ്യമങ്ങളിലും മറ്റും നിറസാന്നിദ്ധ്യമായി മഞ്ജു മാറിക്കഴിഞ്ഞു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിനു ഹാനികരം എന്നിങ്ങനെ നാല് ചിത്രങ്ങളില്‍ വേഷമിട്ട നസ്രിയയുടെ ആദ്യ രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകള്‍ കീഴടക്കി. 'ഷട്ടറി'ലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച 'സജിത മഠത്തിലി'നു വേണ്ടി സ്വപാനം, ഞാന്‍, വര്‍ഷം, ഒറ്റമന്ദാരം എന്നീ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

               ഒരു കൂട്ടം നല്ല വേഷങ്ങളിലൂടെ ലെനയും 2014 ന്റെ ഭാഗ്യതാരമായി. ഇതില്‍ വിക്രമാദിത്യന്‍, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലെ വേഷങ്ങള്‍ വളരെയധികം പ്രേക്ഷകശ്രദ്ധ നേടി. വര്‍ഷം, ഏയ്‌ഞ്ചല്‍സ് എന്നീ സിനിമകള്‍ ആശാ ശരത്തിന് ഭാഗ്യവര്‍ഷമായി മാറി. അഭിനയത്തികവ് ഇല്ലാതിരുന്നിട്ടും നിക്കി ഗല്‍രാനി എന്ന അന്യഭാഷാ നടിക്ക് മൂന്ന് വിജയ ചിത്രങ്ങളുടെ ഭാഗമാവാനും ഭാഗ്യനായിക എന്ന പേര് സമ്പാദിക്കാനും കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം എഴ് ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ഇതിഹാസ എന്ന ചിത്രമാണ് അനുശ്രീ എന്ന നടിക്ക് പ്രേക്ഷകരുടെ കയ്യടി നേടിക്കൊടുത്തത്. ഒരുപിടി നല്ല വേഷങ്ങളുമായി ശ്രിന്ദ അഷാബും സിനിമകളില്‍ നിറഞ്ഞു നിന്നു. 2013ല്‍ മലയാള സിനിമാ ലോകത്ത് ചേക്കേറിയ റീനു മാത്യൂസിനും മൂന്ന് നല്ല വേഷങ്ങള്‍ ലഭിച്ചു. നാല് ചിത്രങ്ങളില്‍ നായികയായി വേഷമിട്ടെങ്കിലും കഴിവ് തെളിയിക്കാന്‍ പറ്റിയ വേഷങ്ങളൊന്നും നമിത പ്രമോദിനെ തേടിയെത്തിയില്ല.

               യുവ സംവിധായകര്‍ പലരും തിയേറ്ററുകള്‍ ഇളക്കി മറിച്ചപ്പോള്‍ ജോഷി, സിബി മലയില്‍ തുടങ്ങിയ പരിചയ സമ്പത്ത് ഏറെയുള്ള ചില സംവിധായകരുടെ ചിത്രങ്ങളെ പ്രേക്ഷകര്‍ തീര്‍ത്തും അവഗണിക്കുന്ന കാഴ്ചയാണ് പോയ വര്‍ഷത്തില്‍ നാം കണ്ടത്. സംവിധായകന്‍ എന്ന നിലയില്‍ അമല്‍ നീരദ്, എബ്രിഡ് ഷൈന്‍, ജൂഡ് ആന്റണി ജോസഫ്, വേണു, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ പ്രശംസ പിടിച്ചു പറ്റി. മുന്നറിയിപ്പിന് തിരക്കഥ ഒരുക്കിയ ഉണ്ണി ആറിനും അഭിമാനിക്കാം.

               അല്ലു അര്‍ജുന്‍, മഹേഷ്‌ ബാബു തുടങ്ങിയവരുടെ മൊഴിമാറ്റ ചിത്രങ്ങള്‍ കാണാന്‍ മലയാളികള്‍ തിയേറ്ററിലേക്ക് ഇടിച്ചു കയറിയിരുന്നു അടുത്ത കാലം വരെ. ആ ഒരു പ്രതിഭാസത്തിന് കുറെയൊക്കെ മാറ്റം വന്നിരിക്കുന്നു. എന്നാല്‍ അന്യഭാഷാചിത്രങ്ങളോടുള്ള മലയാളിയുടെ ഇഷ്ടത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. പ്രത്യേകിച്ചും തമിഴ് സിനിമകളോട്. പത്തോളം തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് കേരളത്തില്‍ റിലീസ് ചെയ്തുവെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. എന്നാല്‍ ജില്ല(മോഹന്‍ലാല്‍-വിജയ്‌), അഞ്ജാന്‍(സൂര്യ), കത്തി(വിജയ്‌), വീരം (അജിത്‌) തുടങ്ങിയ സിനിമകള്‍ കാണാന്‍ തിയേറ്ററുകകളിലേക്ക് മലയാളികളുടെ കുത്തൊഴുക്കായിരുന്നു. ഇതില്‍ പെട്ട് പല നല്ല മലയാള സിനിമകളും മുങ്ങി പോവുകയും ചെയ്തു.

               പുതിയ പല കലാകാരന്മാരുടെയും പിറവികള്‍ക്കും പല പ്രമുഖരുടേയും ദേഹവിയോഗങ്ങള്‍ക്കും 2014 സാക്ഷ്യം വഹിച്ചു. 2014 ഒരര്‍ത്ഥത്തില്‍ പുതുമുഖങ്ങളുടെ വര്‍ഷമായിരുന്നു എന്ന് പറയാം. 150 സിനിമകള്‍ റിലീസ് ചെയ്തതില്‍ 82 എണ്ണവും പുതുമുഖ സംവിധായകരുടേതായിരുന്നു. എബ്രിഡ് ഷൈന്‍(1983), ജൂഡ് ആന്റണി ജോസഫ്(ഓം ശാന്തി ഓശാന), ശ്യാംധര്‍(7th ഡേ), ജിബു ജേക്കബ് (വെള്ളിമൂങ്ങ), ബിനു.എസ് (ഇതിഹാസ) തുടങ്ങി പ്രതീക്ഷയുണര്‍ത്തുന്ന ചില സംവിധായകരെ ലഭിച്ച വര്‍ഷമായിരുന്നു 2014. ഫര്‍ഹാന്‍ ഫാസില്‍(ഞാന്‍ സ്റ്റീവ് ലോപ്പസ്), അഹാന കൃഷ്ണകുമാര്‍(ഞാന്‍ സ്റ്റീവ് ലോപ്പസ്), രാജേഷ്‌ ശര്‍മ്മ(ഹോംലി മീല്‍സ് ), വിപിന്‍ ആറ്റ് ലി (ഹോംലി മീല്‍സ് ), നിക്കി ഗല്‍രാനി(1983,വെള്ളിമൂങ്ങ,ഓം ശാന്തി ഓശാന), തുടങ്ങിയ അഭിനേതാക്കളും മലയാള സിനിമയുടെ ഭാഗമായി.

               ഗായകനും സംഗീതസംവിധായകനുമായ കെ.പി ഉദയഭാനു ഇക്കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നമ്മെ വിട്ടകന്നു. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ 'ന്യൂസ്‌പേപ്പര്‍ ബോയി'യുടെ സംവിധായകനായ പി. രാംദാസിന്റെ ദേഹവിയോഗവും പോയ വര്‍ഷമായിരുന്നു. ഏറ്റവുമധികം സിനിമകള്‍ സംവിധാനം ചെയ്തതിന്റെ ലോകറെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുക വഴി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ ജെ.ശശികുമാര്‍ ആണ് നമ്മെ വിട്ടു പോയ മറ്റൊരു പ്രമുഖന്‍. ക്യാമറാമാന്‍ അശോക്‌ കുമാര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ എന്‍.എല്‍ ബാലകൃഷ്ണന്‍, ആദ്യകാല പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ടി.ഇ.വാസുദേവന്‍ എന്നിവരുടെ നിര്യാണത്തിനും 2014 വേദിയായി.

               പുറത്തിറങ്ങിയ 150 സിനിമകളില്‍ പത്തോളം ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കാന്‍ ഒരു കൂട്ടം കഴിവും ലക്ഷ്യബോധവുമുള്ള ആളുകളെ മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നു. യുവതലമുറയില്‍ പെട്ട സംവിധായകര്‍ പലരും വന്‍ വിജയങ്ങള്‍ നേടിയപ്പോള്‍ മുതിര്‍ന്ന സംവിധായകര്‍ പലരും അമ്പേ പരാജയപ്പെട്ടത് അവരെ ഒരു പുനര്‍ചിന്തനത്തിലേക്ക് നയിക്കട്ടെ. സാറ്റലൈറ്റ് റൈറ്റ്സിന്റെ കാര്യത്തില്‍ ചാനലുകാര്‍ക്ക് വൈകിയാണെങ്കിലും നല്ല ബുദ്ധി ഉദിച്ചു. അതിന്റെ ഗുണവശങ്ങള്‍ പോയ വര്‍ഷം പ്രകടമായില്ലെങ്കിലും അടുത്തവര്‍ഷം തട്ടിക്കൂട്ട് ചിത്രങ്ങളുടെ എണ്ണത്തില്‍ കുറവ് പ്രതീക്ഷിക്കാം. തിരുവനന്തപുരത്ത് നടന്ന പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്ന വിവാദങ്ങള്‍ മേളയുടെ ശോഭ കുറച്ചതും നാം കണ്ടു. ഈ വര്‍ഷം ഒരുപാട് നല്ല ചിത്രങ്ങള്‍ തിയേറ്ററകളിലെത്തട്ടെ എന്നാശംസിക്കാം. അതിനായി കാത്തിരിക്കാം...

67 comments:

 1. 2014 ന്‍റെ പകുതിക്കിപ്പുറം തിയേറ്റരിലേക്കുള്ള ഓട്ടം വിരളമായിരുന്നു. അതിനാല്‍ വിശദമായി കമന്റാന്‍ പറ്റില്ല..

  വളരെ പരപ്പിലും ആവശ്യത്തിനു ആഴത്തിലുമുള്ള വിശകലനങ്ങള്‍.. സിനിമയോടുള്ള പ്രണയവും അറിവും നിഴലിക്കുന്ന എഴുത്ത്.. WELL DONE SANGEETH.. GOOD POST..

  TITLES ARE FANTASTIC..

  ReplyDelete
  Replies
  1. താങ്ക്സ് മനോജേട്ടാ... :-)
   കഴിഞ്ഞ വര്‍ഷം 'മലയാളസിനിമ 2013: ഒരു തിരിഞ്ഞുനോട്ടം' എന്ന പോസ്റ്റ്‌ ഇട്ടപ്പോള്‍ ഏറ്റവും നീളമേറിയ കമന്റ് ഇട്ടത് മനോജേട്ടനായിരുന്നു. ഞാന്‍ വിട്ടു പോയ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു... :-)

   Delete
 2. Professional touch ഉണ്ട് എന്നത്തേയും പോലെ..ഒരു വാരികയില്‍ ലേഖനം വായിക്കുന്ന അനുഭവം...നല്ല രീതിയില്‍ കഷ്ടപ്പെട്ടിട്ടുണ്ട്..അത് കൊണ്ട് തന്നെ മികച്ചത് ആയി എന്നത്തേയും പോലെ!!

  ReplyDelete
  Replies
  1. നന്ദി രാകേഷ് ഭായ്... സിനിമകളെ ഒരുപാട് സ്നേഹിക്കുകയും ഒരുപാട് സിനിമകള്‍ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്യുന്ന ഒരാളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം... :-)

   Delete
 3. A comprehensive chronology of 2014 malayalam moviedom. Good. Congratulations for your hard work.

  ReplyDelete
 4. വല്ല പത്രത്തിലേക്കോ മാസികയിലേക്കോ അയച്ചു കൊടുക്ക്. അത്രേം നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. താങ്ക്സ് ഡാ... :-)

   Delete
 5. ഞാന്‍ കണ്ട നല്ല പടം സ്റ്റീവ് ലോപ്പസ് ആയിരുന്നുട്ടാ പിന്നെ മുന്നറിയിപ്പ്,അപ്പോത്തിക്കിരി....പിന്നെ പിന്നെ അങനെയൊന്നും ഇല്ല ....മെനക്കെട്ട് ഇരുന്നു സത്യസന്ധതയോടെ എഴുതിയതിനു മോനെ ഒരു സല്യൂട്ട് ട്ടാ

  ReplyDelete
  Replies
  1. സ്റ്റീവ് ലോപ്പസ് എനിക്കും ഇഷ്ടായി...ഒരു റിയലിസ്റ്റിക് മൂവി...താങ്ക്സ് ട്ടോ... :-)

   Delete
 6. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. തികച്ചും സത്യസന്ധമായ നിരൂപണം. ഇത്തവണ ഞാൻ വായിച്ച വിലയിരുത്തലുകളിൽ ഏറ്റവും മികച്ചത്..പല സിനിമകളും കണ്ടിട്ടില്ല. എന്നാലും കണ്ട സിനിമകൾക്ക് എല്ലാം ഇതേ അഭിപ്രായം തന്നെ എനിക്കും. ഹെഡ്ഡിങ്ങെല്ലാം സൂപ്പർ ആയിട്ടുണ്ട്. ഇത്രയും സമയമെടുത്ത് നന്നായി എഴുതിയതിന് ഒരു ബിഗ്‌ സല്ല്യൂട്ട്...
  Keep going bro..

  ReplyDelete
  Replies
  1. വളരെയധികം നന്ദി അനീഷ്‌... :-)

   Delete
 7. വരികളുടെ അലൈന്‍മെന്റ് ഒന്ന് ശരിയാക്കാന്‍ മാത്രം നിര്‍ദ്ദേശം വെക്കുന്നു. ബാക്കിയെല്ലാം മുന്നെയുള്ളവര്‍ പറഞ്ഞത് തന്നെ. നന്നായി.

  ReplyDelete
  Replies
  1. ഞാന്‍ ശരിയാക്കിയിട്ടുണ്ട്...ചൂണ്ടിക്കാണിച്ചതിന് താങ്ക്സ്... :-)

   Delete
 8. നന്നായി... ആശംസകള്‍... സംഗീത് ഭായ്.

  ReplyDelete
  Replies
  1. താങ്ക്സ് സുധീര്‍ ഭായ്... :-)

   Delete
 9. നല്ല വിശകലനം,നല്ല ഭാഷ ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ചന്ദുവേട്ടാ... :-)

   Delete
 10. സംഗീത് ഭായ് നന്നായി പണിഎടുത്തിട്ടുണ്ട്.ആശംസകൾ

  ReplyDelete
  Replies
  1. താങ്ക്സ് ഭായ്... :-)

   Delete
 11. തികച്ചും വസ്തു നിഷ്ഠമായ വിലയിരുത്തല്‍. കാര്യങ്ങള്‍ കൃത്യതയോടെ പറഞ്ഞു വെച്ച അതി മനോഹരമായ ഒരു വിശകലനം . ഏറെ ഇഷ്ടമായി സംഗീത്

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം സാര്‍... :-)

   Delete
 12. This comment has been removed by the author.

  ReplyDelete
 13. Great Effort and great writing... All the best...

  ReplyDelete
 14. മുഖ്യധാര മാധ്യമങ്ങളിൽ വരേണ്ട വിശകലനം!! തീര്ച്ചയായും അഭിനന്ദനർഹമയത്..
  സന്ഗീതിനെ കൈപിടിച്ചുയർത്താൻ പത്ര മുത്തശിമാർ വരണം...
  ഞങ്ങൾ ഒപ്പമുണ്ട്....ഇനിയും വരട്ടെ ആ തൂലിക തുമ്പിൽ നിന്നും...
  ഔറംഗസീബ്,
  പെരുമാതുറ
  http://seebus.blogspot.com

  ReplyDelete
  Replies
  1. ഒരുപാട് നന്ദി ഈ നല്ല വാക്കുകള്‍ക്ക്... :-)

   Delete
 15. പോയ വര്‍ഷത്തെ സിനിമയെ ഗംഭീരമായി വിലയിരുത്തിയിരിക്കുന്നു. ശരിക്കും വലിയ ഒരു പ്രയത്നം തന്നെയിത്. അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. താങ്ക്സ് ചേച്ചീ... :-)

   Delete
 16. Excellent write up.. Hats off you man .. Keep Going..
  ഞാനും ഒന്ന് എഴുതി തുടങ്ങിയിരുന്നു പോയ വർഷത്തിലെ സിനിമകളെ കുറിച്ച് ...സമയപരിധി മൂലം പാതി വഴിക്ക് നിർത്തി വച്ചിരിക്കുകയാണ് ..പക്ഷേ ഇത് സമീപകാലത്ത് ഞാൻ കണ്ട സിനിമാ പോസ്റ്റുകളിൽ നിന്ന് ഏറെ മികച്ചു നിൽക്കുന്നു ..എല്ലാ സിനിമകളെയും ഉൾക്കൊള്ളിക്കുന്ന ഒരുഗ്രൻ ലേഖനം .. അഭിനന്ദനങ്ങൾ പ്രിയ സംഗീത്

  ReplyDelete
  Replies
  1. ഒരുപാട് ഒരുപാട് സന്തോഷം പ്രവീണേട്ടാ... :-)

   Delete
 17. നന്നായി അവതരിപ്പിച്ചു സംഗീത്. നല്ല പഠനം. നേര്‍ക്കാഴ്ച. എല്ലാത്തിനും ഉപരിയായി ഏതൊക്കെ സിനിമ കാണണം എന്നെനിക്കൊരു വഴികാട്ടിയും. സംഗീതിന്റെ ബ്ലോഗ്‌ എന്റെ ഒരു bookmark ആണ്.

  ReplyDelete
  Replies
  1. ഈ പോസ്റ്റും ബ്ലോഗും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം... :-)

   Delete
 18. നല്ല വിശകലനം !
  സിനിമയെ ഗൌരവമായി സമീപിക്കുന്നവർക്ക് മാത്രം സാധ്യമാകുന്ന ഒന്ന് !

  അഭിനന്ദനങ്ങൾ !

  ReplyDelete
 19. Well written. BUT you missed one,- 8.20. And wrong about another - Call me @ not yet released.

  ReplyDelete
  Replies
  1. 8:20 ഡിസംബര്‍ അവസാനവാരം ഇറങ്ങിയ ചിത്രമായതുകൊണ്ട് വിട്ടു പോയി...ഞാന്‍ ഇത് അതിനു മുമ്പേ തയ്യാറാക്കിയിരുന്നു... 'കാള്‍ മീ അറ്റ്‌ ' തിരുത്തിയിട്ടുണ്ട്...താങ്ക്യൂ സോ മച്ച് ഉട്ടോ... :-)

   Delete
 20. ഒട്ടുമിക്ക സിനിമകളും കണ്ടതായിരുന്നു. നല്ല വിലയിരുത്തല്‍... ആശംസകള്‍.. !

  ReplyDelete
 21. നല്ല അവലോകനം സംഗീത്
  തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടിട്ട് വര്‍ഷം നാലഞ്ചു കഴിഞ്ഞു !
  ഇപ്പോള്‍ .. ഒന്ന് കാണാന്‍ കൊതിയാവുന്നുണ്ട് ... കാണണം :)
  നല്ല ആശംസകളോടെ
  asrus..

  ReplyDelete
  Replies
  1. താങ്ക്സ് അസ്രൂസ് ഭായ്... :-)

   Delete
 22. A big salute for you. Valare nalla vishakalanam. Ottum bore adikathe vaayikan pattiya avatharanam.

  ReplyDelete
 23. നമ്മടെ സംഗീത്‌ വിനായകന്‍ പറഞ്ഞതു തന്നെയാണ്‌ എനിക്കും പറയാനുളളത്‌

  ReplyDelete
 24. ആഴത്തിലുള്ള ചലച്ചിത്രാസ്വാദനം .സംഗീത് നല്ല ഭാവിയുണ്ടുട്ടോ ഈ മേഖലയില്‍ .

  ReplyDelete
  Replies
  1. താങ്ക്സ് ചേച്ചീ... :-)

   Delete
 25. നല്ല വിവരണം .... സിനിമായാനം മനോഹരം

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം... :-)

   Delete
 26. പന്തിരുകുലങ്ങളാക്കി തിരിച്ച് മലയാള സിനിമയുടെ ഒരു വർഷം..
  നല്ല പകിട്ടും മോഡിയും കലർത്തി സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നു ,,
  അഭിനന്ദനങ്ങൾ കേട്ടൊ സംഗീത്

  ReplyDelete
  Replies
  1. താങ്ക്യൂ സാര്‍... :-)

   Delete
 27. പോയ വർഷം ഇറങ്ങിയ മലയാള സിനിമകളെ വിശദമായി പഠിച്ച്, മികച്ച അവലോകനം തയ്യാറാക്കാൻ ഏറെ ഹോം വർക്ക് ചെയ്തിരിക്കുന്നു എന്ന് ഊഹിക്കുന്നു. ജോലിത്തിരക്കുകൾക്കിടയിലും ഇതിനു സമയം കണ്ടത്തിയ സംഗീതിന്റെ അർപ്പണ മനോഭാവം ഇവിടെ തെളിഞ്ഞു കാണാനാവുന്നു. ബ്ളോഗുകൾക്കപ്പുറമുള്ള മറ്റ് മാധ്യമങ്ങളിലൂടേയും വിപുലമായ ചർച്ച അവകാശപ്പെടുന്ന ലേഖനമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. പല കാരണങ്ങൾകൊണ്ട് ഈ പോസ്റ്റിനെ മലയാളം ബ്ളോഗുകളിൽ കണ്ട മികച്ച പോസ്റ്റുകളുടെ പട്ടികയിലേക്ക് എടുത്തുവെക്കണം. ഇതോടൊപ്പം ഒരു ബ്ളോഗ് പോസ്റ്റ് എങ്ങിനെ വേണമെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നു.

  ഒന്ന് : തയ്യാറാക്കുന്ന ലേഖനത്തിൽ ചെലുത്തിയിരിക്കുന്ന ആത്മാർത്ഥതയും അർപ്പണ മനോഭാവവും.
  രണ്ട് : ലളിതവും, മനോഹരവുമായ ഭാഷയിൽ അത് അവതരിപ്പിച്ച രീതി
  മൂന്ന് : ലേ ഔട്ട് ഏറ്റവും ആകർഷണീവും, വിഷയത്തിന് അനുയോജ്യവുമായ രീതിയിൽ ശീർഷകവും, ഉപശീർഷകങ്ങളും വിന്യസിക്കുന്നത്.
  നാല് : വിഷയത്തെ ആഴത്തിൽ പഠിച്ച് സമഗ്രമായി അവതരിപ്പിക്കാൻ സമർപ്പിച്ച അദ്ധ്വാനം

  ശ്രദ്ധിക്കപ്പെടാതെ പോവുമായിരുന്ന ഈ മികച്ച വായനാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിന് സംഗീതിനോട് നന്ദി പറയുന്നു.....

  ReplyDelete
  Replies
  1. ഒരുപാട് നന്ദിയുണ്ട് മാഷേ ഈ പോസ്റ്റിനെ ഇങ്ങനെ വിലയിരുത്തിയതില്‍... എന്റെ ബ്ലോഗിന് കിട്ടിയ വലിയൊരു അംഗീകാരമായി ഇതിനെ കാണുന്നു...എങ്ങനെ നന്ദി പറയണമെന്നറിയില്ല....സന്തോഷം...സന്തോഷം...സന്തോഷം... :-)

   Delete
 28. This comment has been removed by the author.

  ReplyDelete
 29. കഴിഞ്ഞ വര്‍ഷത്തെ ഏറ്റം മികച്ച ചിത്രം എന്റെ നോട്ടത്തില്‍ 1983 തന്നെയാണ്. ആകര്‍ഷകമായ പ്രമേയം. തികച്ചും സ്വാഭാവികവും
  ജീവിതഗന്ധിയുമായ കഥ. മികച്ച കാസ്റ്റിംഗ്. പാട്ടുകള്‍. എല്ലാം എബ്രിഡ്ഷൈന്‍ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തി. താരബാഹുല്യം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ഹിറ്റായ 'ബാംഗ്ലൂര്‍ ഡേയ്സുമായി' കമ്പയര്‍ ചെയ്‌താല്‍ ബഹുദൂരം മുന്‍പിലാണ് ഈ ചിത്രത്തിന്‍റെ സ്ഥാനം. 2014ന്റെ സിനിമ 1983 തന്നെയാണ്.

  ഇ ഹോം വര്‍ക്കിന് അഭിനന്ദനങ്ങള്‍ സംഗീത്,

  ReplyDelete
  Replies
  1. 1983 നല്ലൊരു സിനിമ തന്നെയായിരുന്നു...ബാംഗ്ലൂര്‍ ഡേയ്സിന് പല കുറവുകളും എനിക്കും തോന്നി...ഒരു പക്ഷേ ഓരോ താരങ്ങളെയും അവരുടെ ഫാന്‍സിനെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമായിരിക്കാം അതിനു കാരണം...താങ്ക്സ് ഭായ്... :-)

   Delete
 30. കൊള്ളാം ..നല്ല വിലയിരുത്തല്‍ ...
  ഇതിലെ കുറച്ചു പടങ്ങള്‍ കണ്ടതാണ് .. അഭിനന്ദനങ്ങള്‍ !

  ReplyDelete