March 11, 2015

ജാഫര്‍ പനാഹിയുടെ സിനിമകളിലൂടെ ഭാഗം-2

        എത്ര എഴുതിയാലും പറഞ്ഞാലും മതി വരുന്നില്ല ജാഫര്‍ പനാഹിയെക്കുറിച്ചും, അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും. ഈയിടെ ഒരു സുഹൃത്തിനോട് ഇറാനിയന്‍ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ പതിവു പോലെ ജാഫര്‍ പനാഹിയെക്കുറിച്ച് വാചാലനായി. അപ്പോള്‍ അവന്‍ കളിയാക്കിക്കൊണ്ട് ചോദിച്ചു. 'ഇറാനിലെ ഒരേയൊരു നല്ല സിനിമാസംവിധായകന്‍ ജാഫര്‍ പനാഹി മാത്രമാണോ?'' എന്ന്. അല്ല എന്നു തന്നെയാണ് ഉത്തരം. ബഹ്മാന്‍ ഗൊബാദി, മജീദ് മജീദി, അബ്ബാസ് കിയാരൊസ്തമി എന്നിങ്ങനെ ജാഫര്‍ പനാഹിയോളമോ അതിലേറെയോ പ്രഗത്ഭരോ, പ്രശസ്തരോ ആയ സംവിധായകരുടെ നീണ്ട നിര തന്നെയുണ്ട് ഇറാനിയന്‍ സിനിമാലോകത്ത്. പക്ഷേ സ്വന്തം ജീവനേക്കാളേറെ സിനിമയെ സ്‌നേഹിക്കുകയും, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകളെ പോലും വെല്ലുവിളിച്ച് തനിക്ക് പറയാനുള്ളത് സിനിമയെന്ന മാധ്യമത്തിലൂടെ വിളിച്ചു പറയുകയും ചെയ്ത ജാഫര്‍ പനാഹിയെ പോലുള്ള സംവിധായകര്‍ ഈ ലോകത്ത് തന്നെ വിരളമാണ്. ജാഫർ പനാഹി സംവിധാനം ചെയ്ത ക്രിംസണ്‍ ഗോൾഡ്, ഓഫ്‌ സൈഡ്, ദിസ്‌ ഈസ്‌ നോട്ട് എ ഫിലിം, ക്ലോസ്ഡ് കർട്ടൻ, ടാക്സി എന്നീ സിനിമകളെക്കുറിച്ച്...

''ജാഫര്‍ പനാഹിയുടെ സിനിമകളിലൂടെ ഭാഗം-1'' വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


            ''ഇഫ് യൂ വാണ്ട് റ്റു അറസ്റ്റ് എ തീഫ്, യൂ വില്‍ ഹാവ് റ്റു അറസ്റ്റ് ദി വേള്‍ഡ്''

          'ക്രിംസണ്‍ ഗോള്‍ഡി'ലെ മുഖ്യ കഥാപാത്രമായ ഹുസൈനോടും, അയാളുടെ സുഹൃത്ത് അലിയോടും ഹോട്ടലില്‍ വെച്ച് അപരിചിതനായ ഒരാള്‍ പറയുന്ന വാചകമാണിത്. ഈ സിനിമയുടെ ആകെത്തുകയാണ് ഈ വാചകം എന്നു പറയാം. ജാഫര്‍ പനാഹിയുടെ അഞ്ചാമത് ചലച്ചിത്രമാണ് ക്രിംസണ്‍ ഗോള്‍ഡ്. റിലീസിംഗിന് മുമ്പ് തന്നെ ഇറാനില്‍ ബാന്‍ ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അബ്ബാസ് കിയാരൊസ്തമിയാണ്. ഹുസൈന്‍ എന്ന പിസാ ഡെലിവറി ബോയിയായി വേഷമിട്ടിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഹുസൈന്‍ ഇമാദിദ്ദീന്‍ എന്നു പേരായ ഒരു  പിസാ ഡെലിവറി ബോയ് തന്നെയാണ്. ഹുസൈന്‍ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരാളായതു കൊണ്ട് ഷൂട്ടിംഗ് സമയത്ത് പനാഹി ഏറെ കഷ്ടപ്പെട്ടിരുന്നുവത്രേ. എന്നാല്‍ അഭിനയത്തിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് സിനിമയ്ക്ക് ഗുണം ചെയ്തതായി സിനിമ കാണുമ്പോള്‍ മനസ്സിലാവും.

           ഒരു ജ്വല്ലറി കവര്‍ച്ച ചെയ്യാനുള്ള ഹുസൈന്റെ ശ്രമത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. ജ്വല്ലറി ജീവനക്കാരനെ വെടിവെച്ച് കൊല്ലുകയും തന്റെ കവര്‍ച്ചാശ്രമം പരാജയപ്പെടുകയും ചെയ്യുന്നതോടു കൂടി ഹുസൈന്‍ വെടിവെച്ച് ആത്മഹത്യ ചെയ്യുന്നു. പിന്നീട് അതിന്റെ കാരണം തേടി സംവിധായകന്റെ ക്യാമറ പിന്നോട്ട് ചലിക്കുകയാണ്.

             ഈ സിനിമയിലൂടെ പനാഹി കാണിച്ചു തരുന്നത് എല്ലായിടത്തുമെന്നപോലെ ഇറാനിലും നിലനില്‍ക്കുന്ന സാമൂഹിക അസമത്വം തന്നെയാണ്. ഹുസൈന് പിസാ ഡെലിവറിക്കായി പലയിടങ്ങളിലും ചെല്ലുമ്പോള്‍ പലവിധത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാവുന്നത്. ചിലത് അയാളെ അസ്വസ്ഥനാക്കുന്നു. മറ്റു ചിലത് അയാള്‍ക്ക് പുതിയ അറിവുകള്‍ സമ്മാനിക്കുകയും അയാളെക്കൊണ്ട് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

         ഹുസൈന്‍ ജാഫറിയാന്‍ ആണ് 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ഹുസൈന്‍ ഇമാദിദ്ദീനെ കൂടാതെ കമ്യാര്‍ ഷൈസി, അസിത റയേഷി, ഷഷ്രം വാസിരി തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. 


             ഒരു ജനതയുടെ മുഴുവന്‍ കണ്ണും കാതും ഇത്തിരിപ്പോന്ന ഒരു പന്തിലേക്ക് ആവാഹിക്കാനുള്ള കഴിവുണ്ട് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് . ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുള്ള സ്റ്റേഡിയത്തില്‍ വെച്ച് ഇറാനും ബഹ്‌റിനും തമ്മില്‍  ഫുട്‌ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യതാമത്സരം നടക്കുകയാണ്. ഇറാനിലെ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിയമം മൂലം നിഷിദ്ധമാണ്. കടുത്ത ഫുട്‌ബോള്‍ ഭ്രമം മൂലം മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് വേഷപ്രച്ഛന്നരായി എത്തുന്ന ആറ് പെണ്‍കുട്ടികളുടെ കഥയുമായാണ് ജാഫര്‍ പനാഹി സംവിധാനം നിര്‍വ്വഹിച്ച ഓഫ് സൈഡ് എന്ന ഇറാനിയന്‍ ചിത്രം പുറത്തിറങ്ങിയത്.

          തന്റെ മകളെ അന്വേഷിച്ച് കാറില്‍ യാത്ര ചെയ്യുന്ന പിതാവിന്റെ രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. തന്റെ മകള്‍ ഫുട്‌ബോള്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന് അയാള്‍ക്കറിയാം. അതിനിടെ ഇറാന് അഭിവാദ്യമര്‍പ്പിച്ച് ബസില്‍ വരുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘത്തെ അയാള്‍ കാണുന്നു. ബസ് തടഞ്ഞ് അയാള്‍ അതില്‍ മകളെ തിരയുന്നുണ്ടെങ്കിലും കാണുന്നില്ല. ആ ബസില്‍ നമുക്ക് മറ്റൊരു പെണ്‍കുട്ടിയെ കാണാം. വേഷപ്രച്ഛന്നയാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട, ഇരു കവിളുകളിലും ഇറാന്റെ ദേശീയ പതാകയുടെ നിറം ആലേഖനം ചെയ്ത, നിഷ്‌കളങ്കമായ മുഖത്തോടു കൂടിയ ആ പെണ്‍കുട്ടിയും ഫുട്‌ബോള്‍ മത്സരം കാണാനുള്ള യാത്രയിലാണ്. വലിയ തുക കൊടുത്ത് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന ഒരാളില്‍ നിന്നും ടിക്കറ്റ് വാങ്ങി സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേ അവള്‍ പോലീസിന്റെ പിടിയിലകപ്പെടുന്നു.

             ആണ്‍വേഷം കെട്ടി വന്നതിനാല്‍ പോലീസ് പിടിയിലായ മറ്റു മൂന്ന് പെണ്‍കുട്ടികളുടെ അടുത്തേക്കാണ് അവളെ കൊണ്ടു പോകുന്നത്. പിന്നീട് ഇതേ കുറ്റം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ കൂടി അവിടെ എത്തിച്ചേരുന്നു. ആറ് പെണ്‍കുട്ടികളും സ്വഭാവത്തില്‍ വത്യസ്ഥത പുലര്‍ത്തുന്നവരാണ്. ഒരുവള്‍ പരസ്യമായി സിഗരറ്റ് വലിക്കാന്‍ തന്റേടമുള്ളവള്‍, മറ്റൊരുവള്‍ പോലീസ് യൂണീഫോമില്‍ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ ധൈര്യം കാണിച്ചവള്‍. ഇപ്രകാരം സ്വഭാവ സവിശേഷതകളും, വേഷപ്രച്ഛന്നരാവാനായി അവര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളും വിഭിന്നമാണെങ്കിലും അകത്ത് കയറി ഫുട്‌ബോള്‍ മത്സരം കാണുക എന്നത് തന്നെയാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. പക്ഷേ പോലീസ് പിടിയിലകപ്പെടുന്നതോടു കൂടി അവരുടെ ആഗ്രഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴുന്നു. സ്റ്റേഡിയത്തിനകത്തെ ആരവങ്ങളും, ആര്‍പ്പുവിളികളും അവരുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി സ്റ്റേഡിയത്തിനു പുറത്ത് പോലീസ് ബന്ധനത്തില്‍ നില്‍ക്കുന്ന ആ പെണ്‍കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

         പോലീസുകാരിലൊരുവന്‍ പെണ്‍കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി കളിയുടെ  കമന്ററി പറയുമ്പോള്‍ അവരുടെ മുഖത്ത് മിന്നി മായുന്ന ഭാവമാറ്റങ്ങള്‍ മാത്രം മതി ഫുട്‌ബോള്‍ കളിയോടുള്ള അവരുടെ ഭ്രമം മനസ്സിലാക്കാന്‍. ആറ് പെണ്‍കുട്ടികളും പുരുഷാധിപത്യത്തിന്റെ ഇരകളാണെന്ന് പറയാം. സിഗററ്റ് വലിക്കുന്ന യുവതിയും ഒരു പോലീസുകാരനും തമ്മിലുള്ള സംഭാഷണത്തിനിടെ യുവതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന പോലീസുകാരനെയാണ് നമുക്ക് കാണാനാവുക. അയാളെ ആണ്‍ മേല്‍ക്കോയ്മയുടേയും യുവതിയെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കാം. യുവതിയും പോലീസുകാരനും തമ്മിലുള്ള ഒരു സംഭാഷണം ഇപ്രകാരമാണ്.

പോലീസ്: സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിനകത്ത് കയറി കളി കാണാനാവില്ല.

യുവതി: അപ്പോള്‍ എങ്ങനെയാണ് ജപ്പാനില്‍ നിന്നുള്ള സ്ത്രീകള്‍  ഇറാന്‍ജപ്പാന്‍ മത്സരം കാണുന്നത്?

പോലീസ്: അവര്‍ ജപ്പാന്‍കാരാണ്.

യുവതി: അപ്പോള്‍ ഇറാനില്‍ ജനിച്ചതാണോ എന്റെ തെറ്റ്?

        ഇറാനില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകള്‍ക്കും, പുറം രാജ്യങ്ങളില്‍ നിന്നും ഇറാനില്‍ വരുന്ന സ്ത്രീകള്‍ക്കും ഉള്ള രണ്ടു തരം നിയമമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. യുവതിയുടെ ചോദ്യങ്ങള്‍ക്ക് പോലീസുകാരന്‍ നല്‍കുന്ന പല ന്യായീകരണങ്ങളും ആ രാജ്യത്ത് പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്നുള്ള കുറ്റസമ്മതമായാണ് നമുക്ക് തോന്നുക. മറ്റൊരു രംഗത്തില്‍ സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര ഇല്ലാത്തതിനാല്‍ പൊലീസുകാരിലൊരുവന്‍ ഒരു യുവതിയേയും കൊണ്ട് പോകുന്നത് പുരുഷന്മാരുടെ മൂത്രപ്പുരയിലേക്കാണ്. അവിടെ വെച്ച് ആയാള്‍ അവളോട് കണ്ണുകളടച്ച് പോകാനാവശ്യപ്പെടുന്നു. അതിന്റെ കാരണമന്വേഷിക്കുമ്പോള്‍ പോലീസുകാരന്‍ പറയുന്നത് ഇപ്രകാരമാണ്.

  'സ്ത്രീകള്‍ വായിക്കാന്‍ പാടില്ലാത്ത മോശമായ കാര്യങ്ങള്‍ പലതും ചുവരിലെഴുതി വെച്ചിട്ടുണ്ട്.'

         ഇത്തരത്തില്‍ ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന അസമത്വത്തിനെതിരായ ഗര്‍ജ്ജനമാണ് ചിത്രത്തിലെ പല രംഗങ്ങളും. 2006ല്‍ ഇറാന്‍ബഹറിന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം നടക്കുന്നതിനിടെ നേരിട്ട് ഷൂട്ട് ചെയ്തതാണ് ചിത്രത്തിലെ രംഗങ്ങള്‍. അതുകൊണ്ട് തന്നെ മത്സരത്തിന്റെ ജയപരാജയങ്ങള്‍ക്കനുസരിച്ച് രണ്ട് ക്ലൈമാക്‌സുകളും സംവിധായകന്‍ തീരുമാനിച്ചിരുന്നു.

               ഷദ്‌മേര്‍ റസ്റ്റിനോടൊപ്പം ചേര്‍ന്നാണ് പനാഹി ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് മുന്‍നിര നടീനടന്മാര്‍ അല്ലാത്തതുകൊണ്ട് തന്നെ അഭിനേതാക്കളുടെ പ്രകടനം മികച്ച നിലവാരം പുലര്‍ത്തി എന്ന് പറയാനാവില്ല. റാമി അഗാമി, മഹ്മൂദ് കലരി എന്നിവര്‍ ചേര്‍ന്ന് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രം വിതരണത്തിനെത്തിച്ചത് സോണി പിക്‌ചേഴ്‌സ് ക്ലാസിക്‌സ് ആണ്. 2006ലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം 'സില്‍വര്‍ ബിയര്‍' പുരസ്‌കാരം സ്വന്തമാക്കി. 

           ചിലരുണ്ടാവും, ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വന്നാലും സ്വന്തം ആശയങ്ങളെയും ആദര്‍ശങ്ങളേയും ബലി കഴിക്കാന്‍ തയ്യാറാവാതെ അവയെല്ലാം ചങ്കൂറ്റത്തോടെ ലോകത്തിനു മുന്നില്‍ ഉറക്കെ വിളിച്ചു പറയുന്നവര്‍. അത്തരത്തില്‍ ഒരാളാണ് ജാഫര്‍ പനാഹി. ഇറാനിയന്‍ നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ പ്രമുഖനായ അബ്ബാസ് കിയാരൊസ്തമിയുടെ പാത പിന്തുടര്‍ന്നാണ് ജാഫര്‍ പനാഹിയും ഇറാനിയന്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, ലിംഗ  അസമത്വങ്ങള്‍ക്കെതിരെയും സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടതകള്‍ക്കെതിരെയും തന്റെ സിനിമകളിലൂടെ പ്രതികരിച്ച ജാഫര്‍ പനാഹി പെട്ടന്നു തന്നെ ഇറാന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി. അദ്ദേഹത്തതിന്റേതായി പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളില്‍ അഞ്ചെണ്ണവും ഇറാനില്‍ നിരോധിക്കപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരവും അദ്ദേഹത്തെ ഇറാന്‍ ഭരണകൂടം എത്രയേറെ ഭയക്കുന്നു എന്നതിന്റെ തെളിവുമാണ്. 2010ല്‍ ആണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് കോടതി അദ്ദേഹത്തെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതോടൊപ്പം ഇരുപത് വര്‍ഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ മാധ്യമങ്ങളുമായി സംവദിക്കാനോ പാടുകയുമില്ല.

       ദിസ് ഈസ് നോട്ട് എ ഫിലിം എന്ന ഡോക്യു ഫീച്ചറിലെ നായകന്‍ ജാഫര്‍ പനാഹി തന്നെയാണ്. താന്‍ ചെയ്ത സിനിമകളെക്കുറിച്ചും ഭാവിയിലെ തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചും വാചാലനാവുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ. ജാഫര്‍ പനാഹിയുടെ ജീവിതത്തിലെ ഒരു ദിവസമാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. ഫിലിം ക്യാമറ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ ഡിജിറ്റല്‍ ക്യാമറയിലും മൊബൈല്‍ ഫോണിലുമായാണ് അദ്ദേഹം ഈ ചിത്രം ഷൂട്ട് ചെയ്തത്. തന്റെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമെല്ലാമുള്ള ഫോണ്‍ സംഭാഷണങ്ങളിലൂടെയും മറ്റുമായാണ് സിനിമയുടെ വികാസം. ഒരു പെന്‍ ഡ്രൈവിലാക്കി ഒരു പിറന്നാള്‍ കേക്കിനുള്ളില്‍ ഒളിപ്പിച്ചാണ് ഈ ചിത്രം ഇറാന് വെളിയിലെത്തിച്ചത്.

     എത്രയൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം നേരിടാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടി പതറിയത് ഇറാനിയന്‍ ഭരണകൂടത്തിന് തന്നെയാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമിടയില്‍ ഈ ചിത്രം വന്‍ ചലനം തന്നെ സൃഷ്ടിച്ചു. പല ചലച്ചിത്രമേളകളില്‍ നിന്നുമായി നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രത്തെ തേടിയെത്തി. 


         ഇറാൻ ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിനെ വെല്ലുവിളിച്ച് ജാഫർ പനാഹി എടുത്ത രണ്ടാമത്തെ സിനിമയാണ് ക്ലോസ്ഡ്‌ കർട്ടൻ. ഒരു എഴുത്തുകാരൻ കാസ്പിയൻ കടൽത്തീരത്തുള്ള വീട്ടിൽ 'ബോയ്‌' എന്ന് വിളിക്കുന്ന തന്റെ നായയോടൊപ്പം ഒളിച്ചു താമസിക്കാനെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ കമ്പോസിയ പർടോവിയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

        പോലീസിന്റെ കണ്ണിൽ പെടാതിരിക്കാനായി അദ്ദേഹം വീടിന്റെ ജനാലകൾ മുഴുവൻ കർട്ടൻ ഉപയോഗിച്ച് മറയ്ക്കുന്നുണ്ട്. തല മൊട്ടയടിച്ച് തന്റെ രൂപത്തിലും മാറ്റം വരുത്തുന്നുണ്ട്. മതപരമായ കാരണങ്ങൾ പറഞ്ഞ് അധികാരികൾ ഇറാനിൽ നായകളെ കൊന്നൊടുക്കുന്നത് പതിവാണ്. സിനിമയുടെ തുടക്കത്തിൽ വലിയൊരു ബാഗിലാക്കി കൊണ്ടു വരുന്ന നായയെ ഇവിടെ ഒരു പ്രതീകമായി വേണം കാണാൻ. ടെലിവിഷനിൽ ഒരു നായയെ കൊല്ലുന്ന രംഗം കാണിക്കുമ്പോഴുണ്ടാവുന്ന 'ബോയ്‌'യുടെ അവസ്ഥയും ക്യാമാറക്കണ്ണുകൾ ഒപ്പിയെടുത്തിരിക്കുന്നു. ഈ ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നു കൂടിയാണ് ഇത്.

       ഒരു രാത്രിയിൽ എഴുത്തുകാരന്റെ വീട്ടിൽ മെലിക എന്ന് പേരായ യുവതി കടന്നു വരുന്നുണ്ട്. അവൾ പിന്നീട് അയാളുടെ സ്വൈര്യവിഹാരത്തിന് തടസ്സമായി മാറുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ താൻ ജീവിതത്തിൽ അനുഭവിച്ച മാനസിക വ്യഥകൾ തന്നെയാണ് പനാഹി ഈ കഥാപാത്രങ്ങളിലൂടെ നമുക്ക് കാണിച്ചു തരുന്നത്. ഒടുവിൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ജാഫർ പനാഹി തന്നെ സ്ക്രീനിൽ എത്തുമ്പോൾ മാത്രമാണ് എഴുത്തുകാരനും മേലികയും ആരായിരുന്നു എന്നും അവർക്ക് ചിത്രത്തിലെ സ്ഥാനം എന്തായിരുന്നു എന്നും കാഴ്ചക്കാരന് മനസ്സിലാവുക. കഥയിലെ ഏറ്റവും വലിയ വഴിത്തിരിവും അത് തന്നെയാണ്.

        'ദിസ് ഈസ് നോട്ട് എ ഫിലിം' പോലെ 'ക്ലോസ്ഡ്‌ കർട്ടനും' അതീവരഹസ്യമായി ഇറാന്റെ അതിർത്തി കടന്നു. 2013ലെ ബെർലിൻ ചലച്ചിത്ര മേളയിൽ ക്ലോസ്ഡ്‌ കർട്ടന്‍ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. കമ്പോസിയ പർടോവിയാണ് പനാഹിക്കു വേണ്ടി പുരസ്കാരം ഏറ്റു വാങ്ങിയത്. അതിനുള്ള പ്രതികാരമെന്നവണ്ണം പർടോവിയുടെ പാസ്പോർട്ട് ഇറാൻ സർക്കാർ കണ്ടുകെട്ടി.        
          ടെഹ്രാന്റെ നഗരവീഥിയിലൂടെ മഞ്ഞ നിറമുള്ള ടാക്‌സി ഓടിക്കുന്ന ഒരു ടാക്‌സി ഡ്രൈവറായി വേഷമിട്ട് പനാഹി ഒരിക്കല്‍ക്കൂടി സംവിധായകനും അഭിനേതാവുമായി. പനാഹി കാറില്‍ കയറുന്ന യാത്രക്കാരുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ വികാസം.

        അറുപത്തിയഞ്ചാമാത് ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ പനാഹിയുടെ ഈ ചിത്രത്തിനായി. നിരോധനം വന്ന ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ടാക്‌സി. ഇറാനില്‍ മോഷണം തടയുന്നതിനായി കാറിന്റെ ഡാഷ് ബോര്‍ഡുകളില്‍ ഘടിപ്പിക്കാറുള്ള  ക്യാമറ ഉപയോഗിച്ചാണത്രേ ആദേഹം ഈ ചിത്രം ഷൂട്ട് ചെയ്തത്.

      ഭരണകൂടത്തിന്റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റു രണ്ട് ചിത്രങ്ങള്‍ പോലെ അതീവ രഹസ്യമായാണ് 'ടാക്‌സി'യും ഇറാന്റെ അതിര്‍ത്തി കടത്തിയത്. 'ആധുനിക ഇറാന്റെ നേര്‍ക്കാഴ്ച' എന്ന് നിരൂപകരാല്‍ വാഴ്ത്തപ്പെട്ടത്രെ ഡോക്യു ഫീച്ചര്‍ ശൈലിയിലുള്ള ഈ ചിത്രം.

     രാജ്യാതിര്‍ത്തി കടക്കുന്നതിന് വിലക്കുള്ളതിനാല്‍ ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഹന സയീദിയാണ് പനാഹിക്ക് വേണ്ടി ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ വെച്ച് ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ഏറ്റു വാങ്ങിയത്. 


('ടാക്‌സി' ഇതു വരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ ചിത്രത്തെ കുറിച്ചുള്ള കേട്ടറിവ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥയിലേക്കും കടക്കാനായിട്ടില്ല. കാണുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്)

യാത്ര തുടരുന്നു...

      പനാഹി തന്റെ സിനിമായനം തുടരുകയാണ്. ഭരണകൂടത്തിന്റെ എതിര്‍പ്പുകളെയും തനിക്ക് ലഭിച്ച ആറു വര്‍ഷത്തെ തടവ് ശിക്ഷയേയും ഭയക്കാതെ. ഈയിടെ കോടതി വിധി ലംഘിച്ച് ഒരു മാഗസിന് അഭിമുഖം നല്‍കുക വഴി അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റേതായി ഇനിയും ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങും. അവയോരോന്നും ഭരണകൂടത്തിന്റെ അനീതികള്‍ക്കും ആ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യവും സാംസ്‌കാരികവുമായ അസമത്വത്തിനുമെതിരായ പടവാളുകളായിരിക്കും.

അവസാനിക്കാതിരിക്കട്ടെ....

3 comments:

 1. പ്രതിബന്ധങ്ങളുടെ നടുവില്‍ നിന്നായാലും മൂല്യമേറിയ സിനിമകള്‍ പിറക്കുമെന്ന് മനസ്സിലാക്കിത്തരുന്നു പനാഹി സിനിമകള്‍

  ReplyDelete
 2. ഇറാനിയൻ സിനിമകളെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും ജാഫർ പനാഹി എന്ന മഹാനായ ഫിലിം മേക്കറെപ്പറ്റി കൂടുതൽ പഠിച്ചത് സംഗീതിന്റെ ലേഖനങ്ങളിലൂടെയാണ്. ഗവേഷണബുദ്ധിയോടെയുള്ള ഇത്തരം പഠനങ്ങൾ ബ്ളോഗുകളിൽ മാത്രം ഒതുങ്ങാതെ പൊതുസമൂഹത്തിനുകൂടി പങ്കുവെക്കണമെന്ന അഭിപ്രായമുണ്ട്.

  ReplyDelete
 3. ഇതെല്ലാം കാണാത്ത സിനിമകൾ തന്നെ
  വിശകലനങ്ങൾക്ക് നന്ദി

  ReplyDelete