April 15, 2015

ലോകസിനിമകളിലൂടെ :ഭാഗം 13 (അഫ്ഘാനിസ്ഥാന്‍)

ഒസാമ (2003)
"പൊറുക്കാം പക്ഷെ മറക്കാനാവില്ല"             
             നെല്‍സന്‍ മണ്ടേലയുടെ പ്രശസ്തമായ ഈ വാചകത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. പിന്നീടങ്ങോട്ട് മനുഷ്യമനസ്സിനെ പിടിച്ചുലയ്ക്കുകയും, ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ദൈവത്തിന്റെ പേരു പറഞ്ഞ് മനുഷ്യക്കുരുതിയും രക്തച്ചൊരിച്ചിലും നടത്തിയിരുന്ന താലിബാന്‍ ഭരണത്തില്‍ നിന്നും മോചിക്കപ്പെട്ട അഫ്ഗാന്‍ ജനതയെത്തെടി ആദ്യമെത്തിയ ചലച്ചിത്രമാണ് ഒസാമ. 'ഇതൊരു യഥാര്‍ത്ഥസംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമല്ലേ' എന്ന പ്രതീതി കാഴ്ചക്കാരനില്‍ ജനിപ്പിക്കും വിധം അങ്ങേയറ്റം റിയലിസ്റ്റിക് ആയാണ് സിനിമയുടെ ചിത്രീകരണം.

                സദാ ഭീതി നിഴലിക്കുന്ന കണ്ണുകളുമായി അമ്മയോടും അമ്മൂമ്മയോടും കൂടെ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടേയും അതുവഴി അഫ്ഗാന്‍ ജനതയുടെ തന്നെയും കഥ പറയുകയാണ് സംവിധായകനായ സിദ്ദിക്ക് ബര്‍മാക്.

'എന്റെ ഭര്‍ത്താവ് കാബൂള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍... എന്റെ സഹോദരന്‍ റഷ്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍... മകള്‍ക്ക് പകരം എനിക്കൊരു മകനുണ്ടായിരുന്നുവെങ്കില്‍... ദൈവം സ്ത്രീയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍...'

             ഇത് പെണ്‍കുട്ടിയുടെ അമ്മയുടെ വിലാപമാണ്. ഈ വിലാപത്തില്‍ അവിടുത്തെ സ്ത്രീകളുടെ കണ്ണീരുണ്ട്... ദൈവത്തോടുള്ള അവരുടെ പ്രാര്‍ത്ഥനയുണ്ട്... ഒരു ആണ്‍തരി പോലും കുടുംബത്തില്‍ ഇല്ലാതെ ജീവിക്കേണ്ടി വരുന്നവര്‍ നേരിടുന്ന വേദനയും വിഷമങ്ങളുമുണ്ട്... താലിബാന്റെ തോക്കുകളെ ഭയന്ന് ജീവിക്കേണ്ടി വന്ന ഏതൊരു സ്ത്രീയും ഒരു പക്ഷേ ഇത്തരത്തില്‍ ചിന്തിച്ചിട്ടുണ്ടാവണം. ആ അമ്മ ജീവിതം മുന്നോട്ടു കൊണ്ടു പോകാനായി മകളെ ആണ്‍ വേഷം കെട്ടിക്കുകയാണ്. പിന്നീടവള്‍ക്ക് മനസ്സു കൊണ്ട് പെണ്ണായും അന്നന്നത്തെ അന്നത്തിന് വേണ്ടി ആണായും ജീവിക്കേണ്ടി വരുന്നു. അവള്‍ പകല്‍ അച്ഛന്റെ സുഹൃത്തിന്റെ കടയിലെ 'ജോലിക്കാരനാ'കുന്നു. രാത്രി അമ്മൂമ്മയുടെ മടിയില്‍ തല ചായ്ച്ച് കഥ കേട്ടുറങ്ങുന്ന കൊച്ചു പെണ്‍കുട്ടിയും.

               എന്നാല്‍ ജീവിതം മുന്നോട്ടു കൊണ്ട് പോകാനായി ആണ്‍ വേഷം കെട്ടിയ അവളുടെ ജീവിതത്തിലേക്ക് വലിയൊരു പ്രശ്‌നം കടന്നു വരുന്നു. ആണ്‍കുട്ടിയാണെന്ന ധാരണയില്‍ അവളെ താലിബാന്റെ ആളുകള്‍ അവരുടെ സംഘത്തില്‍ ചേര്‍ക്കാനായി ബലമായി പിടിച്ചു കൊണ്ടു  പോകുന്നു. ഏറെ നാള്‍ ആണ്‍വേഷം കെട്ടി അവരെ കബളിപ്പിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല. സംശയം തോന്നിയ അവര്‍ അവളെ ഒരു ചൂളയ്ക്ക് മുകളില്‍ കെട്ടിത്തൂക്കുന്നു. അവളുടെ മറച്ചുവെച്ച സ്ത്രീത്വം രക്തച്ചുവപ്പായി കാലിലൂടെ ഒലിച്ചിറങ്ങുന്നു. പിന്നീടവളെ കാത്തിരിക്കുന്ന ശിക്ഷ മരണമായിരിക്കില്ല, അതിനേക്കാള്‍ ഭീകരമായ മറ്റൊന്നായിരിക്കും.

               താലിബാന്‍ ഭരണകാലത്തെ അഫ്ഗാന്‍ ജനതയുടെ ജീവിതചിത്രം വരച്ചുകാട്ടിയ ഈ ചിത്രം അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും അതോടൊപ്പം പ്രേക്ഷക പ്രശംസയും കരസ്ഥമാക്കുകയുണ്ടായി. കേന്ദ്ര കഥാപാത്രമായി വേഷമിട്ട മറീന ഗോല്‍ബഹാരിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സംവിധായകനായ സിദ്ദിക്ക് ബര്‍മാക് തന്നെയാണ് പേര്‍ഷ്യന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കഥയെഴുതിയത്. 

ദ പേഷ്യന്‍സ് സ്റ്റോണ്‍ (2012)
            പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ അത്വിഖ് റഹിമിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'ദ പേഷ്യന്‍സ് സ്റ്റോണ്‍'. ഒരു കഥാപാത്രത്തിനും പേരുകള്‍ നല്‍കിയിട്ടില്ല എന്നത് ഒരു പ്രത്യേകതയാണെന്ന് ഈ ചിത്രം കണ്ടപ്പോള്‍ തോന്നുകയുണ്ടായി. ഒരു പക്ഷേ ഒരു ജനതയെ തന്നെ പ്രതീകവത്കരിക്കാനുള്ള സംവിധായകന്റെ ബോധപൂര്‍വ്വമായ ശ്രമമായിരുന്നിരിക്കണം അത്. പുരുഷമേധാവിത്വത്തിനു കീഴില്‍ എരിഞ്ഞമരാന്‍ വിധിക്കപ്പെട്ട അഫ്ഗാന്‍ സ്ത്രീസമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചകളിലേക്കാണ് ചിത്രം നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്.

          സിങ്ങെ സബൂര്‍ (പേഷ്യന്‍സ് സ്റ്റോണ്‍) എന്നത് പേര്‍ഷ്യന്‍ കഥകളിലെ ഒരു കറുത്ത മായാജാലക്കല്ലാണ്. നമുക്ക് നമ്മുടെ ദുഖങ്ങളെല്ലാം അതിനോട് പറയാം. നമ്മുടെ വിഷമങ്ങളെല്ലാം കേട്ട് ഒടുവില്‍ ഒരു നാള്‍ അത് പോട്ടിത്തെറിക്കും എന്നാണ് വിശ്വാസം. ഇവിടെ കല്ലിനോടുപമിക്കുന്നത് രണ്ടു മക്കളുടെ അമ്മയായ കഥാനായികയുടെ കോമ സ്റ്റേജില്‍ കഴിയുന്ന വൃദ്ധനായ ഭര്‍ത്താവിനെയാണ്. അവള്‍ തന്റെ ദുഖങ്ങളും രഹസ്യങ്ങളും ആഗ്രഹങ്ങലുമെല്ലാം അയാളോട് തുറന്നു പറയുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഭര്‍ത്താവ് ഇതൊന്നും കേള്‍ക്കുന്നില്ല എന്ന തെറ്റിദ്ധാരണയോടെയാണ് അവളുടെ പല ഏറ്റു പറച്ചിലുകളും.

          ദാരിദ്ര്യം, ശാരീരിക മാനസിക പീഢനങ്ങള്‍ എന്നിങ്ങനെ നിരവധി അവസ്ഥകളിലൂടെ അവള്‍ക്ക് സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. ഇതിനിടെ ചെറുപ്പകാരനായ ഒരു പട്ടാളക്കാരനും, ഭര്‍ത്താവിന്റെ രോഗം ഭേദമാക്കാനായെത്തുന്ന മുല്ലയും, വേശ്യയായ അമ്മായിയുമെല്ലാം അവളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. സ്വതന്ത്ര ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത അഫ്ഗാനിസ്ഥാന്‍ പോലൊരു രാജ്യത്ത് നടക്കുന്ന നീതി നിഷേധങ്ങള്‍ക്കും, സാമൂഹിക അസമത്വത്തിനും എതിരെയുള്ള ശക്തമായ താക്കീതാണ് ഈ ചിത്രം. മികച്ച വിദേശഭാഷാചിത്രത്തിനുള്ള എണ്‍പത്തിയഞ്ചാമാത് ഓസ്‌ക്കാര്‍ പുരസ്‌കാരത്തിന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. 

ദി കൈറ്റ് റണ്ണര്‍ (2007)
            കാബൂളില്‍ ജനിച്ച്  അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന്‍ സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ പ്രഥമ നോവലായ 'ദി കൈറ്റ് റണ്ണറി'ന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഇരുപത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവല്‍ ആണ് ദി കൈറ്റ് റണ്ണര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു അമേരിക്കന്‍ ചിത്രമാണ്. മാര്‍ക്ക് ഫോറസ്റ്റര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഭൂരിഭാഗവും പേര്‍ഷ്യന്‍ ഭാഷയിലാണ്.

           ധനികനായ ആഗാ സാഹിബിന്റെ ഒരേയൊരു മകനാണ് അമീര്‍ ജാന്‍. ആഗാ സാഹിബിന്റെ വേലക്കാരന്റെ മകനായ ഹസ്സന്‍ ആണ് അമീര്‍ ജാന്റെ ബാല്യകാല സുഹൃത്ത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പട്ടം പറത്തലാണ് ഇഷ്ടവിനോദം. എങ്കിലും ഹസ്സനോടും അവന്റെ പിതാവിനോടുമുള്ള ആഗാ സാഹിബിന്റെ അമിതവാത്സല്യം ഇടയ്‌ക്കെങ്കിലും അവന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഒരുനാള്‍ അമീര്‍ കാണുന്ന കാഴ്ച ഹസ്സനോടുള്ള കുറ്റബോധമായി പരിണമിക്കുന്നു. പക്ഷേ ഹസ്സനെയും പിതാവിനെയും വീട്ടില്‍ നിന്നും ഒഴിവാക്കാനുള്ള വഴി തേടുകയാണ് അമീര്‍. ഒടുവില്‍ അവന്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു.

                      ആഗാ സാഹിബ് മകനോടൊത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നു. ഒരു നാള്‍ ഹസ്സന്റെ മരണവാര്‍ത്തയും, ഹസ്സന്‍ ആരായിരുന്നു എന്നും, തന്റെ പിതാവിന് അവനോടുള്ള വാത്സല്യം എന്തുകൊണ്ടായിരുന്നു എന്നും അമീര്‍ തിരിച്ചറിയുന്നു. അതോടെ ഒരു ലക്ഷ്യവുമായി താലിബാന്‍ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിലേക്ക്  മടങ്ങുകയാണ് അമീര്‍.

        തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും പിന്നീടുണ്ടായ താലിബാന്‍ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാഗതി. അതോടൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ചിത്രം വരച്ചു കാട്ടുന്നു.

3 comments:

 1. കൈറ്റ് റണ്ണര്‍ കണ്ടു. മറ്റ് രണ്ട് ചിത്രങ്ങളും ഓണ്‍ലൈനില്‍ ഉണ്ടോന്ന് നോക്കട്ടെ

  ReplyDelete
 2. നല്ല വിശകലനം
  ഇതൊന്നും തന്നെ ഞാൻ കണ്ടിട്ടില്ല

  ReplyDelete
 3. നല്ല ഉദ്യമം. ഒസാമ നിന്‍റെ കയ്യില്‍ നിന്ന് ചൂണ്ടിയത് ഇതുവരെ കണ്ടിട്ടില്ല. കാണണം. അടുത്തതവണ വരുമ്പോള്‍ പേഷ്യന്‍സ് സ്റ്റോണ് എടുക്കാം .... കൈറ്റ് റണ്ണര്‍ പുസ്തകം വായിച്ചുതീര്‍ത്തിട്ടു സില്‍മ കാണാം എന്ന് കരുതുന്നു.

  ReplyDelete