April 8, 2015

ലോക സിനിമകളിലൂടെ : ഭാഗം12 (ജര്‍മ്മന്‍)

ഡൗണ്‍ഫാൾ
                  രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളിലേക്കും അതുവഴി ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്‌ലറുടെ ജീവിതാന്ത്യ ദിനങ്ങളിലേക്കുമാണ് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. രണ്ടാം ലോകമഹായുദ്ധം ആസ്പദമാക്കി എത്രയോ സിനിമകളും, പുസ്തകങ്ങളും, ഡോക്യുമെന്ററികളുമെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. പ്രമേയപരമായും, അവതരണരീതിയിലും ആ ചിത്രങ്ങളില്‍ നിന്നെല്ലാം വത്യസ്തത പുലര്‍ത്താനുള്ള ശ്രമം സംവിധായകനായ ഒളിവര്‍ ഹിഷ്ബിഗലിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കാണാം. ആ ശ്രമത്തെ ഹിറ്റ്‌ലറെ മഹത്വവല്‍ക്കരിക്കായി അദ്ദേഹം നടത്തിയ ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ ശ്രമമായും വിശേഷിപ്പിക്കാം. ഹിറ്റ്‌ലറുടെ മരണത്തിനു മുമ്പുള്ള പത്ത് ദിനങ്ങളാണ് ഈ ചിത്രം നമുക്ക് കാട്ടി തരുന്നത്.

              ഒരര്‍ത്ഥത്തില്‍ ഇത് രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ചിത്രമല്ല. യുദ്ധകാലത്ത് നടന്ന കൂട്ടക്കുരുതികളും, യുദ്ധക്കെടുതികളുമൊന്നുമല്ല ചിത്രത്തില്‍ നമുക്ക് കാണാനാവുക. ഇത് ഹിറ്റ്‌ലറെ കുറിച്ചുള്ള ചിത്രമാണ്. റഷ്യന്‍ പട്ടാളം തനിക്കരികിലെത്തുമ്പോഴും അചഞ്ചലനായി നിലകൊണ്ട്, കീഴുദ്യോഗസ്ഥരോട് തിരിച്ചടിക്കാന്‍ ആജ്ഞാപിക്കുന്ന, ഗര്‍ജ്ജിക്കുന്ന ഹിറ്റ്‌ലര്‍ എന്ന സിംഹത്തിന്റെ കഥയാണിത്.  ജോഷിം ഫെസ്റ്റ് എന്ന ജര്‍മ്മന്‍ ചരിത്രകാരന്‍ എഴുതിയ `ഇന്‍സൈഡ് ഹിറ്റ്‌ലേഴ്‌സ് ബങ്കര്‍' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം സംവിധാനം ചെയ്തത്. ക്യാമറക്കണ്ണുകള്‍ വളരെ കുറച്ച് സമയം മാത്രമേ ബങ്കറിനപ്പുറത്തേക്ക് മിഴി തുറന്നിട്ടുള്ളൂ. ഹിറ്റ്‌ലറുടെ മാനസികശാരീരിക സംഘര്‍ഷങ്ങള്‍ ഒപ്പിയെടുക്കുന്നതിനാണ് സിനിമയിലെ കൂടുതല്‍ സമയവും വിനിയോഗിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്റുകാരനായ ബ്രൂണോ ഗാന്‍സ് എന്ന അതുല്യ നടന്‍ ചിത്രത്തില്‍ ഹിറ്റ്‌ലറായി ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.

                ഹിറ്റ്‌ലറുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ട്രോഡില്‍ ജങ്ങിന്റെ ഓര്‍മ്മകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പരാജയം അരികിലെത്തിയിട്ടും അത് സമ്മതിക്കാന്‍ ഹിറ്റ്‌ലര്‍ തയ്യാറാവുന്നില്ല. വിജയത്തിന്റെ നേരിയ പ്രതീക്ഷ പോലും അസ്തമിക്കുമ്പോള്‍, ഒടുവില്‍ പരാജയം ആസന്നമാണെന്നറിയുമ്പോള്‍ ഹിറ്റ്‌ലര്‍, അദ്ദേഹത്തിന്റെ ഭാര്യയായ ഇവ ബ്രൗണ്‍, ഹിറ്റ്‌റുടെ വിശ്വസ്തനായ ജോസഫ് ഗീബല്‍സ്, ഗീബല്‍സിന്റെ കുടുംബം ഇവരെല്ലാം ആത്മഹത്യയില്‍ അഭയം തേടുന്നത് കാണാം. ഹിറ്റ്‌ലറിലേക്ക് ആഴ്ന്നിറങ്ങിയതിനാലാവാം ഹിറ്റ്‌ലര്‌റുടെ കഥ പറഞ്ഞ മറ്റു ചലച്ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം വിഭിന്നമായി നിലകൊള്ളുന്നത്. 

ദ ലൈവ്‌സ് ഓഫ് അദേര്‍സ്
                                  ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ രഹസ്യ പോലീസ് സേന ആയിരുന്നു സ്റ്റാസി (ദി മിനിസ്ട്രി ഫോര്‍ സ്റ്റേറ്റ് സെക്യൂരിറ്റി). ഇതിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഗേഡ് വിസ്ലറിന്  നാടകകൃത്തായ ജോര്‍ജ്ജ് ഡ്രേമാനെയും അദ്ദേഹത്തിന്റെ കാമുകിയായ മാര്‍ട്ടിന ഗേഡെക്കിനേയും മേലുദ്യോഗസ്ഥരുടെ ആവശ്യപ്രകാരം രഹസ്യമായി നിരീക്ഷിക്കേണ്ടി വരുന്നതാണ് സിനിമയുടെ ഇതിവൃത്തം. രഹസ്യ നിരീക്ഷണത്തിനായി ഇരുവരും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അവരുടെ സംഭാഷങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് വിസ്ലര്‍ ആദ്യം ചെയ്യുന്നത്.

               അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുക വഴി അയാള്‍ പല പുതിയ സത്യങ്ങളും മനസ്സിലാക്കുകയും തന്റെ ധാരണകള്‍ പലതും തെറ്റായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നു. മന്ത്രിയായ ബ്രൂണോ ഹെംഫ്‌സിന്റെ സ്ഥാപിത താത്പര്യങ്ങളാണ് ഈ രഹസ്യ നിരീക്ഷണത്തിന് പിന്നില്‍ എന്ന് അദ്ദേഹമറിയുക പിന്നീടാണ്. അത് ക്യാപ്റ്റന്‍ ഗേഡ് വിസ്ലറിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിപ്പോവുകയും ചെയ്യുന്നു.

              ഫ്‌ലോറിയന്‍ ഹെങ്കല്‍ എന്ന ജര്‍മന്‍ സംവിധായകന്റെ പ്രഥമ സംവിധാന സംരഭമായിരുന്നു ഇത്. അഭിനേതാക്കളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍ ഗേഡ് വിസ്ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അനശ്വരമാക്കിയ അള്‍റിച്ച് എന്ന നടന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത വര്‍ഷം മരണത്തിന് കീഴടങ്ങി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 2006 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് 'ദ ലൈവ്‌സ് ഓഫ് അദേര്‍സ്'സ്വന്തമാക്കി. 

ഗുഡ് ബൈ ലെനിന്‍
             'ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്' എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ പതനത്തിന് മുമ്പും പിമ്പും അവിടെയുണ്ടായ രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്ഥിതിവിശേഷങ്ങളെ ഒരു കുടുംബ കഥ പശ്ചാത്തലമാക്കി നോക്കിക്കാണുന്ന ചിത്രമാണിത്. മികച്ച ഒരു കഥയുടെ അകമ്പടിയോടെ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ തുറന്നു കാട്ടുകയാണ് സംവിധായകനായ വോള്‍ഫ്ഗാംഗ് ബെക്കര്‍ ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.

         കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചു കൊണ്ട് കിഴക്കേ ബര്‍ലിനിലെ ഒരു കൊച്ചു ഫ്‌ലാറ്റില്‍ ജീവിക്കുകയാണ് ക്രിസ്റ്റിന്‍ എന്നു പേരായ സ്ത്രീ. മകന്‍ അലക്‌സും, മകളായ എരിയനും അവളുടെ കുഞ്ഞും അടങ്ങുന്നതാണ് ക്രിസ്റ്റിന്റെ കുടുംബം. ഒരു നാള്‍ സ്റ്റാലിനിസ്റ്റ് രീതിയിലുള്ള ഭരണവ്യവസ്ഥയ്ക്ക് എതിരായ റാലിയില്‍ പങ്കെടുക്കുന്ന മകനെ കാണുന്നതോടെ ക്രിസ്റ്റിന്‍ ബോധരഹിതയായി വീഴുകയും കോമ സ്റ്റേജില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.

            ക്രിസ്റ്റിന്‍ കോമ സ്റ്റേജില്‍ ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഇല്ലാതാവുകയും മുതലാളിത്ത വ്യവസ്ഥിതി മടങ്ങി വരികയും പടിഞ്ഞാറേ ജര്‍മ്മനിയോട് കൂടിച്ചേരുകയും ചെയ്യുന്നു. മാസങ്ങള്‍ പിന്നിടുമ്പോള്‍ ക്രിസ്റ്റിന്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി വരികയും മക്കള്‍ ഡോക്ടറോട് അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. ഞെട്ടലുളവാക്കുന്ന ഏതൊരു വാര്‍ത്തയും അവരുടെ ആരോഗ്യനിലയെ സാരമായി ബാധിക്കും എന്ന മുന്നറിയിപ്പോടു കൂടിയാണ് ഡോക്ടര്‍ ക്രിസ്റ്റിനെ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള അനുവാദം നല്‍കുന്നത്. എന്നാല്‍   ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പതനവും, മുതലാളിത്ത വ്യവസ്ഥിതിയുടെ ആവിര്‍ഭാവവും അറിഞ്ഞാല്‍ അത് അമ്മയുടെ മാനസികാവസ്ഥയെ ഏതു നിലയില്‍ ബാധിക്കും എന്ന് നന്നായി എന്നറിയാവുന്ന മകന് അക്കാര്യങ്ങള്‍ അമ്മയില്‍ നിന്ന് ഒളിപ്പിക്കാന്‍ അമ്മയ്ക്ക് വേണ്ടി മാത്രമായി പുതിയൊരു ലോകം തന്നെ തന്നെ സൃഷ്ടിക്കേണ്ടി വരുന്നു. ഒരേ സമയം ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, വേദനിപ്പിച്ചുമുള്ള ചിത്രത്തിന്റെ പ്രയാണമാണ് പിന്നീട് നമുക്ക് കാണാനാവുക.


4 comments:

 1. ഡൌന്‍ ഫാള്‍ മാത്രമേ കണ്ടുള്ളൂ...
  മറ്റു രണ്ടും കൂടി കണ്ടെച്ച്ചു വരാം..

  ReplyDelete
 2. ഡൌണ്‍ഫാള്‍ കാണട്ടെ ആദ്യം

  ReplyDelete
 3. ജർമ്മനിയുടെ രാഷ്ട്രീയ - സാമൂഹ്യ പാശ്ചാത്തലത്തിൽ നിന്ന് മൂന്നു സിനിമകൾ.... ലോകസിനിമയലേക്ക് എന്നെ കൊണ്ടുപോവുന്നത് ഇത്തരം വായനകളാണ്....

  ReplyDelete
 4. വായിച്ചപ്പോൾ കാണാൻ ഒരു പൂതി തോന്നുന്നു

  ReplyDelete