September 2, 2015

സംസ്കൃത ചലചിത്രാണി

 
                                 ആഗോളതലത്തിൽ തന്നെ പ്രശസ്തിയാർജ്ജിച്ച ഭാഷയാണ്‌ സംസ്കൃതം. എന്നാൽ കർണ്ണാടാകയിലെ മത്തൂർ പോലെയുള്ള ചില ഗ്രാമങ്ങളിൽ ഒഴികെ ലോകത്തൊരിടത്തും ആശയവിനിമയത്തിനുള്ള ഭാഷയായി സംസ്കൃതം ഉപയോഗിക്കുന്നില്ല. സംസ്കൃതം ഉപയോഗിക്കുന്നവരുടെ എണ്ണം മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് വിരളമായതിനാൽ സംസ്കൃതഭാഷയിൽ ഒരു ചലച്ചിത്രം നിർമ്മിക്കുക എന്നത് ഏറെ ദുഷ്കരമായ ഒരു കാര്യമാണ്. എങ്കിലും ഈ ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്ത് രണ്ട് സംസ്കൃത ചലച്ചിത്രങ്ങൾ ഭാരതത്തിൽ പിറവികൊണ്ടിട്ടുണ്ട്. ആദി ശങ്കരാചാര്യ (1983), ഭഗവത് ഗീത (1993) എന്നിവയാണ് ആ ചിത്രങ്ങൾ. നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പ്രിയമാനസം എന്ന പേരിൽ ഒരു സംസ്കൃത ചലച്ചിത്രം പുറത്തിറങ്ങാൻ പോവുകയാണ്. കൂടാതെ പുണ്യകോടി എന്ന് പേരായ ഒരു അനിമേഷൻ സിനിമയുടെ അണിയറപ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.


ആദി ശങ്കരാചാര്യ(1983)
                    സംസ്കൃതഭാഷയിൽ പിറവികൊണ്ട ആദ്യ ചലച്ചിത്രമാണ് ആദി ശങ്കരാചാര്യ. ജി.വി.അയ്യര്‍(ഗണപതി വെങ്കട്ടരാമ അയ്യര്‍) ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും, ദാർശനികനും, സന്യാസിയുമായ ആദി ശങ്കരാചാര്യരുടെ ജീവിതകഥയാണ് അദ്ദേഹം പ്രഥമ സംസ്കൃത ചലച്ചിത്രത്തിനായി തിരഞ്ഞെടുത്തത്.
                ശങ്കരാചാര്യരുടെ ബാല്യം മുതൽ അദ്ദേഹം ദേഹവിയോഗം വരെയുള്ള കഥയാണ് ചിത്രം  നമുക്ക് പറഞ്ഞു തരുന്നത്. സൂക്ഷ്മമായ അനേകം ബിംബകല്‍പ്പനകളാൽ സമൃദ്ധമാണ് ചിത്രം. സംവിധായകനായ ജി.വി.അയ്യര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആദി ശങ്കരാചാര്യരായി വേഷമിട്ടത് സർവദമൻ ബാനർജിയാണ്. മധു അമ്പാട്ട് ഛായാഗ്രഹണവും ഡോ.ബാലമുരളീകൃഷ്ണ സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് നിര്‍മ്മിച്ചത്. മധു അമ്പാട്ടിന്റെ ഛായാഗ്രഹണമികവ് എടുത്ത് പറയേണ്ട ഒന്നാണ്. സംഗീതസവിധായകനായ ബാലമുരളീകൃഷ്ണ തന്നെയാണ്‌ ചിത്രത്തിലെ പല ശ്ലോകങ്ങളും ആലപിച്ചിരിക്കുന്നത്.

                ഈ ചിത്രം മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം(എസ്.പി.രാമനാഥൻ) എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരത്തിന് അർഹമായി.

ഭഗവത് ഗീത (1993)
                 രണ്ടാമത്തെ സംസ്കൃത ചലച്ചിത്രവും സംവിധാനം ചെയ്തത് ജി.വി.അയ്യര്‍ തന്നെ ആയിരുന്നു. 'ആദി ശങ്കരാചാര്യ' പുറത്തിറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയത്. ഇത്തവണ ഭഗവദ് ഗീതയാണ് അദ്ദേഹം തന്റെ സിനിമയ്ക്ക് പ്രമേയമാക്കിയത്‌. ഗോപി മനോഹർ, നീന ഗുപ്ത, ജി.വി രാഗവേന്ദ്ര, ഗോവിന്ദ് റാവു തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. 'ആദി ശങ്കരാചാര്യ'യുടെ സംഗീതസംവിധായകനായ ഡോ.ബാലമുരളീകൃഷ്ണ തന്നെയാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിർവ്വഹിച്ചത്.

                 രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൻ.സ്വാമിയാണ്. ബന്നാഞ്ചി ഗോവിന്ദാചാര്യ തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചത് ടി.സുബ്ബരാമി റെഡ്ഡിയാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുകയുണ്ടായി ഈ ചിത്രം.

പ്രിയമാനസം
                  'ഭഗവത് ഗീത' പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ വീണ്ടുമൊരു സംസ്‌കൃത ചലച്ചിത്രം ഒരുങ്ങുകയാണ്. 'കരയിലേക്ക് ഒരു കടൽ ദൂരം', 'ഒറ്റമന്ദാരം' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനോദ് മങ്കരയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഉണ്ണായി വാര്യരുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ഈ ചിത്രം ബേബി മാത്യു സോമതീരം ആണ് നിർമ്മിക്കുന്നത്. വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഉണ്ണായിവാര്യരെ അവതരിപ്പിക്കുന്നത് രാജേഷ് ഹെബ്ബാറാണ്. കന്നട അഭിനേത്രി പ്രതീക്ഷാ കാശിയാണ് ചിത്രത്തിലെ നായിക. ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം കുച്ചുപ്പുഡി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധനാണ് നിര്‍വഹിക്കുന്നത്.


ഇഷ്ടി:

      ലിംഗ വിവേചനം, ബഹുഭാര്യാത്വം തുടങ്ങിയ സ്ത്രീകൾക്കെതിരായ അനീതികൾക്കെതിരെയുള്ള ഒരു യുവതിയുടെ ചെറുത്തു നിൽപ്പാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സംസ്കൃത ചിത്രമായ 'ഇഷ്ടി'  പ്രമേയമാക്കുന്നത്. ഇഷ്ടി എന്നാല്‍ യാഗം എന്നാണർത്ഥം. 71 വയസ്സുള്ള വേദപണ്ഡിതന്‍ രാമവിക്രമന്‍ നമ്പൂതിരിയുടെ ഭാര്യയായി പതിനേഴു വയസ്സുകാരിയും വിദ്യാസമ്പന്നയുമായ ശ്രീദേവി കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ  ഇതിവൃത്തം. രാമ വിക്രമന്‍ നമ്പൂതിരിയായി നെടുമുടി വേണുവും ശ്രീദേവിയായി ആതിര പട്ടേലും അഭിനയിക്കുന്നു. 'ആത്മത്തെ അന്വേഷിക്കുന്ന കഥ' എന്ന അര്‍ഥത്തില്‍ കൂടിയാണ് സിനിമയ്ക്ക് ഇഷ്ടി എന്ന പേരിട്ടത്. ചെന്നൈ ലയോള കോളേജില്‍നിന്ന് പൗരസ്ത്യവിഭാഗം മേധാവിയും സംസ്‌കൃതപ്രൊഫസറുമായി വിരമിച്ച ഡോ. ജി. പ്രഭയാണ് ഇഷ്ടിയുടെ സംവിധായിക.

പുണ്യകോടി
                  സംസ്കൃതഭാഷയിൽ ഒരു അനിമേഷൻ സിനിമയും തയ്യാറാവുന്നുണ്ട്. പുണ്യകോടി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ആദ്യ സംസ്കൃത അനിമേഷൻ ചിത്രം എന്ന വിശേഷണവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇൻഫോസിസിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്ന രവി ശങ്കർ ആണ് ഈ സിനിമയുടെ സംവിധായകൻ.

             ഒരു കടുവ പുണ്യകോടി എന്ന് പേരായ ഒരു പശുവിനെ കൊന്നു തിന്നാനൊരുങ്ങുമ്പോള്‍ തനിക്ക് അവസാനമായി തന്റെ കുഞ്ഞിനെയൊന്ന് പാലൂട്ടണം എന്നാവശ്യപ്പെടുന്ന പഞ്ചതന്ത്രം കഥയാണ് സിനിമ പറയുന്നത്. ഒരു കോടിയോളം രൂപയാണ് സിനിമയുടെ നിർമ്മാണച്ചിലവായി കണക്കാക്കിയിരിക്കുന്നത്. ക്രൗഡ് ഫണ്ടിംഗ് രീതിയിൽ സിനിമയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. സംഗീതസംവിധായകൻ ഇളയരാജ ഈ സിനിമയ്ക്ക് വേണ്ടി സൗജന്യമായി സംഗീതസംവിധാനം നിർവ്വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

16 comments:

 1. നല്ലറിവിനു നന്ദി.

  ReplyDelete
 2. സംപ്രതീ സിനിമായന സൂചനാം ..പ്രവാചിതോ സംഗീത കുന്നിമേൽ

  ReplyDelete
 3. ഈ അടുത്താണ് സംഗീത് പറഞ്ഞ ഈ സംസ്കൃത സിനിമകളെ കുറിച്ച് ഞാൻ അറിയുന്നത് ..അന്നേ ഇതൊക്കെയൊന്ന് കണ്ടു നോക്കണം എന്ന ആഗ്രഹം ഉണ്ട് ...യൂ ട്യൂബിൽ ചിലതൊക്കെ ഉണ്ടെന്നു തോന്നുന്നു ... എന്തായാലും ഈ വിവരണം എന്നെ സിനിമ കാണാൻ വീണ്ടും ഓർമ്മപ്പെടുത്തി .. ആദി ശങ്കരാചാര്യ, ഭഗവത് ഗീത എന്നീ സിനിമകൾക്ക് പുറമേ സംസ്കൃത ഭാഷയിൽ ഇറങ്ങിയ ചില ഡോക്യുമെന്ററി സിനിമകളെ കൂടി ഇവിടെ പരിചയപ്പെടുത്തമായിരുന്നു . ബോളിവുഡ് സംവിധായകൻ പ്രകാശ് ഝാ സംവിധാനം ചെയ്ത കൂടിയാട്ടം എന്ന സംസ്കൃത ഡോക്യുമെന്ററി ഫിലിമിൽ പ്രസിദ്ധനായ ചാക്യാർ കൂത്ത്, കൂടിയാട്ടം കലാകാരൻ മണി മാധവ ചാക്യാരെ കുറിച്ചും കൂടിയാട്ടത്തെ കുറിച്ചും വിശദമായി പറയുന്നുണ്ട് .. 2007 ഇൽ റിലീസായ Youth without youth എന്ന സിനിമയിൽ പത്തു പതിനൊന്ന് വിദേശ ഭാഷകളെ കൊണ്ടാണ് കഥ അവതരിപ്പിക്കുന്നത് ..അതിൽ ഇന്ത്യയിൽ നിന്നുള്ള ഭാഷയായി സംസ്കൃതത്തെ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വായിച്ചതായി ഓർക്കുന്നു ..ആ സിനിമയും കണ്ടിട്ടില്ല .. സംസ്കൃത ഭാഷയിൽ ചില കൂട്ടായ്മകൾ നാടകങ്ങളെല്ലാം ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട് എങ്കിലും സിനിമാ രംഗത്ത് ഈ ഭാഷയെ സജീവമാക്കാൻ ആരും വേണ്ടത്ര ശ്രമിച്ചിട്ടില്ല എന്ന് വേണം കരുതാൻ. സംഗീത് ഇവിടെ സൂചിപ്പിച്ച പുതിയ പ്രോജക്ടുകൾ പ്രതീക്ഷ തരുന്നുണ്ട്.. ഇനിയും സംസ്കൃത സിനിമകൾ ഉണ്ടാകട്ടെ ... ഈ നല്ല എഴുത്തിനും പുതിയ സിനിമാ അറിവുകൾ പങ്കു വക്കുന്ന രീതിക്കും നല്ല സിനിമാ വായനകൾ സമ്മാനിക്കാൻ സംഗീത് എടുക്കുന്ന ശ്രമങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു ... ഇനിയും വരട്ടെ ഇത് പോലുള്ള സിനിമാ ലേഖനങ്ങൾ ...

  ReplyDelete
  Replies
  1. 'യൂത്ത് വിത്തൗട്ട് യൂത്ത്' ഞാൻ കണ്ട സിനിമയാണ്. ഗോഡ് ഫാദർ സീരീസ്, അപ്പോളോക്ലിപ്സ് നൗ തുടങ്ങിയ ഗംഭീര സിനിമകളുടെ സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കൊപോളയുടെ സിനിമ. ഇടയ്ക്കിടെ പല ഭാഷകളും കടന്നു വരുന്നുണ്ടെങ്കിലും അതൊരു ഇംഗ്ലീഷ് സിനിമയാണ്. അതിൽ സംസ്കൃതഭാഷ സംസാരിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ്. കൂടിയാട്ടം എന്ന ഡോക്യുമെന്ററിയെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. കണ്ടിട്ടില്ല. സംസ്കൃതത്തിലുള്ള വേറെയും ഡോക്യുമെന്ററികൾ ഉണ്ട്. തപ്പിപ്പിടിച്ച് കാണാനുള്ള പ്രയാസം കൊണ്ടാണ് സിനിമയിൽ ഒതുക്കിയത്. വിശദമായ അഭിപ്രായത്തിന് വളരെയധികം നന്ദി.

   Delete
 4. ഇവിടെ പറയാത്ത ഒരു സംസ്കൃതഭാഷാ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നതായി കേട്ടിരുന്നു. കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന "പ്രബോധചന്ദ്രോദയം". അതിന്‍റെ സംവിധായകന്‍ ജി.വി.അയ്യരുടെ അസിസ്റ്റന്റ്റ് ആയിരുന്നുവെന്നും തോന്നുന്നു..

  പ്രവീണ്‍ പറഞ്ഞതുപോലെ സംസ്കൃതത്തില്‍ ഇറങ്ങിയ ഡോക്യുമെന്ററികള്‍, നാടകങ്ങള്‍ ഒക്കെ ചേര്‍ത്ത് ഒരു വിശദമായ പോസ്റ്റ്‌ ആക്കിയാല്‍ അതൊരു സംഭവം തന്നെയാകും.. ശ്രമിക്കൂ..

  anyway congrats and thanks for this simple and concised piece of knowledge and appreciate the hardwork behind this..

  ReplyDelete
  Replies
  1. ആ സിനിമയെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ കിട്ടിയാൽ ഈ പോസ്റ്റിൽ ഉൾപ്പെടുത്താം.
   സംസ്കൃത നാടകങ്ങള്‍ ഒരുപാടുണ്ട്. ഞാൻ തന്നെ സ്കൂളിൽ കുറേ സംസ്കൃത നാടകം കളിച്ചിട്ടുണ്ട്. :) :D :P അവയെക്കുറിച്ച് വിവരശേഖരണം നടത്തുക എന്നത് അസാദ്ധ്യമാണെന്ന് തോന്നുന്നു. എങ്കിലും ശ്രമിച്ചു നോക്കാം.

   Delete
 5. നമ്മുടെ പുരാണ ഭാഷയിൽ , നമ്മുടെ നാട്ടിൽ സിനിമ പിടിച്ചിട്ടുണ്ടന്നത് പുതിയ അറിവാണ്
  പിന്നെ ജർമ്മങ്കാർ സംസ്ക്രിറ്റിൽ പല ഡോക്യമെന്ററികളും , പീറ്റർ ബ്രൂക്കിന്റെ ‘മഹാഭാരത’ സിനിമയും ഈ ഭാഷയിൽ ഉണ്ടാക്കിയെടുട്ട്തിട്ടുണ്ട് -യൂ -റ്റ്യൂബിൽ കിടപ്പുണ്ട് (https://www.youtube.com/watch?v=EENh1hxkD6E )

  ReplyDelete
  Replies

  1. Shortest Sanskrit-Language Documentaries

   http://www.imdb.com/search/title?languages=sa|1&sort=runtime&title_type=documentary

   Delete
 6. സംസ്കൃതത്തിലുള്ള ചലച്ചിത്രങ്ങൾ പുതിയ അറിവാണ്.. 3 വർഷം സംസ്കൃതം പഠിക്കുകയും കലോത്സവത്തിൽ പങ്കെടുക്കുകയുമൊക്കെ ചെയ്തതാണ്. സമയം പോലെ ഒന്ന് കണ്ടു നോക്കണമല്ലോ.. പഴയ സംസ്കൃത ജ്ഞാനം ഒക്കെ ഇപ്പൊ എന്തായി എന്ന് അറിയുകയും ചെയ്യാം :) പരിചയപ്പെടുത്തൽ നന്നായി കേട്ടോ..

  ReplyDelete
 7. സബ് ടൈറ്റിലില്ലെങ്കില്‍ നമ്മളൊക്കെ വിഷമിച്ച് പോകും!

  ReplyDelete
 8. മുമ്പ് ദൂരദർശനിൽ ആദിശങ്കരചാര്യ പ്രദർശിപ്പിച്ചത് ഓർക്കുന്നു..... സംസ്കൃത സിനിമകളെക്കുറിച്ചുള്ള ഈ പരിചയപ്പെടുത്തൽ നന്നായി

  ReplyDelete
 9. സബ്ടൈട്ടില്‍ ഉണ്ടാകുലോ..അപ്പോ ആര്‍ക്കും മനസ്സിലാകും.. ഇതൊരു പുതിയ അറിവാണുട്ടോ

  ReplyDelete
 10. puthiya kurachu kaaryangal ariyaan patti .thanks

  ReplyDelete
 11. തീര്‍ച്ചയായും ഒരു നല്ല പരിചയപ്പെടുത്തല്‍ തന്നെ. ആശംസകള്‍ പ്രിയ സംഗീത്

  ReplyDelete