ലീല

(മെയ് ലക്കം ഇ-മഷി മാഗസിനിൽ എഴുതിയത്)

     വർഷങ്ങൾക്ക് മുമ്പ് എഴുതുകയും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്ത തന്റെ തന്നെ കഥയെ വർത്തമാനകാലത്തേക്ക് പറിച്ചു നട്ടിരിക്കുന്നു ഉണ്ണി.ആർ. അത് തെളിയിക്കാനായി പ്രേമം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ, പിണറായി വിജയൻ നടത്തിയ നവകേരളയാത്രയുടെ പോസ്റ്റർ, ഡിങ്കമതം, കേരള കോൺഗ്രസ്സിലെ പിളർപ്പ്, ചുംബനസമരം എന്നിങ്ങനെയുള്ള പല വർത്തമാനകാല സംഭവവികാസങ്ങളും പ്രതിപാദിക്കുന്നുണ്ട് ചിത്രത്തിൽ.

     ചാർളിക്കും രാഘവനും ശേഷമാണ് ഉണ്ണി ആർ ജീവൻ നൽകിയ കുട്ടിയപ്പൻ എന്ന കഥാപാത്രം തിയേറ്ററുകളിലെത്തിയത്. പറവയെപ്പോലെ പാറിപ്പറക്കുകയും ജീവിതമാഘോഷിക്കുകയും ചെയ്യുന്ന ചാർളിയുടെ മറ്റൊരു വേർഷൻ ആണ് കുട്ടിയപ്പൻ. ദുരൂഹതകളുടെ ആൾരൂപവും സൈക്കിക്കുമായ മുന്നറിയിപ്പിലെ രാഘവനുമായി പ്രത്യക്ഷത്തിൽ സാദൃശ്യമൊന്നുമില്ല താനും.

     മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാൻ പോലീസുകാർ നടത്തുന്ന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുതിരപ്പുറത്തേറി വരുന്ന കുട്ടിയപ്പനെ കാണിക്കുന്ന ആദ്യ സീൻ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയോട് അയാൾക്കുള്ള കാഴ്ച്ചപ്പാട് കാട്ടിത്തരുന്നതാണ്. അതേ സമയം ഇ.എം.എസ്‌, ബ്രൂസ് ലീ, മരിലിൻ മൺറോ എന്നിവരോടുള്ള ആരാധന, ജീപ്പിൽ തൂക്കിയിട്ട ലൈറ്റർ, കയ്യിലെ കുരിശിന്റെ രൂപസാദൃശ്യമുള്ള ടാറ്റൂ, കഴുത്തിലെ തൂക്കിയിട്ട ലിംഗം, മടക്കി വെച്ച ഷർട്ടിന്റെ കയ്യിൽ തിരുകി വെച്ച മൊബൈൽ ഫോൺ തുടങ്ങിയവയെല്ലാം പെട്ടന്നാർക്കും പിടി തരാത്ത അയാളുടെ സ്വഭാവ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നവയും.

     കൂടെ ശയിക്കാൻ വിളിച്ചു കൊണ്ടു വന്ന പെൺകുട്ടിയോട് അവളുടെ അച്ഛനാണ് മരിച്ചതെന്ന് കരുതി തന്റെ മുന്നിൽ അലമുറയിട്ട് കരയാൻ പറയുന്നതും, തന്നെ വിവസ്ത്രയാക്കി നൃത്തം ചെയ്യിപ്പിച്ച കുട്ടിയപ്പനെക്കുറിച്ചുള്ള ഉഷയെന്ന കഥാപാത്രത്തിന്റെ ഗതകാലസ്മരണയും, ഒടുവിൽ ഭോഗിക്കാനായി ആനയുടെ തുമ്പിക്കയ്യിൽ ചേർത്തു നിർത്തിയ പെൺകുട്ടിയുടെ നെറ്റിയിൽ ചുംബിച്ച് പിൻ വാങ്ങുകയുമെല്ലാം ചെയ്യുമ്പോൾ കുട്ടിയപ്പനിൽ ഒളിഞ്ഞിരിക്കുന്ന വന്യമായ രതിഭാവനകൾക്ക് മുന്നിൽ അയാളുടെ പൗരുഷം പരാജയം വരിക്കുന്നതിന്റെ സൂചനകൾ കാണാം.

     വായിച്ചറിഞ്ഞ കുട്ടിയപ്പനും കണ്ടറിഞ്ഞ കുട്ടിയപ്പനും തമ്മിൽ വല്ലാത്തൊരു അന്തരമുണ്ട്. മനസ്സ് നിറയെ രതിയുടെ വിചിത്ര ഭാവനകൾ പേറി നടക്കുന്ന കുട്ടിയപ്പനും അവന്റെ ആഗ്രഹം സഫലീകരിക്കാൻ വിധിക്കപ്പെട്ട ലീലയും നമുക്കിടയിൽ ജീവിക്കുന്ന ഒട്ടനവധി കുട്ടിയപ്പന്മാരുടെയും ലീലമാരുടെയും പ്രതിനിധികൾ മാത്രമാണ് എന്ന വ്യക്തമായ സന്ദേശം നൽകാൻ ലീലയെന്ന കഥയ്ക്ക് സാധിച്ചു. കഥ ദൃശ്യാവിഷ്കരിച്ചപ്പോൾ അത് കുട്ടിയപ്പനെയും കൂട്ടരെയും പുറമെ നിന്ന് നോക്കിക്കാണാനുള്ള ശ്രമം മാത്രമായി അവസാനിച്ചു. സ്ത്രീത്വത്തെ പുച്ഛിക്കും പരിഹസിക്കുകയും ചെയ്ത, ആൺമേൽക്കോയ്മയുടെ നെറ്റിപ്പട്ടം വെച്ച രഞ്ജിത്തിന്റെ തമ്പുരാൻ സിനിമകളുടെ പ്രേതം 'ലീല'യെയും പിടികൂടിയിരിക്കുന്നത് കാണാം. വന്യഭാവനകളുടെയും വിചിത്രചെയ്തികളുടെയും ഉടമയായ കുട്ടിയപ്പൻ ചിലപ്പോഴെങ്കിലും ജനകീയനായി മാറുന്നുണ്ട് ചിത്രത്തിൽ. ഒരു ക്ലാസ് കഥയെ മാസ്സ് ആക്കാനുള്ള ശ്രമത്തിനിടയിൽ മരണം സംഭവിച്ചത് ലീലയെന്ന മികച്ചൊരു കൃതിയുടെ ആത്മാവിനാണ്. കുട്ടിയപ്പൻ എന്ന റിയാലിറ്റിയുടെ മനോവ്യാപാരങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ 'ന്യൂ ജെൻ മാലാഖ' എന്ന  ഫാന്റസിയെ കൂട്ടുപിടിച്ചതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അത് പോലെ തന്നെ ഏഴ് വേശ്യകളെ ആദരിക്കുന്ന ആ രംഗമെല്ലാം ബോറായിരുന്നു എന്നു പറയാതെ വയ്യ. ഇടയ്ക്കിടെ പിള്ളയോടുള്ള 'കിട്ടിയോ?' എന്നുള്ള ചോദ്യത്തെ 'മോനേ ദിനേശാ', 'ചുമ്മാ' തുടങ്ങി രഞ്ജിത്ത് സിനിമകളിൽ നായകൻ ഇടയ്ക്കിടെ പറയേണ്ട പഞ്ച് ഡയലോഗുകളുടെ കൂട്ടത്തിൽ പെടുത്താം.

     ക്ലൈമാക്സ് ഒഴിച്ചു നിർത്തിയാൽ കഥപറച്ചിലിൽ മുന്നറിയിപ്പിന്റെ  ശൈലി പിന്തുടർന്നിരിക്കുന്നു ലീലയും. ക്ലൈമാക്സ് വരെയും പിടി തരാതെ പോയ കഥ ക്ലൈമാക്സിൽ പ്രേക്ഷകനിൽ ഒരാകാംക്ഷ ജനിപ്പിക്കുകയും ഒരു ഒരുപിടി ചോദ്യങ്ങൾ ബാക്കിയാക്കുകയും ചെയ്താണ് മുന്നറിയിപ്പ് അവസാനിച്ചത്. അതുകൊണ്ടാണ് സിനിമയവസാനിച്ച ശേഷവും രാഘവൻ പ്രേക്ഷകനെ വിട്ടുപോകാതിരുന്നത്. എന്നാൽ പറയാനുള്ളതത്രയും പറഞ്ഞവസാനിപ്പിച്ചാണ് കുട്ടിയപ്പനും സംഘവും യാത്രയാവുന്നത്.

     "തങ്കപ്പന്‍നായര് ചേട്ടാ നിങ്ങളുടെ മകളെ എനിക്കൊന്നു വേണം . ഒരു ആനയുടെ തുമ്പിക്കയ്യില്‍ ചാരി നിര്‍ത്തി എനിക്കൊന്നു ഭോഗിക്കാനാ"
മലയാളിയുടെ കപട സദാചാര ബോധങ്ങളുടെ മുഖംമൂടി വലിച്ചു കീറിയ ലീലയെന്ന കഥയുടെ ആത്മാവുറങ്ങിക്കിടക്കുന്ന ഈ സംഭാഷണം 'മുന്നറിയിപ്പി'ന്റെ പാത പിന്തുടരുന്നതിന് വേണ്ടി ഉൾപ്പെടുത്താതിരുന്നതാണോ അതോ സെൻസർബോർഡുകാർ കത്രിക വെച്ചതാണോ എന്നറിയില്ല. ഏതായാലും അത് ഉചിതമായില്ല.

     റിലീസ് ചെയ്യുന്നതിന് മുമ്പും അതിന് ശേഷവും ഒട്ടേറെ വിശേഷണങ്ങൾക്ക് അർഹമായ ചിത്രമാണ് ലീല. എങ്കിലും താൻ സംവിധാനം ചെയ്ത സിനിമകൾക്കെല്ലാം സ്വയം തിരക്കഥയെഴുതിയിട്ടുള്ള രഞ്ജിത്ത് എന്ന സംവിധായകൻ ആദ്യമായി മറ്റൊരാളെക്കൊണ്ട് തിരക്കഥയെഴുതിച്ചു എന്നത് 'ലീല'യുടെ പ്രത്യേകതകളിലൊന്നാണ്. 2016-ൽ മലയാള സിനിമയ്ക്ക് നഷ്ടമായ പ്രതിഭകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ തുടക്കം. ഏത് ജില്ലയിലാണോ ഷൂട്ടിംഗിന്റെ പശ്ചാത്തലം ആ ജില്ലയെക്കുറിച്ച് ചിത്രത്തിൽ ഒരു പാട്ടുൾപ്പെടുത്തുക എന്നത് ഇപ്പോഴത്തെ ട്രെന്റ് ആണെന്ന് തോന്നുന്നു. കൊച്ചിയെക്കുറിച്ച് അന്നയും റസൂലിലും, തൃശ്ശൂരിനെപ്പറ്റി പുണ്യാളൻ അഗർബത്തീസിലും, ഇടുക്കിപ്പാട്ട് മഹേഷിന്റെ പ്രതികാരത്തിലും കേട്ടതാണ്. അക്കൂട്ടത്തിൽ പെടുത്താം ലീലയിലെ കോട്ടയത്തെക്കുറിച്ചുള്ള  ടൈറ്റിൽ സോംഗ്.

     ഒരു നടനെന്ന നിലയിൽ ബിജു മേനോന്റെ ദൗർബല്യങ്ങൾ വേണ്ട വിധത്തിൽ വരച്ചു കാണിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. നായികാ കഥാപാത്രത്തിന്റെ മുഖത്ത് ഒന്നോ രണ്ടോ തവണയൊഴിച്ച് ബാക്കി എല്ലാ സമയവും ഒരേ വികാരം മാത്രമാണ് വിരിഞ്ഞ് നിന്നത് എങ്കിലും അത് കഥാപാത്രത്തിന്റെ സ്വഭാവത്തോട് ഇണങ്ങുന്നുണ്ടെന്ന് ആശ്വസിക്കാം. ജഗദീഷ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങി ബാക്കിയെല്ലാവരും സ്വന്തം കഥാപാത്രങ്ങളോട് നീതി പുലർത്തി.

     ഒരു ഹെലികാം ഷോട്ടെങ്കിലുമില്ലാത്ത മലയാള സിനിമകൾ അപൂർവ്വമായി മാറിയിരിക്കുന്നു. വയനാടൻ കാടിനകത്തേക്ക് കയറിപ്പോകുന്ന കുട്ടിയപ്പനെയും സംഘത്തെയും കാണിക്കുന്ന പ്രശാന്ത് രവീന്ദ്രൻ എന്ന നവാഗത ഛായാഗ്രാഹകന്റെ ആ ഷോട്ടിന് ഒരു ബിഗ് ലൈക്ക്. മനോജ്‌ കണ്ണോത്തിന്റെ എഡിറ്റിംഗും ബിജിബാലിന്റെ സംഗീതവും മോശമായില്ല. ചുരുക്കത്തിൽ ഒരുപാട് പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുകയും എന്നാൽ ആ പ്രതീക്ഷയോട്‌ നീതി പുലർത്താൻ കഴിയാതെ പോവുകയും ചെയ്ത ചിത്രങ്ങളിലൊന്നായി മാറി ലീല.

Archive

കോൺടാക്റ്റ് ഫോം

അയക്കുക