കടലോളം കാര്യം പറഞ്ഞ കളി

     'ഇതൊരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമല്ലേ' എന്ന തോന്നൽ പ്രേക്ഷകരുടെ മനസ്സിൽ ജനിപ്പിക്കാൻ കഴിയുമ്പോഴാണ് റിയലിസ്റ്റിക് എന്ന നിലയിൽ ഒരു സിനിമ അതിന്റെ പൂർണ്ണത കൈവരിക്കുന്നത്. അഞ്ച് ആണുങ്ങളുടെ ജീവിതത്തിലേക്ക് അവരറിയാതെ എത്തി നോക്കുന്ന അത്രയും സ്വാഭാവികതയോടു കൂടിയാണ് ഒഴിവുദിവസത്തെ കളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

     പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് വായനക്കാരന്റെ മനസ്സിൽ ആകാംക്ഷ ജനിപ്പിച്ച് അപ്രതീക്ഷിതമായ വഴിത്തിരിവിൽ കൊണ്ടു ചെന്നവസാനിപ്പിക്കുന്ന ശൈലി അവലംബിക്കുന്നവയാണ് ഉണ്ണി.ആറിന്റെ പല കഥളും. അക്കൂട്ടത്തിൽ പെടുത്താവുന്നതും മികച്ച നിലവാരം പുലർത്തുന്നതുമായ ഒരു കഥയാണ് ഒഴിവു ദിവസത്തെ കളി. അത്തരമൊരു സാഹിത്യ സൃഷ്ടിയെ സിനിമാരൂപത്തിലാക്കുക എന്നത് വളരെയധികം വിഷമമേറിയ ജോലിയാണ്. എന്നാൽ ആ കഥയെയും കഥാപാത്രങ്ങളേയും അതേ പടി സ്ക്രീനിലേക്ക് പകർത്താതെ തന്റേതായ പൊളിച്ചെഴുത്തുകൾ നൽകിക്കൊണ്ട് മികവുറ്റ രീതിയിൽ സിനിമയൊരുക്കിയിരിക്കുന്നു സംവിധായകനായ സനൽ കുമാർ ശശിധരൻ.

     കേവലമൊരു വിനോദോപാധിയായി മാത്രം കാണാതെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുമായി കൂട്ടിക്കെട്ടുമ്പോഴാണ് നല്ല സിനിമകൾ ജനിക്കുന്നത്. അത്തരമൊരു സിനിമയാണിത്. ദൈർഘ്യമേറിയ ഡയലോഗുകളോ, തട്ടുപൊളിപ്പൻ പാട്ടുകളോ, സംഘട്ടനരംഗങ്ങളോ ഒന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും രാഷ്ട്രീയം, വർണ്ണവിവേചനം, സ്ത്രീപുരുഷസമത്വം തുടങ്ങിയ പല കാര്യങ്ങളിലുമുള്ള കാഴ്ച്ചപ്പാടുകൾ കൃത്യവും ശക്തവുമായി ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുകയും തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കുകയും ചെയ്തിരിക്കുന്നു ചിത്രത്തിന്റെ അണിയറക്കാർ.

     അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് കഥ നടക്കുന്നത്. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു വനമേഖലയിലുള്ള ഒരു കെട്ടിടത്തിൽ മദ്യപിക്കാനായി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തതിന്റെ ഇതിവൃത്തം. ഒരു നമ്പൂതിരി, ഗൾഫുകാരൻ, സർക്കാരുദ്യോഗസ്ഥൻ, റബ്ബർ വ്യവസായി, ദളിതനായ ഒരു ചെറുപ്പക്കാരൻ എന്നിവർ ഉൾപ്പെടുന്നതാണ് അവരുടെ സംഘം. വനപ്രദേശത്തെ കെട്ടിടത്തിൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ വാങ്ങുന്നതാവട്ടെ ഗീതയെന്ന സ്ത്രീയും നാരായണൻ എന്ന വാച്ചറുമാണ്.

     അവർ അഞ്ചു പേരും അടുത്ത സുഹൃത്തുക്കളാണെങ്കിൽ കൂടി മദ്യം സിരകളിലൂടെ ഒഴുകിത്തുടങ്ങുമ്പോൾ സൗഹൃദത്തിന്റെ പുറന്തോട് പൊളിച്ച് അവരിലെ പച്ചയായ മനുഷ്യർ ഇറങ്ങി വരുന്നത് കാണാം. വെളുത്തവനും കറുത്തവനും എന്ന വേർത്തിരിവ്, സ്ത്രീകളോടുള്ള കാഴ്ചപ്പാട്, രാഷ്ട്രീയാഭിമുഖ്യം ഇത്യാദി വിഷയങ്ങളെകുറിച്ചെല്ലാം അവർ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. ചിലപ്പോൾ അത് വാദപ്രതിവാദങ്ങളിലേക്കും മറ്റു ചിലപ്പോൾ സംഘട്ടനങ്ങളിലേക്ക് തന്നെയും വഴി മാറുന്നുമുണ്ട്.

     കോഴിയെ കറി വെക്കാൻ അവർ ആവശ്യപ്പെടുന്നത് ഗീതയോടാണ്. പെണ്ണിനോടും കോഴിയോടുമുള്ള അവരുടെ സമീപനം ഒന്നു തന്നെയാണ്. ആണിന്റെ ബലത്തിനു മുന്നിൽ കീഴ്പ്പെടാൻ വിധിക്കപ്പെട്ടവളാണ് പെണ്ണെന്ന അവരുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന ധാരണ പലപ്പോഴും മറനീക്കി പുറത്തു വരുന്നത് കാണാം. തന്നെ കീഴ്പ്പെടുത്താൻ വരുന്ന ഗൾഫുകാരന്റെ കരണം പുകയ്ക്കുന്ന ഗീത ഒടുവിൽ മടവാളെടുത്ത് മണ്ണിൽ കോപത്തോടെ വെട്ടുന്നുണ്ട്... പെണ്ണിനെ വെറും മാംസപിണ്ഡമായി കാണുന്ന ആണ്മേൽക്കോയ്മയുടെ നെഞ്ചിലാണ് ആ വെട്ട് പതിക്കുന്നത്...

     സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരോ അങ്ങനെ നടിക്കുന്നവരോ ആയവരുടെ അടക്കിപ്പിടിച്ച മനോവ്യാപാരങ്ങൾ ഓരോന്നായി മദ്യം പുറത്തു കൊണ്ടു വരുന്നത് കാണാം. ദളിതന്റെ മേലുള്ള സവർണ്ണന്റെ ആധിപത്യം കാട്ടിത്തരുന്ന നിരവധി രംഗങ്ങളുണ്ട് ചിത്രത്തിൽ. ചക്കയിടാനായി പ്ലാവിൽ കയറുന്നതിനും, കോഴിയെ കൊല്ലുന്നതിനുമെല്ലാം കൂട്ടുകാർ നിയോഗിക്കുന്നത് താഴ്ന്ന ജാതിക്കാരനായ ദാസനെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത്തരം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അവനെ അവർ ഉപയോഗിക്കുന്നത്.

     ഫോൺ വിളിക്കിടെ 'ഞാൻ നമ്പൂതിരിയാ' എന്നുള്ള തുടർച്ചയായ പറച്ചിലും, കളിക്കിടെ സുപ്രീം കോർട്ട് ജഡ്ജ് ആയി സ്വയം അവരോധിക്കപ്പെടുന്നതുമായ രംഗങ്ങളെല്ലാം നമ്പൂതിരിയുടെ ഉള്ള് തുറന്ന് കാട്ടുന്നവയാണ്. തന്റെ കൂട്ടുകാർ കുടിച്ച കള്ളിന്റെ കണക്ക് പറയുന്നതും, തിരിച്ച് പോകാൻ തുടങ്ങുന്ന സർക്കാരുദ്യോഗസ്ഥനെ കോപത്തോടെ തിരികെ വിളിക്കുന്നതുമെല്ലാം ഗൾഫ്കാരനിലെ സമ്പന്നന്റെ ധാർഷ്ട്യം വെളിവാക്കുന്ന രംഗങ്ങളും.

When I born, I black.
When I grow up, I black.
When I go in sun, I black.

     എന്നു തുടങ്ങുന്ന വരികൾ മദ്യലഹരിയിലാണെങ്കിൽ പോലും ദാസൻ ഉള്ളിൽ തട്ടി പാടുന്നുണ്ട്. വെളുത്തവനാൽ അടിച്ചമർത്തപ്പെട്ടവന്റെ ആത്മസംഘർഷങ്ങൾ നിഴലിക്കുന്ന ആ കവിതയ്‌ക്കൊടുവിൽ അയാൾ സുഹൃത്തുക്കൾക്കിടയിൽ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നുണ്ട്.

     മദ്യപാനമെന്ന അവരുടെ നേരമ്പോക്ക് ചെന്നെത്തുന്നത് ഒരു കളിയിലാണ്. നമുക്കെല്ലാം പരിചിതമായ കള്ളനും പോലീസും കളി തന്നെയാണത്. കളി കാര്യമാവുമ്പോൾ അതിന് പുതിയ മാനങ്ങളും കൈവരുന്നു. അതിന്റെ രൂപവും ഭാവവും മാറുന്നു. ഒടുവിൽ തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യത്തോടെയാണ് ചിത്രമവസാനിക്കുന്നത്.

      ഉണ്ണി.ആർ തന്നെ തിരക്കഥയെഴുതിയ മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ തുടക്കത്തിൽ ചത്ത പല്ലിയെ ഉറുമ്പുകൾ എടുത്തുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. ഒരർത്ഥത്തിൽ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള സൂചന തന്നെയായിരുന്നു അതെന്ന് പറയാം. സമാനമായ സൂചനകൾ (കെട്ടിത്തൂക്കിയ കോഴി, വെള്ളത്തിൽ കെട്ടിത്താഴ്ത്തിയാൽ പോലും ആരുമറിയില്ല എന്ന സംഭാഷണശകലം) ഈ ചിത്രത്തിലും കാണാം. ബിംബകൽപനകളാൽ സമൃദ്ധമാണ് ചിത്രം.

     പല ഷോട്ടുകളുടെയും ദൈർഘ്യം എടുത്തു പറയേണ്ടതാണ്. സിങ്ക് സൗണ്ട് മിക്സിംഗ് പലയിടത്തും പാളിപ്പോയത് ചിത്രത്തിന്റെ പോരായ്മയായി തോന്നി. ക്യാമറക്കാഴ്ചകൾ പലയിടത്തും മികച്ച നിലവാരം പുലർത്തിയപ്പോൾ ചിലയിടത്ത് കല്ലുകടിയായി മാറുകയും ചെയ്തു. എങ്കിലും ചിത്രത്തിന്റെ മൊത്തത്തിലുള്ള പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ അതൊന്നും ഒരു പോരായ്മയായി അനുഭവപ്പെടുകയേയില്ല. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപട്ടികയിലെ മികച്ച സിനിമയായിരുന്നു ഒഴിവുദിവസത്തെ കളി. ചിത്രത്തിന്റെ സംവിധായകനായ സനൽ കുമാർ ശശിധരനും, 'ജീവിച്ചു കാണിച്ചു തന്ന' അഭിനേതാക്കൾക്കും, ഈ ചിത്രം പ്രദർശനത്തിനെത്തിച്ച ആഷിക് അബുവിനും, ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കിയ സർക്കാറിനും, മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
  • രാജ്യം : ഇന്ത്യ 
  • ഭാഷ : മലയാളം 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2015       
  • സംവിധാനം : സനൽ കുമാർ ശശിധരൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക