ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങിയ സിനിമാതാരങ്ങള്‍



     രാഷ്‌ട്രീയവും സിനിമയും തമ്മില്‍ പല സാമ്യങ്ങളുമുണ്ട്. രണ്ട് മേഖലകളിലും പ്രവചനാതീതമായാണ് ആളുകള്‍ പ്രശസ്തിയുടെ കൊടുമുടിയിലേറുന്നതും വിസ്മൃതിയുടെ പടുകുഴിയിലേക്ക് പതിക്കുന്നതും. രാഷ്‌ട്രീയവും സിനിമാതാരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സിനിമയിലൂടെ പ്രശസ്തി നേടുകയും പിന്നീട് രാഷ്‌ട്രീയത്തിലെത്തി എംഎല്‍എയും എംപിയുമെല്ലാമായി മാറുകയും ചെയ്ത നിരവധി അഭിനേതാക്കളുണ്ട് നമ്മുടെ രാജ്യത്ത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും രാഷ്‍ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായി രാജ്യസഭയിലെത്തുകയും ചെയ്തിരിക്കുകയാണ്. ബിജെപി പ്രചാരകനായാണ് സുരേഷ് ഗോപി രാഷ്‍ട്രീയത്തില്‍ സജീവമായത്.

കോളിവുഡ് സിനിമയും രാഷ്‍‌ട്രീയവും:

     ദ്രാവിഡപ്പാര്‍ട്ടികളെ ഒഴിച്ചു നിര്‍ത്തികൊണ്ട്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ച സിനിമാതാരങ്ങളെ കുറിച്ച് ചിന്തിക്കുന്നത് പോലും അസാദ്ധ്യമായ കാര്യമാണ്. ഇന്ത്യയില്‍ സിനിമാഭിനയമെന്ന മായികലോകത്ത് നിന്നു രാഷ്‌ട്രീയമെന്ന ചതുരംഗക്കളത്തിലേക്ക് ചുവടുവെച്ച ഒരു കോളിവുഡ് നടനുണ്ട്‌. മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് എംജിആര്‍ എന്ന മൂന്നക്ഷരങ്ങളിലേക്ക് ചുരുങ്ങുകയും തമിഴ് ജനതയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. തമിഴ്‍‌നാട്ടുകാരുടെ ഉന്നമനമായിരുന്നു അക്കാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും വിഷയം. തുടക്കത്തില്‍ എംജിആര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലായിരുന്നുവെങ്കിലും പിന്നീട് ഡിഎംകെയിലേക്ക് ചേക്കേറി. പിന്നീടദ്ദേഹം കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് 1972-ല്‍ എഐഎഡിഎംകെ എന്ന രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയുണ്ടായി. തമിഴ് ജനത പുരട്ചി തലൈവര്‍ എന്ന് സ്നേഹാദരപൂര്‍വ്വം വിളിച്ചിരുന്ന അദ്ദേഹം 1977-ല്‍ മുഖ്യമന്ത്രിയാവുകയും മരണം വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തു. ഭാരതത്തില്‍ ആദ്യമായി മുഖ്യമന്ത്രീപദമലങ്കരിച്ച സിനിമാതാരം എന്ന ബഹുമതി അദ്ദേഹത്തിനവകാശപ്പെട്ടതാണ്.

     എംജിആറിന്റെ മരണശേഷം എഐഎഡിഎംകെയുടെ സാരഥ്യം വന്നുചേര്‍ന്നത് നൂറിലധികം സിനിമകളില്‍ വേഷമിട്ട ജയലളിതയുടെ കൈകളിലാണ്. രാഷ്‌ട്രീയ ജീവിതത്തിലുടനീളം തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെയെല്ലാം ശക്തമായി നേരിട്ട ജയലളിത പുരട്ചി തലൈവി എന്ന പേരില്‍ തമിഴര്‍ക്ക് പ്രിയങ്കരിയായി മാറുകയും തമിഴ്നാടിന്റെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിത്തീരുകയും ചെയ്തു. എണ്‍പതുകളില്‍ നിരവധി ഹിറ്റ്‌ സിനിമകളിലെ നായകനായ വിജയകാന്ത് തമിഴ്നാടിന്റെ രാഷ്‌ട്രീയഭൂപടത്തില്‍ ഇടം നേടുന്നത് ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണത്തിലൂടെയാണ്. 2011-ല്‍ അദ്ദേഹം പ്രതിപക്ഷനേതാവിന്റെ കുപ്പായമണിഞ്ഞു.

     ദേവാസുരം എന്ന ഒറ്റച്ചിത്രം മതി മലയാളിയ്‌ക്ക് നെപ്പോളിയന്‍ എന്ന നടനെ ഓര്‍ക്കാന്‍. സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും നായക വേഷങ്ങളിലും തിളങ്ങിയ നെപ്പോളിയന് രാഷ്‌ട്രീയത്തില്‍ ഡിഎംകെയോടായിരുന്നു തുടക്കത്തില്‍ പഥ്യം. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യ ക്ഷേമ സഹമന്ത്രിയായിരുന്നു നെപ്പോളിയന്‍. പിന്നീട് അഴഗിരിയെ അനുകൂലിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറി. തുടക്കത്തില്‍ ഡിഎംകെയിലും പിന്നീട് എഐഎഡിഎംകെയിലും പ്രവര്‍ത്തിച്ച സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാര്‍ പിന്നീട് ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയത്തില്‍ സജീവമായി.

ടോളിവുഡിന്റെ രാ‍ഷ്ട്രീയക്കാര്‍:

     കോളിവുഡിനോളമില്ലെങ്കിലും ടോളിവുഡിനുമുണ്ട് സിനിമാതാരങ്ങളുടെ രാഷ്‌ട്രീയബാന്ധവത്തിന്റെ കഥ പറയാന്‍. തമിഴ്നാട്ടില്‍ എംജിആര്‍ ആയിരുന്നുവെങ്കില്‍ ആന്ധ്രയില്‍ ആ സ്ഥാനം എന്‍ടിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നന്ദമുറി തരക രാമ റാവുവിന് അവകാശപ്പെട്ടതായിരുന്നു. ആദ്യകാലത്ത് സിനിമയില്‍ നിരവധി പുരാണ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ എന്‍ടിആര്‍ പിന്നീട് തെലുങ്ക് സിനിമയിലെ താരചക്രവര്‍ത്തിയായി മാറി. 1982-ല്‍ തെലുഗുദേശം പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം രണ്ട് തവണ മുഖ്യമന്ത്രീപദമലങ്കരിച്ചു. പിതാവായ എന്‍ടിആറിന്റെ പാത പിന്തുടര്‍ന്ന് മകനായ നന്ദമുറി ബാലകൃഷ്ണയും തെലുഗുദേശം പാര്‍ട്ടിയുടെ ലേബലില്‍ രാഷ്‌ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുകയും നിയമസഭയിലെത്തുകയുമുണ്ടായി. നിരവധി ഹിറ്റ്‌ തെലുങ്ക് സിനിമകളില്‍ നായകവേഷം കൈകാര്യം ചെയ്ത മോഹന്‍ബാബുവിന്റെ സിനിമയിലെ അരങ്ങേറ്റം തിരക്കഥാകൃത്തായിട്ടായിരുന്നു. പിന്നീട്  അദ്ദേഹത്തെ തെലുഗുദേശം പാര്‍ട്ടി രാജ്യസഭയിലേക്കയച്ചു. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ പട്ടം അലങ്കരിക്കുന്ന ചിരഞ്ജീവിയും സിനിമയില്‍ നിന്നു രാഷ്‌ട്രീയ ഗോദയിലെത്തിയ താരമാണ്. 2008-ല്‍ പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്‌ട്രീയത്തിലേക്ക് കടന്നത്. പിന്നീട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച അദ്ദേഹം 2012 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ടൂറിസംവകുപ്പ് സഹമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള സിനിമകളില്‍ വേഷമിട്ട കോട്ട ശ്രീനിവാസ റാവുവും വിജയവാഡയില്‍ നിന്നുള്ള എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ രാഷ്‌ട്രീയഭാഗ്യം തുണച്ച ഒരഭിനേത്രിയാണ് ജയപ്രദ. തെലുഗുദേശം പാര്‍ട്ടിയുടെ ടിക്കറ്റില്‍ 1996-ല്‍ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയ ഇവര്‍ ഉത്തര്‍‌പ്രദേശിലെ രാം‌പൂര്‍ മണ്ഡലത്തില്‍ നിന്നു രണ്ട് തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

     പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സാന്റല്‍വുഡിലെ താരമായിരുന്നു. 2013-ല്‍ കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്‌പന്ദന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇവര്‍.

ബോളിവുഡും രാ‍ഷ്ട്രീയവും:

    സിനിമാലോകത്ത് നിന്നു രാഷ്‌ട്രീയത്തിലെത്തി വിജയം കൈവരിച്ചവരുടെ കൂട്ടത്തില്‍ നിരവധി ബോളിവുഡ് താരങ്ങളുണ്ട്. ഭാരതത്തിലെ തന്നെ എറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ അമിതാഭ് ബച്ചനാണ് അക്കൂട്ടത്തില്‍ പ്രധാനി. രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദമാണ് ബച്ചനെ സജീവ രാഷ്‌ട്രീയത്തില്‍ എത്തിച്ചത്. 1984-ല്‍ ഇദ്ദേഹം അലഹാബാദില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പത്നിയും അഭിനേത്രിയുമായ ജയ ബച്ചനും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുണ്ട്. ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമാവുകയും ആക്ഷന്‍ കിംഗ് എന്നറിയപ്പെടുകയും ചെയ്യുന്ന ധര്‍മേന്ദ്ര ബിജെപി എംപിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഒരുകാലത്ത് ബോളിവുഡിലെ താരറാണിയുമായിരുന്ന ഹേമമാലിനിയും രാഷ്‌ട്രീയത്തില്‍ സജീവമാണ്. അവര്‍ രാജ്യസഭയിയിലും ലോക്‌സഭയിലും അംഗമായിട്ടുണ്ട്. നിരവധി ബോളിവുഡ് ഹാസ്യ സിനിമകളില്‍ നായകനായി വേഷമിട്ട നടനാണ്‌ ഗോവിന്ദ. കോണ്‍ഗ്രസ്  എംപിയായ ഇദ്ദേഹം മും‌ബൈ നോര്‍ത്ത് നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിക്കുന്നത്. നരേന്ദ്രമോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി രാഷ്‌ട്രീയത്തില്‍ എത്തും മുന്പ് സീരിയല്‍ - സിനിമ അഭിനേത്രിയായിരുന്നു.

     ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജേഷ് ഖന്ന 1991-ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോകസഭ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിക്കുകയുമുണ്ടായി. മികച്ച അഭിനയത്തിനുള്ള അഞ്ച് നാഷണല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ സിനിമാതാരമായ ശബാന ആസ്മിയും രാജ്യസഭാംഗമായിരുന്നു. ബോളിവുഡിലെ പ്രമുഖ നടനായ ശത്രുഘ്നന്‍ സിന്‍ഹയും ബിജെപിയുടെ അക്കൗണ്ടില്‍ എംപിയായ താരമാണ്. നിതീഷ് ഭരദ്വാജ് (ബിജെപി), അരവിന്ദ് ത്രിവേദി (ബിജെപി), ദീപിക ചിഖാലിയ (ബിജെപി), കിരണ്‍ ഖേര്‍ (ബിജെപി), മൂണ്‍ മൂണ്‍ സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), പരേഷ് റാവല്‍ (ബിജെപി), സുനില്‍ ദത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വിനോദ് ഖന്ന തുടങ്ങിയവര്‍ ലോക്‌സഭയിലേക്കും ധാരാ സിംഗ്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയിലെ രാ‍ഷ്ട്രീയക്കാര്‍:

     ജനപ്രതിനിധികളാവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചില അഭിനേതാക്കള്‍ നമ്മുടെ കേരളത്തിലുമുണ്ട്. കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ഗണേഷ് കുമാര്‍ 2001-ല്‍ പത്താനാപുരത്ത് സിപിഐ നേതാവ് പ്രകാശ് ബാബുവിനെ തോല്‍പ്പിച്ച് കൊണ്ടാണ് രാഷ്‌ടീയത്തില്‍ വന്ന് ചേരുന്നത്. എ കെ ആന്റണി മന്ത്രിസഭയിലും, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയത്. എറ്റവുമൊടുവില്‍ കേരളത്തിന് സന്തോഷത്തിന് വക നല്‍കിക്കൊണ്ട് രാജ്യസഭാ എം പി സ്ഥാനം സുരേഷ് ഗോപിയെ തേടിയെത്തിയിരിക്കുന്നു. വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികകളില്‍ പല അഭിനേതാക്കളും ഇടം പിടിച്ചിട്ടുണ്ട്.

     ജനങ്ങള്‍ക്ക് മുന്നില്‍ മുഖവുര ആവശ്യമില്ലാത്തതിനാലും, വിജയസാദ്ധ്യത കൂടുതലായതിനാലുമായിരിക്കണം മിക്ക രാഷ്‌ട്രീയപ്പാര്‍ട്ടികളും സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇവരില്‍ ചിലര്‍ രാഷ്‌ട്രീയത്തിലും മികച്ച അഭിനയം കാഴ്ചവെക്കുമ്പോള്‍ മറ്റു ചിലര്‍ ജനസേവനത്തിലും താരങ്ങളായി മാറുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഴുതിയ ലേഖനം:

Archive

കോൺടാക്റ്റ് ഫോം

അയക്കുക