അപുത്രയം | Apu Trilogy

     വിഖ്യാത ബംഗാളി സംവിധായകനായ സത്യജിത് റേയുടെ സൃഷ്ടികളായ പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചലച്ചിത്രങ്ങളാണ് അപുത്രയം എന്നറിയപ്പെടുന്നത്. അപു എന്ന കഥാപാത്രത്തിന്റെ ബാല്യം, കൗമാരം, യൗവ്വനം എന്നീ കാലഘട്ടങ്ങളിലൂടെ യാത്ര ചെയ്യുകയാണ്  ഈ മൂന്ന് ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമയുടെ ശൈശവദശയില്‍ പുറത്തിറങ്ങിയ  കറുപ്പും വെളുപ്പും കലര്‍ന്ന ഈ ചലച്ചിത്രങ്ങള്‍ സാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴും നമ്മെ വല്ലാതെ വിസ്മയിപ്പിക്കുന്നുണ്ട്. ഇവയിലെ പല രംഗങ്ങളും അര നൂറ്റാണ്ടിനിപ്പുറം ഇന്നും പല ചിത്രങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നു എന്നത് സത്യജിത് റേയുടേയും അദ്ദേഹത്തിന്റെ ചിത്രങ്ങളുടേയും മേന്മയാണ് എടുത്തു കാട്ടുന്നത്.

പഥേര്‍ പാഞ്ചാലി (1955):
     'പഥേര്‍ പാഞ്ചാലിക്ക് മുമ്പും പിമ്പും'. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ ഇങ്ങനെ വേര്‍ത്തിരിക്കാം. അതുവരെയുള്ള ഇന്ത്യന്‍ ചലച്ചിത്ര സങ്കല്‍പ്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിക്കൊണ്ടാണ് പഥേര്‍ പാഞ്ചാലിയും അതുവഴി സത്യജിത് റേ എന്ന അതുല്യ പ്രതിഭയും ലോകസിനിമാ ചരിത്രത്തിലേക്ക് നടന്നു കയറിയത്. കച്ചവടച്ചേരുവകളൊന്നും തന്നെ തൊട്ടു തീണ്ടാത്ത ആദ്യ ഇന്ത്യന്‍ സിനിമയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ ലോക സിനിമയ്ക്ക് സമ്മാനിച്ച എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണിത്. ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ചിത്രമായ ബൈസിക്കിള്‍ തീവ്സിനോട്‌ തോന്നിയ   ആകര്‍ഷണമാണത്രേ സത്യജിത് റേയെ പഥേര്‍ പാഞ്ചാലി എന്ന റിയലിസ്റ്റിക് സിനിമയുടെ സൃഷ്ടിയിലേക്ക് നയിച്ചത്.

     ബംഗാളി സാഹിത്യകാരനായ ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ 'പഥേര്‍ പാഞ്ചാലി' എന്ന നോവലാണ്‌ സത്യജിത് റേ തന്റെ ആദ്യ ചിത്രത്തിനായി തിരഞ്ഞെടുത്തത്. 'പാതയുടെ സംഗീതം' എന്നാണ് പഥേര്‍ പാഞ്ചാലി എന്ന വാക്കിനര്‍ത്ഥം. നോവലിന്റെ പേരു തന്നെയാണ് റേ ചിത്രത്തിനും നല്‍കിയത്. പഥേര്‍ പാഞ്ചാലിയുടേയും അതിന്റെ തുടര്‍ച്ചയായി വന്ന രണ്ടു ചിത്രങ്ങളുടെയും ക്യാമറ കൈകാര്യം ചെയ്തത് സുബ്രതാ മിത്രയും, സംഗീതസംവിധാനം നിര്‍വ്വഹിച്ചത് രവിശങ്കറും ആയിരുന്നു. ദുര്‍ഗ്ഗയുടെയും (ഉമ ദാസ് ഗുപ്ത), അപുവിന്റേയും (സുബീര്‍ ബാനര്‍ജി) കഥ പറയുക വഴി അക്കാലത്തെ ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ നേര്‍ച്ചിത്രം തന്നെയാണ് റേ തന്റെ കന്നിച്ചിത്രത്തിലൂടെ വരച്ചു കാട്ടിയത്. ദുര്‍ഗ്ഗയുടെയും അപുവിന്റേയും അച്ഛനായ ഹരിഹര്‍ ആയി കനു ബാനര്‍ജിയും, അമ്മയായ സര്‍ബജയയായി കരുണ ബാനര്‍ജിയും വേഷമിടുന്നു. പിഷി എന്ന മുത്തശ്ശിയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.

     ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന ഗൃഹനാഥനാണ് ഹരിഹര്‍. മക്കളുടേയും ഭാര്യയുടേയും ആഗ്രഹങ്ങളും, ജീവിത പ്രാരബ്ദങ്ങളും എല്ലാം അയാളുടെ മുന്നിലെ ചോദ്യ ചിഹ്നങ്ങളാണ്‌. എങ്കിലും എല്ലാം നേരെയാവും എന്ന ശുഭാപ്തി വിശ്വാസം അയാളെ മുന്നോട്ട് നയിക്കുന്നു. അയാളുടെ ഭാര്യയാകട്ടെ സദാ സംഘര്‍ഷഭരിതമായ മനസ്സുമായി ജീവിക്കുന്ന ഒരു സ്ത്രീയാണ്. ഉണ്ടായിരുന്ന സ്ഥലം വിട്ടു നല്‍കിയതിന് ഭര്‍ത്താവുമായും , പിഷി എന്ന മുത്തശ്ശിയോടുള്ള അടുപ്പത്തെച്ചൊല്ലി ദുര്‍ഗ്ഗയുമായുമെല്ലാം കലഹത്തിലേര്‍പ്പെടുന്നത് ഇതിനുള്ള ഉദാഹരണങ്ങളാണ്. ഭാവി ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെയാണ് അവരുടെ ദുഖത്തിന് കാരണം.

     എന്നാല്‍ ഇതിലെ കേന്ദ്ര കഥാപാത്രമെന്നു പറയാവുന്ന ദുര്‍ഗ്ഗ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. മുത്തശ്ശിയോടുള്ള അവളുടെ ദീനാനുകമ്പയും , അമ്മയെ കൂസാത്ത സ്വഭാവവും, കൂട്ടുകാരിയുടെ മാല മോഷ്ടിക്കുന്നതുമെല്ലാം അവളുടെ പ്രത്യേക സ്വഭാവത്തെ വരച്ചു കാട്ടുന്നു. പഥേര്‍ പാഞ്ചാലിയുടെ തുടര്‍ച്ചകളില്‍ അപുവിനെ കേന്ദ്രീകരിച്ചാണ് സിനിമകളുടെ മുന്നോട്ടുള്ള പ്രയാണമെങ്കില്‍ പഥേര്‍ പാഞ്ചാലിയില്‍  കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ദുര്‍ഗ്ഗയ്ക്കാണ്.  മുത്തശ്ശിയുടെ മരണവും, മിഠായിക്കച്ചവടക്കാരനോടോത്തുള്ള രംഗവും, ആദ്യത്തെ തീവണ്ടി കാഴ്ചയുമെല്ലാം വളരെ സമര്‍ത്ഥമായാണ് റേ ദൃശ്യവത്കരിച്ചിരിക്കുന്നത്. വികാരനിര്‍ഭരമായ പല രംഗങ്ങളും അതിവൈകാരികതയ്ക്ക് വഴി മാറാതിരിക്കാന്‍ അദ്ദേഹം പ്രത്യക ശ്രദ്ധ ചെലുത്തിയിരിക്കുന്നത് കാണാം. ദുര്‍ഗ്ഗ തന്റെ ദുഃഖങ്ങളെല്ലാം മറന്ന് മഴ നനയുന്നതാണ് എടുത്തു പറയേണ്ട മറ്റൊരു രംഗം. ആ മഴ അവളുടെ സന്തോഷത്തിലും ഒടുവില്‍ മരണത്തിലും പങ്കു ചേരുന്നു. സഹോദരിയുടെ മരണത്തെ തുടര്‍ന്ന് അപു തന്റെ മാതാപിതാക്കളോടൊപ്പം ആ നാടുപേക്ഷിച്ച് പോകുന്നതോടെ പഥേര്‍ പാഞ്ചാലി പൂര്‍ണ്ണമാവുന്നു.

അപരാജിതോ (1956):
     ദുര്‍ഗ്ഗയുടെ മരണത്തെത്തുടര്‍ന്ന് നാടു വിട്ട അപുവിനും കുടുബത്തിനും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് തന്റെ രണ്ടാമത്തെ ചിത്രമായ അപരാജിതോയിലൂടെ സത്യജിത് റേ ചെയ്യുന്നത്. പഥേര്‍ പാഞ്ചാലിയുടെ അവസാനഭാഗവും ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ തന്നെ രചിച്ച അപരാജിതോ എന്ന നോവലിന്റെ ആദ്യഭാഗവും ചേര്‍ത്താണ് ഈ ചലച്ചിത്രം അദ്ദേഹം അണിയിച്ചൊരുക്കിയത്. 'പരാജയം അറിയാത്തവന്‍' എന്നാണ് അപരാജിതോ എന്ന വാക്കിനര്‍ത്ഥം.

     സ്വന്തം ഗ്രാമം ഉപേക്ഷിച്ച് ബനാറസിലാണ് അപുവും കുടുംബവും എത്തിച്ചേരുന്നത്. ഗ്രാമത്തില്‍ നിന്നും കാശിയെന്ന നഗരത്തിലെത്തിച്ചെരുമ്പോഴും അവരുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ഗംഗാതീരത്തിരുന്ന് ആളുകള്‍ക്ക് പുരാണ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു കൊടുക്കുന്ന വകയില്‍ ഹരിഹറിന് ലഭിക്കുന്ന പണം കൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. അവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന നന്ദ ബാബു എന്നയാളില്‍ നിന്നും അപുവിന്റെ അമ്മയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അക്കാലത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തില്‍ നിന്നും ഒരു വിധം മുക്തി നേടി സന്തോഷത്തിന്റെ പാതയിലേക്ക് നടന്നടുക്കുന്ന ആ കുടുംബത്തോട് വിധി വീണ്ടും  ക്രൂരത കാട്ടുന്നു. കടുത്ത പനിയെ അവഗണിച്ച് തന്റെ ജോലിക്ക് പോകുന്ന ഹരിഹര്‍ ഗംഗാ നദീതീരത്തെ കല്‍പ്പടവുകളില്‍ കുഴഞ്ഞു വീഴുകയും പിന്നീട് അയാളെ മരണം കീഴടക്കുകയും ചെയ്യുന്നു.അങ്ങനെ ആദ്യം സഹോദരിയെ നഷ്ടപ്പെടുന്ന അപുവിന് അച്ഛനെയും നഷ്ടമാവുന്നു. മരണക്കിടക്കയില്‍ വച്ച് ഗംഗാ ജലം കുടിക്കണമെന്നുള്ള അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായുള്ള അപുവിന്റെ ശ്രമവും മരണമറിയിച്ചുകൊണ്ടുള്ള പ്രാവുകളുടെ പറക്കലുമെല്ലാം റേയിലെ സംവിധായകനെ എടുത്തു കാട്ടുന്നതാണ്.

     തുടര്‍ന്ന് സര്‍ബജയയുടെ അമ്മാവന്റെ കൂടെ നാട്ടിലേക്ക് തിരിക്കുന്ന അപുവിനെ അമ്മാവന്‍ പൂജാകര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് സ്കൂളില്‍ പോകാനായി തുടിക്കുന്നു. മകന്റെ ആഗ്രഹപ്രകാരം അമ്മ അവനെ വിദ്യാലയത്തിലയക്കുകയും അവന്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ (സുബോധ് ഗാംഗുലി) അരുമഷിഷ്യനായി മാറുകയും ചെയ്യുന്നു. പിന്നീട് നമ്മള്‍ കാണുന്നത് കൗമാരക്കാരനായ അപുവിനെയാണ്. സ്മരണ്‍ ഘോഷാല്‍ ആണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജില്ലയിലെ തന്നെ രണ്ടാമനായി ജയിക്കുന്ന അപു കല്‍ക്കത്തയിലെ കോളേജില്‍ ചേര്‍ന്ന്  പഠിക്കണം എന്ന തന്റെ ആഗ്രഹം അമ്മയെ അറിയിക്കുമ്പോള്‍ ആദ്യം അമ്മയത് നിരാകരിക്കുന്നുണ്ടെങ്കിലും പിന്നീട് മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. കോളേജില്‍ ചേരുന്ന അപു വല്ലപ്പോഴുമാണ് പിന്നീട് അമ്മയെ കാണാനായി വരുന്നത്. മാനസികമായി അവര്‍ തമ്മില്‍ അകലുകയും ചെയ്യുന്നു. മകന്റെ അകല്‍ച്ച അമ്മയെ ശാരീരികമായും, മാനസികമായുമുള്ള തളര്‍ച്ചയിലേക്ക് നയിക്കുന്നു. മകന്റെ വരവും കാത്ത് കഴിയുന്ന അമ്മയുടെ മാനസികാവസ്ഥ മികച്ച രീതിയിലാണ് കരുണാ ബാനര്‍ജി അഭിനയിച്ച് പ്രതിഫലിപ്പിച്ചിരിക്കുന്നത്. ഒരു നാള്‍ അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന കത്തു കിട്ടി നാട്ടിലെത്തുന്ന അപുവിനെ കാത്തിരുന്നത് അമ്മയും അവനെ വിട്ട് യാത്രയായി എന്ന വാര്‍ത്തയാണ്. ദുഖിതനായ അപു അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ പോലും നിര്‍വ്വഹിക്കാതെ തിരിച്ച് കൊല്‍ക്കത്തയിലേക്ക് യാത്രയാവുന്ന രംഗത്തോടെ അപരാജിതോ അവസാനിക്കുന്നു.

അപുര്‍ സന്‍സാര്‍(1959):
     ജോലി തേടുന്ന അഭ്യസ്തവിദ്യനായ യുവാവായ അപുവിന്റെ കഥയുമായാണ് 1959-ല്‍ അപുത്രയത്തിലെ അവസാന ഭാഗമായ അപുര്‍ സന്‍സാര്‍ പ്രദര്‍ശനത്തിനെത്തിയത്. അപരാജിതോ എന്ന നോവല്‍ തന്നെയാണ് ഈ ചിത്രത്തിന്റെ സൃഷ്ടിക്കും ആധാരമായിത്തീര്‍ന്നത്. 'അപുവിന്റെ ലോകം' എന്നാണ് അപുര്‍ സന്‍സാര്‍ എന്ന വാക്കിനര്‍ത്ഥം. പില്‍ക്കാലത്ത് അഭിനയരംഗത്ത് പ്രശസ്തരായിത്തീര്‍ന്ന  സൗമിത്ര ചാറ്റര്‍ജി, ഷര്‍മ്മിള ടാഗോര്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. സ്വന്തം ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവല്‍ തന്നെയൊരു പ്രശസ്തനായ എഴുത്തുകാരനാക്കും എന്ന ആഗ്രഹത്തോടെ ജീവിതം തള്ളിനീക്കുകയാണ് അപു. ഒരു നാള്‍ അപു തന്റെ പഴയകാല സുഹൃത്തായ പുലുവിനെ കാണുകയും പിന്നീട് അയാളുടെ അമ്മാവന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അവരുടെ നാട്ടിലേക്ക് പോവുകയും ചെയ്യുന്നു. എന്നാല്‍ വിവാഹദിവസം വരന്‍ മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നറിയുന്നതോടെ ആ വിവാഹം മുടങ്ങുന്നു. തുടര്‍ന്ന് പുലു അപുവിനോട്‌ അമ്മാവന്റെ മകളായ അപര്‍ണയെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെടുന്നു. ആദ്യം വിസമ്മതിക്കുന്ന അപു പിന്നീട് സമ്മതിക്കുകയും വിവാഹാനന്തരം വധൂവരന്മാര്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയും ചെയ്യുന്നു. വിഭിന്ന ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ളവരാണെങ്കിലും അവരുടെ ജീവിതം മുന്നോട്ടു പോവുകയും ഗര്‍ഭിണിയാകുന്നതോടെ അപര്‍ണ സ്വന്തം നാട്ടിലേക്ക് തിരിക്കുകയും ചെയ്യുന്നു. പ്രസവത്തോടെ കുഞ്ഞിനെയും സമ്മാനിച്ച്  ഭാര്യ എന്നെന്നേക്കുമായി യാത്രയായ വിവരമറിയുന്നതോടെ ഹൃദയം തകര്‍ന്ന ആപു സ്വന്തം കുഞ്ഞിനെ കാണാന്‍ പോലും കൂട്ടാക്കാതെ കല്‍ക്കത്ത വിടുന്നു. വിദേശവാസത്തിലായിരുന്ന പുലു തിരിച്ചു വരുമ്പോള്‍ കാണുന്നത് അനാഥനേപ്പോലെ വളരുന്ന സുഹൃത്തിന്റെ മകനെയാണ്. തുടര്‍ന്ന് പുലുവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അപു മകനെ കാണാന്‍ നാട്ടിലെത്തുന്നു. പക്ഷേ അത് തന്റെ അച്ഛനാണെന്ന് മകന്‍ അംഗീകരിക്കുന്നില്ല. ഒടുവില്‍ അച്ഛനെ കാണിച്ചു തരാം എന്ന വ്യവസ്ഥയില്‍ അപുവിനോടൊപ്പം മകന്‍ യാത്രയാവുന്നതോടെ ചിത്രം അവസാനിക്കുന്നു.
        
     ഓരോ  ചിത്രം പിന്നിടുമ്പോഴും സത്യജിത് റേയിലെ സംവിധായകന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് കാണാം. കഥയും, അഭിനേതാക്കളും, സംഗീതവും, എല്ലാം വളരെയധികം പ്രശംസയര്‍ഹിക്കുന്നുവെങ്കിലും സത്യജിത് റേയുടെ സംവിധാനമികവ് എല്ലാറ്റിനും ഒരുപടി മുകളില്‍ത്തന്നെയാണ്.

  • രാജ്യം : ഇന്ത്യ 
  • ഭാഷ : ബംഗാളി
  • വിഭാഗം : ഡ്രാമ 
  • സംവിധാനം : സത്യജിത് റേ

Archive

കോൺടാക്റ്റ് ഫോം

അയക്കുക