ദ ബുക്ക് തീഫ് | The Book Thief

     ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെല്ലാം ഒരേ ശൈലിയാണുള്ളത്. അവർ സാധാരണ പൗരന്മാരുടെ മൗലികാവകാശങ്ങൾ പലതും ഹനിക്കും. അവരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടും. രാജ്യത്തെ ജനത എങ്ങനെ ജീവിക്കണം എന്ന് ആ ഗവണ്മെന്റ് തീരുമാനിക്കും. എന്ത് വില കൊടുത്തും അവർ അത് നടപ്പാക്കുകയും ചെയ്യും. അതിനിടയിൽ വരുന്ന പ്രതിഷേധങ്ങളോ രക്തച്ചൊരിച്ചിലുകളോ ഒന്നും അവരെ ബാധിക്കുകയേ ഇല്ല.

     രണ്ടാം ലോകമഹായുദ്ധകാല ജീവിതത്തെ കുട്ടികളുടെ കണ്ണിലൂടെ വായിച്ചെടുക്കുകയാണ് ബ്രിട്ടീഷ് സംവിധായകനായ ബ്രയാൻ പേഴ്സിവൽ ദ ബുക്ക് തീഫ് എന്ന തന്റെ ചിത്രത്തിലൂടെ. ഓസ്ട്രേലിയൻ സാഹിത്യകാരനായ മൈക്കിൾ സുസാക്ക് രചിച്ച നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം.

     പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന രംഗം ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ചരിത്രത്തെയും നശിപ്പിച്ച് തങ്ങളുടെ സിദ്ധാന്തങ്ങൾ ആ രാജ്യത്തെ ജനതയിലേക്ക് കുത്തിവെക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ബോധപൂർവ്വമായ ശ്രമത്തെ സൂചിപ്പിക്കുന്നതാണ്.

     ലീസൽ എന്ന പതിനൊന്ന് വയസ്സുകാരി പെൺകുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. പെയിന്ററായ ഹാൻസിന്റെയും റോസയുടെയും വളർത്തുമകളായാണ് അവൾ ആ നഗരത്തിലെത്തുന്നത്. വളർത്തച്ഛനായ ഹാൻസ് ലീസലിനെ അക്ഷരങ്ങളുടെ അദ്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. വീടിന്റെ ബേസ്മെന്റിൽ ഒളിച്ച് താമസിക്കു‌ന്ന ഹാൻസിന്റെ ജൂത സുഹൃത്തിന്റെ മകനായ മാക്സും അവൾക്ക് വായിക്കുന്നതിന് പ്രോത്സാഹനം നൽകുന്നു. അയൽവാസിയായ റൂഡി എന്ന കൂട്ടുകാരനും അവൾക്ക് കൂട്ടായുണ്ട്.

     ഫ്രഞ്ച്-കനേഡിയൻ അഭിനേത്രിയായ സോഫി നെലിസിന്റെ ഗംഭീര പ്രകടനം സിനിമയുടെ മാറ്റ് കൂട്ടുന്നു. ഒരു മികച്ച സിനിമയെന്ന അവകാശപ്പെടാനാവില്ലെങ്കിലും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് ദ ബുക്ക് തീഫ്.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ് / ജർമ്മനി
  • ഭാഷ : ഇംഗ്ലീഷ് / ജർമ്മൻ
  • വർഷം : 2014
  • സംവിധാനം : ബ്രയാൻ പേഴ്സിവൽ

Archive

കോൺടാക്റ്റ് ഫോം

അയക്കുക