ഒരു വര്‍ഷ ഋതുവിന്റെ ഓര്‍മ്മയ്ക്ക് | Raincoat



     ചില മനുഷ്യര്‍ അങ്ങനെയാണ്, ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം കഴിവുകളാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച്  ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയെടുക്കും. ഒടുവില്‍ മരണത്തിനു പോലും കീഴ്പ്പെടുത്താനാവാത്ത ഒരുപാടോര്‍മ്മകള്‍ ബാക്കി വെച്ച് അകാലത്തില്‍ പൊലിയുകയും ചെയ്യും. അത്തരത്തിലൊരാളായിരുന്നു വിഖ്യാത ബംഗാളി സംവിധായകനായ ഋതുപര്‍ണ്ണ ഘോഷ്. പുരുഷനായി ജനിക്കുകയും തന്റെ സിനിമകളിലൂടെ സ്ത്രീകള്‍ക്കു വേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്ത അദ്ദേഹം ഏറ്റവുമൊടുവില്‍ ഒരു സ്ത്രീയായി ജീവിക്കുകയും ചെയ്തു. തന്റെ ചലച്ചിത്ര സപര്യയിലൂടെ പറഞ്ഞതിലുമേറെ പറയാതെ ബാക്കി വെച്ച് കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ നാല്‍പ്പത്തിയൊമ്പത് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. രണ്ട് ദശാബ്ദക്കാലം മാത്രം നീണ്ടു നിന്ന സിനിമാജീവിതത്തിനിടയില്‍ പന്ത്രണ്ട് തവണയാണ് ദേശീയപുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.

     2004-ല്‍ പുറത്തിറങ്ങിയ റെയിന്‍കോട്ട് ആയിരുന്നു ബോളിവുഡില്‍ ഋതുവിന്റെ അരങ്ങേറ്റ ചിത്രം. അമേരിക്കന്‍ സാഹിത്യകാരനായ ഒ.ഹെന്‍റിയുടെ തൂലികയില്‍ പിറവിയെടുത്ത 'ദി ഗിഫ്റ്റ് ഓഫ് ദി മാഗി' എന്ന ചെറുകഥയാണ് ഈ ചലചിത്രത്തിന്റെ സൃഷ്ടിക്ക് ആധാരമായിത്തീര്‍ന്നത്. ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍, അന്നു കപൂര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

     ഒരു വര്‍ഷകാല സന്ധ്യയില്‍ മനു(അജയ് ദേവ്ഗണ്‍) തന്റെ പൂര്‍വ്വകാല പ്രണയിനിയും വിവാഹിതയുമായ നീരുവിനേത്തേടി(ഐശ്വര്യ റായ്) കൊല്‍ക്കത്തയിലുള്ള അവളുടെ വസതിയിലെത്തുന്നു. ഗാഢമായി  പ്രണയിക്കുകയും ജീവിതസാഹചര്യങ്ങള്‍ നിമിത്തം വേര്‍പ്പിരിയേണ്ടി വരികയും ചെയ്ത ഇരുവരും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്. രണ്ടു പേരും മനസ്സിലിപ്പോഴും പഴയ സ്നേഹം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനനുവദിക്കാതെ വിധി അവരെ നിസ്സഹായതയിലേക്ക് തള്ളി വിടുന്നു. സ്വന്തം ദുഖങ്ങളും കഷ്ടപ്പാടുകളും പറഞ്ഞാല്‍ അത് മറ്റേയാളുടെ മനസ്സ് വേദനിക്കുന്നതിന് കാരണമാകുമോ എന്ന ചിന്ത അവരെക്കൊണ്ട് പല നുണകളും പറയിപ്പിക്കുന്നു. സ്വന്തം ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോവുകയാണെന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി ആത്മസംഘര്‍ഷങ്ങള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് അവര്‍ പറയുന്ന കള്ളങ്ങള്‍ ഇരുവരുടേയും മനസ്സുകള്‍  തമ്മില്‍ പല വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്ന സ്നേഹത്തിന്റെ അളവാണ് നമുക്ക് കാട്ടിത്തരുന്നത്.

     നീരുവിന്റേയും മനുവിന്റേയും സംഭാഷണങ്ങള്‍ പലപ്പോഴും അവരെ ഗതകാലസ്മരണകളിലേക്ക് നയിക്കുന്നു. അവര്‍ പരസ്പരം പറയുന്ന കൊച്ചു കൊച്ചു കള്ളങ്ങള്‍ ഇരുവരുടേയും ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുന്നു. ചിത്രത്തിന്റെ അപ്രതീക്ഷിതമായ ക്ലൈമാക്സ് എടുത്തു പറയേണ്ട ഒന്നാണ്. ചിത്രം മുഴുവനായി കണ്ടു തീരുമ്പോള്‍ മാത്രമേ റെയിന്‍കോട്ടിന് ചിത്രത്തിലുള്ള പ്രാധാന്യവും ആ പേര് തന്നെ ടൈറ്റില്‍ ആയി തിരഞ്ഞെടുത്തതിനു പിന്നിലെ സാംഗത്യവും നമുക്ക് മനസ്സിലാവുകയുള്ളൂ.

     മൗനവും നിശ്വാസവുമെല്ലാം കഥ പറയുന്ന ചിത്രത്തില്‍ പലപ്പോഴും മഴയും, മെഴുകുതിരിവെട്ടവും നിഴലുകലുമെല്ലാം കഥാപാത്രങ്ങളായി മാറുന്നതു കാണാം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രണയവും, വിരഹവും, ദുഖവുമെല്ലാം വിരുന്നിനെത്തുന്നുണ്ട്. മനോവേദനകളും , കഷ്ടപ്പാടുകളുമെല്ലാം ഉള്ളിലൊതുക്കി പുറമേയ്ക്ക് സന്തോഷവതികളായി പെരുമാറുന്ന അസംഖ്യം സ്ത്രീകളുടെ പ്രതിനിധിയായ നീരുവിനെ അവതരിപ്പിച്ച ഐശ്വര്യ റായിയും, വിരഹവേദനയും, പ്രാരാബ്ദങ്ങളും മുഖത്ത് പ്രതിഫലിക്കാതിരിക്കാന്‍ പെടാപ്പാട് പെടുന്ന മനുവിന്റെ വേഷം കൈകാര്യം ചെയ്ത അജയ് ദേവ്ഗണും വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്  എന്ന് പറയാതെ വയ്യ. കഥാപാത്രങ്ങളുടെ മുഖത്ത് മിന്നിമാഞ്ഞ വികാരങ്ങളത്രയും ഒപ്പിയെടുത്ത അഭിക് മുഖര്‍ജി  എന്ന ക്യാമറാമാനും മഴയുടെ മാസ്മരിക സംഗീതം പോലെ മധുരമാര്‍ന്ന ഗാനങ്ങളൊരുക്കിയ ദേബജ്യോതി മിശ്രയും തങ്ങളുടെ കടമ ഭംഗിയായി നിര്‍വ്വഹിച്ചു. ഋതു പര്‍ണ്ണ ഘോഷ് രചിച്ച 'മധുര നഗര്‍ പതി...' എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ശുഭ മുദ്ഗല്‍ ആണ്.   ഗുല്‍സാറിന്റെ വരികളില്‍ പിറന്ന 'പിയാ തോരാ കൈസാ അഭിമാന്‍...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയില്‍ വോയ്സ് ശുഭ മുഗ്ദലും മെയില്‍ വോയ്സ് ഹരിഹരനും ആലപിച്ചിരിക്കുന്നു.

     ഒരു നാടന്‍ കുടുംബിനിയുടെ അലസമായ വേഷവിധാനമാണ് ചിത്രത്തില്‍ ഐശ്വര്യാ റായിക്ക് നല്‍കിയിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളും കാര്യമായ മേയ്ക്കപ്പൊന്നും ഇല്ലാതെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സംവിധായകനായ ഋതുപര്‍ണ്ണ ഘോഷ് തന്നെയാണ്. ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ഒ.ഹെന്‍റിയുടെ കഥയെ മികച്ച  ഒരു തിരക്കഥയാക്കി മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. യാതൊരു ഏച്ചുകെട്ടലുമില്ലാത്ത സംഭാഷണങ്ങളും, വസ്ത്രാലങ്കാരത്തിലെ മിതത്വവും ചിത്രത്തിന്റെ സ്വാഭാവികത വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അര്‍ഘ്യകമല്‍ മിത്രയുടെ എഡിറ്റിംഗും ചിത്രത്തിന് സൗന്ദര്യവര്‍ദ്ധനവ് സമ്മാനിച്ചു. എല്ലാറ്റിനും പുറമേ ഋതുപര്‍ണ്ണ ഘോഷ് എന്ന അതുല്യ പ്രതിഭയുടെ സംവിധാനപാടവം ഈ ചിത്രത്തില്‍ ശരിക്കും ആസ്വദിക്കാനാവും.

     നീരുവിന്റേയും മനുവിന്റേയും വികാരങ്ങള്‍ നമ്മുടെ മനസ്സുകളിലേക്ക്  ആഴ്ന്നിറങ്ങുന്നിടത്ത് കേവലം വിനോദോപാധി എന്നതിനുമപ്പുറം ഈ ചിത്രം മറ്റു പല വിശേഷണങ്ങള്‍ക്കും അര്‍ഹമാവുന്നു. 2004-ലെ മികച്ച ഹിന്ദി ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തെ തേടിയെത്തുകയുണ്ടായി. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്ന കാര്യം കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ഋതുപര്‍ണ്ണ ഘോഷിന്റെ ഏറ്റവും മികച്ച സിനിമ എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് റെയിന്‍കോട്ട്. 
  • രാജ്യം : ഇന്ത്യ 
  • ഭാഷ : ഹിന്ദി 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2004    
  • സംവിധാനം : ഋതുപർണ്ണഘോഷ് 
(മാര്‍ച്ച് ലക്കം ഇ-മഷി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്) 

Archive

കോൺടാക്റ്റ് ഫോം

അയക്കുക