പൊമഗ്രനൈറ്റ് ഓർച്ചാഡ് | Pomegranite Orchard

     ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം മഴയുള്ള ഒരു രാത്രിയിൽ ഗബീൽ തന്റെ വീട്ടിലേക്ക് മടങ്ങി വരികയാണ്. ഗ്രാമീണജീവിതത്തിന്റെ മുഖമുദ്രകളായ സ്നേഹവും സമാധാനവും വാത്സല്ല്യവുമെല്ലാം വേണ്ടുവോളം നിറഞ്ഞു നിൽക്കുന്ന, മാതളനാരക മരങ്ങളാൽ ചുറ്റപ്പെട്ട ആ വീട്ടിലേക്കാണ് നാഗരികജീവിതത്തിന്റെ ദുരൂഹതകളും പേറി അയാൾ തിരികെ വരുന്നത്.

     വീട്ടുകാരെ മുഴുവൻ തീരാവേദനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ഒരിക്കൽ അയാൾ ആ വീട് വിട്ടിറങ്ങിയത്. ഇത്രയും കാലത്തിനിടെ ഒരിക്കൽ പോലും വീട്ടുകാരുമായി ബന്ധം പുലർത്തിയിട്ടുമില്ല.

     അയാളുടെ അച്ഛനും ഭാര്യയും മകനുമാണ് ആ വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്നവർ. അയാളുടെ മടങ്ങിവരവ് പ്രത്യേകിച്ചൊരു സന്തോഷവും അവർക്കാർക്കും പ്രദാനം ചെയ്യുന്നില്ലെങ്കിലും വരവിന്റെ കാരണത്തെക്കുറിച്ചുള്ള ചിന്തകൾ അവരെ അലട്ടുന്നുണ്ട്. അവർ മൂവരും ഗബീലിനോടുള്ള തങ്ങളുടെ നീരസം പലപ്പോഴും പ്രകടിപ്പിക്കുകയും അയാൾ ചെയ്ത പൊറുക്കാനാവാത്ത തെറ്റ് ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഗാബിലാകട്ടെ  വീട്ടുകാർക്ക് തന്നോടുള്ള അകൽച്ചയകറ്റി അവരുമായി പരമാവധി അടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തുടർന്ന് അവരിൽ ഉടലെടുക്കുന്ന മാനസിക സംഘർഷങ്ങളും അവർ എടുക്കുന്ന തീരുമാനങ്ങളും  ചിത്രത്തിന്റെ ഗതി നിർണയിക്കുന്നു.

     കാഴ്ചാവൈകല്ല്യവും വർണ്ണാന്ധതയുമുള്ള ഗാബിലിന്റെ മകനായ ജലാലിന്റെ ഇരുണ്ടതും നിറപ്പകിട്ടാർന്നതുമായ കാഴ്ചകളുടെ ആകെത്തുകയാണ് ഈ സിനിമയെന്ന് പറയാം. ആന്റൺ ചെക്കോവിന്റെ ദ ചെറി ഓർക്കാഡ് എന്ന നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് ഇഗർ നജാഫ് ഇഗർ നജാഫ് ഈ ചിത്രം സംവിധാനം ചെയ്തത്.
  • രാജ്യം : അസർബൈജാൻ
  • ഭാഷ : അസർബൈജാനി
  • വിഭാഗം : ഫാമിലി ഡ്രാമ
  • വർഷം : 2017 
  • സംവിധാനം : ഇഗർ നജാഫ്

Archive

കോൺടാക്റ്റ് ഫോം

അയക്കുക