ലൗലെസ്സ് | Loveless

     ഒരാൾ തന്റെ ജീവിതത്തിൽ എറ്റവുമധികം ഒറ്റപ്പെടുന്നത് തന്റെ ഉറ്റവരാൽ അവഗണിക്കപ്പെടുമ്പോഴാണ്. അവഗനയുടെ ഇരകൾ കുട്ടികളാണെങ്കിൽ ചിലപ്പോളവർ വിഷാദത്തിന്റെ പടുകുഴിയിലേക്ക് വീണെന്ന് വരാം. മറ്റു ചിലപ്പോൾ ആ അവസ്ഥ അവരെ വലിയ ഏതെങ്കിലും അപകടങ്ങളിൽ കൊണ്ടു ചെന്നെത്തിച്ചെന്നും വരാം.

     ഇവിടെ സ്വന്തം മാതാപിതാക്കളാൽ അവഗണിക്കപ്പെടുന്ന അലോഷ ഒരു പന്ത്രണ്ട് വയസ്സുകാരനാണ്.  അവന്റെ മാതാപിതാക്കളായ ഷേന്യയും  ബോറിസും തങ്ങളുടെ വിവാഹബന്ധം മുറിച്ചുമാറ്റുന്നതിന്റെയും താമസിക്കുന്ന അപ്പാർട്ട്മെന്റ് വിൽക്കുന്നതിന്റെയും തിരക്കിലാണ്. അത് കഴിഞ്ഞ് അലോഷയെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് വിട്ടിട്ട് വേണം ഷേന്യക്ക് തന്റെ പുതിയ ഭർത്താവിനൊപ്പവും ബോറിസിന് പുതിയ ഭാര്യയ്ക്കൊപ്പവും സ്വസ്ഥമായ പുതുജീവിതമാരംഭിക്കാൻ.

     അങ്ങനെയിരിക്കെ ഒരു നാൾ എങ്ങോട്ടാണ് പോയതെന്നുള്ള നേർത്ത ഒരു സൂചന പോലും ബാക്കി വെയ്ക്കാതെ അലോഷ അപ്രത്യക്ഷനാവുകയാണ്. അവൻ വീട്ടിലില്ലെന്ന് മാതാവ് അറിയുന്നത് പോലും ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രമാണ്. രണ്ട് നാൾ കഴിഞ്ഞാൽ അലോഷ തിരികെയെത്തുമെന്ന പോലീസിന്റെ കണക്കുകൂട്ടൽ തെറ്റുമ്പോൾ അലോഷയെ തിരക്കിയിറങ്ങാൻ പോലീസും കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ഒരു സന്നദ്ധസംഘടനയും തയ്യാറാവുന്നു. ആ ദൗത്യത്തിൽ അവന്റെ മാതാപിതാക്കളും പങ്കുചേരുന്നു.

     ചിത്രത്തിലെ കഥാപാത്രങ്ങളോരോന്നും ഓരോ പ്രതീകങ്ങളാണെന്ന ചിന്തയോട് കൂടി സിനിമയെ വിലയിരുത്തുമ്പോഴാണ് ചിത്രം ജീവിതത്തോട് അടുത്ത് നിൽക്കുന്നതും അർത്ഥപൂർണ്ണമാവുന്നതും. അവനവനിലേക്കുള്ള ഉൾവലിയലിൽ സമൂഹത്തിന് നഷ്ടപ്പെട്ട നിഷ്ളങ്കതയുടെ പര്യായമായി അലോഷ നിലകൊള്ളുന്നു. തന്താങ്ങളുടെ ജീവിതങ്ങളിലേക്ക് മാത്രമായൊതുങ്ങുകയും സ്വാർത്ഥത കാർന്നു തിന്നുകയും ചെയ്യുമ്പോൾ ഒരോരുത്തർക്കും സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ചിത്രം പറഞ്ഞു തരുന്നു.
  • രാജ്യം : റഷ്യ
  • ഭാഷ : റഷ്യൻ
  • വിഭാഗം: ഡ്രാമ
  • വർഷം : 2017

Archive

കോൺടാക്റ്റ് ഫോം

അയക്കുക