ഒമർ | Omar

     പാലസ്തീനി യുവാക്കളായ ഒമറും താരേകും അംജദും ചേർന്ന് ഒരു ഇസ്രായേലി പട്ടാളക്കാരനെ വധിക്കാൻ പദ്ധതിയിടുകയും അവർ ലക്ഷ്യം കൈവരിക്കുകയും ചെയ്യുന്നു. തുടർന്ന് ഒമറിനെ ഇസ്രായേലി പട്ടാളക്കാർ അറസ്റ്റ് ചെയ്യുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ സഹായിച്ചാൽ സ്വതന്ത്രനാക്കാമെന്ന വ്യവസ്ഥയിൽ അവർ ഒമറിനെ വിട്ടയക്കുന്നു. സ്വതന്ത്രനായ ശേഷം മൂവരും വീണ്ടുമൊന്നിക്കുമ്പോൾ കൂട്ടത്തിൽ ഒരാൾ ഒറ്റുകാരനാണെന്ന സംശയം ഒമറിൽ ഉടലെടുക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം നമ്മളുമായി പങ്കുവെയ്ക്കുന്നത്.

     സൗഹൃദം, പ്രണയം, സ്വാതന്ത്ര്യം എന്നീ മൂന്ന് വിഷയങ്ങളിലൂന്നിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉറച്ച ബന്ധങ്ങൾക്കിടയിൽ ഉടലെടുക്കുന്ന തെറ്റിദ്ധാരണയും തെറ്റിദ്ധരിപ്പിക്കലും ഒരു വേള പ്രണയഭംഗത്തിന് കാരണമായിത്തീരുന്നുണ്ട്. യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാകട്ടെ അത് ദീർഘകാല സൗഹൃദത്തിന്റെ എന്നെന്നേക്കുമയുള്ള തകർച്ചയ്ക്കും കാരണമാകുന്നു. മനുഷ്യസഹജമായ സ്വാർത്ഥത, എടുത്തുചാട്ടം തുടങ്ങിയവ മരണം മുന്നിൽ കണ്ട് ജീവിക്കേണ്ടി വരുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു.

     മനുഷ്യരെയും അവരുടെ സ്വാതന്ത്ര്യത്തെയും സ്നേഹത്തെയുമെല്ലാം വേർത്തിരിക്കുകയും ഹനിക്കുകയും ചെയ്യുന്ന വലിയ മതിൽ ഇടയ്ക്കിടെ ചിത്രത്തിൽ പ്രതീകാത്മകമായി കാണിക്കുന്നത് കാണാം. ആദ്യപ്രണയം മറക്കാനാവാതെ ജീവിക്കുന്ന നാദിയയും കൊളോണിയലിസത്തെ അനുസ്മരിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രവുമായി പാലസ്തീനികളെ വേട്ടയാടുന്ന റാമി എന്ന ഉദ്യോഗസ്ഥനും ജീവിതമൂല്ല്യങ്ങളുടെ രണ്ടറ്റങ്ങൾ കാട്ടിത്തരുന്നു.

     ചിത്രത്തിലെ അഭിനേതാക്കളിൽ ഭൂരിഭാഗം ആളുകളും ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത് എന്നത് ഒട്ടും തോന്നിപ്പിക്കാത്ത വിധമാണ് ഓരോരുത്തരുടേയും പ്രകടനം.
  • രാജ്യം പാലസ്തീൻ
  • ഭാഷ : അറബിക്
  • വർഷം : 2013
  • വിഭാഗം : ഡ്രാമ
  • സംവിധാനം : ഹനി അബു അസദ്

Archive

കോൺടാക്റ്റ് ഫോം

അയക്കുക