പാരസൈറ്റ് | Parasite

     സമ്പന്നവർഗ്ഗത്തെ പ്രീണിപ്പിച്ച് അവരുടെ സമ്പത്തും സൗകര്യങ്ങളും കൈവശപ്പെടുത്തുന്ന ഒരു കൂട്ടം ദരിദ്രരും പരാന്നഭോജികളുമായ ആളുകളെക്കുറിച്ചും, അവരും സമ്പന്നരും തമ്മിൽ നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ അകൽച്ചകളെക്കുറിച്ചും ചർച്ച ചെയ്യുകയാണ് പാരസൈറ്റ്. ദക്ഷിണകൊറിയ എന്ന രാജ്യം മുന്നോട്ടുവെക്കുന്ന സാമ്പത്തികവും സാമൂഹ്യപരവുമായ നേട്ടങ്ങൾ വെറും കെട്ടുകാഴ്ചകൾ മാത്രമാണെന്നും, രാജ്യത്തെ ദരിദ്രജനതയെ കണ്ടില്ലെന്ന് നടിക്കുന്നവരും കോർപ്പറേറ്റ് വത്കരണത്തെ പ്രോത്സാഹിപ്പുക്കുന്നവരുമായ ഭരണകൂടമാണ് അവിടെയുള്ളതെന്നും പറയാതെ പറയുന്നുണ്ട് ചിത്രം.

     ദാരിദ്ര്യത്താലുഴറുന്നതും ഭാര്യയും മകനും മകളുമടങ്ങുന്നതുമായ നാലംഗ കുടുംബമാണ് കി-ടീക്കിന്റേത്. മകനായ കി-വൂ വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സമ്പന്നവ്യവസായിയായ ഡോങ്ങ്-ഇകിന്റെ മകളുടെ ട്യൂഷൻ മാസ്റ്ററുടെ ജോലി തരപ്പെടുത്തുകയാണ്. തുടർന്ന് കി-വൂ തന്റെ കുടുംബാംഗങ്ങളാണെന്ന സത്യം മറച്ചുവെച്ച് തന്റെ മാതാപിതാക്കളെയും സഹോദരിയെയും ആ വീട്ടിലെ ജോലിക്കാരാക്കി മാറ്റുന്നതോട് കൂടി കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.

     സമ്പന്നർക്ക് ദരിദ്രരോടും അവർക്ക് തിരിച്ചുമുള്ള വികാരങ്ങൾ പല സന്ദർഭങ്ങളിലും വ്യക്തമായി കാണിച്ച് തരുന്നുണ്ട്. സേവകന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന ഗന്ധം പോലും സമ്പന്നനിൽ വെറുപ്പുളവാക്കുന്നുണ്ട്.മൂന്ന് തട്ടിലുള്ള കുടുംബങ്ങളെയാണ് ഈ ചിത്രത്തിലെ മൂന്ന് കുടുംബങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ന് കാണാം. സമ്പന്നർ, ഇടത്തട്ടുകാർ, ദരിദ്രർ. ഓരോ വിഭാഗത്തിൽ പെട്ടവരും അതിജീവനത്തിനായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും അത് അവരിൽ വരുത്തുന്ന മാറ്റങ്ങളുമെല്ലാം ചിത്രം കാട്ടിത്തരുന്നു.ഡോങ്ങ്-ഇകിന്റെ കൊട്ടാരസദൃശമായ വീടും അതിനടിയിലുള്ള ഭൂഗർഭ അറയും രണ്ട് വ്യത്യസ്ഥ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ലോകങ്ങളാണെന്ന് കാണാം. ഒരർത്ഥത്തിൽ വർഗ്ഗ വിവേചനത്തിന്റെ ഉത്തമ മാതൃകയായാണ് ആ വീട് നിലകൊള്ളുന്നത് എന്നും പറയാം.

     ഏറിയ തവണയും പ്രധാന ഇനങ്ങളിലെല്ലാം അമേരിക്കൻ സിനിമകളോട് മാത്രം മമത പുലർത്തുകയും മികച്ച വിദേശഭാഷാ ചിത്രത്തിന് മാത്രം മറ്റ് രാജ്യങ്ങളുടെ ചിത്രങ്ങൾ പരിഗണിക്കുകയും ചെയ്തിട്ടുള്ള ഓസ്കാറിന്റെ വാതിൽ പാരസൈറ്റിന് മുന്നിൽ മലക്കെ തുറന്നത് ആ ചിത്രത്തിന്റെ മികവ് വ്യക്തമാക്കുന്നു.

  • രാജ്യം : ദക്ഷിണ കൊറിയ
  • ഭാഷ : കൊറിയൻ
  • വർഷം : 2019
  • വിഭാഗം : ത്രില്ലർ
  • സംവിധാനം : ബോങ്ങ്-ജൂൻ-ഹോ

Archive

കോൺടാക്റ്റ് ഫോം

അയക്കുക