ബാദുക് | Baduk
മജീദ് മജീദിയുടെ പ്രഥമ സംവിധാന സംരംഭമാണ് ബാദുക് എന്ന ചിത്രം. പില്ക്കാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലുമെന്ന പോലെ കുട്ടികള്‍ക്ക് ചിത്രത്തിലുടനീളം ശക്തമായ വേഷമാണ് നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ കുട്ടികള്‍ ചെന്നെത്തുന്ന അതിഭീകരമായ ചില അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രമാണിത്.
സഹോദരീസഹോദരന്മാരായ ജമാലിന്റെയും ജാഫറിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇറാനിലെ മരുഭൂമിയിലെ കിണറില്‍ വച്ച് അവരുടെ പിതാവിന്റെ ജീവന് നഷ്ടപ്പെടുന്നു. അതിനോടകം തന്നെ അമ്മയെയും നഷ്ടപ്പെട്ടവരായതിനാല്‍ അവര്‍ തീര്‍ത്തും അനാഥരായിത്തീരുന്നു. ജീവിതമാര്‍ഗ്ഗം തേടി ആ ഗ്രാമം വിട്ട് യാത്രയാകുക എന്നത് മാത്രമാണ് പിന്നീട് അവരുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. എന്നാല്‍ അവരിരുവരും ക്രൂരനായ ഒരു അടിമക്കച്ചവടക്കാരന്റെ കയ്യിലകപ്പെടുന്നു. അയാള്‍ ജാഫറിനെ ഒരു മാഫിയാ സംഘത്തിനും ജമാലിനെ ബാലവേശ്യാ സംഘത്തിനും കൈമാറുന്നു. ജാഫര്‍ ആ മാഫിയാ സംഘത്തോടൊത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏതു വിധേനയും തന്റെ സഹോദരിയെ രക്ഷിക്കുക എന്നതു മാത്രമാണ് അവന്റെ ചിന്ത. അവര്‍ ജാഫറിനോട് അടിമയോടെന്നവണ്ണമാണ് പെരുമാറുന്നത്. അവിടെ വെച്ച് പരിചയപ്പെടുന്ന പാക്കിസ്ഥാനി സുഹൃത്ത് ജാഫറിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറുന്നു. സഹായത്തോടെ തന്റെ സഹോദരിയെ രക്ഷിക്കാനുള്ള ജാഫറിന്റെ പരിശ്രമങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഇറാനില്‍ അരങ്ങേറുന്ന ദാരിദ്ര്യം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ സാമൂഹികാവസ്ഥകള്‍ തുറന്നു കാട്ടാന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്. ആദ്യ ചിത്രമായിരുന്നിട്ടു കൂടി അത്തരമൊരു തോന്നല്‍ പ്രേക്ഷകരിലുണ്ടാക്കാത്ത വിധത്തിലാണ് മജീദ് മജീദി ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
പ്രധാന വേഷം കൈകാര്യം ചെയ്ത കുട്ടികള്‍ രണ്ടു പേരും മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു. സയിദ് മെഹ്ദി ഷോജായ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിട്ടുള്ളത്. ഈ ചിത്രത്തിലൂടെ ഒരു മികച്ച സംവിധായകന്റെ വരവറിയിക്കാന്‍ മജീദ് മജീദിക്ക് സാധിച്ചു.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡ്രാമ
- വർഷം : 1992
- സംവിധാനം : ജാഫർ പനാഹി