ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ | Children of Heaven
ജീവിതത്തിലെ പ്രതിസന്ധികളെ തിരിച്ചറിയുകയും അവയ്ക്ക് സ്വയം പരിഹാരമാർഗ്ഗം കണ്ടെത്താൻ ആവുന്നത്ര പ്രയത്നിക്കുകയും ചെയ്യുന്നവരാണ് മജീദ് മജീദിയുടെ സിനിമയിലെ കുട്ടികളെല്ലാം. ദാരിദ്ര്യമടക്കമുള്ള ഒരു വിഷയത്തിന് മുന്നിലും തളരാതെ അവർ പൊരുതി ജയിക്കുന്നു.
വളരെ നിസ്സാരമെന്ന് തോന്നുന്ന ഒരു വിഷയം പ്രമേയമായി സ്വീകരിച്ച് അതിനെ അതീവഹൃദ്യമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റിയിരിക്കുന്നു സംവിധായകൻ. മജീദ് മജീദിയുടെ ബാദുക് എന്ന ആദ്യ ചിത്രവുമായി നേരിയൊരു സാദൃശ്യം അവകാശപ്പെടാവുന്ന സിനിമയാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍. രണ്ടിലും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് സഹോദരങ്ങളായ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ്. സഹോദരിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പരിശ്രമിക്കുന്ന സഹോദരന്റെ കഥ തന്നെയാണ് രണ്ട് സിനിമകളും പറയുന്നത്. എന്നാല്‍ രണ്ടിന്റെയും പശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും തീര്‍ത്തും വ്യത്യസ്ഥമാണു താനും.
അലി എന്ന ഒമ്പതു വയസ്സുകാരനും അവന്റെ അനുജത്തിയായ സഹ്റയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചെരുപ്പുകുത്തിയുടെ കയ്യില്‍ കൊടുത്ത് നന്നാക്കി വാങ്ങുവാനായി അലിയുടെ പക്കല്‍ കൊടുത്തയച്ച സഹ്റയുടെ പിങ്ക് നിറത്തിലുള്ള കീറിപ്പറഞ്ഞ ഷൂസ് അബദ്ധത്തില്‍ അവന്റെ കയ്യില്‍ നിന്നും നഷ്ടമാവുന്നു. പാഴ് വസ്തുക്കള്‍ പെറുക്കിക്കൊണ്ട് പോകുന്ന ഒരാളുടെ കയ്യിലാണ് ആ ഷൂസ് കിട്ടുന്നത്. അലി ഷൂസ് നഷ്ടപ്പെട്ട കാര്യം സഹ്റയോട് പറയുന്നു. പുതിയ ഒരു ഷൂസ് വാങ്ങിത്തരാന്‍ മാതാപിതാക്കള്‍ക്ക് കഴിയില്ല എന്ന് വീട്ടിലെ ദാരിദ്ര്യം നന്നായി അറിയാവുന്ന കുട്ടികള്‍ അനുമാനിക്കുന്നു. ഒടുവില്‍ അവര്‍ ഒരുപായം കണ്ടെത്തുന്നു. സഹ്റയ്ക്ക് രാവിലെയും അലിക്ക് ഉച്ചയ്ക്കുമാണ് സ്കൂള്‍ സമയം. അതിനാല്‍ അലിയുടെ ഷൂസ് രാവിലെ സഹ്റയും ഉച്ചയ്ക്ക് അലിയും ഉപയോഗിക്കാം എന്നതാണ് അവരുടെ തീരുമാനം.
അലിയുടെ ഷൂസ് വലുതായതിനാല്‍ വളരെ കഷ്ടപ്പെട്ടാണ് സഹ്റ അത് ഉപയോഗിക്കുന്നത്. സഹ്റ ഷൂസുമായി വീട്ടിലെത്തിയ ശേഷം മാത്രമേ അലിക്ക് സ്കൂളില്‍ പോകാന്‍ കഴിയൂ എന്നതിനാല്‍ അവന് പലപ്പോഴും വൈകി മാത്രമേ സ്കൂളിലെത്താന്‍ കഴിയുന്നുള്ളൂ. അതിനാല്‍ പ്രധാനാദ്ധ്യാപകന് അവനെ വഴക്ക് പറയുകയും ചെയ്യുന്നു.
അതിനിടെ സഹ്റ തന്റെ സ്കൂളില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ കാലില്‍ നഷ്ടപ്പെട്ട തന്റെ ഷൂസ് കാണാനിട വരുന്നു. അലിയും സഹ്റയും കൂടി ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടു പിടിക്കുകയും പാഴ്വസ്തുക്കള് പെറുക്കി ജീവിക്കുന്ന അന്ധനായ ഒരാളുടെ മകളാണ് ആ കുട്ടി എന്നറിയുകയും ചെയ്യുന്നു. അതോടെ അവരുടെ ആ പ്രതീക്ഷയും നഷ്ടപ്പെടുന്നു. അങ്ങനെയിരിക്കേയാണ് ഒരു ഓട്ടമത്സരം നടക്കുന്നതായും അതില്‍ മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു ജോഡി ഷൂസ് ആണ് സമ്മാനമായി ലഭിക്കുക എന്നും അലി അറിയുന്നത്. പക്ഷേ മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന അലിക്ക് ലഭിക്കുന്നത് ഒരു ട്രോഫിയും, മെഡലുമാണ്. എന്നാല്‍ നിഷ്കളങ്കരായ ആ കുട്ടികളുടെ പ്രശ്നത്തിന് വിധി കാത്തുവെച്ച പരിഹാരം മറ്റൊരു വിധത്തിലായിരിക്കും.
അലിയെ അവതരിപ്പിച്ച അമീര്‍ ഫിറോക്കിന്റെയും സാറയായി വേഷമിട്ട ബഹാറെ സിദ്ധിക്കിയുടെയും മുഖങ്ങൾ നിഷ്കളങ്കതയുടെ പര്യായമായി മാറുന്നു.മജീദ് മജീദി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാര്‍ പുരസ്കാരത്തിന് ഈ ചിത്രം നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈ വിഭാഗത്തില്‍ നോമിനേഷന് ലഭിച്ച ആദ്യ ഇറാനിയന്‍ ചിത്രം കൂടിയാണിത്. ഓസ്കാര്‍ പുരസ്കാരം നഷ്ടപ്പെട്ടെങ്കിലും നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കാന്‍ ഈ ചിത്രത്തിനായ
ഒരാൾ ജീവിതത്തിൽ വിജയിയായിത്തീരുന്നത് എല്ലാവരേയും തോൽപ്പിച്ച് മുന്നോട്ട് കുതിച്ച് ഒന്നാമതെത്തുമ്പോഴല്ല എന്നും അത് താൻ കാരണം മറ്റൊരാളുടെ മനസ്സ് സന്തോഷിക്കുമ്പോഴാണ് എന്നുമുള്ള മഹത്തായ സന്ദേശമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡ്രാമ
- വർഷം : 1997
- സംവിധാനം : ജാഫർ പനാഹി