ദ സോങ് ഓഫ് സ്പാരോസ് | The Song of Sparrows
മജീദ് മജീദിക്ക് ഒരു സുഹൃത്തുണ്ടാായിരുന്നുവത്രേ. ഒട്ടകപ്പക്ഷികളോട് സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരാൾ. അയാളുടെ ജീവിതമാണ് ദ സോങ്ങ് ഓഫ് സ്പാരോസ് അഥവാ കുരുവികളുടെ പാട്ട് എന്ന സിനിമയ്ക്ക് നിദാനമായിത്തീർന്നത്.
കരീം എന്ന ശുദ്ധഗതിക്കാരനായ മദ്ധ്യവയസ്ക്കനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒട്ടകപ്പക്ഷികളെ വളര്‍ത്തുന്ന ഒരു ഫാമിലെ ജോലിക്കാരിലൊരാളാണ് കരീം. അയാൾ ഫാമിലെ ഒട്ടകപ്പക്ഷികളോട് സംസാരിക്കും. ഒരിക്കല്‍ ആ ഫാമില്‍ നിന്നും ഒരു ഒട്ടകപ്പക്ഷി പുറത്ത് ചാടുന്നു. ജോലിക്കാരെല്ലാം കൂടി അതിനെ പിടിക്കാന്‍ ആവതു ശ്രമിക്കുന്നുണ്ടെങ്കിലും അത് രക്ഷപ്പെടുന്നു. അതിന്റെ ഭാഗമായി കരീമിനെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നു.
കരീമിന്റെ മൂന്ന് മക്കളില്‍ മൂത്തവള്‍ക്ക് കേള്‍വിശക്തി ഇല്ല. അവള്‍ ചെവിയിൽ വയ്ക്കുന്ന യന്ത്രം കേടു വരുന്നു. അത് നന്നാക്കാനായി നഗരത്തിലെത്തുന്ന കരീമിന്റെ ബൈക്കിനു പുറകില്‍ ഒരാള്‍ കയറുകയും അയാളെ നിശ്ചിത സ്ഥലത്ത് ഇറക്കിയതിന് നല്ലൊരു തുക അയാള്‍ കരീമിന് നല്‍കുകയും ചെയ്യുന്നു. കരീമിന്റെ ബൈക്ക് ടാക്സി ആയി ഓടുന്നതാണെന്ന് തെറ്റിദ്ധരിച്ചാണ് അയാള്‍ കയറുന്നത്. ഇത് മനസ്സിലാക്കിയ കരീം പിന്നീട് ആളുകളെയും വസ്തുക്കളും ആവശ്യമുള്ള സ്ഥലത്ത് തന്റെ ബൈക്കില്‍ എത്തിക്കുന്നത് ജോലിയാക്കി മാറ്റുകയും അതുവഴി പണം സമ്പാദിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഒരപകടം സംഭവിക്കുന്നതോടെ ആയാള്‍ ജോലി ചെയ്യാനാവാതെ കിടപ്പിലാവുന്നു. നഷ്ടപ്പെട്ട ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് അയാള്‍ക്ക് സാദ്ധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ട് ചിത്രം മുന്നേറുന്നു.
ഒരു ഒട്ടകപ്പക്ഷിയെ ഫാമില്‍ നിന്നും നഷ്ടപ്പെടുകയെന്ന നിസ്സാരമെന്നു തന്നെ പറയാവുന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒട്ടകപക്ഷികളെ കാണിച്ചുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ ആരംഭവും അവസാനവും.
ഒട്ടകപ്പക്ഷികളിലൂടെയും കുരുവികളിലൂടെയും കരീമിന്റെ മുന്നോട്ടുള്ള ജീവിതത്തിലെ പ്രതീക്ഷകളെ ബിംബവത്കരിച്ചിരിക്കുകയാണ് സംവിധായകൻ. പ്രതിസന്ധികളെയും വേദനകളെയും പുഞ്ചിരിയോടെ മാത്രം നേരിടുന്ന കരീം പ്രത്യാശയുടെ പ്രതീകമായി മാറുന്നു.
ഇതില്‍ എടുത്തു പറയേണ്ടത് കരീം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റീസ നജി എന്ന അഭിനേതാവിന്റെ വേഷം തന്നെയാണ്. റീസ നജിയും മജീദ് മജീദിയും ഒന്നിച്ച നാലാമത്തെ ചിത്രം കൂടിയാണ് ഇത്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ബറാന്‍, ദി വില്ലോ ട്രീ എന്നീ ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഗ്രാമത്തിന്റെ ശാന്തതയും നഗരത്തിന്റെ തിക്കും തിരക്കും, ഒട്ടകപ്പക്ഷിയുള്ള രംഗങ്ങളുമെല്ലാം വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. മജീദ് മജീദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡ്രാമ
- വർഷം : 2008
- സംവിധാനം : മജീദ് മജീദി