ദ വൈറ്റ് ബലൂണ്‍ | The White Balloon
കഥയിലെയും കാഴ്ചയിലെയും ലാളിത്യം തന്നെയാണ് ഇറാനിയന്‍ സിനിമകളുടെ പ്രത്യേകത. അവ പലപ്പോഴും ജീവിതവുമായി വല്ലാതെ ചേര്‍ന്നു നില്ക്കുന്നവയുമാണ്. അത്തരത്തിലുള്ള ലളിത സുന്ദരമായൊരു ചിത്രമാണ് ജാഫര്‍ പനാഹിയുടെ പ്രഥമ സംവിധാന സംരംഭമായ 'ദ വൈറ്റ് ബലൂണ്‍'. ഒരു പുതുവര്‍ഷത്തലേന്നത്തെ നഗരത്തിരക്കുകള്‍ കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങി തിരികെ പോകാനൊരുങ്ങുന്ന ഒരമ്മ ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ മകളെ തിരയുകയാണ്. അവര്‍ പലരോടും തന്റെ മകളെ അന്വേഷിക്കുന്നുണ്ട്. ഒടുവില്‍ ഒരു കടയ്ക്കു മുന്നില്‍ കയ്യിലൊരു നീല ബലൂണും പിടിച്ച് നില്ക്കുന്ന റസിയ എന്ന ഏഴു വയസ്സുകാരിയായ തന്റെ മകളെ അവര്‍ കണ്ടെത്തുന്നു. അവര്‍ മകളേയും കൊണ്ട് ധൃതിയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ഒരു കടയില്‍ നല്ല ഭംഗിയും വലിപ്പവുമുള്ള സ്വര്‍ണ്ണ മത്സ്യങ്ങള്‍ വില്ക്കാന് വച്ചിട്ടുണ്ടെന്നും അത് തനിക്ക് വാങ്ങി തരണമെന്നും പറഞ്ഞ് അവള് വാശി പിടിക്കുന്നു. വീട്ടിലുള്ള മത്സ്യങ്ങള്‍ ഒട്ടും ഭംഗിയില്ലാത്തവയാണെന്നാണ് പുതിയ മത്സ്യങ്ങള്‍ വാങ്ങാനുള്ള കാരണമായി അവള് പറയുന്നത്. എന്നാല്‍ അമ്മ അത് കേള്‍ക്കാതെ അവളേയും കൊണ്ട് വീട്ടിലേക്ക് നടക്കുന്നു.
എന്നാല്‍ വീട്ടിലെത്തിയ ശേഷവും ഈ കാര്യവും പറഞ്ഞ് ദുഖിതയായിരിക്കുന്ന തന്റെ മകളെയാണ് അമ്മയ്ക്ക് കാണാനാവുക. തന്റെ കാര്യ സാദ്ധ്യത്തിനായി സഹോദരനായ അലിയെയും റസിയ കൂട്ടു പിടിക്കുന്നുണ്ട്. ഒടുവില്‍ സാമ്പത്തിക ക്ലേശത്തിനിടയിലും മകളുടെ സന്തോഷത്തിനായി അമ്മ അവള്‍ക്ക് മത്സ്യം വാങ്ങാനുള്ള പണം കൊടുക്കുന്നു. 100 ടൊമാന്‍ ആണ് മത്സ്യത്തിന്റെ വില എങ്കിലും ചില്ലറ ഇല്ലാത്തതിനാല്‍ 500 ടൊമാന്റെ ഒറ്റനോട്ടാണ് അമ്മ മകളുടെ പക്കല്‍ കൊടുത്തയക്കുക. അവള് ആ പണം മത്സ്യം വാങ്ങാനുള്ള ഒരു ചില്ലു പാത്രത്തിലിട്ട് അതുമായി ഓടുകയും വഴിയില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് നില്‍ക്കുകയും ചെയ്യുന്നു. രണ്ട് പാമ്പാട്ടികള്‍ പാമ്പുകളുമായി അവിടെ ഇരിപ്പുണ്ട്. അവര്‍ റസിയയെ പറ്റിച്ച് 500 ടൊമാന്‍ കൈക്കലാക്കുന്നുണ്ടെങ്കിലും റസിയ കരയുമ്പോള്‍ അവള്‍ക്കത് തിരിച്ച് കൊടുക്കുന്നു. മത്സ്യം വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള കടയില്‍ എത്തുമ്പോള്‍ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം റസിയ അറിയുന്നത്. ഒരു വൃദ്ധയുടെ സഹായത്തോടെ റസിയ നഷ്ടപ്പെട്ട പണം കണ്ടെത്തുന്നു. ഒരു കടയ്ക്കു മുന്നിലെ ചാലിന് മുകളിലുള്ള ഗ്രില്ലിലൂടെ താഴേക്ക് വീഴാന്‍ പാകത്തിലാണ് നോട്ടിന്റെ നില്‍പ്പ്. ആ സമയത്ത് അതിലേ ഒരാള്‍ സ്കൂട്ടറില്‍ പോവുകയും നോട്ട് ചാലിനകത്തേക്ക് വീഴുകയും ചെയ്യുന്നു. ആ കട അടച്ചിരിക്കുന്നതിനാല്‍ വൃദ്ധ തൊട്ടടുത്ത കടയില്‍ റസിയയെ കൊണ്ടു ചെന്നാക്കുകയും അവളെ സഹായിക്കണമെന്ന് അയാളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കടയിലെ തിരക്കുകള്ക്കിടയിള് അയാള്‍ അതിന് തയ്യാറാവുന്നില്ല. അപ്പോഴേക്കും റസിയയെ തേടി അവളുടെ സഹോദരനായ അലി എത്തുകയും അവനോട് അവള് കരഞ്ഞു കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ചാലില്‍ വീണ നോട്ട് എടുക്കാനായി അവര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും അവയെല്ലാം വിഫലമാവുന്നു. ഏറ്റവുമൊടുവില്‍ ബലൂണ്‍ വില്‍പ്പനക്കാരനും അഭയാര്‍ത്ഥിയുമായ ഒരു അഫ്ഗാന് ബാലനാണ് അവരെ സഹായിക്കാനായെത്തുന്നത്. അവന് ബലൂണ്‍ കെട്ടി വച്ച തന്റെ മരക്കമ്പ് കൊണ്ട് നോട്ട് എടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ആദ്യം പരാജയപ്പെടുന്നു. പിന്നീടാണ് അവര്‍ക്ക് കമ്പിന്റെ അറ്റത്ത് ച്യൂയിംഗം ഒട്ടിച്ച് നോട്ട് എടുക്കാനുള്ള ഉപായം തെളിഞ്ഞു വരുന്നത്.
ച്യൂയിംഗം വാങ്ങാനായി അലി പോകുന്നുണ്ടെങ്കിലും അത് വാങ്ങാനുള്ള പണമില്ലാത്തതിനാല്‍ അവന് തിരികെ വരുന്നു. അന്ധനായ ഒരു ച്യൂയിംഗം വില്‍പ്പനക്കാരനെ അവന് കാണുന്നുണ്ടെങ്കിലും അയാളില്‍ നിന്നും മോഷ്ടിക്കാന്‍ അവന്റെ മനസാക്ഷി അനുവദിക്കുന്നില്ല. അലി വെറും കയ്യുമായി തിരികെയെത്തുമ്പോള്‍ ഒരു വെള്ള ബലൂണൊഴികെ ബാക്കി ബലൂണുകള്‍ വിറ്റ പണം കൊണ്ട് ച്യൂയിംഗവുമായി അഫ്ഗാന് ബാലന് വരുന്നു. പിന്നീടങ്ങോട്ട് ക്ലൈമാക്സ് വരെയുള്ള കുറച്ച് നിമിഷങ്ങളില്‍ അഫ്ഗാന് ബാലന് നമ്മുടെ മനസ്സില്‍ ഒരു വിങ്ങലായി മാറുന്നിടത്താണ് ജാഫര്‍ പനാഹി എന്ന സംവിധായക പ്രതിഭയുടെ കഴിവ് എത്രത്തോളമുണ്ടെന്ന് നാം ശരിക്കും അനുഭവിച്ചറിയുക. ഐദ മുഹമ്മദ് ഖാനിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് കഥയെഴുതിയതാവട്ടെ അബ്ബാസ് കിയാരൊസ്തമിയും. കാന്‍സ്, സാവോപോളോ, ടോക്കിയോ തുടങ്ങിയ ചലച്ചിത്രമേളകളില്‍ വെച്ച് ഈ ചിത്രം പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയുണ്ടായി.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡ്രാമ
- വർഷം : 1995
- സംവിധാനം : ജാഫര്‍ പനാഹി