കാഞ്ചന്‍ജംഗ | Kanchanjangha
സത്യജിത് റേയുടെ ആദ്യ കളര്‍ ചിത്രമാണ് 1962ല്‍ പുറത്തിറങ്ങിയ കാഞ്ചന്‍ജംഗ. ഇന്ദ്രനാഥ് റോയ് എന്ന ധനിക വ്യവസായിയേയും അയാളുടെ കുടുംബത്തേയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.
ഇന്ദ്രനാഥ് റോയിയും കുടുംബവും വെക്കേഷന് ചിലവഴിക്കാനായി ഡാര്‍ജിലിംഗില്‍ എത്തിയിരിക്കുകയാണ്. വെക്കേഷന്റെ അവസാന ദിനമാണ് സിനിമ ആരംഭിക്കുന്നത്. ഇന്ദ്രനാഥ് റോയ് തന്റെ ഇളയ മകളായ മോനിഷയ്ക്ക് (അളകനന്ദ റേ) ബാനര്‍ജി (എന്‍.വിശ്വനാഥന്) എന്നു പേരായ ഒരാളെ വരനായി നിശ്ചയിക്കുന്നു. എന്നാല്‍ തന്റെ മകളുടെയോ മറ്റുള്ളവരുടെയോ അക്കാര്യത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടും ബോധവാനല്ല. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവസവിശേഷതകള്‍ അനാവരണം ചെയ്യുന്നതില്‍ റേ പ്രത്യേക ശ്രദ്ധ ചെലുത്തിയിരിക്കുന്നു. ഭര്‍ത്താവിന്റെ തീരുമാനങ്ങള്‍ക്ക് എതിര് നില്ക്കാത്തവളാണ് ഇന്ദ്രനാഥ് റോയിയുടെ ഭാര്യയായ ലാബണ്യ (കരുണ ബാനര്‍ജി). അദ്ദേഹത്തിന്റെ മകനും, മൂത്ത മകളും, മകളുടെ ഭര്‍ത്താവുമെല്ലാം ചിത്രത്തിന്റെ കഥാഗതിയില്‍ ഇടം പിടിക്കുന്നുണ്ട്.
അതിനിടെ അവിചാരിതമായി അശോക് (അരുണ്‍ മുഖര്‍ജി) എന്ന് പേരായ ഒരു യുവാവ് അയാളുടെ അമ്മാവനോടൊപ്പം അവര്‍ക്കിടയിലേക്ക് വരുന്നു. എടുത്തു പറയത്തക്ക ഒരു കഥ ഈ ചിത്രത്തില്‍ ഇല്ല. കഥാപാത്രങ്ങള്‍ തമ്മിലുള്ള നീണ്ട സംഭാഷണങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഡാര്‍ജിലിംഗിന്റെ വശ്യസൗന്ദര്യം പരമാവധി ഒപ്പിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത് കാണാം.
- രാജ്യം : ഇന്ത്യ
- ഭാഷ : ബംഗാളി
- വിഭാഗം : ഡ്രാമ
- വർഷം : 1962
- സംവിധാനം : സത്യജിത് റേ