ദ മിറര്‍ | The Mirror
പലപ്പോഴും സിനിമയും യാഥാര്‍ത്ഥ്യവും തമ്മില്‍ അന്തരത്തേക്കാളേറെ അടുപ്പമാണുള്ളതെന്ന് കാണിച്ചു തന്നു കൊണ്ടാണ് ജാഫര്‍ പനാഹിയുടെ രണ്ടാമത്തെ ചിത്രമായ ദി മിറര്‍ പുറത്തിറങ്ങിയത്. ലോകസിനിമയിലെ തന്നെ മികച്ച പരീക്ഷണങ്ങളിലൊന്നായി മാറുകയുണ്ടായി ഈ ചിത്രം. വൈകുന്നേരം സ്കൂള്‍ വിട്ടതോടു കൂടി കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. ഒടുവില്‍ സുഹൃത്തുക്കളായ രണ്ട് കുട്ടികള്‍ മാത്രം സ്കൂളിന് മുന്നില്‍ അവശേഷിക്കുന്നു. ആ രണ്ടു കുട്ടികളില്‍ ഒരാള്‍ കൂടി മറ്റേയാളോട് യാത്ര പറഞ്ഞ് തന്റെ അച്ഛനോടൊപ്പം കാറില്‍ കയറി യാത്രയാവുന്നു. അതോടെ സ്കൂളിന് മുന്നില്‍ ഒറ്റയ്ക്കായി തീരുകയാണ് മിന എന്ന അഞ്ചു വയസ്സുകാരി. ജാഫര്‍ പനാഹിയുടെ ആദ്യ ചിത്രമായ 'ദി വൈറ്റ് ബലൂണി'ല്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ഐദ മുഹമ്മദ് ഖാനിയുടെ സഹോദരിയായ മിന മുഹമ്മദ് ഖാനിയാണ് ഈ വേഷം കൈകാര്യം ചെയ്തത്.
പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയാണ് താനെന്ന് അവള് പലപ്പോഴും തന്റെ പെരുമാറ്റം കൊണ്ട് തെളിയിക്കുന്നുണ്ട്. അവളുടെ ഒരു കൈ ഒടിഞ്ഞതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. തന്നെ കൂട്ടിക്കൊണ്ട് പോകാനായി അമ്മ വരുന്നതും കാത്ത് സ്കൂളിനു മുന്നിലുള്ള നില്‍പ്പ് നീളുമ്പോള്‍ ഒരു വേള അവള് ബുദ്ധിമുട്ടി റോഡ് ക്രോസ് ചെയ്ത് പബ്ലിക് ടെലഫോണ്‍ ബൂത്തില്‍ ചെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നുണ്ട്. പക്ഷേ ആരും ഫോണ്‍ എടുക്കുന്നില്ല. അതേ സമയത്ത് തന്നെ ഒരു വൃദ്ധന് റോഡ് ക്രോസ് ചെയ്യാനായി കഷ്ടപ്പെടുന്നതും കാണാം. ഒടുവില്‍ മിന സ്കൂളിനു പുറത്തേക്ക് വരുന്ന തന്റെ അദ്ധ്യാപികയെ കാണുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. അവരുടെ ആവശ്യപ്രകാരം മിന കുറച്ച് സമയം കൂടി കാത്തു നില്‍ക്കുകയും എന്നിട്ടും അമ്മയെ കാണാതായപ്പോള്‍ അദ്ധ്യാപികയുടെ പരിചയത്തിലുള്ള ഒരാളോടൊപ്പം അവള് സ്കൂട്ടറില്‍ കയറി പോവുകയും ചെയ്യുന്നു. തനിക്ക് വീട്ടിലേക്ക് പോകേണ്ട ബസ് സ്റ്റോപ്പ് അറിയാം എന്നുള്ള ധാരണയോടെയാണ് അവള് അയാളോടൊപ്പം യാത്രയാവുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പ് എത്തും മുമ്പേ അവള് അയാളുടെ സ്കൂട്ടറില്‍ നിന്നിറങ്ങി ഒരു ബസില്‍ ഓടി കയറുന്നു. ബസിലെ യാത്രക്കാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് സംവിധായകന് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാം. അവയെല്ലാം മിനയുടെ ആംഗിളിലൂടെയാണ് നോക്കി കാണുന്നത്. ഒടുവില്‍ അവസാന സ്റ്റോപ്പെത്തുമ്പോള്‍ മാത്രമാണ് തനിക്ക് വഴി തെറ്റിയ വിവരം അവള് അറിയുക.
പിന്നീട് മിന സഞ്ചരിച്ച ബസിലെ ഡ്രൈവര്‍ അവളില്‍ നിന്ന് പോകേണ്ട സ്ഥലം മനസ്സിലാക്കുകയും അവളെ മറ്റൊരു ബസില്‍ കയറ്റി വിടുകയും ചെയ്യുന്നു. അവിടെ വച്ചാണ് പ്രേക്ഷകനെ അമ്പരപ്പിച്ചു കൊണ്ട് സിനിമ മറ്റൊരു പാതയിലേക്ക് സഞ്ചരിക്കുന്നത്. മിന തന്റെ കയ്യിലെ പ്ലാസ്റ്റര്‍ അഴിച്ചു മാറ്റുകയും താനിനി അഭിനയിക്കുന്നില്ല എന്നു പറഞ്ഞ് ബസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു കൊണ്ട് ഇരിക്കുന്ന സംവിധായകനായ ജാഫര്‍ പനാഹിയേയും സിനിമാ സംഘത്തേയും നമുക്ക് സ്ക്രീനില്‍ കാണാം. മിനയുടെ ഈ മാറ്റത്തിന് ശേഷം സിനിമ പൊടുന്നനെ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയോ അത്തരമൊരു പ്രതീതി ജനിപ്പിക്കാന്‍ സംവിധായകന് സാധിക്കുകയോ ചെയ്യുന്നു. ഈ സംഭവത്തിന് മുമ്പും പിമ്പും ഷൂട്ട് ചെയ്തിരിക്കുന്ന വിധത്തിലും എഡിറ്റിംഗിലും കാര്യമായ വത്യാസം നമുക്ക് കാണാന്‍ കഴിയും. അതുവരെയുള്ള സ്റ്റെഡി ഷോട്ട്സ് പിന്നീട് ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളായി മാറുന്നു. പല ഷോട്ടുകളും ഒട്ടും ഫോക്കസ് ചെയ്യാതെ എടുത്തവയാണ്. ഡബ്ബിംഗിലും, വീഡിയോ ക്വാളിറ്റിയിലും എല്ലാം ഈ വത്യാസം കാണാം. പിന്നീടങ്ങോട്ടുള്ള ചിത്രത്തിന്റെ സഞ്ചാരത്തെ രണ്ടു തരത്തില്‍ അനുമാനിക്കാം.
1. മിന അഭിനയം മതിയാക്കുകയും പിന്നീട് വീട്ടിലേക്കുള്ള വഴി അറിയാത്ത അവളെ രഹസ്യമായി പിന്തുടര്ന്ന് ഷൂട്ട് ചെയ്ത് സിനിമ പൂര്ണ്ണമാക്കുകയും ചെയ്യുന്നു.
2. മിന അഭിനയം മതിയാക്കി പോകുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ചിത്രീകരണത്തില്‍ ഇങ്ങനെയൊരു മാറ്റം സംവിധായകന് വരുത്തിയത്. അഥവാ മിന അഭിനയം നിര്‍ത്തി പോയതും സിനിമയുടെ ഒരു ഭാഗമായിരുന്നു.
ഇപ്രകാരം സിനിമയും യാഥാര്‍ത്ഥ്യവും തമ്മില്‍ പരസ്പരം പ്രതിബിംബങ്ങളായി മാറുക വഴി മിറര്‍ എന്ന തലക്കെട്ട് ചിത്രത്തിന് അനുയോജ്യമായിത്തീരുന്നു. കഥയേക്കാളേറെ കഥ പറഞ്ഞ രീതിക്കാണ് സംവിധായകന് കൂടുതല്‍ പ്രാധാന്യം കല്പ്പിച്ചിരിക്കുന്നത്. ഇസ്താംബുള്‍, സിംഗപൂര്‍,ലോക്കാര്‍ണോ ചലച്ചിത്രമേളകളില്‍ ഈ ചിത്രം സാന്നിദ്ധ്യമറിയിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡ്രാമ
- വർഷം : 1997
- സംവിധാനം : ജാഫര്‍ പനാഹി