തീൻ കന്യ | Teen Kanya
പോസ്റ്റ് മാസ്റ്റര്‍, മോനിഹാര, സമ്പതി എന്നീ ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു ആന്തോളജി സിനിമയായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. പേര് സൂചിപ്പിക്കും പോലെ പെണ്‍കുട്ടികളാണ് മൂന്ന് ഹ്രസ്വ ചിത്രങ്ങളിലേയും കേന്ദ്രകഥാപാത്രങ്ങള്‍. രബീന്ദ്ര നാഥ് ടാഗോര്‍ രചിച്ച കഥകളാണ് ഈ ചിത്രങ്ങളുടെ സൃഷ്ടിക്ക് ആധാരമായിത്തീര്‍ന്നത്.
പോസ്റ്റ് മാസ്റ്റര്‍:
ബംഗാളിലെ ഒരു ഗ്രാമത്തിലേക്ക് നന്ദലാല്‍ എന്ന് പേരായ ഒരു യുവാവ് പോസ്റ്റ്മാസ്റ്റര്‍ ആയി ജോലിക്കെത്തുന്നു. അനില്‍ ചാറ്റര്‍ജിയാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. താമസിക്കുന്നിടത്ത് അയാളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് രത്തന്‍ (ചന്ദന ബാനര്‍ജി) എന്ന് പേരായ ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ഗ്രാമത്തിലെ അന്തരീക്ഷം നന്ദലാലിന് തീരെ ഇഷ്ടപ്പെടുന്നില്ല. നേരമ്പോക്കിനായി അയാള്‍ രത്തനെ എഴുതാനും വായിക്കനുമെല്ലാം പഠിപ്പിക്കുന്നു. രത്തനാകട്ടെ നന്ദലാലിനെ വളരെ ഇഷ്ടമാണ്.
നന്ദലാല്‍ രോഗബാധിതനായി കിടക്കുന്ന സമയത്ത് ശുശ്രൂഷിക്കുന്നതും രത്തന്‍ തന്നെയാണ്. പെട്ടന്നൊരുനാള്‍ ഗ്രാമത്തിലെ സേവനം അവസാനിപ്പിച്ച് നന്ദലാല്‍ മടങ്ങുകയാണെന്നറിയുമ്പോള് രത്തന്‍ അതീവ ദുഖിതയാവുന്നു. പോകുന്നേരം കുറച്ച് പണം അവള്‍ക്ക് നന്ദലാല്‍ നല്‍കുന്നുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ അവളുടെ ആത്മാഭിമാനം സമ്മതിക്കുന്നില്ല. രത്തന്റെ നിഷ്കളങ്കമായ സ്നേഹത്തിന് വിലയിടുക വഴി താന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് തിരിച്ചറിഞ്ഞ ആ പണവുമായി നന്ദലാല്‍ നടന്നു നീങ്ങുന്ന രംഗത്തോടു കൂടി ചിത്രം അവസാനിക്കുന്നു.
സമ്പതി:
കുട്ടിത്തം വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിക്ക് വിവാഹാനന്തരം ഉണ്ടാകുന്ന മാറ്റങ്ങളാണ് സമ്പതി എന്ന ചിത്രത്തിന്റെ ഇതിവൃത്തം. അമൂല്യ (സൗമിത്ര ചാറ്റര്‍ജി) എന്ന യുവാവ് പഠനം പൂര്‍ത്തിയാക്കി നഗരത്തില്‍ നിന്നും ഗ്രാമത്തില്‍ തിരിച്ചെത്തുകയാണ്. അയാള്‍ അമ്മ കണ്ടെത്തിയ കുട്ടിയെ വിവാഹം കഴിക്കാതെ മൃണ്മയി (അപര്‍ണ സെന്‍) എന്നു പേരായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. അവളാകട്ടെ പ്രായത്തിനനുസരിച്ച് പക്വതയില്ലാത്തവളും കുട്ടിത്തം വിട്ടുമാറാത്തവളുമാണ്. ആദ്യരാത്രിയില്‍ ഭര്‍തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് ഊഞ്ഞാലാടാനാണ് അവള് പോകുന്നത്.
തുടര്‍ന്ന് അമൂല്യ മൃണ്മയിയെ അവളുടെ അമ്മയുടെ വീട്ടിലാക്കി നഗരത്തിലേക്ക് തിരികെ പോകുന്നു. അതിനു ശേഷം മാത്രമാണ് താന്‍ എത്രത്തോളം ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്ന സത്യം അവള് മനസ്സിലാക്കുക. മൃണ്മയി രോഗിണിയാണെന്ന് കത്തെഴുതി അമൂല്യയെ തിരികെ വരുത്തുകയും ഒടുവില്‍ അവര്‍ ഒന്നിക്കുകയും ചെയ്യുന്നതോടു കൂടി കഥ പൂര്‍ണ്ണമാവുന്നു.
മോനിഹാര:
പോസ്റ്റ് മാസ്റ്റര്‍, സമ്പതി എന്നീ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മോനിഹാര. ആദ്യ രണ്ട് ചിത്രങ്ങള്‍ റിയലിസ്റ്റിക്കാണെങ്കില്‍ ഇത് അല്‍പ്പം ഫാന്റസി കൂടിക്കലര്‍ന്നതാണ്. 'നഷ്ടപ്പെട്ട ആഭരണങ്ങള്‍' എന്നാണ് മോനിഹാര എന്ന പദത്തിനര്‍ത്ഥം. ഒരു പടവിലിരുന്ന് ഒരാള്‍ കറുത്ത പുതപ്പ് കൊണ്ട് തല മൂടിയ മറ്റൊരാള്‍ക്ക് കഥ പറഞ്ഞു കൊടുക്കുകയാണ്. ഫണിഭൂഷന് (കലി ബാനര്‍ജി) എന്ന് പേരായ ഒരാളുടേയും അയാളുടെ ഭാര്യയായ മണിമാളികയുടേയും (കനിക മുജുംദാര്‍) കഥയാണത്. മണിമാളിക വളരെയധികം ആഭരണഭ്രമം ഉള്ളവളാണ്. കൂടാതെ ഭര്‍ത്താവ് തനിക്ക് വാങ്ങിത്തന്ന ആഭരണങ്ങളെല്ലാം ഭര്‍ത്താവ് തന്നെ തിരികെ വാങ്ങുമോ എന്ന ഭയവും അവര്‍ക്കുണ്ട്. ഒരിക്കല്‍ അതറിയാനായി ഒരു പരീക്ഷണം നടത്തുകയും ആഭരണങ്ങള്‍ വില്‍ക്കാനുള്ള ഭര്‍ത്താവിന്റെ ആഗ്രഹം കാണുമ്പോള്‍ അവര്‍ ഭ്രാന്തമായി പെരുമാറുകയും ചെയ്യുന്നുണ്ട്.
ഭര്‍ത്താവ് അടുത്തില്ലാത്ത ഒരു ദിവസം മണിമാളിക ആഭരണങ്ങളുമായി സ്വന്തം വീട്ടിലേക്ക് യാത്രയാവുന്നു. ഭര്‍ത്താവ് തിരികെ വരുമ്പോള്‍ ഭാര്യയേയും അഭരണങ്ങളും കാണാതെ പരിഭ്രമിക്കുന്നു. പിന്നീട് ഫണിഭൂഷന് കാണുന്നത് ഭാര്യയുടെ പ്രേതത്തെയാണ്. അസ്ഥികൂടത്തിന്റെ രൂപത്തിലുളള ഭാര്യ അപ്പോഴും ഭര്‍ത്താവ് ഒടുവില്‍ കൊണ്ട് വന്ന ആഭരണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭാര്യയുടെ ആഭരണഭ്രമത്തിന്റെ മൂര്ദ്ധന്ന്യാവസ്ഥയാണ് സംവിധായകന് എടുത്തു കാണിക്കുന്നത്.
കഥ പറഞ്ഞ ശേഷം കറുത്ത പുതപ്പ് കൊണ്ട് തല മൂടിയ ആള് തനിക്ക് കഥ ഇഷ്ടമായെന്നും എന്നാല്‍ ഇതില്‍ ചില തെറ്റുകള്‍ ഉണ്ടെന്നും പറഞ്ഞു കൊണ്ട് അപ്രത്യക്ഷനാകുന്നു. ഭര്‍ത്താവിന്റെ പ്രേതത്തോടാണ് താന്‍ ഇത്രയും സമയം കഥ പറഞ്ഞത് എന്ന ബോദ്ധ്യം അപ്പോള്‍ മാത്രമാണ് കഥ പറഞ്ഞ ആള്‍ക്ക് ഉണ്ടാവുക.
- രാജ്യം : ഇന്ത്യ
- ഭാഷ : ബംഗാളി
- വിഭാഗം : ആന്തോളജി
- വർഷം : 1961
- സംവിധാനം : സത്യജിത് റേ