ദ സര്‍ക്കിള്‍ | The Circle
ജാഫര്‍ പനാഹിയുടെ ആദ്യ രണ്ട് ചിത്രങ്ങള്‍ കുട്ടികളുടെ കഥകളാണ് പറഞ്ഞതെങ്കില്‍ മൂന്നാമത്തേത് അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇറാനിലെ സ്ത്രീസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളുമായാണ് ദി സര്‍ക്കിള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി സിനിമാലോകം വിലയിരുത്തുന്നതും ഈ ചിത്രത്തെയാണ്. ഒരു നായകനോ നായികയോ ഈ ചിത്രത്തിലില്ല. വേണമെങ്കില്‍ സമൂഹത്തിലെ വിവിധ തുറകളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഈ ചിത്രത്തില്‍ ഉള്ളതെന്നും അവരെല്ലാം ഇതിലെ നായികമാരാണെന്നും പറയാം. ഇറാന് എന്ന പുരുഷകേന്ദ്രീകൃത രാജ്യത്ത് അവരനുഭവിക്കുന്ന വേദനകളും, വിഷമങ്ങളും പനാഹി ഈ ചിത്രത്തിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. പരസ്പര ബന്ധമില്ലാത്ത ഒരു കൂട്ടം കഥകളെ/ജീവിതങ്ങളെ കൂട്ടിയിണക്കിയാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ എഴുതി കാണിക്കുമ്പോള്‍ നാം കേള്‍ക്കുന്നത് പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ഞരക്കങ്ങളും അതിനു ശേഷം ഒരു നവജാത ശിശുവിന്റെ കരച്ചിലുമാണ്. ചിത്രം തുടങ്ങുമ്പോള്‍ ഓപ്പറേഷന് തിയേറ്ററിന്റെ പുറത്ത് നില്ക്കുന്ന സ്ത്രീയോട് ഒരു നഴ്സ് അവരുടെ മകളായ സൊല്മാസ ഗൊലാമിയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം അറിയിക്കുന്നു. മകള്‍ക്ക് പിറന്നിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോള്‍ അവരുടെ മുഖത്ത് ദുഃഖം നിഴലിക്കുകയും അവര്‍ മറ്റൊരു നഴ്സിനോട് പെണ്‍കുഞ്ഞ് തന്നെയാണോ എന്ന് വീണ്ടും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. സ്കാന്‍ ചെയ്തപ്പോള്‍ ആണ് കുഞ്ഞിനെയാണല്ലോ കണ്ടത് എന്നുള്ള അവരുടെ ചോദ്യത്തിന് ഇങ്ങനെ സംഭവിക്കാറുണ്ട് എന്നാണ് നഴ്സ് മറുപടി പറയുന്നത്. പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാല്‍ മരുമകന് മകളെ ഉപേക്ഷിക്കും എന്നാണ് അവരുടെ ഭയം.
പിന്നീട് നാം കാണുന്നത് ടെലഫോണ്‍ ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്യുന്ന മൂന്ന് യുവതികളെയാണ്. അവര്‍ മൂന്നു പേരും ജയിലില്‍ നിന്നും രക്ഷപ്പെട്ടവരാണ്. അതില്‍ ഒരാളെ അവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയും മറ്റു രണ്ടു പേര് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നു. അവരില്‍ ആരെസു എന്നു പേരായ യുവതി ഒരാളില്‍ നിന്നും പണം സംഘടിപ്പിച്ച് നര്‍ഗീസ് എന്നു പേരായ യുവതിയെ ബസ് കയറ്റി വിടാന്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷേ ബസിനടുത്ത് പോലീസുകാര്‍ ഉള്ളതു കാരണം അവള്‍ക്ക് ആ ബസില്‍ കയറാനാവുന്നില്ല. അങ്ങനെ ഇരുവരും വേര്‍പിരിയുകയും ചെയ്യുന്നു.
നര്‍ഗീസ് പിന്നീട് അന്നേ ദിവസം മോചിക്കപ്പെട്ട മറ്റൊരു തടവുകാരിയായ പാരിയെ അന്വേഷിച്ച് പോവുകയാണ്. എന്നാല്‍ പാരിയുടെ അച്ഛന് നര്‍ഗീസിനെ പാരിയെ കാണാനനുവദിക്കുന്നില്ല. അതേ സമയം അവിടെയെത്തുന്ന തന്റെ സഹോദരന്മാരെ ഭയന്ന് പാരി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും മുമ്പ് തടവുകാരിയും ഇപ്പോള്‍ നഴ്സായി ജോലി ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീയെ കാണാനായി ചെല്ലുകയും ചെയ്യുന്നു. പാരി ഗര്‍ഭിണിയാണ്. അവളുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനാല്‍ തന്റെ ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമാണ് അവളുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. അതിനു വേണ്ട സഹായമഭ്യര്‍ത്ഥിച്ചാണ് പാരി നഴ്സിനെ കാണാനായെത്തിയിരിക്കുന്നത്. നഴ്സാകട്ടെ തന്റെ ഭൂതകാലം മറച്ചു വെച്ചാണ് ഒരു ഡോക്ടറെ വിവാഹം ചെയ്ത് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ഭൂതകാലം ഭര്‍ത്താവിനു മുന്നില്‍ വെളിപ്പെടുമോ എന്ന ഭയം കാരണം അവര്‍ പാരിയെ സഹായിക്കുന്നില്ല. പാരി വേദനയോടെ തെരുവിലേക്കിറങ്ങുകയും അവിടെ വച്ച് ഒരു അമ്മയെയും കുഞ്ഞിനേയും പരിചയപ്പെടുകയും ചെയ്യുന്നു. നിരപരാധിയായ ആ അമ്മയെ ഒരു വേശ്യയാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടിക്കുകയും പിന്നീടവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. പിന്നീട് പോലീസ് വേശ്യാവൃത്തി ആരോപിച്ച് മറ്റൊരു സ്ത്രീയെ പിടിക്കുകയും അവളെ ജയിലിലടക്കുകയും ചെയ്യുന്നു. സിനിമയില്‍ അതിനോടകം നമ്മള് കണ്ട പല സ്ത്രീകളും അപ്പോഴേക്കും ആ ജയിലറയില്‍ എത്തിയിട്ടുണ്ടാവും. ആ സമയത്താണ് ജയിലിലെ ഫോണ്‍ ശബ്ദിക്കുന്നത്. ഫോണില്‍ മേലുദ്യോഗസ്ഥനോട് സംസാരിക്കുന്ന പോലീസുകാരന് സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലെ കിളിവാതിലിനടുത്ത് വന്ന് സൊല്മാസ ഗൊലാമി എന്ന സ്ത്രീയെ അന്വേഷിക്കുന്നു. ചിത്രത്തിന്റെ കഥ ഏത് സ്ത്രീയില്‍ തുടങ്ങിയോ ആ സ്ത്രീയില്‍ തന്നെ കഥ അവസാനിക്കുമ്പോള്‍ 'സര്‍ക്കിള്‍' പൂര്‍ണ്ണമാവുന്നു. ഒരു വൃത്തത്തിനുള്ളില്‍ ജീവിതം ഹോമിച്ച് തീര്‍ക്കേണ്ടി വരുന്ന അസംഖ്യം സ്ത്രീകളെയാണ് ഈ ചലച്ചിത്രം പ്രതിനിധീകരിക്കുന്നത്.
പ്രശസ്ത ഇറാനിയന്‍ സംവിധായകനായ കംബോസിയ പാര്ടോവിയാണ് ഈ ചിത്രത്തിന് കഥയൊരുക്കിയത്. നര്‍ഗീസ് മമിസാദേ, മര്‍യം പര്വിന് അല്‍മാനി, മോനിര്‍ അറബ് തുടങ്ങിയവര്‍ വേഷമിട്ട ഈ ചിത്രം നിര്‍മ്മിച്ചതും എഡിറ്റിംഗ് ജോലികള്‍ നിര്‍വ്വഹിച്ചതും സംവിധായകനായ ജാഫര്‍ പനാഹി തന്നെയാണ്. ഈ ചിത്രം ഇറാനില്‍ നിരോധിക്കപ്പെട്ടെങ്കിലും വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുകയുണ്ടായി.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡ്രാമ
- വർഷം : 2000
- സംവിധാനം : ജാഫര്‍ പനാഹി