ക്രിംസൺ ഗോൾഡ് | Crimson Gold
'ക്രിംസണ്‍ ഗോള്‍ഡി'ലെ മുഖ്യ കഥാപാത്രമായ ഹുസൈനോടും, അയാളുടെ സുഹൃത്ത് അലിയോടും ഹോട്ടലില്‍ വെച്ച് അപരിചിതനായ ഒരാള്‍ പറയുന്ന വാചകമാണിത്. ഈ സിനിമയുടെ ആകെത്തുകയാണ് ഈ വാചകം എന്നു പറയാം. ജാഫര്‍ പനാഹിയുടെ അഞ്ചാമത് ചലച്ചിത്രമാണ് ക്രിംസണ്‍ ഗോള്‍ഡ്. റിലീസിംഗിന് മുമ്പ് തന്നെ ഇറാനില്‍ ബാന്‍ ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അബ്ബാസ് കിയാരൊസ്തമിയാണ്. ഹുസൈന് എന്ന പിസാ ഡെലിവറി ബോയിയായി വേഷമിട്ടിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഹുസൈന് ഇമാദിദ്ദീന് എന്നു പേരായ ഒരു പിസാ ഡെലിവറി ബോയ് തന്നെയാണ്. ഹുസൈന് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരാളായതു കൊണ്ട് ഷൂട്ടിംഗ് സമയത്ത് പനാഹി ഏറെ കഷ്ടപ്പെട്ടിരുന്നുവത്രേ. എന്നാല്‍ അഭിനയത്തിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് സിനിമയ്ക്ക് ഗുണം ചെയ്തതായി സിനിമ കാണുമ്പോള്‍ മനസ്സിലാവും.
ഒരു ജ്വല്ലറി കവര്‍ച്ച ചെയ്യാനുള്ള ഹുസൈന്റെ ശ്രമത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. ജ്വല്ലറി ജീവനക്കാരനെ വെടിവെച്ച് കൊല്ലുകയും തന്റെ കവര്‍ച്ചാശ്രമം പരാജയപ്പെടുകയും ചെയ്യുന്നതോടു കൂടി ഹുസൈന് വെടിവെച്ച് ആത്മഹത്യ ചെയ്യുന്നു. പിന്നീട് അതിന്റെ കാരണം തേടി സംവിധായകന്റെ ക്യാമറ പിന്നോട്ട് ചലിക്കുകയാണ്.
ഈ സിനിമയിലൂടെ പനാഹി കാണിച്ചു തരുന്നത് എല്ലായിടത്തുമെന്നപോലെ ഇറാനിലും നിലനില്‍ക്കുന്ന സാമൂഹിക അസമത്വം തന്നെയാണ്. ഹുസൈന് പിസാ ഡെലിവറിക്കായി പലയിടങ്ങളിലും ചെല്ലുമ്പോള്‍ പലവിധത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാവുന്നത്. ചിലത് അയാളെ അസ്വസ്ഥനാക്കുന്നു. മറ്റു ചിലത് അയാള്‍ക്ക് പുതിയ അറിവുകള്‍ സമ്മാനിക്കുകയും അയാളെക്കൊണ്ട് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഹുസൈന് ജാഫറിയാന് ആണ് 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ഹുസൈന് ഇമാദിദ്ദീനെ കൂടാതെ കമ്യാര് ഷൈസി, അസിത റയേഷി, ഷഷ്രം വാസിരി തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ത്രില്ലർ
- വർഷം : 2003
- സംവിധാനം : ജാഫര്‍ പനാഹി