ദിസ് ഈസ് നോട്ട് എ ഫിലിം | This is not a Film

ചിലരുണ്ടാവും, ജീവന് നഷ്ടപ്പെടുന്ന അവസ്ഥ വന്നാലും സ്വന്തം ആശയങ്ങളെയും ആദര്‍ശങ്ങളേയും ബലി കഴിക്കാന്‍ തയ്യാറാവാതെ അവയെല്ലാം ചങ്കൂറ്റത്തോടെ ലോകത്തിനു മുന്നില്‍ ഉറക്കെ വിളിച്ചു പറയുന്നവര്‍. അത്തരത്തില്‍ ഒരാളാണ് ജാഫര്‍ പനാഹി. ഇറാനിയന്‍ നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ പ്രമുഖനായ അബ്ബാസ് കിയാരൊസ്തമിയുടെ പാത പിന്തുടര്ന്നാണ് ജാഫര്‍ പനാഹിയും ഇറാനിയന്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, ലിംഗ അസമത്വങ്ങള്‍ക്കെതിരെയും സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടതകള്ക്കെതിരെയും തന്റെ സിനിമകളിലൂടെ പ്രതികരിച്ച ജാഫര്‍ പനാഹി പെട്ടന്നു തന്നെ ഇറാന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി. അദ്ദേഹത്തതിന്റേതായി പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളില്‍ അഞ്ചെണ്ണവും ഇറാനില്‍ നിരോധിക്കപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരവും അദ്ദേഹത്തെ ഇറാന് ഭരണകൂടം എത്രയേറെ ഭയക്കുന്നു എന്നതിന്റെ തെളിവുമാണ്. 2010ല്‍ ആണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് കോടതി അദ്ദേഹത്തെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതോടൊപ്പം ഇരുപത് വര്‍ഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ മാധ്യമങ്ങളുമായി സംവദിക്കാനോ പാടുകയുമില്ല.
ദിസ് ഈസ് നോട്ട് എ ഫിലിം എന്ന ഡോക്യു ഫീച്ചറിലെ നായകന് ജാഫര്‍ പനാഹി തന്നെയാണ്. താന്‍ ചെയ്ത സിനിമകളെക്കുറിച്ചും ഭാവിയിലെ തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചും വാചാലനാവുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ. ജാഫര്‍ പനാഹിയുടെ ജീവിതത്തിലെ ഒരു ദിവസമാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. ഫിലിം ക്യാമറ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ ഡിജിറ്റല്‍ ക്യാമറയിലും മൊബൈല്‍ ഫോണിലുമായാണ് അദ്ദേഹം ഈ ചിത്രം ഷൂട്ട് ചെയ്തത്. തന്റെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമെല്ലാമുള്ള ഫോണ്‍ സംഭാഷണങ്ങളിലൂടെയും മറ്റുമായാണ് സിനിമയുടെ വികാസം. ഒരു പെന്‍ ഡ്രൈവിലാക്കി ഒരു പിറന്നാള്‍ കേക്കിനുള്ളില്‍ ഒളിപ്പിച്ചാണ് ഈ ചിത്രം ഇറാന് വെളിയിലെത്തിച്ചത്.
എത്രയൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം നേരിടാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടി പതറിയത് ഇറാനിയന്‍ ഭരണകൂടത്തിന് തന്നെയാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ക്കും മനുഷ്യാവകാശപ്രവര്ത്തകര്ക്കുമിടയില് ഈ ചിത്രം വന്‍ ചലനം തന്നെ സൃഷ്ടിച്ചു. പല ചലച്ചിത്രമേളകളില്‍ നിന്നുമായി നിരവധി പുരസ്കാരങ്ങളും ഈ ചിത്രത്തെ തേടിയെത്തി.
- രാജ്യം : ഇറാൻ
- ഭാഷ : പേർഷ്യൻ
- വിഭാഗം : ഡോക്യുമെന്ററി ഫിലിം
- വർഷം : 2011
- സംവിധാനം : ജാഫർ പനാഹി