റണ്‍ ലോല റണ്‍ | Run Lola Run
ആദ്യമേ പറയട്ടെ. ഒരിക്കലും മുന്‍വിധികളോടു കൂടി ഈ സിനിമ കാണാതിരിക്കുക. കാരണം എല്ലാ അര്‍ത്ഥത്തിലും ഇതൊരു പരീക്ഷണ ചിത്രമാണ്. 1998ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് റണ്‍ ലോല റണ്‍. 'പെര്‍ഫ്യൂം:
ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍' എന്ന സുപ്രസിദ്ധ സിനിമയുടെ സംവിധായകനായ ടോം
ടൈക്കര്‍ ആണ് ഈ സിനിമയുടെ തിരക്കഥയും സംവിധാനവും
നിര്‍വ്വഹിച്ചിരിക്കുന്നത്. സമയത്തിന് ഒരാളുടെ ജീവിതത്തില്‍ എത്രത്തോളം
പ്രാധാന്യമുണ്ടെന്ന് ഈ ചിത്രം നമുക്ക് പറഞ്ഞു തരുന്നു. സ്വന്തം കൂട്ടുകാരനായ 'മാന്നിയുടെ' ജീവന് രക്ഷിക്കാന്‍ 20
മിനിട്ടിനുള്ളില്‍ 1 ലക്ഷം മാര്‍ക്ക് (ജര്‍മ്മനിയിലെ കറന്‍സി) ആവശ്യമായി
വരുന്ന സന്ദര്‍ഭത്തില്‍, അത്രയും പണം നേടിയെടുക്കാന്‍ ഈ സിനിമയിലെ കേന്ദ്ര
കഥാപാത്രമായ 'ലോല' നടത്തുന്ന ഓട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. 'ലോല'യായി
ഫ്രാങ്ക പൊട്ടന്റും 'മാന്നി'യായി മോറിട്ട്സ് ബ്ലൈബ്ട്രോയും
വേഷമിട്ടിരിക്കുന്നു.
മയക്കുമരുന്ന് കടത്തിയതിന് പ്രതിഫലമായി ലഭിച്ച പണവുമായി ഒരിടത്തു നിന്നും വരികയായിരുന്നു മാന്നി. തന്നെ അവിടെ നിന്നും കൂട്ടിക്കൊണ്ടു വരാന്‍ അയാള്‍ നേരത്തെ തന്നെ ലോലയെ ചട്ടം കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സിഗരറ്റ് വാങ്ങിക്കാനായി ഒരു കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ലോലയുടെ മോപ്പെഡുമായി ഒരു കള്ളന് കടന്നു കളഞ്ഞതിനാല്‍ ലോലയ്ക്ക് മാന്നിയെ കൂട്ടിക്കൊണ്ടു വരാനായി പോകാന്‍ കഴിയാതെ വരുന്നു. ഇതിനെത്തുടര്‍ന്ന് ട്രൈനില്‍ വരികയായിരുന്ന മാന്നിയെ പോലീസുകാര്‍ പിടികൂടുകയും അയാളുടെ പക്കലുണ്ടായിരുന്ന പണമത്രയും ഒരു യാചകന് കൈക്കലാക്കുകയും ചെയ്യുന്നു. ആ ബാഗിലുണ്ടായിരുന്ന ഒരു ലക്ഷം മാര്‍ക്ക് അധോലോകനായകനായ റോണിയെ എല്പ്പിച്ചില്ലെങ്കില് താന്‍ അവരാല്‍ വധിക്കപ്പെടുമെന്ന് മാന്നി ലോലയെ ഫോണ്‍ ചെയ്ത് പറയുന്നു. ഇരുപത് മിനിറ്റിനുള്ളില്‍ അത്രയും പണം സംഘടിപ്പിച്ചാല്‍ മാത്രമേ തന്റെ കൂട്ടുകാരനെ രക്ഷിക്കാന്‍ കഴിയൂ എന്നറിയുന്നതോടെ ലോല അവളുടെ വീട്ടില്‍ നിന്നും ഓട്ടം തുടങ്ങുന്നു. ഓട്ടത്തിനിടയില്‍ ലോലയ്ക്ക് പല പ്രതിബന്ധങ്ങളേയും തരണം ചെയ്യേണ്ടതായും, പല വ്യക്തികളെയും കണ്ടു മുട്ടേണ്ടതായും വരുന്നു. പണം നേടിയെടുക്കാനുള്ള
ലോലയുടെ ഓട്ടത്തെ മൂന്നു വിധത്തിലാണ് സംവിധായകന് ഈ സിനിമയില്‍
ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മൂന്നു തവണയും സമയത്തിന്റെ നേരിയ
വ്യതിയാനങ്ങള്‍ നിമിത്തം സംഭവിക്കുന്നത് മൂന്ന് വത്യസ്ഥ കാര്യങ്ങളാണ്.
പ്രമേയം കൊണ്ടും ആഖ്യാന ശൈലി കൊണ്ടും ഏറെ വത്യസ്തത പുലര്‍ത്തുന്നുണ്ട് ഈ
ചിത്രം.
- രാജ്യം : ജർമ്മനി
- ഭാഷ : ജര്‍മ്മന്‍
- വിഭാഗം : ത്രില്ലർ
- വർഷം : 1998
- സംവിധാനം : ടോം ടൈക്കര്‍