ഡൗണ്‍ഫാൾ | Downfall
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളിലേക്കും അതുവഴി ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്ലറുടെ ജീവിതാന്ത്യ ദിനങ്ങളിലേക്കുമാണ് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. രണ്ടാം ലോകമഹായുദ്ധം ആസ്പദമാക്കി എത്രയോ സിനിമകളും, പുസ്തകങ്ങളും, ഡോക്യുമെന്ററികളുമെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. പ്രമേയപരമായും, അവതരണരീതിയിലും ആ ചിത്രങ്ങളില്‍ നിന്നെല്ലാം വത്യസ്തത പുലര്‍ത്താനുള്ള ശ്രമം സംവിധായകനായ ഒളിവര്‍ ഹിഷ്ബിഗലിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കാണാം. ആ ശ്രമത്തെ ഹിറ്റ്ലറെ മഹത്വവല്ക്കരിക്കാനായി അദ്ദേഹം നടത്തിയ ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ ശ്രമമായും വിശേഷിപ്പിക്കാം. ഹിറ്റ്ലറുടെ മരണത്തിനു മുമ്പുള്ള പത്ത് ദിനങ്ങളാണ് ഈ ചിത്രം നമുക്ക് കാട്ടി തരുന്നത്.
ഒരര്‍ത്ഥത്തില്‍ ഇത് രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ചിത്രമല്ല. യുദ്ധകാലത്ത് നടന്ന കൂട്ടക്കുരുതികളും, യുദ്ധക്കെടുതികളുമൊന്നുമല്ല ചിത്രത്തില്‍ നമുക്ക് കാണാനാവുക. ഇത് ഹിറ്റ്ലറെ കുറിച്ചുള്ള ചിത്രമാണ്. റഷ്യന്‍ പട്ടാളം തനിക്കരികിലെത്തുമ്പോഴും അചഞ്ചലനായി നിലകൊണ്ട്, കീഴുദ്യോഗസ്ഥരോട് തിരിച്ചടിക്കാന്‍ ആജ്ഞാപിക്കുന്ന, ഗര്‍ജ്ജിക്കുന്ന ഹിറ്റ്ലര്‍ എന്ന സിംഹത്തിന്റെ കഥയാണിത്. ജോഷിം ഫെസ്റ്റ് എന്ന ജര്‍മ്മന്‍ ചരിത്രകാരന് എഴുതിയ `ഇന്‍സൈഡ് ഹിറ്റ്ലേഴ്സ് ബങ്കര്‍' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം സംവിധാനം ചെയ്തത്. ക്യാമറക്കണ്ണുകള്‍ വളരെ കുറച്ച് സമയം മാത്രമേ ബങ്കറിനപ്പുറത്തേക്ക് മിഴി തുറന്നിട്ടുള്ളൂ. ഹിറ്റ്ലറുടെ മാനസികശാരീരിക സംഘര്‍ഷങ്ങള്‍ ഒപ്പിയെടുക്കുന്നതിനാണ് സിനിമയിലെ കൂടുതല്‍ സമയവും വിനിയോഗിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലന്റുകാരനായ ബ്രൂണോ ഗാന്‍സ് എന്ന അതുല്യ നടന് ചിത്രത്തില്‍ ഹിറ്റ്ലറായി ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.
ഹിറ്റ്ലറുടെ പേഴ്സണല്‍ സെക്രട്ടറിയായ ട്രോഡില് ജങ്ങിന്റെ ഓര്‍മ്മകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പരാജയം അരികിലെത്തിയിട്ടും അത് സമ്മതിക്കാന്‍ ഹിറ്റ്ലര്‍ തയ്യാറാവുന്നില്ല. വിജയത്തിന്റെ നേരിയ പ്രതീക്ഷ പോലും അസ്തമിക്കുമ്പോള്‍, ഒടുവില്‍ പരാജയം ആസന്നമാണെന്നറിയുമ്പോള് ഹിറ്റ്ലര്‍, അദ്ദേഹത്തിന്റെ ഭാര്യയായ ഇവ ബ്രൗണ്‍, ഹിറ്റ്റുടെ വിശ്വസ്തനായ ജോസഫ് ഗീബല്‍സ്, ഗീബല്‍സിന്റെ കുടുംബം ഇവരെല്ലാം ആത്മഹത്യയില്‍ അഭയം തേടുന്നത് കാണാം. ഹിറ്റ്ലറിലേക്ക് ആഴ്ന്നിറങ്ങിയതിനാലാവാം ഹിറ്റ്ലറുടെ കഥ പറഞ്ഞ മറ്റു ചലച്ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം വിഭിന്നമായി നിലകൊള്ളുന്നത്.
- രാജ്യം : ജർമ്മനി
- ഭാഷ : ജർമ്മൻ
- വിഭാഗം : ഹിസ്റ്റോറിക്കൽ വാർ ഡ്രാമ
- വർഷം : 2004
- സംവിധാനം : ഒളിവർ ഹിഷ്ബീഗൽ