കാപർനം | Capernaum



   
     ബെയ്റൂത്തിലെ ഒരു ചേരിയിൽ വസിക്കുന്ന ദരിദ്രകുടുംബാംഗമാണ് സെയിൻ. നോക്കിലും വാക്കിലും പ്രവൃത്തിയിലും പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന പന്ത്രണ്ട് വയസ്സുകാരൻ...ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് അവൻ അഞ്ച് വർഷത്തെ ജയിൽ വാസത്തിന് വിധിക്കപ്പെട്ടത്...ചെയ്ത തെറ്റിൽ അവന് തെല്ലും കുറ്റബോധമില്ല...തന്റെ സഹോദരിയായ സഹറിന്റെ മരണത്തിന് കാരണക്കാരനായ ആസാദിനെയാണ് അവൻ കുത്തിയത്. അയാൾ അവന്റെ സഹോദരീഭർത്താവ് കൂടിയാണ്. അയാൾക്ക് അവളെ വിവാഹം ചെയ്ത്കൊടുക്കരുതെന്ന് മാതാപിതാക്കളോട് ആവുന്നത്ര ആവശ്യപ്പെട്ടതാണവൻ. സഹറിനെ പെട്ടന്ന് കല്ല്യാണം കഴിച്ചയക്കുമെ‌ന്ന പേടി മൂലം അവൾക്ക് പ്രായപൂർത്തിയായ കാര്യം മാതാപിതാക്കൾ അറിയാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചതുമാണ്.

     കോടതിമുറിയിൽ വാദം നടക്കുന്നതിനിടെ മാതാപിതാക്കൾക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന സെയിനിന്റെ ആവശ്യത്തിനു പിന്നിലെ സാംഗത്യമെന്തെന്ന് ന്യായാധിപൻ ആരായുന്നുണ്ട്. 'എന്നെ ജനിപ്പിച്ചതിന് ' എന്നാണ് അവൻ അതിന് നൽകുന്ന മറുപടി.

     ജയിലിലടയ്ക്കപ്പെടും മുമ്പ് തന്നാൽ കഴിയുന്ന ജോലികളെല്ലാം ചെയ്ത് തന്റെ സഹോദരങ്ങളെയും മാതാപിതാക്കളെയും സാമ്പത്തികമായി സഹായിച്ചിരുന്നു സെയിൻ. തന്റെ മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ മാത്രമാണ് സമ്പന്നർ എന്നറിയാവുന്നത് കൊണ്ട് തന്നെ പഠിക്കാനുള്ള തന്റെ ആഗ്രഹവും തന്റെ ദുഖങ്ങളുമെല്ലാം അടക്കിപ്പിടിച്ച് കുടുംബത്തിന് വേണ്ടിയായിരുന്നു അവന്റെ ജീവിതം. അവന് എറ്റവും പ്രിയപ്പെട്ട സഹറിനെ മാതാപിതാക്കൾ വെറും രണ്ട് കോഴികൾക്ക് പകരമായി ആസാദിന് വിറ്റതോട് കൂടി അവൻ വീട് വിട്ടിറങ്ങുന്നു.

     എത്യോപ്യൻ അഭയാർത്ഥിയായ റാഹൽ ജയിലിലടയ്ക്കപ്പെടുമ്പോൾ സെയിൻ അവളുടെ പറക്കമുറ്റാത്ത പൈതലായ യോനസിന്റെ സഹോദരനായി മാറുകയും അവന് വേണ്ട അന്നവും അഭയവും നൽകുകയും ചെയ്യുന്നു. സ്വീഡനിലേക്ക് കുടിയേറാനുള്ള ശ്രമം നടത്തവേയാണ് തന്റെ പേരിൽ ഒരു തിരിച്ചറിയൽ രേഖ പോലും ഇല്ലെന്നുള്ള യാഥാർത്ഥ്യം അവൻ മനസ്സിലാക്കുന്നത്. താൻ ഈ ലോകത്ത് ജീവിച്ചിരിക്കുന്നു എന്നതിന് യാതൊരു വിധ തെളിവും അവശേഷിക്കുന്നില്ല എന്നുള്ള വസ്തുത സ്വന്തം മാതാപിതാക്കളോടുള്ള അവന്റെ ദേഷ്യം ഇരട്ടിപ്പിക്കുന്നേയുള്ളൂ.

     സാമൂഹ്യവ്യവസ്ഥിതിയും, ദാരിദ്ര്യവും, അധികാരവർഗ്ഗത്തിന്റെ പിടിപ്പുകേടുകളും ഒരു രാജ്യത്തെ ജനങ്ങളെ ഏതെല്ലാം വിധത്തിലാണ് ബാധിക്കുന്നത് എന്ന് കുട്ടികളുടെ കണ്ണിലൂടെ കാട്ടിത്തരികയാണ് ചിത്രം.

     സെയിൻ എന്ന് തന്നെ പേരുള്ള സിറിയൻ അഭയാർത്ഥി ബാലനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സെയിനിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചതാകട്ടെ ചിത്രത്തിന്റെ സംവിധായികയായ നദീൻ ലബാകിയും. തിരിച്ചറിയൽ കാർഡിന് വേണ്ടി ഫോട്ടോ എടുക്കുമ്പോഴുള്ള സെയിനിന്റെ വേദന കടിച്ചമർത്തിക്കൊണ്ടുള്ള കൃത്രിമ ചിരി പ്രേക്ഷകന്റെ മനസ്സിൽ വിങ്ങലായി മാറുന്നിടത്ത് ചിത്രമവസാനിക്കുന്നു.
  • രാജ്യം : ലെബനൻ 
  • ഭാഷ : ലെബനീസ് 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2018   
  • സംവിധാനം : നദീൻ ലബാകി

Archive

കോൺടാക്റ്റ് ഫോം

അയക്കുക