കോൺ-ടികി | Kon-Tiki

     നമ്മൾ തിരിച്ചറിഞ്ഞ വിശ്വസിക്കാൻ പ്രയാസമുള്ള വസ്തുതകൾ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ചിലർക്ക് ജീവിതകാലം മുഴുവൻ തന്റെ വാദം ശരിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ കഴിയാതെ വരും. തന്റെ കണ്ടെത്തൽ ഈ ലോകത്തെ ബോദ്ധ്യപ്പെടുത്തിയേ തീരൂ എന്ന ചിലരുടെ ഉറച്ച തീരുമാനമാകട്ടെ അവരെ പല സാഹസങ്ങളിലേക്കും നയിക്കുകയും ചെയ്യും.

     പോളിനേഷ്യക്കാരുടെ പൂർവ്വികർ ഏഷ്യക്കാരല്ല, മറിച്ച് പെറുവിൽ നിന്നും ഉള്ളവരാണ് എന്ന ഗവേഷണഫലത്തിനായി തോർ ചെലവാക്കിയത് തന്റെ ജീവിതത്തിലെ വിലപ്പെട്ട പത്ത് വർഷങ്ങളാണ്. അയാൾ അത് സ്ഥാപിക്കാനായി ശ്രമിച്ചപ്പോഴെല്ലാം അയാൾക്ക് നേരിടേണ്ടി വന്നത് അവഹേളനങ്ങൾ മാത്രമാണ്. പോളിനേഷ്യക്കാരുടെ ആചാരാനുഷ്ഠാനങ്ങൾക്ക് പെറുവിലെ ഗോത്രവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധമുണ്ടെന്ന തോറിന്റെ വാദത്തെ നരവംശ ശാസ്ത്രജ്ഞർ മുഖവിലയ്‌ക്കെടുത്തതേയില്ല. പോളിനേഷ്യക്കാരുടെ പൂർവ്വികർ ഏഷ്യക്കാരാണെന്ന ചരിത്രപുസ്തകങ്ങളിലെ തെറ്റ് തിരുത്താൻ അവർ തയ്യാറായതുമില്ല. 

     ഒടുവിൽ ഏത് വിധേനയും തന്റെ കണ്ടെത്തൽ സത്യമാണെന്ന് ലോകത്തെ അറിയിക്കണമെന്ന ചിന്ത അയാളെ നയിക്കുന്നത് വലിയൊരു സാഹസത്തിന് നിർബന്ധിതനാക്കുന്നു. നീന്തലറിയാത്ത തോർ നാല് സുഹൃത്തുക്കളോടൊപ്പം പെറുവിൽ നിന്ന് ശാന്തസമുദ്രത്തിലൂടെ അയ്യായിരം മൈൽ അകലെയുള്ള പോളിനേഷ്യയിലേക്ക് ബൽസാ മരം കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ യാത്ര തിരിക്കുകയാണ്. ചരിത്രപുസ്തകങ്ങളിലെ തെറ്റുകൾ തിരുത്താൻ തോറും കൂട്ടരും നടത്തുന്ന യാത്രയാണ് 'കോൺ-ടികി'യുടെ ഇതിവൃത്തം.

     ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ച് താനും കൂട്ടുകാരും ചേർന്ന് നടത്തിയ യാത്രയെക്കുറിച്ച് തോർ എഴുതിയ പുസ്തകത്തിന്റെ അമ്പത് മില്ല്യൺ കോപ്പികൾ വിറ്റഴിയപ്പെടുകയുണ്ടായി.
  • രാജ്യം : നോർവേ 
  • ഭാഷ : നോർവീജിയൻ 
  • വർഷം : 2012 
  • വിഭാഗം : ഹിസ്റ്റോറിക്കൽ ഡ്രാമ 
  • സംവിധാനം : ജോഷിം റോണിങ്ങ്,  എസ്പെൻ സാൻഡ്ബെർഗ് 

Archive

കോൺടാക്റ്റ് ഫോം

അയക്കുക