മൾഹോളണ്ട് ഡ്രൈവ് | Mulholland Drive

     മൾഹോളണ്ട് ഡ്രൈവ്  കാണുമ്പോൾ നമ്മളും ഒരു സ്വപ്നത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പിന്നീട് സിനിമ തീരും വരെ ആ സ്വപ്നത്തിൽ നിന്നും നമ്മൾ പൂർണ്ണമായും മോചിതരാവുന്നില്ല. ചിലപ്പോഴൊക്കെ നമ്മുടെ മനസ്സ് സ്വപ്നത്തിനും സത്യത്തിനുമിടയിൽ പെട്ട് ഉഴറുകയും ചെയ്യുന്നു. ചിലപ്പോൾ കഥാഗതി കൊണ്ട് അതിശയിപ്പിച്ചും മറ്റു ചിലപ്പോൾ പെട്ടന്ന് പിടി തരാത്ത കഥ കൊണ്ടും നമ്മെ അതിശയിപ്പിക്കുകയാണ് സംവിധായകനായ ഡേവിഡ് ലിഞ്ച്.

     നോൺ ലീനിയറായിട്ടാണ് കഥയുടെ സഞ്ചാരം. റീത്തയുടെയും ബെറ്റിയുടെയും ജീവിതം കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. കാറപകടത്തിൽ പരിക്കേറ്റ റീത്തയ്ക്ക് ഒന്നും തന്നെ ഓർമ്മയില്ല. താൻ ആരാണെന്ന് പോലും. അവളുടെ നഷ്ടപ്പെട്ട ഓർമ്മയും ജീവിതവും തിരിച്ച് പിടിക്കാൻ വേണ്ടി അവളെ സഹായിക്കാനെത്തുന്നത് ബെറ്റിയാണ്. റീത്തയ്ക്കും ബെറ്റിക്കും ഡയാനയെന്ന നടിയുമായുള്ള ബന്ധം കഥയ്ക്ക് പുതിയ തലം സമ്മാനിക്കുന്നു.

     പിന്നീടുള്ള കഥയുടെ സഞ്ചാരം ഡയാനയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. സിനിമാ മോഹവുമായാണ് ഡയാന ലോസ് ആഞ്ചലസിൽ എത്തിച്ചേരുന്നത്. ഡയാനയുടെ  ജീവിതപങ്കാളിയും സഹപ്രവർത്തകയുമായ കമീല ഡയാനയെ ഉപേക്ഷിച്ച് ഒരു സംവിധായകനൊപ്പം പുതുജീവിതമാരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു. തന്റെ വ്യക്തിജീവിതത്തിന്റെയും സിനിമാജീവിതത്തിന്റെയും നാശത്തിന് കമീല കാരണമാവുന്നു എന്ന തോന്നലിൽ ഡയാന കമീലയെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കുന്നു. ഡയാനയുടെ ജീവിതസാഹചര്യങ്ങൾ അവളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ ഡയാനയുടെ സ്വപ്നത്തിൽ ഒരു കഥ രൂപപ്പെടുന്നതിനും അതിൽ തന്റെ ജീവിതവുമായി ബന്ധമുള്ള ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാവുന്നു. എന്നാൽ സ്വപ്നം വിട്ടുണരുമ്പോൾ സ്വപ്നമേതെന്നും സത്യമേതെന്നും അറിയാത്ത നിലയിലേക്ക് ഡയാനയുടെ മനസ്സ് എത്തിച്ചേരുന്നു.

     പ്രേക്ഷകന്റെ ആകാംക്ഷയും മാനസികപിരിമുറുക്കവും കൂട്ടി മുന്നോട്ട് നീങ്ങുന്ന ചിത്രം പല ചോദ്യങ്ങൾക്കും ഉത്തരം തരാതെ പ്രേക്ഷകനെ കുഴക്കുകയും ചെയ്യുന്നുണ്ട്.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 2001
  • വിഭാഗം : മിസ്റ്ററി ത്രില്ലർ
  • സംവിധാനം : ഡേവിഡ് ലിഞ്ച്

Archive

കോൺടാക്റ്റ് ഫോം

അയക്കുക