മസ്റ്റാങ്ങ് | Mustang
തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പുരുഷാധിപത്യത്തിന് കീഴിൽ അടിയറ വെച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മറ്റൊരാളായി അഭിനയിച്ച് ജീവിക്കേണ്ടി വരുന്ന വെക്കേണ്ടി വരുന്ന സ്ത്രീജീവിതങ്ങളുടെ നേർക്കാഴ്ചയാണ് മസ്റ്റാങ്ങ് എന്ന ടർക്കിഷ് ചിത്രം. ആൺ മേൽക്കോയ്മയുടെ ഹുങ്ക് സ്ത്രീകളുടെ തീർത്തും വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോലും നിർലജ്ജം ചെന്ന് കയറുന്നത് കാണാം ചിത്രത്തിൽ. അവളുടെ ഇഷ്ടാനിഷ്ടങ്ങൾ, വിവാഹം തുടങ്ങിയ സകല കാര്യങ്ങളെക്കുറിച്ചും തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും അവളല്ല, അവനാണ്...
അദ്ധ്യയന വർഷത്തിന്റെ അവസാന നാൾ ആൺകുട്ടികളോടൊപ്പം കടലിൽ കളിക്കുകയും ഒരു തോട്ടത്തിൽ നിന്ന് ആപ്പിൾ മോഷ്ടിക്കുകയും ചെയ്യുന്നതോടെ മാതാപിതാക്കളില്ലാത്ത അഞ്ച് സഹോദരിമാർ സമൂഹത്തിന്റെ മുന്നിൽ 'ചീത്ത സ്വഭാവമുള്ളവരാ'യി മാറുന്നു. അമ്മാവന്റെയും മുത്തശ്ശിയുടെയും തണലിൽ കഴിയുന്ന അവരുടെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവവികാസങ്ങൾ അവർ അഞ്ചു പേരുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മക്കളെ പെറ്റുവളർത്താനും ശാരീരിക സുഖങ്ങൾക്കും വേണ്ടി മാത്രമുള്ളവളാണ് സ്ത്രീ എന്നുള്ള സമൂഹത്തിൽ തളം കെട്ടി നിൽക്കുന്ന പുരുഷാധിപത്യ അബദ്ധചിന്തകളെ സിനിമയുടെ തുടക്കം മുതൽ തുറന്ന് കാണിക്കുന്നുണ്ട് സംവിധായകൻ. അമ്മാവനും മുത്തശ്ശിയും കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവരെ വീട്ടുതടങ്കലിൽ ആക്കുന്നത് അവരെ ഭാര്യാപദവി അലങ്കരിക്കുന്നതിനുള്ള പാഠങ്ങൾ പഠിപ്പിക്കാൻ വേണ്ടിയാണ്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു വിധ ചിന്തയുമില്ലാതെ തീരുമാനങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നത് കാണാം.
നിറങ്ങളേയും പാശ്ചാത്യ വസ്ത്രധാരണരീതികളെയും സ്നേഹിക്കുന്ന കുട്ടികൾക്ക് മുതിർന്നവരുടെ തീരുമാനഫലമായി ശരീരം ഏറെക്കുറെ മുഴുവനായും മറച്ച വസ്ത്രങ്ങളിൽ ശ്വാസം മുട്ടി കഴിയേണ്ടി വരുന്നുണ്ട്. ചോരപ്പാടുകൾ വീഴാത്ത കിടക്കവിരിപ്പ് നവവധുവിനെ സംശയത്തിന്റെ നിഴലിലാക്കുന്നതും അവൾ കന്യകാത്വ പരിശോധന നേരിടേണ്ടി വരുന്നതും തുർക്കിയിലെന്ന പോലെ പല നാടുകളിലും സ്ത്രീകൾക്കെതിരെ ഇന്നും നിലനിൽക്കുന്ന ക്രൂരമായ അനാചാരങ്ങളിൽ ഒന്ന് മാത്രമാണ്.
രണ്ട് പെൺകുട്ടികൾ കിടക്കയിൽ സ്വിം സ്യൂട്ട് ധരിച്ച് നീന്തുന്ന രംഗം എത്രമാത്രം സിമ്പോളിക്ക് ആയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് നോക്കൂ. മൂന്നാമത്തെ പെൺകുട്ടിയുടെ മരണം അമ്മാവന്റെ അമ്മാവന്റെ പീഢനം കൊണ്ടാണെന്ന അവ്യക്തമായ സൂചനകൾ ചിത്രം പങ്കുവെയ്ക്കുന്നുമുണ്ട്. ഫുട്ബോൾ കളി കാണാൻ വേണ്ടിയുള്ള പെൺകുട്ടികളുടെ യാത്ര ഓഫ് സൈഡ് എന്ന ഇറാനിയൻ സിനിമയെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. തികച്ചും പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾക്ക് നഷ്ടപ്പെടുന്ന ഇടങ്ങളുടെ സത്യസന്ധമായ ദൃശ്യാവിഷ്കരണമാണ് ഈ ടർക്കിഷ് ചലചിത്രം.
- രാജ്യം : തുർക്കി/ഫ്രാൻസ്
- ഭാഷ : ടർക്കിഷ്
- വിഭാഗം : ഡ്രാമ
- വർഷം : 2019