ദ ഇൻസൾട്ട് | The Insult

     തികച്ചും സാധാരണക്കാരായ രണ്ട് വ്യക്തികൾ തമ്മിലുണ്ടായ നിസ്സാര തർക്കം രാജ്യാന്തര തലത്തിലുള്ള സംഘർഷങ്ങൾക്ക് വഴി തുറക്കുന്നതെങ്ങനെയാണെന്ന് കാണിച്ചു തരികയാണ് 'ദ ഇൻസൾട്ട്' എന്ന കോർട്ട് റൂം ഡ്രാമ. പാലസ്തീനിയൻ അഭയാർത്ഥികൾ അയൽരാജ്യങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളുടെ നേർക്കാഴ്ചയായി ചിത്രം മാറുന്നതോടൊപ്പം സ്വന്തം നാട്ടിൽ നിന്നും കുടിയിറക്കപ്പെട്ടവന്റെ വേദനയും പങ്കു വെയ്ക്കുന്നു.

     പാലസ്തീൻ  അഭയാർത്ഥിയാണ് യാസിർ. ലെബനീസ് ക്രിസ്ത്യനായ ടോണിയാകട്ടെ  സ്വന്തം ആഭ്യന്തര യുദ്ധത്താൽ സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവനും. ഒരു നാൾ ടോണിയുടെ വീട്ടിലെ മലിന ജലം യാസിറിന്റെ ദേഹത്ത് വീഴുകയാണ്. അതിനെത്തുടർന്ന് അവർ തമ്മിലുണ്ടായ വാഗ്വാദം കയ്യാങ്കളിയിലേക്കും നിയമനടപടികളിലേക്കും നയിക്കുന്നു. ടോണിക്കൊപ്പം ഒരഭിഭാഷകനും യാസറിനൊപ്പം ആ അഭിഭാഷകന്റെ മകളും നിലയുറപ്പിക്കു‌ന്നതോട് കൂടി നിയമപോരാട്ടം കനക്കുകയും രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുകയും ചെയ്യുന്നു.

     ചെറിയ ഒരു സാമുദായിക പ്രശ്നം ഉണ്ടാവുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് ആ പ്രശ്നത്തെ ആളിക്കത്തിക്കു‌കയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും യാഥാർത്ഥ നിറം എല്ലാ രാജ്യങ്ങളിലും ഒന്നു തന്നെയാണെന്ന് പറഞ്ഞുവെക്കുന്നുണ്ട് ചിത്രം. വംശീയതയെയും വൈരാഗ്യത്തെയും മറികടന്ന് ഒടുവിൽ മാനവികത വിജയം നേടുന്നത് കാണിച്ചു ചിത്രം ഓസ്കാർ നോമിനേഷൻ നേടുകയുണ്ടായി.
  • രാജ്യം : ലെബനൻ
  • ഭാഷ : ലെബനീസ്
  • വർഷം : 2017 
  • വിഭാഗം : കോർട്ട് റൂം ഡ്രാമ
  • സംവിധാനം : സിയാദ് ദൗറി

Archive

കോൺടാക്റ്റ് ഫോം

അയക്കുക