എ സെപ്പറേഷൻ | A Seperation

     തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാനായി വിദേശത്തേക്ക് പറക്കാനൊരുങ്ങുന്ന ഭാര്യയുടേയും അൽഷിമേഴ്സ് ബാധിതനായ തന്റെ അച്ഛനെ പരിചരിക്കാനായി ഭാര്യ സ്വദേശത്ത് തന്നെ നിൽക്കണം എന്നാഗ്രഹിക്കുന്ന ഭർത്താവിന്റെയും പിടിവാശി അവരുടെ പതിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തെ വേർപ്പിരിയലിന്റെ വക്കിൽ എത്തിക്കുന്നിടത്തു നിന്നാണ് 'എ സെപ്പറേഷൻ' എന്ന ഇറാനിയൻ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ കഥ പക്ഷേ ഇവരിലേക്ക് മാത്രമായി ഒതുങ്ങുന്നില്ല. അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന പലരിലേക്കും ക്യാമറക്കണ്ണുകൾ ചലിക്കുന്നു.

     അൽഷിമേഴ്സ് ബാധിതനായ അച്ഛനെ പരിചരിക്കേണ്ടത് തന്റെ കടമയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് നാദർ. അതുകൊണ്ട് തന്നെ ഭാര്യയായ സിമിന്റെ കൂടെ വിദേശത്തേക്ക് പോകുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ സിമിൻ തന്റെ വാശിയിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. പതിനൊന്നു വയസ്സുകാരിയായ മകളും അവർക്കിടയിലുണ്ട്.

     നാദർ തന്റെ പിതാവിന്റെ പരിചരണത്തിന് വേണ്ടി റസിയ എന്ന് പേരായ ഒരു സ്ത്രീയെ നിയോഗിച്ചിട്ടുണ്ട്. ഗർഭിണിയായ അവൾ അഞ്ചു വയസ്സുകാരിയായ തന്റെ മകളോടൊത്താണ് നാദറിന്റെ വീട്ടിലെത്തുന്നത്. മതപരമായ കാരണങ്ങളാൽ നാദറിന്റെ അച്ഛന്റെ ശരീരം വൃത്തിയാക്കുവാനും മറ്റും അവൾ മടിക്കുന്നു. ഇതിനേത്തുടർന്ന് ആ ജോലി തന്റെ ഭർത്താവായ ഹൗജത്തിനെക്കൊണ്ട് ചെയ്യിക്കാൻ അവൾ നിർബന്ധിതയാവുന്നു. പക്ഷേ ഹൗജത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇതിനേത്തുടർന്ന് റസിയ അർദ്ധമനസ്സോടെ ജോലിക്ക് വരികയും ചെയ്യുന്നു.

     ഒരു നാൾ നാദറിന്റെ അച്ഛനെ തനിച്ചാക്കി റസിയ പുറത്ത് പോകുന്നു. വീട്ടിലെത്തിയ നാദിർ കാണുന്നത് മരണാസന്നനായി കിടക്കുന്ന അച്ഛനെയാണ്. കുപിതനായ നാദർ അതിനുള്ള പ്രതികാരമെന്നവണ്ണം ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി റസിയയെ വീട്ടിൽ നിന്നും പുറത്താക്കുകയാണ് ചെയ്യുന്നത്. തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത നാദറിന്റെ പ്രവൃത്തി റസിയയെ കുപിതയാക്കുന്നു. എന്നാൽ നാദർ റസിയയെ പിടിച്ചു തള്ളി വാതിലടയ്ക്കുമ്പോൾ റസിയ വീഴുകയും ആ വീഴ്ചയിൽ അവളുടെ ഗർഭമലസിപ്പോവുകയും ചെയ്യുന്നു. ഇതിനേത്തുടർന്ന് റസിയയും ഹൗജത്തും നാദറിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് ഫയൽ ചെയ്യുന്നു.

     ഒരേ സമയം വിവാഹമോചനത്തിനും കൊലപാതകക്കുറ്റത്തിനുമുള്ള വിചാരണകൾ നേരിടുകയാണ് നാദർ. തുടർന്നങ്ങോട്ട് നാദർ, സിമിൻ, റസിയ, ഹൗജത്ത് എന്നിവരുടെ ജീവിതത്തിൽ നടക്കുന്ന പല സുപ്രധാന സംഭവവികാസങ്ങൾക്കും കോടതിമുറി സാക്ഷ്യം വഹിക്കുന്നു. വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുകയാണെങ്കിലും തന്റെ ഭർത്താവിന്റെ ജീവിതത്തിലെ ആപത്ഘട്ടത്തിൽ സഹായഹസ്തവുമായി എത്തുന്ന സിമിൻ, ഭർത്താവിന്റെ ആജ്ഞകളെല്ലാം അതേ പടി അംഗീകരിക്കേണ്ടി വരുന്ന റസിയ, മാതാപിതാക്കളുടെ കലഹത്തിനിടയിലും സ്നേഹം പങ്കു വെക്കുന്ന രണ്ട് കുടുംബങ്ങളിലേയും കുഞ്ഞുങ്ങൾ എന്നിങ്ങനെയുള്ള കതാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഈ ചിത്രം. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയുമുള്ള ഓരോ സംഭവങ്ങളുടേയും ന്യായാന്യായങ്ങൾ പ്രേക്ഷകർക്ക് തീരുമാനിക്കാനായി വിട്ടു കൊടുക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.

     ഇറാൻ പോലൊരു രാജ്യത്ത് സമൂഹത്തിലെ എല്ലാ തുറകളിലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അസമത്വം, സാമത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അധികാരവർഗ്ഗത്തിൽ നിന്നുണ്ടാകുന്ന അവഗണനകൾ, മാതാപിതാക്കളുടെ തെറ്റുകൾക്ക് കുഞ്ഞുങ്ങൾ അനുഭവിക്കുന്ന യാതനകൾ എന്നിങ്ങനെ സാമൂഹ്യപ്രാധാന്യമർഹിക്കുന്ന പല വിഷയങ്ങളും സംവിധായകൻ ഈ ചിത്രത്തിലൂടെ നമ്മോട് പങ്കു വെയ്ക്കുകയും അദ്ദേഹം അതിൽ വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു.

     അന്തർദ്ദേശീയ തലത്തിൽ നിരവധി ബഹുമതികൾ വാരിക്കൂട്ടിയ ഈ ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള‌ 2012 ലെ  ഓസ്കാർ പുരസ്കാരത്തിന് അർഹമാവുകയും അതുവഴു ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ ഇറാനിയൻ ചിത്രം എന്ന ഖ്യാതി നേടുകയും ചെയ്തു. ഫയർ വർക്ക്സ് വെനസ്ഡേ, എബൗട്ട് എല്ലി തുടങ്ങിയ സിനിമകളുടെ സംവിധായകനായ അസ്ഗർ ഫർഹാദിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
  • രാജ്യം : ഇറാൻ
  • ഭാഷ : പേർഷ്യൻ
  • വർഷം : 2011
  • വിഭാഗം : ഡ്രാമ
  • സംവിധാനം : അസ്ഗർ ഫർഹാദി

Archive

കോൺടാക്റ്റ് ഫോം

അയക്കുക