November 22, 2014

സത്യജിത് റേയുടെ സിനിമകളിലൂടെ-ഭാഗം രണ്ട്
              നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന, ഇന്നും നിലനിന്നു പോരുന്ന 'ആള്‍ദൈവം' എന്ന അന്ധവിശ്വാസത്തിനെതിരായിരുന്നു 1960ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രം. പലരും ഇന്നും കൈകാര്യം ചെയ്യാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യുന്ന ഒരു വിഷയമാണ് അഞ്ച് ദശകങ്ങള്‍ക്ക് മുമ്പ് സത്യജിത് റേ തന്റെ സിനിമയ്ക്കായി തിരഞ്ഞെടുത്തത് എന്ന കാര്യം കൂടി നാം ഓര്‍മ്മിക്കണം. അപുര്‍ സന്‍സാര്‍ എന്ന ചിത്രത്തിലേതു പോലെ  സൗമിത്ര ചാറ്റര്‍ജിയും, ഷര്‍മ്മിള ടാഗോറുമാണ് ഈ ചിത്രത്തിലെയും നായികാനായകന്മാര്‍. ജല്‍സാഘര്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഛബി ബിശ്വാസും ഇതില്‍ ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

              ബംഗാളിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടുത്തെ ഗ്രാമപ്രമുഖരിലൊരാളാണ്‌  ഛബി ബിശ്വാസ് അവതരിപ്പിക്കുന്ന കാളികിങ്കര്‍ റോയ്. പേരിനെ അന്വര്‍ത്ഥമാക്കും വിധം കടുത്ത കാളീഭക്തനാണ് അദ്ദേഹം. വിഭാര്യനായ അദ്ദേഹത്തിന്റെ കൂടെ രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും താമസിക്കുന്നുണ്ട്.

             ഇളയ മകനായ ഉമാപ്രസാദ് (സൗമിത്ര ചാറ്റര്‍ജി) ഭാര്യയായ ദയാമയിയെ(ഷര്‍മ്മിള ടാഗോര്‍) വീട്ടിലാക്കി കല്‍ക്കത്തയിലേക്ക് പരീക്ഷ എഴുതാനായി പോകുന്നു. ആ സമയത്താണ് കാളികിങ്കര്‍ റോയ് തന്റെ മരുമകളായ ദയാമായി ദേവിയാണെന്ന് സ്വപ്നം കാണുന്നത്. തുടര്‍ന്ന് ദയാമായി ദേവിയായി അവരോധിക്കപ്പെടുന്നു. ഒരു കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കുക കൂടി ചെയ്തതോടെ ആ വിശ്വാസത്തിന് ബലം വയ്ക്കുകയും കൂടുതല്‍ ആളുകള്‍ ഭക്തിപൂര്‍വ്വം ദയാമയിയെ കാണാന്‍ അവിടേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു.

              കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചു വന്ന ഉമാപ്രസാദ് ഈ വിവരങ്ങളറിഞ്ഞ് തീര്‍ത്തും നിരാശനാകുന്നുണ്ടെങ്കിലും ഭാര്യയെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നു. എന്നാല്‍ താന്‍ ദേവിയാണെന്ന് സ്വയം വിശ്വസിക്കുന്ന ഭാര്യയെയാണ് പിന്നീട് ഉമാപ്രസാദിന് കാണാനാവുക. ഒരു കുരുന്നു ജീവന്‍ ദയാമയിയുടെ കയ്യില്‍ കിടന്ന് പൊലിയുക കൂടി ചെയ്യുന്നതോടെ ദയാമയി മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുകയും അവിടം വിട്ടുപോകുകയും ചെയ്യുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു. ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ഷര്‍മ്മിള ടാഗോര്‍, ഛബി ബിശ്വാസ് എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.


      പോസ്റ്റ് മാസ്റ്റര്‍, മോനിഹാര, സമ്പതി എന്നീ ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു ആന്തോളജി സിനിമയായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. പേര് സൂചിപ്പിക്കും പോലെ പെണ്‍കുട്ടികളാണ് മൂന്ന് ഹ്രസ്വ ചിത്രങ്ങളിലേയും കേന്ദ്രകഥാപാത്രങ്ങള്‍. രബീന്ദ്ര നാഥ് ടാഗോര്‍ രചിച്ച കഥകളാണ് ഈ ചിത്രങ്ങളുടെ സൃഷ്ടിക്ക് ആധാരമായിത്തീര്‍ന്നത്.               ബംഗാളിലെ ഒരു ഗ്രാമത്തിലേക്ക് നന്ദലാല്‍ എന്ന് പേരായ ഒരു യുവാവ് പോസ്റ്റ്‌മാസ്റ്റര്‍ ആയി ജോലിക്കെത്തുന്നു. അനില്‍ ചാറ്റര്‍ജിയാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. താമസിക്കുന്നിടത്ത് അയാളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് രത്തന്‍(ചന്ദന ബാനര്‍ജി) എന്ന് പേരായ ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ഗ്രാമത്തിലെ അന്തരീക്ഷം നന്ദലാലിന് തീരെ ഇഷ്ടപ്പെടുന്നില്ല. നേരമ്പോക്കിനായി അയാള്‍ രത്തനെ എഴുതാനും വായിക്കനുമെല്ലാം പഠിപ്പിക്കുന്നു. രത്തനാകട്ടെ നന്ദലാലിനെ വളരെ ഇഷ്ടമാണ്.

            നന്ദലാല്‍ രോഗബാധിതനായി കിടക്കുന്ന സമയത്ത് ശുശ്രൂഷിക്കുന്നതും രത്തന്‍ തന്നെയാണ്. പെട്ടന്നൊരുനാള്‍ ഗ്രാമത്തിലെ സേവനം അവസാനിപ്പിച്ച് നന്ദലാല്‍ മടങ്ങുകയാണെന്നറിയുമ്പോള്‍ രത്തന്‍ അതീവ ദുഖിതയാവുന്നു. പോകുന്നേരം കുറച്ച് പണം അവള്‍ക്ക് നന്ദലാല്‍ നല്‍കുന്നുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ അവളുടെ ആത്മാഭിമാനം സമ്മതിക്കുന്നില്ല. രത്തന്റെ നിഷ്കളങ്കമായ സ്നേഹത്തിന് വിലയിടുക വഴി താന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് തിരിച്ചറിഞ്ഞ ആ പണവുമായി നന്ദലാല്‍ നടന്നു നീങ്ങുന്ന രംഗത്തോടു കൂടി ചിത്രം അവസാനിക്കുന്നു.               കുട്ടിത്തം വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിക്ക് വിവാഹാനന്തരം ഉണ്ടാകുന്ന മാറ്റങ്ങളാണ് സമ്പതി എന്ന ചിത്രത്തിന്റെ ഇതിവൃത്തം. അമൂല്യ (സൗമിത്ര ചാറ്റര്‍ജി) എന്ന യുവാവ് പഠനം പൂര്‍ത്തിയാക്കി നഗരത്തില്‍ നിന്നും ഗ്രാമത്തില്‍ തിരിച്ചെത്തുകയാണ്. അയാള്‍ അമ്മ കണ്ടെത്തിയ കുട്ടിയെ വിവാഹം കഴിക്കാതെ മൃണ്‍മയി (അപര്‍ണ സെന്‍) എന്നു പേരായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. അവളാകട്ടെ പ്രായത്തിനനുസരിച്ച് പക്വതയില്ലാത്തവളും കുട്ടിത്തം വിട്ടുമാറാത്തവളുമാണ്. ആദ്യരാത്രിയില്‍ ഭര്‍തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് ഊഞ്ഞാലാടാനാണ് അവള്‍ പോകുന്നത്.

                തുടര്‍ന്ന് അമൂല്യ മൃണ്‍മയിയെ അവളുടെ അമ്മയുടെ വീട്ടിലാക്കി നഗരത്തിലേക്ക് തിരികെ പോകുന്നു. അതിനു ശേഷം മാത്രമാണ് താന്‍ എത്രത്തോളം ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്ന സത്യം അവള്‍ മനസ്സിലാക്കുക. മൃണ്‍മയി രോഗിണിയാണെന്ന് കത്തെഴുതി അമൂല്യയെ തിരികെ വരുത്തുകയും ഒടുവില്‍ അവര്‍ ഒന്നിക്കുകയും ചെയ്യുന്നതോടു കൂടി കഥ പൂര്‍ണ്ണമാവുന്നു.


             പോസ്റ്റ് മാസ്റ്റര്‍, സമ്പതി എന്നീ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മോനിഹാര. ആദ്യ രണ്ട് ചിത്രങ്ങള്‍ റിയലിസ്റ്റിക്കാണെങ്കില്‍ ഇത് അല്‍പ്പം ഫാന്റസി കൂടിക്കലര്‍ന്നതാണ്. 'നഷ്ടപ്പെട്ട ആഭരണങ്ങള്‍' എന്നാണ് മോനിഹാര എന്ന പദത്തിനര്‍ത്ഥം. ഒരു പടവിലിരുന്ന് ഒരാള്‍ കറുത്ത പുതപ്പ്‌ കൊണ്ട് തല മൂടിയ മറ്റൊരാള്‍ക്ക് കഥ പറഞ്ഞു കൊടുക്കുകയാണ്. ഫണിഭൂഷന്‍(കലി ബാനര്‍ജി) എന്ന് പേരായ ഒരാളുടേയും അയാളുടെ ഭാര്യയായ മണിമാളികയുടേയും(കനിക മുജുംദാര്‍) കഥയാണത്. മണിമാളിക വളരെയധികം ആഭരണഭ്രമം ഉള്ളവളാണ്. കൂടാതെ ഭര്‍ത്താവ് തനിക്ക് വാങ്ങിത്തന്ന ആഭരണങ്ങളെല്ലാം ഭര്‍ത്താവ് തന്നെ തിരികെ വാങ്ങുമോ എന്ന ഭയവും അവര്‍ക്കുണ്ട്. ഒരിക്കല്‍ അതറിയാനായി ഒരു പരീക്ഷണം നടത്തുകയും ആഭരണങ്ങള്‍ വില്‍ക്കാനുള്ള ഭര്‍ത്താവിന്റെ ആഗ്രഹം കാണുമ്പോള്‍ അവര്‍ ഭ്രാന്തമായി പെരുമാറുകയും ചെയ്യുന്നുണ്ട്.

    
             ഭര്‍ത്താവ് അടുത്തില്ലാത്ത ഒരു ദിവസം മണിമാളിക ആഭരണങ്ങളുമായി സ്വന്തം വീട്ടിലേക്ക് യാത്രയാവുന്നു. ഭര്‍ത്താവ് തിരികെ വരുമ്പോള്‍ ഭാര്യയേയും അഭരണങ്ങളും കാണാതെ പരിഭ്രമിക്കുന്നു. പിന്നീട് ഫണിഭൂഷന്‍ കാണുന്നത് ഭാര്യയുടെ പ്രേതത്തെയാണ്. അസ്ഥികൂടത്തിന്റെ രൂപത്തിലുളള ഭാര്യ അപ്പോഴും ഭര്‍ത്താവ് ഒടുവില്‍ കൊണ്ട് വന്ന ആഭരണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭാര്യയുടെ ആഭരണഭ്രമത്തിന്റെ മൂര്‍ദ്ധന്ന്യാവസ്ഥയാണ് സംവിധായകന്‍ എടുത്തു കാണിക്കുന്നത്.

              കഥ പറഞ്ഞ ശേഷം കറുത്ത പുതപ്പ്‌ കൊണ്ട് തല മൂടിയ ആള്‍ തനിക്ക് കഥ ഇഷ്ടമായെന്നും എന്നാല്‍ ഇതില്‍ ചില തെറ്റുകള്‍ ഉണ്ടെന്നും പറഞ്ഞു കൊണ്ട് അപ്രത്യക്ഷനാകുന്നു. ഭര്‍ത്താവിന്റെ പ്രേതത്തോടാണ് താന്‍ ഇത്രയും സമയം കഥ പറഞ്ഞത് എന്ന ബോദ്ധ്യം അപ്പോള്‍ മാത്രമാണ് കഥ പറഞ്ഞ ആള്‍ക്ക് ഉണ്ടാവുക.                റേയുടെ ആദ്യ കളര്‍ ചിത്രമാണ് 1962 ല്‍ പുറത്തിറങ്ങിയ കാഞ്ചന്‍ജംഗ. ഇന്ദ്രനാഥ് റോയ് എന്ന ധനിക വ്യവസായിയേയും അയാളുടെ കുടുംബത്തേയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

               ഇന്ദ്രനാഥ് റോയിയും കുടുംബവും വെക്കേഷന്‍ ചിലവഴിക്കാനായി ഡാര്‍ജിലിംഗില്‍ എത്തിയിരിക്കുകയാണ്. വെക്കേഷന്റെ അവസാന ദിനമാണ് സിനിമ ആരംഭിക്കുന്നത്. ഇന്ദ്രനാഥ് റോയ് തന്റെ ഇളയ മകളായ മോനിഷയ്ക്ക് (അളകനന്ദ റേ) ബാനര്‍ജി (എന്‍.വിശ്വനാഥന്‍) എന്നു പേരായ ഒരാളെ വരനായി നിശ്ചയിക്കുന്നു. എന്നാല്‍ തന്റെ മകളുടെയോ മറ്റുള്ളവരുടെയോ അക്കാര്യത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടും ബോധവാനല്ല. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവസവിശേഷതകള്‍ അനാവരണം ചെയ്യുന്നതില്‍ റേ പ്രത്യേക ശ്രദ്ധ ചെലുത്തിയിരിക്കുന്നു. ഭര്‍ത്താവിന്റെ തീരുമാനങ്ങള്‍ക്ക് എതിര് നില്‍ക്കാത്തവളാണ് ഇന്ദ്രനാഥ് റോയിയുടെ ഭാര്യയായ ലാബണ്യ (കരുണ ബാനര്‍ജി). അദ്ദേഹത്തിന്റെ മകനും, മൂത്ത മകളും, മകളുടെ ഭര്‍ത്താവുമെല്ലാം ചിത്രത്തിന്റെ കഥാഗതിയില്‍ ഇടം പിടിക്കുന്നുണ്ട്.

            അതിനിടെ അവിചാരിതമായി അശോക്‌ (അരുണ്‍ മുഖര്‍ജി) എന്ന് പേരായ ഒരു യുവാവ് അയാളുടെ അമ്മാവനോടൊപ്പം അവര്‍ക്കിടയിലേക്ക് വരുന്നു. എടുത്തു പറയത്തക്ക ഒരു കഥ ഈ ചിത്രത്തില്‍ ഇല്ല. കഥാപാത്രങ്ങള്‍ തമ്മിലുള്ള നീണ്ട സംഭാഷണങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഡാര്‍ജിലിംഗിന്റെ വശ്യസൗന്ദര്യം പരമാവധി ഒപ്പിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത് കാണാം.


             താരാശങ്കര്‍ ബന്ദോപാധ്യായ രചിച്ച 'അഭിയാന്‍' എന്ന് തന്നെ പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് റേ ഈ ചിത്രമൊരുക്കിയത്. സത്യജിത് റേയുടെ ഇഷ്ട നടനായ സൗമിത്ര ചാറ്റര്‍ജിയാണ്‌ ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗമിത്ര ചാറ്റര്‍ജിയോടൊപ്പം വഹീദ റഹ്മാന്‍, ചാരുപ്രകാശ് ഘോഷ്, ജ്ഞാനേഷ് മുഖര്‍ജി തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു.

        രജപുത്ര കുടുംബത്തില്‍ പെട്ട ഒരു യുവാവാണ് സൗമിത്ര ചാറ്റര്‍ജി അവതരിപ്പിച്ച കഥാപാത്രമായ 'സിംഗ് ജി' എന്ന് വിളിപ്പേരുള്ള നര്‍ സിംഗ്. പഴയ ഒരു ക്രൈസ്ലര്‍ കാറിന്റെ ഉടമയാണ് നര്‍ സിംഗ്. അക്കാര്യത്തില്‍ അയാള്‍ അഭിമാനം കൊള്ളുന്നുമുണ്ട്‌. സുഖറാം എന്ന് പേരായ ഒരു വ്യവസായിയെ നര്‍ സിംഗ് പരിചയപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അയാള്‍ തന്റെ ബിസിനസ്സില്‍ നര്‍ സിംഗിനെ പങ്കാളിയാക്കാമെന്ന് പറയുകയും ആയാള്‍ അത് സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ നിയമവിരുദ്ധമായ പല കാര്യങ്ങള്‍ക്കും നര്‍ സിംഗിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു.

         നീലി (രുമ ഗുഹ), ഗുലാബി (വഹീദ റഹ്മാന്‍) എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ചതുഷ്കോണ പ്രണയത്തിനും ചിത്രം സാക്ഷ്യം വഹിക്കുന്നു. നീലിയോട് നര്‍ സിംഗിന് പ്രണയം തോന്നുന്നുണ്ടെങ്കിലും അവള്‍ ആ പ്രണയം നിരസിക്കുകയും മറ്റൊരാളുമായി തനിക്കുള്ള അടുപ്പം തുറന്നു പറയുകയും ചെയ്യുന്നുണ്ട്. വേശ്യായ ഗുലാബിക്കാകട്ടെ നര്‍ സിംഗിനോട് പ്രണയം തോന്നുകയും ചെയ്യുന്നു.

     ചിത്രത്തില്‍ എടുത്തു പറയേണ്ടത് സൗമിത്ര ചാറ്റര്‍ജിയുടെ അഭിനയം തന്നെയാണ്. അദ്ദേഹം അതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഈ ചിത്രത്തിലേത്. റേ അത് മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. പില്‍ക്കാലത്ത് പ്രശസ്തയായിത്തീര്‍ന്ന വഹീദ റഹ്മാന്‍ എന്ന അഭിനേത്രിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നു കൂടിയാണ് അഭിയാന്‍ എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

തുടരും....

8 comments:

 1. റേ- ഇന്‍ഡ്യന്‍ സിനിമയുടെ പ്രകാശരശ്മി

  നല്ല ലേഖനം, സംഗീത്!

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ...

   Delete
 2. ലോക സിനിമയ്ക്കു ഇന്ത്യയുടെ സംഭാവന...
  :)
  നല്ല ലേഖനം.... (y)

  ReplyDelete
  Replies
  1. താങ്ക്സ് മെല്‍വിന്‍...

   Delete
 3. സത്യജിത്ത് റേ എന്ന മഹാനായ വ്യക്തിയെയും, അതുവഴി ഇന്ത്യൻ സിനിമയേയും പരിചയപ്പെടാൻ ഉതകുന്ന നല്ല ലേഖനം...

  ReplyDelete