November 30, 2014

ജാഫര്‍ പനാഹിയുടെ സിനിമകളിലൂടെ... ഭാഗം-1

                  ഇറാനിയന്‍ നവതരംഗ സിനിമാപ്രസ്ഥാനത്തിന്റെ വക്താക്കളില്‍ മുന്‍നിരക്കാരിലൊരാളാണ് ജാഫര്‍ പനാഹി. 1960 ജൂലൈ 11ന് ഇറാനിലെ മിയാനെയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാന് വേണ്ടി ആര്‍മി ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നത്. തന്റെ യുദ്ധാനുഭവങ്ങള്‍ അദ്ദേഹം ഒരു ഡോക്യുമെന്ററിയായി ചിത്രീകരിച്ചു. സൈനിക സേവനം അവസാനിപ്പിച്ച ശേഷം അദ്ദേഹം സിനിമാപഠനത്തിനായി 'ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിവേഴ്സിറ്റി'യില്‍ ചേര്‍ന്നു. കലാലയ ജീവിതത്തിന് ശേഷം ചില ഡോക്യുമെന്ററികള്‍  അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുകയുണ്ടായി. അതോടൊപ്പം കംബോസിയ പാര്‍ടോവി, അബ്ബാസ് കിയാരൊസ്തമി തുടങ്ങിയ സംവിധായക പ്രതിഭകളുടെ കൂടെ സഹ സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഥമ ചിത്രം 1995-ല്‍ പുറത്തിറങ്ങിയ 'ദ വൈറ്റ് ബലൂണ്‍' ആയിരുന്നു. വന്‍ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ഈ ചിത്രം കാന്‍സ്‌ ചലച്ചിത്രോത്സവത്തില്‍ വെച്ച്  'ഗോള്‍ഡന്‍ ക്യാമറ' പുരസ്കാരത്തിന് അര്‍ഹമായി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാനും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. സംവിധാനം, നിര്‍മ്മാണം, തിരക്കഥാരചന, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഇറാനില്‍ നില നിന്നു പോരുന്ന സ്ത്രീ പുരുഷ അസമത്വത്തിനും കാലഹരണപ്പെട്ട നിയമങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്താന്‍ തന്റെ സിനിമകളിലൂടെ അദ്ദേഹം ശ്രമിച്ചു. രാജ്യത്തിനും, ഗവണ്‍മെന്റിനും എതിരാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലതും  ഇറാനില്‍ ബാന്‍ ചെയ്യുകയും 2010 ഡിസംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കോടതി അദ്ദേഹത്തെ ആറ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൂടാതെ ഇരുപത് വര്‍ഷത്തേക്ക് സിനിമ ചെയ്യാനോ, തിരക്കഥയെഴുതാനോ, പത്രക്കാര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാനോ, രാജ്യം വിട്ട് പുറത്ത് പോകാനോ അദ്ദേഹത്തിന് അനുവാദമില്ല.           കഥയിലെയും കാഴ്ചയിലെയും ലാളിത്യം തന്നെയാണ് ഇറാനിയന്‍ സിനിമകളുടെ പ്രത്യേകത. അവ പലപ്പോഴും ജീവിതവുമായി വല്ലാതെ ചേര്‍ന്നു നില്‍ക്കുന്നവയുമാണ്. അത്തരത്തിലുള്ള ലളിത സുന്ദരമായൊരു ചിത്രമാണ് ജാഫര്‍ പനാഹിയുടെ പ്രഥമ സംവിധാന സംരംഭമായ 'ദി വൈറ്റ് ബലൂണ്‍'. ഒരു  പുതുവര്‍ഷത്തലേന്നത്തെ നഗരത്തിരക്കുകള്‍ കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങി തിരികെ പോകാനൊരുങ്ങുന്ന ഒരമ്മ ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ മകളെ തിരയുകയാണ്. അവര്‍ പലരോടും തന്റെ മകളെ അന്വേഷിക്കുന്നുണ്ട്. ഒടുവില്‍ ഒരു കടയ്ക്കു മുന്നില്‍ കയ്യിലൊരു നീല ബലൂണും പിടിച്ച് നില്‍ക്കുന്ന റസിയ എന്ന ഏഴു വയസ്സുകാരിയായ തന്റെ മകളെ അവര്‍ കണ്ടെത്തുന്നു. അവര്‍ മകളേയും കൊണ്ട് ധൃതിയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ഒരു കടയില്‍ നല്ല ഭംഗിയും വലിപ്പവുമുള്ള സ്വര്‍ണ്ണ മത്സ്യങ്ങള്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ടെന്നും അത് തനിക്ക് വാങ്ങി തരണമെന്നും പറഞ്ഞ് അവള്‍ വാശി പിടിക്കുന്നു. വീട്ടിലുള്ള മത്സ്യങ്ങള്‍ ഒട്ടും ഭംഗിയില്ലാത്തവയാണെന്നാണ് പുതിയ മത്സ്യങ്ങള്‍ വാങ്ങാനുള്ള കാരണമായി അവള്‍ പറയുന്നത്. എന്നാല്‍ അമ്മ അത് കേള്‍ക്കാതെ അവളേയും കൊണ്ട് വീട്ടിലേക്ക് നടക്കുന്നു.

        എന്നാല്‍ വീട്ടിലെത്തിയ ശേഷവും ഈ കാര്യവും പറഞ്ഞ്‌ ദുഖിതയായിരിക്കുന്ന തന്റെ മകളെയാണ് അമ്മയ്ക്ക് കാണാനാവുക. തന്റെ കാര്യ സാദ്ധ്യത്തിനായി സഹോദരനായ അലിയെയും റസിയ കൂട്ടു പിടിക്കുന്നുണ്ട്. ഒടുവില്‍ സാമ്പത്തിക ക്ലേശത്തിനിടയിലും മകളുടെ സന്തോഷത്തിനായി അമ്മ അവള്‍ക്ക് മത്സ്യം വാങ്ങാനുള്ള പണം കൊടുക്കുന്നു. 100 ടൊമാന്‍ ആണ് മത്സ്യത്തിന്റെ വില എങ്കിലും ചില്ലറ ഇല്ലാത്തതിനാല്‍ 500 ടൊമാന്റെ ഒറ്റനോട്ടാണ് അമ്മ മകളുടെ പക്കല്‍ കൊടുത്തയക്കുക. അവള്‍ ആ പണം മത്സ്യം വാങ്ങാനുള്ള ഒരു ചില്ലു പാത്രത്തിലിട്ട് അതുമായി ഓടുകയും വഴിയില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് നില്‍ക്കുകയും ചെയ്യുന്നു. രണ്ട് പാമ്പാട്ടികള്‍ പാമ്പുകളുമായി അവിടെ ഇരിപ്പുണ്ട്. അവര്‍ റസിയയെ പറ്റിച്ച് 500 ടൊമാന്‍ കൈക്കലാക്കുന്നുണ്ടെങ്കിലും റസിയ കരയുമ്പോള്‍ അവള്‍ക്കത് തിരിച്ച് കൊടുക്കുന്നു. മത്സ്യം വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള കടയില്‍ എത്തുമ്പോള്‍ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം റസിയ അറിയുന്നത്. ഒരു വൃദ്ധയുടെ സഹായത്തോടെ റസിയ നഷ്ടപ്പെട്ട പണം കണ്ടെത്തുന്നു. ഒരു കടയ്ക്കു മുന്നിലെ ചാലിന് മുകളിലുള്ള ഗ്രില്ലിലൂടെ താഴേക്ക് വീഴാന്‍ പാകത്തിലാണ് നോട്ടിന്റെ നില്‍പ്പ്. ആ സമയത്ത് അതിലേ ഒരാള്‍ സ്കൂട്ടറില്‍ പോവുകയും നോട്ട് ചാലിനകത്തേക്ക് വീഴുകയും ചെയ്യുന്നു. ആ കട അടച്ചിരിക്കുന്നതിനാല്‍ വൃദ്ധ തൊട്ടടുത്ത കടയില്‍ റസിയയെ കൊണ്ടു ചെന്നാക്കുകയും അവളെ സഹായിക്കണമെന്ന് അയാളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കടയിലെ തിരക്കുകള്‍ക്കിടയിള്‍ അയാള്‍ അതിന് തയ്യാറാവുന്നില്ല. അപ്പോഴേക്കും റസിയയെ തേടി അവളുടെ സഹോദരനായ അലി എത്തുകയും അവനോട് അവള്‍ കരഞ്ഞു കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ചാലില്‍ വീണ നോട്ട് എടുക്കാനായി അവര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും അവയെല്ലാം വിഫലമാവുന്നു. ഏറ്റവുമൊടുവില്‍ ബലൂണ്‍ വില്‍പ്പനക്കാരനും അഭയാര്‍ത്ഥിയുമായ ഒരു അഫ്ഗാന്‍ ബാലനാണ് അവരെ സഹായിക്കാനായെത്തുന്നത്. അവന്‍ ബലൂണ്‍ കെട്ടി വച്ച തന്റെ മരക്കമ്പ് കൊണ്ട് നോട്ട് എടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ആദ്യം പരാജയപ്പെടുന്നു. പിന്നീടാണ് അവര്‍ക്ക് കമ്പിന്റെ അറ്റത്ത് ച്യൂയിംഗം ഒട്ടിച്ച് നോട്ട് എടുക്കാനുള്ള ഉപായം തെളിഞ്ഞു വരുന്നത്.

      ച്യൂയിംഗം വാങ്ങാനായി അലി പോകുന്നുണ്ടെങ്കിലും അത് വാങ്ങാനുള്ള പണമില്ലാത്തതിനാല്‍ അവന്‍ തിരികെ വരുന്നു. അന്ധനായ ഒരു ച്യൂയിംഗം വില്‍പ്പനക്കാരനെ അവന്‍ കാണുന്നുണ്ടെങ്കിലും അയാളില്‍ നിന്നും മോഷ്ടിക്കാന്‍ അവന്റെ മനസാക്ഷി അനുവദിക്കുന്നില്ല. അലി വെറും കയ്യുമായി തിരികെയെത്തുമ്പോള്‍ ഒരു വെള്ള ബലൂണൊഴികെ ബാക്കി ബലൂണുകള്‍ വിറ്റ പണം കൊണ്ട് ച്യൂയിംഗവുമായി അഫ്ഗാന്‍ ബാലന്‍ വരുന്നു. പിന്നീടങ്ങോട്ട് ക്ലൈമാക്സ് വരെയുള്ള കുറച്ച് നിമിഷങ്ങളില്‍ അഫ്ഗാന്‍ ബാലന്‍ നമ്മുടെ മനസ്സില്‍ ഒരു വിങ്ങലായി മാറുന്നിടത്താണ് ജാഫര്‍ പനാഹി എന്ന സംവിധായക പ്രതിഭയുടെ കഴിവ് എത്രത്തോളമുണ്ടെന്ന് നാം ശരിക്കും അനുഭവിച്ചറിയുക. ഐദ മുഹമ്മദ്‌ ഖാനിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് കഥയെഴുതിയതാവട്ടെ അബ്ബാസ് കിയാരൊസ്തമിയും. കാന്‍സ്, സാവോപോളോ, ടോക്കിയോ തുടങ്ങിയ ചലച്ചിത്രമേളകളില്‍ വെച്ച് ഈ ചിത്രം പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയുണ്ടായി.


                സിനിമയും യാഥാര്‍ത്ഥ്യവും തമ്മില്‍ അന്തരത്തേക്കാളേറെ അടുപ്പമാണുള്ളതെന്ന് കാണിച്ചു തന്നു കൊണ്ടാണ് ജാഫര്‍ പനാഹിയുടെ രണ്ടാമത്തെ ചിത്രമായ ദി മിറര്‍ പുറത്തിറങ്ങിയത്. ലോകസിനിമയിലെ തന്നെ മികച്ച പരീക്ഷണങ്ങളിലൊന്നായി മാറുകയുണ്ടായി ഈ ചിത്രം. വൈകുന്നേരം സ്കൂള്‍ വിട്ടതോടു കൂടി കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. ഒടുവില്‍ സുഹൃത്തുക്കളായ രണ്ട് കുട്ടികള്‍ മാത്രം സ്കൂളിന് മുന്നില്‍ അവശേഷിക്കുന്നു. ആ രണ്ടു കുട്ടികളില്‍ ഒരാള്‍ കൂടി മറ്റേയാളോട് യാത്ര പറഞ്ഞ് തന്റെ അച്ഛനോടൊപ്പം കാറില്‍ കയറി യാത്രയാവുന്നു. അതോടെ സ്കൂളിന് മുന്നില്‍ ഒറ്റയ്ക്കായി തീരുകയാണ് മിന എന്ന അഞ്ചു വയസ്സുകാരി. ജാഫര്‍ പനാഹിയുടെ ആദ്യ ചിത്രമായ 'ദി വൈറ്റ് ബലൂണി'ല്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ഐദ മുഹമ്മദ്‌ ഖാനിയുടെ സഹോദരിയായ മിന മുഹമ്മദ്‌ ഖാനിയാണ് ഈ വേഷം കൈകാര്യം ചെയ്തത്.

               പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയാണ് താനെന്ന് അവള്‍ പലപ്പോഴും തന്റെ പെരുമാറ്റം കൊണ്ട് തെളിയിക്കുന്നുണ്ട്. അവളുടെ ഒരു കൈ ഒടിഞ്ഞതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. തന്നെ കൂട്ടിക്കൊണ്ട് പോകാനായി അമ്മ വരുന്നതും കാത്ത് സ്കൂളിനു മുന്നിലുള്ള നില്‍പ്പ് നീളുമ്പോള്‍ ഒരു വേള അവള്‍ ബുദ്ധിമുട്ടി റോഡ്‌ ക്രോസ് ചെയ്ത് പബ്ലിക് ടെലഫോണ്‍ ബൂത്തില്‍ ചെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നുണ്ട്. പക്ഷേ ആരും ഫോണ്‍ എടുക്കുന്നില്ല. അതേ സമയത്ത് തന്നെ ഒരു വൃദ്ധന്‍ റോഡ്‌ ക്രോസ് ചെയ്യാനായി കഷ്ടപ്പെടുന്നതും കാണാം. ഒടുവില്‍ മിന സ്കൂളിനു പുറത്തേക്ക് വരുന്ന തന്റെ അദ്ധ്യാപികയെ കാണുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. അവരുടെ ആവശ്യപ്രകാരം മിന കുറച്ച് സമയം കൂടി കാത്തു നില്‍ക്കുകയും എന്നിട്ടും അമ്മയെ കാണാതായപ്പോള്‍ അദ്ധ്യാപികയുടെ പരിചയത്തിലുള്ള ഒരാളോടൊപ്പം അവള്‍ സ്കൂട്ടറില്‍ കയറി പോവുകയും ചെയ്യുന്നു. തനിക്ക് വീട്ടിലേക്ക് പോകേണ്ട ബസ് സ്റ്റോപ്പ്‌ അറിയാം എന്നുള്ള ധാരണയോടെയാണ് അവള്‍ അയാളോടൊപ്പം യാത്രയാവുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പ്‌ എത്തും മുമ്പേ അവള്‍ അയാളുടെ സ്കൂട്ടറില്‍ നിന്നിറങ്ങി ഒരു ബസില്‍ ഓടി കയറുന്നു. ബസിലെ യാത്രക്കാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് സംവിധായകന്‍ വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാം. അവയെല്ലാം മിനയുടെ ആംഗിളിലൂടെയാണ് നോക്കി കാണുന്നത്. ഒടുവില്‍ അവസാന സ്റ്റോപ്പെത്തുമ്പോള്‍ മാത്രമാണ് തനിക്ക് വഴി തെറ്റിയ വിവരം അവള്‍ അറിയുക.

        പിന്നീട് മിന സഞ്ചരിച്ച ബസിലെ ഡ്രൈവര്‍ അവളില്‍ നിന്ന് പോകേണ്ട സ്ഥലം മനസ്സിലാക്കുകയും അവളെ മറ്റൊരു ബസില്‍ കയറ്റി വിടുകയും ചെയ്യുന്നു. അവിടെ വച്ചാണ് പ്രേക്ഷകനെ അമ്പരപ്പിച്ചു കൊണ്ട് സിനിമ മറ്റൊരു പാതയിലേക്ക് സഞ്ചരിക്കുന്നത്. മിന തന്റെ കയ്യിലെ പ്ലാസ്റ്റര്‍ അഴിച്ചു മാറ്റുകയും താനിനി അഭിനയിക്കുന്നില്ല എന്നു പറഞ്ഞ് ബസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു കൊണ്ട് ഇരിക്കുന്ന സംവിധായകനായ ജാഫര്‍ പനാഹിയേയും സിനിമാ സംഘത്തേയും നമുക്ക് സ്ക്രീനില്‍ കാണാം. മിനയുടെ ഈ മാറ്റത്തിന് ശേഷം സിനിമ പൊടുന്നനെ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയോ അത്തരമൊരു പ്രതീതി ജനിപ്പിക്കാന്‍ സംവിധായകന് സാധിക്കുകയോ ചെയ്യുന്നു. ഈ സംഭവത്തിന് മുമ്പും പിമ്പും ഷൂട്ട്‌ ചെയ്തിരിക്കുന്ന വിധത്തിലും എഡിറ്റിംഗിലും കാര്യമായ വത്യാസം നമുക്ക് കാണാന്‍ കഴിയും. അതുവരെയുള്ള സ്റ്റെഡി ഷോട്ട്സ് പിന്നീട് ഹാന്‍ഡ്‌ ഹെല്‍ഡ് ഷോട്ടുകളായി മാറുന്നു. പല ഷോട്ടുകളും ഒട്ടും ഫോക്കസ് ചെയ്യാതെ എടുത്തവയാണ്. ഡബ്ബിംഗിലും, വീഡിയോ ക്വാളിറ്റിയിലും എല്ലാം ഈ വത്യാസം കാണാം. പിന്നീടങ്ങോട്ടുള്ള ചിത്രത്തിന്റെ സഞ്ചാരത്തെ രണ്ടു തരത്തില്‍ അനുമാനിക്കാം.

1. മിന അഭിനയം മതിയാക്കുകയും പിന്നീട് വീട്ടിലേക്കുള്ള വഴി അറിയാത്ത അവളെ രഹസ്യമായി പിന്തുടര്‍ന്ന്  ഷൂട്ട് ചെയ്ത് സിനിമ പൂര്‍ണ്ണമാക്കുകയും ചെയ്യുന്നു.
2.മിന അഭിനയം മതിയാക്കി പോകുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ചിത്രീകരണത്തില്‍ ഇങ്ങനെയൊരു മാറ്റം സംവിധായകന്‍ വരുത്തിയത്. അഥവാ മിന അഭിനയം നിര്‍ത്തി പോയതും സിനിമയുടെ ഒരു ഭാഗമായിരുന്നു.

         ഇപ്രകാരം സിനിമയും യാഥാര്‍ത്ഥ്യവും തമ്മില്‍ പരസ്പരം പ്രതിബിംബങ്ങളായി മാറുക വഴി മിറര്‍ എന്ന തലക്കെട്ട് ചിത്രത്തിന് അനുയോജ്യമായിത്തീരുന്നു. കഥയേക്കാളേറെ കഥ പറഞ്ഞ രീതിക്കാണ് സംവിധായകന്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. ഇസ്താംബുള്‍, സിംഗപൂര്‍,ലോക്കാര്‍ണോ ചലച്ചിത്രമേളകളില്‍ ഈ ചിത്രം സാന്നിദ്ധ്യമറിയിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.          ജാഫര്‍ പനാഹിയുടെ ആദ്യ രണ്ട് ചിത്രങ്ങള്‍ കുട്ടികളുടെ കഥകളാണ് പറഞ്ഞതെങ്കില്‍ മൂന്നാമത്തേത് അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇറാനിലെ സ്ത്രീസമൂഹം  അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളുമായാണ് ദി സര്‍ക്കിള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി സിനിമാലോകം വിലയിരുത്തുന്നതും ഈ ചിത്രത്തെയാണ്. ഒരു നായകനോ നായികയോ ഈ ചിത്രത്തിലില്ല. വേണമെങ്കില്‍ സമൂഹത്തിലെ വിവിധ തുറകളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഈ ചിത്രത്തില്‍ ഉള്ളതെന്നും അവരെല്ലാം ഇതിലെ നായികമാരാണെന്നും പറയാം. ഇറാന്‍ എന്ന പുരുഷകേന്ദ്രീകൃത രാജ്യത്ത് അവരനുഭവിക്കുന്ന വേദനകളും, വിഷമങ്ങളും പനാഹി ഈ ചിത്രത്തിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. പരസ്പര ബന്ധമില്ലാത്ത ഒരു കൂട്ടം കഥകളെ/ജീവിതങ്ങളെ കൂട്ടിയിണക്കിയാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

          ചിത്രത്തിന്റെ ടൈറ്റില്‍ എഴുതി കാണിക്കുമ്പോള്‍ നാം കേള്‍ക്കുന്നത് പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ഞരക്കങ്ങളും അതിനു ശേഷം ഒരു നവജാത ശിശുവിന്റെ കരച്ചിലുമാണ്. ചിത്രം തുടങ്ങുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെ പുറത്ത് നില്‍ക്കുന്ന സ്ത്രീയോട് ഒരു നഴ്സ് അവരുടെ മകളായ സൊല്‍മാസ ഗൊലാമിയ്ക്ക്  ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം അറിയിക്കുന്നു. മകള്‍ക്ക് പിറന്നിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോള്‍ അവരുടെ മുഖത്ത് ദുഃഖം നിഴലിക്കുകയും അവര്‍ മറ്റൊരു നഴ്സിനോട് പെണ്‍കുഞ്ഞ് തന്നെയാണോ എന്ന് വീണ്ടും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. സ്കാന്‍ ചെയ്തപ്പോള്‍ ആണ്‍ കുഞ്ഞിനെയാണല്ലോ കണ്ടത് എന്നുള്ള അവരുടെ ചോദ്യത്തിന് ഇങ്ങനെ സംഭവിക്കാറുണ്ട് എന്നാണ് നഴ്സ് മറുപടി പറയുന്നത്. പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാല്‍ മരുമകന്‍ മകളെ ഉപേക്ഷിക്കും എന്നാണ് അവരുടെ ഭയം.

             പിന്നീട്  നാം കാണുന്നത് ടെലഫോണ്‍ ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്യുന്ന മൂന്ന് യുവതികളെയാണ്. അവര്‍ മൂന്നു പേരും ജയിലില്‍ നിന്നും രക്ഷപ്പെട്ടവരാണ്‌. അതില്‍ ഒരാളെ അവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയും മറ്റു രണ്ടു പേര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നു. അവരില്‍ ആരെസു എന്നു പേരായ യുവതി ഒരാളില്‍ നിന്നും പണം സംഘടിപ്പിച്ച് നര്‍ഗീസ് എന്നു പേരായ യുവതിയെ ബസ് കയറ്റി വിടാന്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷേ ബസിനടുത്ത് പോലീസുകാര്‍ ഉള്ളതു കാരണം അവള്‍ക്ക് ആ ബസില്‍ കയറാനാവുന്നില്ല. അങ്ങനെ ഇരുവരും വേര്‍പിരിയുകയും ചെയ്യുന്നു.

           നര്‍ഗീസ് പിന്നീട് അന്നേ ദിവസം മോചിക്കപ്പെട്ട മറ്റൊരു തടവുകാരിയായ പാരിയെ അന്വേഷിച്ച് പോവുകയാണ്. എന്നാല്‍ പാരിയുടെ അച്ഛന്‍ നര്‍ഗീസിനെ പാരിയെ കാണാനനുവദിക്കുന്നില്ല. അതേ സമയം അവിടെയെത്തുന്ന തന്റെ സഹോദരന്മാരെ ഭയന്ന് പാരി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും മുമ്പ് തടവുകാരിയും ഇപ്പോള്‍ നഴ്സായി ജോലി ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീയെ കാണാനായി ചെല്ലുകയും ചെയ്യുന്നു. പാരി ഗര്‍ഭിണിയാണ്. അവളുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനാല്‍ തന്റെ ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമാണ് അവളുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. അതിനു വേണ്ട സഹായമഭ്യര്‍ത്ഥിച്ചാണ് പാരി നഴ്സിനെ കാണാനായെത്തിയിരിക്കുന്നത്. നഴ്സാകട്ടെ തന്റെ ഭൂതകാലം മറച്ചു വെച്ചാണ് ഒരു ഡോക്ടറെ വിവാഹം ചെയ്ത് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ഭൂതകാലം ഭര്‍ത്താവിനു മുന്നില്‍ വെളിപ്പെടുമോ എന്ന ഭയം കാരണം അവര്‍ പാരിയെ സഹായിക്കുന്നില്ല. പാരി വേദനയോടെ തെരുവിലേക്കിറങ്ങുകയും അവിടെ വച്ച് ഒരു അമ്മയെയും കുഞ്ഞിനേയും പരിചയപ്പെടുകയും ചെയ്യുന്നു. നിരപരാധിയായ ആ അമ്മയെ ഒരു വേശ്യയാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടിക്കുകയും പിന്നീടവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. പിന്നീട് പോലീസ് വേശ്യാവൃത്തി ആരോപിച്ച് മറ്റൊരു സ്ത്രീയെ പിടിക്കുകയും അവളെ ജയിലിലടക്കുകയും ചെയ്യുന്നു. സിനിമയില്‍ അതിനോടകം നമ്മള്‍ കണ്ട പല സ്ത്രീകളും അപ്പോഴേക്കും ആ ജയിലറയില്‍ എത്തിയിട്ടുണ്ടാവും. ആ സമയത്താണ് ജയിലിലെ ഫോണ്‍ ശബ്ദിക്കുന്നത്. ഫോണില്‍ മേലുദ്യോഗസ്ഥനോട് സംസാരിക്കുന്ന പോലീസുകാരന്‍ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലെ കിളിവാതിളിനടുത്ത് വന്ന് സൊല്‍മാസ ഗൊലാമി എന്ന സ്ത്രീയെ അന്വേഷിക്കുന്നു. ചിത്രത്തിന്റെ കഥ ഏത് സ്ത്രീയില്‍ തുടങ്ങിയോ ആ സ്ത്രീയില്‍ തന്നെ കഥ അവസാനിക്കുമ്പോള്‍ 'സര്‍ക്കിള്‍' പൂര്‍ണ്ണമാവുന്നു. ഒരു വൃത്തത്തിനുള്ളില്‍ ജീവിതം ഹോമിച്ച് തീര്‍ക്കേണ്ടി വരുന്ന അസംഖ്യം സ്ത്രീകളെയാണ്   ഈ ചലച്ചിത്രം പ്രതിനിധീകരിക്കുന്നത്.

        പ്രശസ്ത ഇറാനിയന്‍  സംവിധായകനായ കംബോസിയ പാര്‍ടോവിയാണ് ഈ ചിത്രത്തിന് കഥയൊരുക്കിയത്. നര്‍ഗീസ് മമിസാദേ, മര്യം പര്‍വിന്‍ അല്‍മാനി, മോനിര്‍ അറബ് തുടങ്ങിയവര്‍ വേഷമിട്ട ഈ ചിത്രം നിര്‍മ്മിച്ചതും എഡിറ്റിംഗ് ജോലികള്‍ നിര്‍വ്വഹിച്ചതും സംവിധായകനായ ജാഫര്‍ പനാഹി തന്നെയാണ്. ഈ ചിത്രം ഇറാനില്‍ നിരോധിക്കപ്പെട്ടെങ്കിലും വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുകയുണ്ടായി.

തുടരും...

16 comments:

 1. നല്ല പഠനം
  ഇതില്‍ നിന്ന് ഏതെങ്കിലും ഒരു ചിത്രം ഡൌണ്‍ലോഡ് ചെയ്ത് കാണാന്‍ പോവുകയാണ്.

  ReplyDelete
  Replies
  1. മൂന്നു ചിത്രവും കാണണമെന്നേ ഞാന്‍ പറയൂ... :-)

   Delete
 2. മജീദ് മജീദിയെ ഒഴികെ മറ്റ് ഇറാനിയൻ സംവിധായകരുടെ സിനിമകൾ കണ്ടിട്ടില്ല. പരിചയപ്പെടുത്തലിന് നന്ദി

  ReplyDelete
  Replies
  1. മജീദ്‌ മജീദിയെപ്പോലെയൊ, അതിലേറെ മികച്ചതോ ആയ ഒരു സംവിധായകനാണ്‌ ജാഫര്‍ പനാഹിയും...എല്ലാം കണ്ടിരിക്കേണ്ട ചിത്രങ്ങളാണ്...

   Delete
 3. നല്ല ആര്‍ട്ടിക്കള്‍..കൂടെ ചിന്തകളും...

  ReplyDelete
  Replies
  1. നന്ദി രാകേഷേട്ടാ...

   Delete
 4. നല്ല ആർട്ടിക്കിൾ .... താങ്കൾ അവതരിപ്പിച്ച ഈ മൂന്ന് സിനിമകളും കണ്ടതാണ്..... തികച്ചും വ്യത്യസ്തമായ എന്നാൽ , പറയാൻ ആഗ്രഹിച്ച പലതും ഒളിപ്പിച്ചും , നേരിട്ടും പറയുന്ന ശൈലിയാണ് അദേഹത്തിന്..... വൈറ്റ് ബലൂണ്‍ എന്ന സിനിമയിൽ കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാതെ ഇരിക്കുമ്പോൾ , കുട്ടി കരയുന്നതായി കാണാം .. ആ കുട്ടിയെ നോക്കി നിർവികാരരായി , നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ജനത ഒരു പക്ഷെ ഒരു രാഷ്ട്രീയ പ്രതീകമായി അവതരിപ്പിച്ചതായി തോന്നി.... പലപ്പോഴും ഭരണകൂടത്തിന്റെ അതൃപ്തി നേടുന്ന വിധത്തിൽ ശക്തമായും, ഉറക്കെയും വിളിച്ചു പറഞ്ഞ അദേഹം സിനിമ ഒരു ആയുധമാനെന്ന നിരീക്ഷണത്തിനു ബലം നൽകുന്ന സംവിധായകനാണ്...... അദേഹത്തിന്റെ സിനിമകളെകുറിച്ച് ഇനിയും നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. ക്ലൈമാക്സ് തന്നെയാണ് വൈറ്റ് ബലൂണ്‍ സിനിമയുടെ ഹൈലൈറ്റ്...അദ്ദേഹത്തിന്റെ ബാക്കിയുള്ള സിനിമകളെക്കുറിച്ചും എഴുതണമെന്നുണ്ട്...വളരെയധികം നന്ദി ഈ വിലയേറിയ അഭിപ്രായത്തിന്...

   Delete
 5. nalla ezhuthinu abhinanthanangal..keep going

  ReplyDelete
 6. നല്ല കഥ ...പരിചയപ്പെടുത്തലിനു നന്ദി സംഗീത് .

  ReplyDelete
  Replies
  1. സന്തോഷം ചേച്ചീ... :-)

   Delete
 7. മൂന്നും കണ്ടിട്ടില്ലാ...

  ReplyDelete
  Replies
  1. മൂന്നും കാണണം... :-)

   Delete