August 16, 2015

ലോകസിനിമകളിലൂടെ : ഭാഗം - 14 (സ്പാനിഷ്)

                  ഒരു സിനിമ അതിന്റെ തുടക്കത്തിൽ നമ്മളുടെ മനസ്സിൽ സൃഷ്ടിക്കുന്ന ഉദ്വേഗം ഒടുക്കം വരെയും നിലനിർത്തുമ്പോഴാണ് അതൊരു നല്ല സസ്പെൻസ് ത്രില്ലർ സിനിമയായി മാറുന്നത്. അത്തരത്തിൽ വിജയം കൈവരിച്ച മൂന്ന് സ്പാനിഷ്‌ ചിത്രങ്ങളാണ് പരിചയപ്പെടുത്താൻ പോകുന്നത്.

ദ സീക്രട്ട് ഇന്‍ ദെയർ ഐസ് (2009)

"പ്ലീസ് ടെൽ ഹിം...ടെൽ ഹിം അറ്റ്‌ ലീസ്റ്റ്  റ്റു ടോക്ക് റ്റു മീ..."

                     2009-ൽ പുറത്തിറങ്ങിയ അർജന്റീനിയൻ ക്രൈം ത്രില്ലറായ 'ദ സീക്രട്ട് ഇന്‍ ദെയർ ഐസ്' എന്ന ചിത്രത്തിലെ എറ്റവും മികച്ച ഒരു വാചകമാണിത്. ഈ വാചകത്തിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കിലും, ചിത്രത്തിന് ആ പേര് എത്രമാത്രം യോജിക്കുന്നുണ്ട് എന്നറിയണമെങ്കിലും ചിത്രം കാണുക തന്നെ വേണം.

                    ഒട്ടേറെ വർഷങ്ങൾക്ക് ശേഷം റിട്ടയേഡ് ക്രിമിനൽ ഇന്‍വസ്റ്റിഗേറ്റര്‍ ആയ ബെഞ്ചമിനും ജഡ്ജ് ആയ ഐറിനും തമ്മിൽ കണ്ടു മുട്ടുകയാണ്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായിരുന്ന ഒരു കേസ് താൻ നോവലാക്കുന്നു എന്ന വാർത്തയാണ് കാണുമ്പോൾ ബെഞ്ചമിന് ഐറിനോട് പറയാനുള്ളത്. ലിലിയാന കൊളോട്ടോ എന്നു പേരായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസായിരിക്കും അത്. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും അവരാണ് യഥാർത്ഥ കുറ്റവാളികള്‍ എന്ന് സമ്മതിക്കാൻ ബെഞ്ചമിന്റെ മനസ്സ് തയാറാവുന്നില്ല. തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ ലിലിയാനയുടെ ഭർത്താവ് നൽകുന്ന ചില ഫോട്ടോകളിൽ നിന്നും ബെഞ്ചമിൻ പ്രതി ആരാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ ആ കുറ്റവാളി കേസിൽ നിന്നും രക്ഷപ്പെടുകയും ഇത് ലിലിയാനയുടെ ഭര്ത്താവിനെ അസ്വസ്ഥനാക്കുകയും ചെയ്യുന്നതോടെ കേസിന് പുതിയൊരു മാനം കൈവരുന്നു.

                   നോവലിന്റെ പൂർണ്ണത അന്വേഷിച്ച് ബെഞ്ചമിൻ നടത്തുന്ന യാത്രയാണ് ഈ ചിത്രത്തെ മികച്ച സസ്പെൻസ് ത്രില്ലർ ചിത്രങ്ങളുടെ ശ്രേണിയിലേക്കുയർത്തുന്നത്. മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാർ അവാർഡ്‌ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കി ഈ ചിത്രം. റിക്കാർഡോ ഡാരിനും, സൊലെദാദ് വില്ലമിലും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം ഈ വർഷം ഹോളിവുഡ് റീമേക്കിങിന് ഒരുങ്ങുകയാണ്. 


ദി ബോഡി (2012)

                        മോർച്ചറിയിൽ നിന്നും മൈക്ക എന്ന സ്ത്രീയുടെ ശവശരീരം കാണാതാകുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ധനികയും ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയാണവർ. സ്വാഭാവികമായും അവരുടെ മരണശേഷം സ്വത്തുക്കൾ മുഴുവൻ വന്നു ചേരുക ഭാര്ത്താവായ അലക്സിനാണ്. അതുകൊണ്ട് തന്നെ തുടക്കം മുതൽ അയാൾ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ജെയിമിന്റെയും സംഘത്തിന്റെയും നോട്ടപ്പുള്ളി ആയി മാറുന്നു. അലക്സ് തന്നെയാണ് കുറ്റവാളി എന്ന നിഗമനത്തിലെത്തിച്ചേരാൻ പാകത്തിലുള്ള  ചില തെളിവുകൾ കൂടി ലഭിക്കുന്നതോടെ അന്വേഷണസംഘം അയാളെ അറസ്റ്റ് ചെയ്യുന്നു.

                 എന്നാൽ മൈക്ക ജീവിച്ചിരുപ്പുണ്ടോ ഇല്ലയോ എന്ന സന്ദേഹത്തിലേക്ക് പ്രേക്ഷകനെ തള്ളി വിടുന്നതോട് കൂടി ചിത്രം പുതിയൊരു തലത്തിലേക്ക് നീങ്ങുന്നു. അവസാന കുറച്ച് മിനിറ്റുകള്‍ക്കിപ്പുറം കഥാന്ത്യം ഒരു തരത്തിലും പ്രവചിക്കാനാവാത്ത വിധമാണ് സംവിധായകനായ ഒറിയോൾ പോളോയും ലാറ സെന്റിമും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

               കഥയും, കഥാപാത്രങ്ങള്‍ക്കനുയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുത്തത്തിലെ സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്. അതിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമിട്ട ജോസ് കൊറോനാഡോയും മൈക്കയുടെ ഭര്ത്താവായി അഭിനയിച്ച ഹ്യൂഗോ സിൽവയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഒറിയോൾ പോളോയുടെ സംവിധാനം ശരാശരിയിലൊതുങ്ങിയപ്പോൾ ഓസ്കാർ ഫോറയുടെ സിനിമാറ്റോഗ്രാഫി മികവുറ്റതായി. 2012-ൽ ആണ് ത്രില്ലർ സ്വഭാവമുള്ള ഈ സ്പാനിഷ് ചിത്രം പ്രദർശനത്തിനെത്തിയത്. 


തീസിസ് (1996)

             ഓഡിയോ വിഷ്വൽ വയലൻസ് എന്ന വിഷയത്തിൽ തീസിസ് ചെയ്തുകൊണ്ടിരിക്കുന്ന ആഞ്ചലയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അവള്ക്ക് പ്രധാനമായും അറിയേണ്ടത് സ്നഫ് സിനിമകളെക്കുറിച്ചാണ്. കൊലപാതകം പോലെയുള്ള അതിക്രൂരമായ രംഗങ്ങൾ നേരിട്ട് ചിത്രീകരിക്കുന്ന സിനിമകളാണ്  ഗണത്തിൽ പെടുന്നത്. അതിനായി അവൾ സമീപിക്കുന്നത് സഹപാഠിയായ ചീമയെ ആണ്. ഇത്തരത്തിൽ പെട്ട സിനിമകളുടെ വൻ ശേഖരമുള്ള അവൻ ഏകാന്തവാസം നയിക്കുന്ന ഒരാളാണ്.

            ഒരു നാൾ ആഞ്ചല തന്റെ പ്രൊഫസറെ കോളേജിനകത്തെ തിയേറ്ററിനുള്ളിൽ സിനിമ കണ്ടുകൊണ്ടിരിക്കേ മരിച്ച നിലയിൽ കാണുന്നു. ഉടൻ തന്നെ അവൾ പ്രൊഫസർ കണ്ടുകൊണ്ടിരുന്ന വീഡിയോ ടേപ്പെടുത്ത് അവിടെ നിന്നും പോവുകയും അത് ചീമയെ കാണിക്കുകയും ചെയ്യുന്നു. ഒരു വർഷം മുമ്പ് കോളേജിൽ നിന്നും കാണാതായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപാതകം ചെയ്യുന്ന രംഗങ്ങളായിരിക്കും ആ വീഡിയോയിൽ ഉണ്ടായിരിക്കുക.

       ആ കൃത്യത്തിന് പിന്നിൽ ആര് എന്നാ ചോദ്യം അവളെ കുഴക്കുന്നതോടൊപ്പം തന്റെ ജീവൻ അപകടത്തിലാണെന്ന യാഥാർത്ഥ്യവും അവൾ തിരിച്ചറിയുന്നു. പിന്നീട് ചീമയുൾപ്പെടെയുള്ള  പലരിലേക്കും അവളുടെ സംശയത്തിന്റെ കണ്ണുകൾ നീളുന്നു. യഥാര്ത്ഥ കൊലപാതകിയെ പ്രേക്ഷകര്ക്കും ഒരു തരത്തിലും അനുമാനിക്കാൻ കഴിയാത്ത വിധമാണ് കഥയുടെ പ്രയാണം. സംവിധാനം, തിരക്കഥാരചന, സംഗീതസംവിധാനം എന്നീ ജോലികൾ നിർവ്വഹിച്ചിരുന്നത് അലെജാണ്ട്രോ അമെനബാർ ആണ്.


7 comments:

 1. നല്ല ലേഖനം.

  ReplyDelete
 2. സ്പാനീഷുകാരെ ഇമ്മിണി അറിയാം
  പക്ഷേ ഈ ഈ 3 സിനിമകളെ കുറിച്ചും അറിയില്ലായിരുന്നു...

  ReplyDelete
 3. ഇതില്‍ സീക്രട്ട് ഇന്‍ ദേര്‍ ഐസ് മാത്രമേ കണ്ടിട്ടുള്ളൂ.
  കുറെയായി സിനിമക്രേസ് ഉള്ളില്‍ അടക്കി വെച്ചിരിക്കുകയാ. എല്ലാം കൂടി താങ്ങത്തില്ല. ദിവസത്തിന് 24 മണിക്കൂര്‍ പോര. :)
  നടക്കട്ടെ. ഉഷാറായി വരും.

  ReplyDelete
 4. ഒന്നും കണ്ടിട്ടില്ല. കാണാന്‍ ശ്രമിക്കും. ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റുമോ?

  ReplyDelete
 5. ടോറന്റ് ഉണ്ടോന്ന് നോക്കട്ടെ ;)

  ReplyDelete
 6. പുതിയ അറിവുകൾ നൽകിയ ലേഖനം.. ആശംസകൾ

  ReplyDelete
 7. ...സ്പാനിഷ് സിനിമകൾ ചിലതൊക്കെ കണ്ടിട്ടുണ്ട് .. ഇഷ്ടമാണ് കാണാൻ ... പക്ഷേ ഈ പറഞ്ഞ മൂന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാ ..കാണാൻ ശ്രമിക്കാം ...ആശംസകൾ

  ReplyDelete